T.V. ARUNACHALAM

T.V. ARUNACHALAM

Any

Reading

Problem

Sports / Games

Arun Nivas

Kanachery, Echur P.O.

Kannur, 0497-2791600, 2790330, 2733967, 9447372158

Nil

Back

Nil

ടി.വി. അരുണാചലവും കുടുംബവും

സുകുമാര്‍ അഴിക്കോടില്‍ നിന്നും പുരസ്കാരം ഏറ്റുവാങ്ങുന്നു. കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ., അബ്ദുള്ളക്കുട്ടി എം.പി. എന്നിവര്‍ സമീപം

അന്താരാഷ്ട്ര വോളിബോള്‍ റഫറിയെന്നനിലയില്‍ പ്രശസ്തനാണ് ശ്രീ. ടി.വി. അരുണാചലം. ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി മത്സരങ്ങള്‍ അരുണാചലം നിയന്ത്രിച്ചിട്ടുണ്ട്. കൂടാതെ, നിരവധി പ്രാദേശിക വോളിബോള്‍ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചുകൊണ്ട് നല്ലൊരു കായികസംഘാടകന്‍ എന്നപേരും നേടിയെടുക്കാന്‍ ഇദ്ദേഹത്തിനുകഴിഞ്ഞു. 

മുണ്ടേരി കാനച്ചേരി സ്വദേശിയും കുറുപ്പ് എന്ന പേരില്‍ അറിയപ്പെടുന്നയാളുമായ കൂടാളി പി.കെ. ബാലകൃഷ്ണക്കുറുപ്പിന്റെയും ടി.വി. ഗൌരിയുടെയും മകനായി 1969 മെയ് 31-നാണ് അരുണാചലം ജനിച്ചത്. നവകേരള എല്‍.പി. സ്കൂള്‍, വലിയന്നൂര്‍ നോര്‍ത്ത് യു.പി. സ്കൂള്‍, തോട്ടട ജെ.റ്റി.എസ്. എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ പഠനം. തുടര്‍ന്ന് റ്റി.എച്ച്.എസ്.എല്‍.സി. പാസ്സായി. 1996-ല്‍ വിധാതാ കോളജ് ഓഫ് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍നിന്നും ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്ളോമ പൂര്‍ത്തിയാക്കിയ ഇദ്ദേഹം 1996-ല്‍ തായിനേരി എം.എച്ച്.എസ്സില്‍ കായികാദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് വാരം സി.എച്ച്.എം.എസ്സില്‍ ജോലിചെയ്ത ഇദ്ദേഹം ഇപ്പോള്‍ തോട്ടട എസ്.എന്‍. ട്രസ്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. 

സ്കൂള്‍പഠനകാലം മുതല്‍ക്കേ അരുണാചലം നല്ല വോളിബോള്‍ കളിക്കാരനായിരുന്നു. ഇദ്ദേഹത്തിന്റെ പിതാവ് ബാലകൃഷ്ണക്കുറുപ്പ് അറിയപ്പെടുന്ന വോളിബോള്‍ താരമായിരുന്നു. മദ്രാസ് ടീമിന്റെ ക്യാപ്റ്റനായിരുന്നു കുറുപ്പ്. പിതാവു തന്നെയാണ് സ്പോര്‍ട്സ് രംഗത്തെ അരുണാചലത്തിന്റെ ഗുരുനാഥന്‍. മലബാര്‍ ചാമ്പ്യന്‍ എന്നറിയപ്പെട്ടിരുന്ന ബാലകൃഷ്ണക്കുറുപ്പ്, കേരള സ്കൂള്‍ ടീച്ചേഴ്സ് ഗെയിമിന്റെ വോളിബോള്‍ ക്യാപ്റ്റനായിരുന്നു. സ്കൂള്‍ അദ്ധ്യാപികയായിരുന്ന മാതാവ് റ്റി.വി. ഗൌരിടീച്ചറും വേണ്ട പ്രോത്സാഹനങ്ങള്‍ നല്‍കി.

