K. DASAN (Quilandy Municipal Chairman)

K. DASAN (Quilandy Municipal Chairman)

Any

Reading

Problem

Officials

Kizhakkeyil

Muchukunnu P.O., Quilandy

Kozhikkode, 0496-2621923, 2621913, 2620244, 9447721922

Nil

Back

Nil

മികച്ച ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് ആരോഗ്യമന്ത്രി പി.കെ. ശ്രീമതി ടീച്ചറില്‍ നിന്ന് കെ. ദാസന്‍ ഏറ്റുവാങ്ങുന്നു.

സമയം വിലപ്പെട്ടതാണ്, നിങ്ങളുടെയും എന്റെയും കൊയിലാണ്ടി നഗരസഭാ ചെയര്‍മാന്‍ ശ്രീ.കെ. ദാസന്റെ ഓഫീസ് മുറിയില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡിലെ വാചകമാണിത്. സമയത്തിന്റെ വിലയറിഞ്ഞ്, ഒരു നിമിഷംപോലും പാഴാക്കാതെ, കൊയിലാണ്ടിയുടെ വികസനത്തിനുവേണ്ടി ഓടിനടക്കുന്ന നഗരപിതാവാണ് ദാസേട്ടനെന്ന കെ.ദാസന്‍. ലാളിത്യം മുഖമുദ്രയാക്കിയ പൊതുജനസേവകന്‍, തൊഴിലാളി യൂണിയന്‍ നേതാവ്, സംഘാടകന്‍ എന്നീനിലകളിലെല്ലാം ഇദ്ദേഹം മികവുതെളിയിച്ചിട്ടുണ്ട്.

പരേതനായ കെ. കുഞ്ഞിരാമന്റെയും കെ.കല്യാണിയുടെയും മകനായി 1952 ഡിസംബര്‍ ഒന്നിന് ജനിച്ചു. പുളിയഞ്ചേരി എല്‍.പി. സ്കൂള്‍, യു.പി. സ്കൂള്‍, നടുവത്തൂര്‍ വാസുദേവാശ്രമം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം. സാമ്പത്തികമായി ഏറെ കഷ്ടപ്പാടുകള്‍ അനുഭവിച്ചിരുന്നെങ്കിലും അതൊന്നും പഠനത്തിന് പ്രതിബന്ധം സൃഷ്ടിക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലായിരുന്നു കലാലയവിദ്യാഭ്യാസം.

ചെറുപ്പംമുതലേ വായന ഇദ്ദേഹത്തിന് ഹരമായിരുന്നു. സ്കൂള്‍ വായനശാലയും പുളിഞ്ചേരി കെ.ടി.എസ് വായനശാലയും ഏറെ പ്രയോജനപ്പെടുത്തിയ ദാസന്‍, ചരിത്രഗ്രന്ഥങ്ങളോടും താത്വിക, വിപ്ളവ ഗ്രന്ഥങ്ങളോടും ഏറെ താത്പര്യം പുലര്‍ത്തി. വായനശാലയുടെ കീഴിലുള്ള കലാസമിതി സെക്രട്ടറിയായും ഇക്കാലത്ത് പ്രവര്‍ത്തിച്ചു. പൊതുപ്രവര്‍ത്തകനാകുക എന്നമോഹം ചെറുപ്പംമുതലേ മനസ്സിലുണ്ടായിരുന്നു.

ഒരു കമ്മ്യൂണിസ്റ് കുടുംബത്തിലായിരുന്നു ജനനമെന്നതിനാല്‍ കമ്മ്യൂണിസ്റ് ആശയങ്ങളോട് കുട്ടിക്കാലം മുതലേ ദാസന്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. എസ്.എഫ്.ഐയുടെ പ്രവര്‍ത്തകനായാണ് ഇടതുപക്ഷ രാഷ്ട്രീയത്തില്‍ ചുവടുവെച്ചത്. സ്കൂള്‍ യൂണിറ്റ് സെക്രട്ടറി (1969-70), ജില്ലാക്കമ്മിറ്റിയംഗം എന്നീനിലകളില്‍ സ്കൂള്‍ പഠനകാലത്ത് തിളങ്ങിയ ദാസന്‍ കലാലയപഠനകാലത്ത് യൂണിറ്റ് സെക്രട്ടറി, ജില്ലാക്കമ്മിറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ച് മികച്ച സംഘാടകനെന്ന് പേരെടുത്തു. അക്കാലയളവില്‍ ഒട്ടേറെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ നേതൃത്വം വഹിക്കുകയും ചെയ്തിട്ടുണ്ട്. 

