Kalladra Abbas Haji

Kalladra Abbas Haji

Any

Reading

Problem

Social Worker

Farredabag

Kulanaad P O

Kassergod, 04994-237155, 9447761146

-

Back

-

ചുട്ടുപൊള്ളുന്ന ജീവിതാനുഭവങ്ങളെ അതിജീവിച്ച് പ്രായവും രോഗവും തളര്‍ത്താത്ത മനസ്സുമായി ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്ന നേതാവാണ് ശ്രീ. കല്ലട്ര അബ്ബാസ് ഹാജി. പരമ്പരാഗതമായി ഉരുവ്യവസായികളായ കുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. കല്ലട്ര മുഹമ്മദ് ഹാജിയുടെയും ബീഫാത്തുമ്മയുടെയും മകനായി 1930 ഫെബ്രുവരി രണ്ടിനാണ് അബ്ബാസ്ഹാജിയുടെ ജനനം.
കുളനാട് മാപ്പിള ഹയര്‍ എലിമെന്ററി സ്കൂള്‍, മുസ്ളീം ഹൈസ്കൂള്‍, മാലിക് ദിനാര്‍ തളങ്കര എന്നിവിടങ്ങളിലായിരുന്നു ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസം. തുടര്‍ന്ന്, 1951-ല്‍ സിലോണിലേക്ക് പോയെങ്കിലും 1953-ല്‍ നാട്ടിലേക്ക് മടങ്ങി. ചെറുപ്പത്തില്‍ പിതാവിനൊപ്പം ഉരുവില്‍ ഇദ്ദേഹം പോകാറുണ്ടായിരുന്നു. സാഹസികമായ ആ കാലഘട്ടത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ അബ്ബാസ് ഹാജിയുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. ഒരിക്കല്‍ നടുക്കടലില്‍വച്ച് കൊടുങ്കാറ്റിലകപ്പെട്ട ഉരു പൊളിയുകയും തന്റെ ജ്യേഷ്ഠന്‍ മാഹിന്‍ ഹാജിയോടൊപ്പം നാലുദിവസത്തോളം നിസ്സഹായനായി കടലില്‍ കഴിച്ചുകൂട്ടേണ്ടതായും വന്നു. ദുരന്തത്തില്‍പ്പെട്ട് ഗുരുതരമായി പരുക്കേറ്റെങ്കിലും ആ സമയത്തുണ്ടായ ചില സംഭവങ്ങള്‍ ഇദ്ദേഹത്തിന്റെ ചിന്താഗതിയില്‍ കാര്യമായ സ്വാധീനം ചെലുത്തുകയുണ്ടായി. അയിത്താചരണം നിലനിന്നിരുന്ന കാലഘട്ടത്തിലാണ് അബ്ബാസ് ഹാജി ഉരു അപകടത്തില്‍പ്പെട്ടത്. കടലില്‍ നിസ്സഹായനായി കഴിയേണ്ടിവന്ന ഇദ്ദേഹത്തെ ഗുജറാത്തിയായ ഒരു ഉരു ക്യാപ്റ്റന്‍ രക്ഷപ്പെടുത്തുകയായിരുന്നു. അന്യമതസ്ഥരെ സ്പര്‍ശിക്കുകപോലുമില്ലാതിരുന്ന കാലഘട്ടത്തില്‍ രക്ഷകന്റെ കൈകളുമായി തന്നെ താങ്ങാനെത്തിയ ഉന്നതകുലജാതനായ ആ ക്യാപ്റ്റന്റെ മനോനൈര്‍മ്മല്യം ഹാജിയെ ഏറെ ആകര്‍ഷിച്ചു. മനുഷ്യജാതി ഒന്നേ ഉള്ളൂവെന്നും മനുഷ്യത്വത്തിനുമുന്നില്‍ ജാതിയും മതവും ഒന്നുമല്ലെന്നുമുള്ള അഭിപ്രായക്കാരനാണ് അബ്ബാസ് ഹാജി.
പിതൃസഹോദരനായ കല്ലട്ര അബ്ദുള്‍ ഖാദറിന് ബോംബെയില്‍ ഹോട്ടല്‍ ബിസിനസ്സായിരുന്നു. ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ അബ്ബാസ്ഹാജി ബോംബെയിലേക്ക് വണ്ടികയറി. 1957-ല്‍ ഇദ്ദേഹം മര്‍ച്ചന്റ് നേവിയില്‍ ചേരുകയും 1960-ല്‍ നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. അബ്ബാസ് ഹാജി സജീവരാഷ്ട്രീയപ്രവര്‍ത്തനമാരംഭിക്കുന്നത് ഇക്കാലത്താണ്.
ചെറുപ്പകാലത്തുതന്നെ പൊതുപ്രവര്‍ത്തനത്തോട് ഇദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. 1944 കാലത്ത് ചന്ദ്രഗിരി ഹൈസ്കൂളില്‍ നടന്ന മുസ്ളീംലീഗ് സമ്മേളനത്തിന്റെ വോളണ്ടിയറായിരുന്നു അബ്ബാസ് ഹാജി. അന്നുമുതല്‍ ഇന്നുവരെ മുസ്ളീംലീഗില്‍ ഇദ്ദേഹം അടിയുറച്ചുവിശ്വസിക്കുന്നു.
1964-ലെ പഞ്ചായത്ത് ഇലക്ഷനില്‍ മുസ്ളീംലീഗ് സ്ഥാനാര്‍ത്ഥിയായി ഇദ്ദേഹം ചെമ്മനാട് പഞ്ചായത്തിലേയ്ക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 1983-ല്‍ ലീഗ് ഒന്നായതിനുശേഷം നടന്ന പഞ്ചായത്തുതെരഞ്ഞെടുപ്പില്‍ ഇദ്ദേഹം വിജയിക്കുകയും പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.
കേരളാ ഹൌസിംഗ് ബോര്‍ഡ് മെമ്പറായിരുന്ന അബ്ബാസ്ഹാജി അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. ചന്ദ്രഗിരി സ്കൂളിന്റെ തുടക്കംമുതലുള്ള പ്രവര്‍ ത്തനങ്ങളില്‍ ഇദ്ദേഹം സജീവമായിരുന്നു. വിദ്യാലയത്തിന് കെട്ടിടനിര്‍മ്മാണത്തിനായി ഇദ്ദേഹം സാമ്പത്തികസഹായവും നല്കി. പി.ടി.എ. പ്രസിഡന്റായി അബ്ബാസ്ഹാജി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, കാസര്‍ഗോഡ് ബ്ളോക്ക് പഞ്ചായത്ത് മെമ്പര്‍, ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്നീനിലകളിലും ഇദ്ദേഹം ശ്രദ്ധേയമായപ്രകടനം കാഴ്ചവച്ചു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലും ഇദ്ദേഹമുണ്ട്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്കുന്നതിന് ഇദ്ദേഹം നേതൃത്വംവഹിച്ചു. കാസര്‍ഗോഡ് ജില്ലാ മുസ്ളീംലീഗ് വൈസ്പ്രസിഡന്റാണ് അബ്ബാസ്ഹാജിയിപ്പോള്‍. ഇതോടൊപ്പം കീഴൂര്‍ മുസ്ളീം ജമായത്ത് കമ്മറ്റിയുടെ ആജീവനാന്തപ്രസിഡന്റായും സേവനമനുഷ്ഠിക്കുന്നുണ്ട്.
പരാലിസിസ് എന്ന രോഗബാധയെത്തുടര്‍ന്ന് ഇദ്ദേഹം നാലുവര്‍ഷംമുമ്പ് സജീവരാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. എങ്കിലും, സ്വന്തം കുടുംബത്തേക്കാളേറെ സമൂഹത്തെ സ്നേഹിക്കുന്ന ഈ പൊതുപ്രവര്‍ത്തകന്‍ തളരാത്ത മനസ്സുമായി ഇന്നും പൊതുരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നു. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് അബ്ബാസ്ഹാജിയുടെ പ്രിയനേതാവ്.
മാഹിന്‍ ഹാജി മാങ്ങാട്, ഇബ്രാഹിം ചെമ്പിരിക്ക, ആമു, നെഫീസ, ദൈനവി, ഉമ്മസ്ളിമ, റുഖ്യാ, സെക്കിയ എന്നിവരാണ് ഇദ്ദേഹത്തിന്റെ സഹോദരങ്ങള്‍. ആയിഷയാണ് ആദ്യഭാര്യ, സുഹറ രണ്ടാം ഭാര്യയാണ്. ഇവര്‍ക്ക് ഫരീദ, മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് ഹാരീഫ്, അബ്ദുള്‍ അമീര്‍, നിസാര്‍ അഹമ്മദ്, മുഹമ്മദ് നജീബ്, ഫൈസല്‍ റഹ്മാന്‍, സര്‍ഫ്രാസ് നവാസ് എന്നീ മക്കളുണ്ട്.

              
Back

  Date updated :