കണ്ണൂര്‍ജില്ലാ സ്കൂള്‍ ടീം അരുണാചലത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. നിരവധി ക്ളബ്ബുകള്‍ക്കുവേണ്ടിയും ഇദ്ദേഹം ജഴ്സിയണിഞ്ഞു. വോളിബോള്‍ കൂടാതെ ഫുട്ബോള്‍, ഹോക്കി, ബോള്‍-ബാഡ്മിന്റണ്‍ ടീമുകളിലും ഇദ്ദേഹം ഉണ്ടായിരുന്നു. എസ്.എന്‍ ട്രസ്റ് സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ, സംസ്ഥാന സ്കൂള്‍ ടീമുകളിലേക്ക് ഒട്ടേറെ കുട്ടികളെ വിവിധ കായികയിനങ്ങളില്‍ പങ്കെടുപ്പിക്കുന്നതിന് അരുണാചലത്തിന് സാധിച്ചു.

റഫറിയെന്നനിലയില്‍ ഇദ്ദേഹത്തിന്റെ അരങ്ങേറ്റം അപ്രതീക്ഷിതമായിരുന്നു. കായലോട് എരുവട്ടി എന്ന സ്ഥലത്തുനടന്ന വോളിബോള്‍ ടൂര്‍ണമെന്റില്‍ റഫറി വരാതിരുന്ന സാഹചര്യത്തില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോച്ച് വി.ആര്‍. ബാലകൃഷ്ണന്‍ ഇദ്ദേഹത്തിന് വിസില്‍ നല്‍കി റഫറിയായി ചുമതല നല്‍കി. ഇതായിരുന്നു വോളിബോള്‍ റഫറിയെന്നനിലയില്‍ അരുണാചലത്തിന്റെ തുടക്കം.

സ്കൂള്‍ അദ്ധ്യാപകരുടെ കൂട്ടത്തില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ ഇന്റര്‍നാഷണല്‍ വോളി റഫറിയാണ് ഇദ്ദേഹം. നിരവധി അന്താരാഷ്ട്രമത്സരങ്ങള്‍, ജില്ലാസംസ്ഥാനദേശീയമത്സരങ്ങള്‍ എന്നിവയ്ക്ക് ഇദ്ദേഹം റഫറിയുടെ കുപ്പായമണിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്തുവച്ച് നടന്ന വോളിബോള്‍ കോച്ചേഴ്സ് ക്യാമ്പില്‍നിന്നും സ്പെഷ്യല്‍ ട്രെയിനിംഗ് അരുണാചലത്തിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ ബോള്‍ബാഡ്മിന്റണ്‍, കബഡി, അത്ലറ്റിക്സ് എന്നിവയുടെ അംഗീകൃതറഫറിയാണ് അരുണാചലം.

കായികസാമൂഹികസാംസ്കാരികരംഗത്തെ പല പ്രമുഖരുമായും അടുത്ത വ്യക്തിബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ഇദ്ദേഹം. മുന്‍ കണ്ണൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി പത്മനാഭന്‍, എസ്.എന്‍. കോളജ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ പ്രൊഫസര്‍ പി.കെ. ജഗന്നാഥന്‍ തുടങ്ങിയവര്‍ ഈ രംഗത്ത് ഇദ്ദേഹത്തിന് പ്രചോദനം നല്‍കിയവരാണ്.

കായികരംഗത്തെ പ്രമുഖവ്യക്തിയെന്നനിലയില്‍ നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. സ്റേറ്റ് റിസോഴ്സ് പേഴ്സണ്‍, ജില്ലാ സ്കൂള്‍ ഗയിംസ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയംഗം, കായികാദ്ധ്യാപകസംഘടന കണ്ണൂര്‍ജില്ലാ ട്രഷറര്‍, കാനാച്ചേരി ഫ്രണ്ട്സ് സ്പോര്‍ട്സ് ക്ളബ്ബ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗം, വോളിബോള്‍, ഷട്ടില്‍, സ്വിമ്മിങ് അസോസിയേഷനുകളുടെ ഭാരവാഹി എന്നീനിലകളിലെല്ലാം അരുണാചലം പ്രവര്‍ത്തിക്കുന്നു. നിരവധി സ്പോര്‍ട്സ് സംഘടനകളുടെ രക്ഷാധികാരിയും ഉപദേശകസമിതിയംഗവുമാണ് ഇദ്ദേഹം. ഓള്‍ ഇന്ത്യാ തലത്തിലുള്ള നാഷണല്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ തലശ്ശേരി എടത്തിലമ്പലം സെക്രട്ടറിയാണ്. 