പാര്‍ട്ടി അംഗത്വം ഔദ്യോഗികമായി കിട്ടിയത് 1970-ലാണ്. പിന്നീട്, വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍നിന്ന് തൊഴിലാളി യൂണിയന്‍ രംഗത്തേക്ക് ദാസനെത്തി. 1974 മുതല്‍ കൊയിലാണ്ടി താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്‍ സെക്രട്ടറിയാണ്. തൊഴിലാളികളുടെ ഇടയിലിറങ്ങി പ്രവര്‍ത്തിച്ച ദാസന്‍, അവരുടെ പ്രിയങ്കരനായ ദാസേട്ടനായി മാറിയത് പെട്ടെന്നായിരുന്നു. 1974-88-ല്‍, കുറുവങ്ങാട് കയര്‍ ഫാക്ടറി യൂണിയന്‍ സെക്രട്ടറിയായിരുന്നു. കൊയിലാണ്ടി താലൂക്ക് മത്സ്യത്തൊഴിലാളി യൂണിയന്‍ സെക്രട്ടറി (1979-82), കൈത്തറി തൊഴിലാളി യൂണിയന്‍ സെക്രട്ടറി (1976-88) എന്നീനിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചത്. 2003-മുതല്‍ മത്സ്യത്തൊഴിലാളി യൂണിയന്‍ കോഴിക്കോട് ജില്ലാപ്രസിഡന്റാണ്.

സി.ഐ.ടി.യു ജില്ലാ വൈസ്പ്രസിഡന്റ്, ദേശീയസമിതിയംഗം, സംസ്ഥാനകമ്മിറ്റിയംഗം എന്നീ പദവികളില്‍ തിളക്കമാര്‍ന്ന പ്രവര്‍ത്തനം ഇപ്പോള്‍ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു. 1986 മുതല്‍ സി.പി.എം. ജില്ലാക്കമ്മിറ്റി അംഗവും 2004 മുതല്‍ കൊയിലാണ്ടി ഏരിയാസെക്രട്ടറിയുമാണ്.

1978-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ കൊയിലാണ്ടി പഞ്ചായത്തംഗമായി ദാസന്‍ തിരഞ്ഞെടുക്കപ്പെട്ടു. ദീര്‍ഘകാലം പഞ്ചായത്തംഗമായി പ്രവര്‍ത്തിച്ച ഇദ്ദേഹം 1995-ല്‍ നഗരസഭ രൂപവത്ക്കരിക്കപ്പെട്ടപ്പോള്‍ കൌണ്‍സിലംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2000 ഒക്ടോബറില്‍ ആദ്യമായി നഗരപിതാവായി. ബാലാരിഷ്ടതകള്‍കൊണ്ട് വീര്‍പ്പുമുട്ടിയ നഗരസഭയെ വികസനത്തിന്റെ വഴിയില്‍ എത്തിക്കാന്‍ ദാസന്റെ അക്ഷീണ പ്രയത്നത്തിന് കഴിഞ്ഞു. 2005 ല്‍ രണ്ടാമതും നഗരസഭാ ചെയര്‍മാനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.

കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതില്‍ ദാസന്‍ പുലര്‍ത്തുന്ന കര്‍മ്മകുശലത അപാരമാണ്. പുതിയ ബസ് സ്റാന്‍ഡ് കെട്ടിടസമുച്ചയം, ടൌണ്‍ഹാള്‍, കല്യാണമണ്ഡപം, കുടുംബശ്രീ വിപണനകേന്ദ്രം, തൊഴില്‍ പരിശീലനകേന്ദ്രം, ഹോമിയോ ആശുപത്രി കെട്ടിടം, അംഗന്‍വാടികള്‍, കൃഷിഭവന്‍ എന്നിവയുടെ സ്ഥാപനത്തിലും നിര്‍മ്മാണത്തിലും നഗരപിതാവെന്നനിലയില്‍ സുപ്രധാനപങ്കാണ് ദാസന്‍ വഹിച്ചിട്ടുള്ളത്.

പേപ്പട്ടികളുടെയും കുറുക്കന്‍മാരുടെയും ആവാസകേന്ദ്രമായിരുന്ന കൊയിലാണ്ടി പഞ്ചായത്ത് ആസ്ഥാനമന്ദിരത്തെ ഗംഭീരമായ രീതിയില്‍ നഗരസഭാമന്ദിരമായി രൂപപ്പെടുത്തിയതില്‍ ദാസന്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഗൃഹവൈദ്യുതീകരണം, ഭവനനിര്‍മ്മാണം, കുടിവെള്ള പദ്ധതി നിര്‍മ്മാണം എന്നിവയിലെല്ലാം നഗരസഭ വന്‍മുന്നേറ്റമാണ് ഇക്കാലയളവില്‍ നടത്തിയത്. റോഡുനിര്‍മ്മാണം, വിദ്യാലയങ്ങളുടെ വികസനം, ആശുപത്രി വികസനം എന്നിവയെല്ലാം ദാസന്റെ നേതൃത്വത്തില്‍ ഫലപ്രാപ്തിയിലെത്തിയിരുന്നു. നഗരത്തിന്റെ ചിരകാലാഭിലാഷമായ ഹാര്‍ബര്‍ നിര്‍മ്മാണം, ചേറിക്കുഴിയിലെ ഉപ്പ് നിര്‍മ്മാണപദ്ധതി എന്നിവ ഉടന്‍തന്നെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതിന്റെ പിന്നിലും നഗരപിതാവിന്റെ കരങ്ങള്‍ കാണാന്‍ കഴിയും. ഗാന്ധിജി, കേളപ്പജി എന്നിവര്‍ക്ക് സ്മാരകങ്ങള്‍ ഉയര്‍ന്നതും ഇക്കാലത്തുതന്നെയാണ്.

