USHA ESWARABATT

USHA ESWARABATT

Any

Reading

Problem

Music / Dance

Gopalakrishna Music School

Chinmaya Colony, Vidyanagar

Kassergod, 256414, 9447285444, 9495755334

ushaiswar@gmail.com

Back

Nil

സംഗീതലോകത്തിന് നല്കിയ അവിസ്മരണീയ സംഭാവനകളിലൂടെ പ്രശസ്തിയുടെ പടവുകള്‍ കീഴടക്കാന്‍ കഴിഞ്ഞ പ്രതിഭാധനയാണ് ശ്രീമതി ഉഷ ഈശ്വരഭട്ട്. സംഗീതാദ്ധ്യാപിക എന്ന നിലയില്‍ ഇവരുടെ പ്രശസ്തി ദേശാന്തരങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു. മെക്സിക്കോ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ശിഷ്യര്‍ ശ്രീമതി ഉഷയുടെ സംഗീത സ്കൂളിന്റെ മഹത്വം വിളിച്ചോതുന്നു.

ശുദ്ധസംഗീതം ജീവിതമാക്കിയ ഗായികയാണ് ഉഷ ഈശ്വരഭട്ട്. സംഗീതപാരമ്പര്യമുള്ള വെള്ളിക്കോത്ത് കുടുംബത്തിലെ നാരായണഭട്ടിന്റെയും ഇന്ദിരയുടെയും മകളായി 1971-ല്‍ ജനനം. കാസര്‍ഗോഡ് ജില്ലയിലെ യക്ഷഗാന പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് ഉഷ. വളരെ ചെറുപ്പത്തില്‍ത്തന്നെ സംഗീതത്തിന്റെ ബാലപാഠം കുണ്ടുവളപ്പില്‍ നാരായണ ഭാഗവതരില്‍ നിന്നും ഗ്രഹിച്ചു.

എസ്.എസ്.എല്‍.സി., പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം പാലക്കാട് ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജില്‍ നിന്ന് 1992-ല്‍ ഗാനഭൂഷണം പാസ്സായി. കേരളസംഗീത നാടക അക്കാദമി കാസര്‍ഗോഡ് വച്ച് നടത്തിയ സംഗീത മത്സരത്തില്‍ ഒന്നാം സ്ഥാനം ഉഷയ്ക്കായിരുന്നു. 1997-ല്‍ ഇപ്റ്റ ഗാനസുധ അവാര്‍ഡ് ലഭിച്ചു. കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതസഭയില്‍ നിരവധി വര്‍ഷം സംഗീതപരിപാടി അവതരിപ്പിച്ചു. കൂടാതെ കോഴിക്കോട് ത്യാഗരാജസഭ, കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍, കണ്ണൂര്‍ സംഗീത സഭ, കാലടി ശങ്കരാചാര്യ മഠം തുടങ്ങിയ പ്രമുഖ സംഗീതസഭകളില്‍ പങ്കെടുത്ത് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

കര്‍ണ്ണാടകയിലെ പ്രമുഖ സംഗീത സഭയായ കാഞ്ചനയില്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്. കര്‍ണ്ണാടകയിലെ ഹൊസനഗര്‍ രാമചന്ദ്രാപുര മഠത്തില്‍ പൂജ്യ സ്വാമികളായ ശ്രീ. രാഘവേശ്വര ഭാരതിയുടെ മുന്‍പില്‍ വര്‍ഷംതോറും സംഗീത തപസ്യ അവതരിപ്പിക്കാന്‍ കഴിയുന്നത് അവിസ്മരണീയമായ അനുഭവമായി ഇവര്‍ ഓര്‍ക്കുന്നു. അമൃത ചാനലില്‍ കച്ചേരി അവതരിപ്പിച്ചിട്ടുണ്ട്. കൈരളി ടി.വി.യിലെ രാഗോത്സവത്തിലും പാടിയിട്ടുണ്ട്.

കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ സ്വാമി സച്ചിദാനന്ദ ഉഷയുടെ സംഗീതത്തിലുള്ള കഴിവ് മനസ്സിലാക്കി നാല് വര്‍ഷത്തോളം ഇവര്‍ക്ക് പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കി. ചിന്മയ സ്കൂള്‍, കാസര്‍ഗോഡില്‍ നാല് വര്‍ഷത്തോളം മ്യൂസിക് ടീച്ചറായി സേവനം അനുഷ്ഠിച്ചു. നഗരത്തിന്റെ ബഹളങ്ങളില്‍ നിന്നും ഒഴിഞ്ഞ് ചിന്മയ കോളനിയില്‍ ഗോപാലകൃഷ്ണ മ്യൂസിക് സ്കൂള്‍ നടത്തുന്നത് യാതൊരു ലാഭേച്ഛയുമില്ലാതെയാണെന്നുളളത് ഈ ഗായികയുടെ സംഗീതത്തോടുള്ള പ്രതിബദ്ധത ഊട്ടി ഉറപ്പിക്കുന്നു. ഇവര്‍ നടത്തുന്ന ഗോപാലകൃഷ്ണാ മ്യൂസിക് സ്കൂളില്‍ 150-ഓളം വിദ്യാര്‍ത്ഥികള്‍ സംഗീതം പഠിക്കുന്നു. ശുദ്ധസംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഏറ്റവും നല്ല സംഗീത സഭയാണ് ഇതെന്ന് ജനം സാക്ഷ്യപ്പെടുത്തുന്നു. മെക്സിക്കോയില്‍ നിന്നുള്ള ടെറാ ടിഫാനി, മാര്‍ക്ക്, ശ്രീലങ്കയില്‍ നിന്നുള്ള ഹംസധ്വനി എന്നിവര്‍ ഇവരുടെ ശിക്ഷ്യരാണ്. കേരള സ്റേറ്റ് കന്നട സമ്മേളനം 2004-ലും 2006-ലും ഉഷാ ഈശ്വരഭട്ടിനെ ആദരിച്ചു. ഗോപാലകൃഷ്ണ സംഗീത വിദ്യാലയത്തിലെ കുട്ടികള്‍ക്ക് വേണ്ടി എല്ലാ മാസത്തിലെയും അവസാനത്തെ ഞായറാഴ്ച് പക്കമേളത്തോടുകൂടി സംഗീത പരിപാടികള്‍ നടത്തുന്നു. കൂടാതെ വര്‍ഷംതോറും വാര്‍ഷികോത്സവവും നടത്തി വരുന്നു. നിരവധി സംഗീതജ്ഞര്‍ ഈ വിദ്യാലയത്തിന്റെ വാര്‍ഷികോത്സവത്തില്‍ പാടിയിട്ടുണ്ട്.

ശങ്കരാചാര്യരുടെ ശിഷ്യനായ തോടകാചാര്യ പരമ്പരയില്‍പ്പെട്ട കാസര്‍ഗോഡ് ജില്ലയിലെ ഇടനീര്‍ മഠാധിപതി ശ്രീ. ശ്രീ. ശ്രീ..... കേശവാനന്ദഭാരതി സ്വാമികളുടെ ചാതുര്‍മാസവ്രതാചരണ സമയത്ത് ശ്രീ മഠത്തിന്റെ ദേവാങ്കണത്തിലെ തന്റെ സംഗീതാര്‍ച്ചന, സംഗീത ജ്ഞാനത്തിന് വൈഭവവും അഭൂതപൂര്‍വ്വവുമായ ഒരനുഭവം ഇപ്പോഴും ഹൃദയത്തില്‍ അനുഭവപ്പെടുന്നു. 

കൊടക് രാജവംശത്തിലെ ആസ്ഥാന പുരോഹിത കുടുംബത്തില്‍പ്പെട്ട വ്യക്തിയാണ് ശ്രീമതി ഉഷയുടെ ഭര്‍ത്താവ് ബി.ജി. ഈശ്വരഭട്ട്. അദ്ദേഹം കര്‍ണ്ണാടക സെറികള്‍ച്ചര്‍, കോഫി ബോര്‍ഡ് യുടങ്ങിയവയില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യയുടെ സംഗീത തപസ്യയില്‍ അവര്‍ക്കാവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിന് ഉദ്യോഗങ്ങളില്‍ നിന്ന് അദ്ദേഹം സ്വയം വിരമിക്കുകയായിരുന്നു. ഘടം, മൃദംഗം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുള്ള വ്യക്തിയാണിദ്ദേഹം. ആറാം ക്ളാസ്സില്‍ പഠിക്കുന്ന ഗോപാലകൃഷ്ണന്‍, ഒന്നാം ക്ളാസ്സില്‍ പഠിക്കുന്ന ശിവരഞ്ജിനി എന്നിവര്‍ മക്കളാണ്. രണ്ടുപേരും ഇപ്പോള്‍ സംഗീതം അഭ്യസിക്കുന്നുണ്ട്.

ഉഷ ഈശ്വരഭട്ടിന്റെ ഏക സഹോദരിയായ ജയലക്ഷ്മി ഗാനഭൂഷണ ബിരുദധാരിണിയാണ്.

              
Back

  Date updated :