പി.പി.നാരായണന്‍നമ്പ്യാരുടെയും മാണിക്കോത്ത് പത്മാവതിയുടെയും മകള്‍ രമണിയാണ് അരുണാചലത്തിന്റെ ഭാര്യ. തലശ്ശേരി ഇന്ദിരാഗാന്ധി പബ്ളിക് സ്കൂള്‍ കമ്പ്യൂട്ടര്‍ അദ്ധ്യാപികയാണ് ഇവര്‍. മക്കള്‍: ആര്യ, അലോക്.

പ്രമീള (വലിയന്നൂര്‍ എല്‍.പി. സ്കൂള്‍ ടീച്ചര്‍), ലതിക (ഏച്ചൂര്‍ വെസ്റ് യു.പി. സ്കൂള്‍ അദ്ധ്യാപിക), എന്നിവരാണ് അരുണാചലത്തിന്റെ സഹോദരിമാര്‍. കെ.പി. കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാര്‍ (തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി), ടി.രവി (ബിസിനസ്സ്) എന്നിവര്‍ സഹോദരീഭര്‍ത്താക്കന്മാരാണ്. 

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള അരുണാചലത്തിന് കായികരംഗത്തെ അനുഭവങ്ങള്‍വെച്ചുകൊണ്ട് നമ്മുടെ രാജ്യത്തെ കായികമേഖലയെക്കുറിച്ച് പല കാര്യങ്ങളും പറയാനുണ്ട്. പല രാജ്യങ്ങളും വളരെ ചെറുപ്പത്തില്‍ത്തന്നെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് ദീര്‍ഘകാലപരിശീലനം നല്‍കി മികച്ച കളിക്കാരായി വളര്‍ത്തിയെടുക്കുന്നു. ഇതിനായി അവിടങ്ങളില്‍ സ്പോര്‍ട്സ് നഴ്സറികള്‍ ധാരാളമുണ്ട്. ഇന്ത്യയില്‍ ഇങ്ങനെയൊരു സംവിധാനം ഇല്ല. ക്രിക്കറ്റില്‍പോലും ഇന്ത്യന്‍ ടീമിന് ഹ്രസ്വകാലപരിശീലനമാണ് നല്‍കുന്നത്. അതുകൊണ്ട് മിക്ക അന്താരാഷ്ട്രമത്സരങ്ങളിലും മികവുപുലര്‍ത്താന്‍ സാധിക്കുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. നന്നേ ചെറുപ്പത്തില്‍ത്തന്നെ കായികതാരങ്ങളെ കണ്ടെത്തി, അടിസ്ഥാനസൌകര്യങ്ങള്‍ ഒരുക്കി, മികച്ച ട്രെയിനിംഗ് നല്‍കിയാല്‍ നമുക്ക് എല്ലാ മത്സരങ്ങളിലും ലോകനിലവാരത്തിന്റെ നെറുകയിലെത്താന്‍ കഴിയുമെന്നാണ് അരുണാചലത്തിന്റെ പക്ഷം. ഇന്ത്യന്‍ കായികരംഗത്ത് ശ്രദ്ധേയനാകാന്‍ അരുണാചലമെന്ന കണ്ണൂര്‍ക്കാരന് സാധിച്ചത് ഇദ്ദേഹത്തിന്റെ കഠിനപരിശ്രമവും കായികരംഗത്തോടുള്ള അടങ്ങാത്ത അഭിനിവേശവും കൊണ്ടാണ്.

              
Back

  Date updated :