കൊയിലാണ്ടിയിലെ സമ്പൂര്‍ണ്ണ ശുചിത്വനഗരമാക്കി മാറ്റുന്നതിനുള്ള അക്ഷീണപരിശ്രമത്തിലാണ് ഇപ്പോള്‍. മാലിന്യങ്ങള്‍ സംസ്കരിച്ച് വളം നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികള്‍ നടന്നുവരുന്നു. ജൈവമാലിന്യങ്ങള്‍ സംസ്കരിച്ച് വളം നിര്‍മ്മിക്കുന്നതിന് പ്ളാന്റ് സ്ഥാപിച്ചുകഴിഞ്ഞു. പ്ളാസ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന കുടുംബശ്രീ യൂണിറ്റും ജീവ എന്നപേരില്‍ മണ്ണിര കമ്പോസ്റ് നിര്‍മ്മിച്ച് മാര്‍ക്കറ്റ് ചെയ്യുന്ന കുടുംബശ്രീ യൂണിറ്റും നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പേപ്പര്‍ബാഗുകള്‍, തുണിസഞ്ചികള്‍ എന്നിവ നിര്‍മ്മിക്കുന്ന കുടുംബശ്രീ യൂണിറ്റുകളും ഇവിടെയുണ്ട്. കൊതുകുനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 സ്ത്രീകള്‍ അടങ്ങിയ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിക്കുന്നു.

സ്ത്രീശാക്തീകരണം മുഖ്യലക്ഷ്യമാക്കുന്ന നഗരസഭയുടെ കീഴില്‍ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികളും 196 കുടുംബശ്രീകളും 16 ഏരിയ ഡെവലപ്മെന്റ് സൊസൈറ്റികളും പ്രവര്‍ത്തിച്ചുവരുന്നു. ഡി.ഡബ്ള്യൂ.സി.ഏ.യുടെ 42 യൂണിറ്റുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.

മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി പുരസ്കാരങ്ങള്‍ ദാസന്റെ നേതൃത്വത്തിലുള്ള നഗരസഭയ്ക്കുലഭിച്ചിട്ടുണ്ട്. മികച്ച നഗരസഭയ്ക്കുള്ള അവാര്‍ഡ് (2004-05), കേന്ദ്രകൃഷിമന്ത്രാലയത്തിന്റെ പ്രകൃതിവിഭവസംരക്ഷണ അവാര്‍ഡ് (2006), മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ അവാര്‍ഡ് (2006, 2007), കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലെ മികവിനുള്ള അംഗീകാരം എന്നിവ ഈ മികച്ച നഗരസഭയുടെ കിരീടത്തിലെ പൊന്‍തൂവലുകളാണ്. കൊയിലാണ്ടിയെ ഉത്തരോത്തരം പുരോഗതിയിലേക്ക് നയിക്കുക എന്ന മന്ത്രവുമായി ഒരു നിമിഷംപോലും പാഴാക്കാതെ കര്‍മ്മവീഥിയില്‍ കുതിക്കുകയാണ് കൊയിലാണ്ടിക്കാരുടെ ദാസേട്ടന്‍. രാഷ്ട്രീയത്തില്‍ ഏറെ പ്രോത്സാഹനം നല്കിയ സി.ആര്‍.നായര്‍, പി.കെ. ശങ്കരന്‍, കേളുവേട്ടന്‍ എന്നിവരെ ഇദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

1986 മാര്‍ച്ച് 17-നായിരുന്നു വിവാഹം. പരേതനായ കുമാരന്‍-രാധ ദമ്പതികളുടെ മകള്‍ സുലോചനയാണ് ഭാര്യ. മരീഷ, മീരന്‍ദാസ് എന്നിവര്‍ മക്കളാണ്. നാരായണന്‍, ബാലകൃഷ്ണന്‍(ഗള്‍ഫ്), പരേതരായ വാസു, നാരായണന്‍ എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :