ADVOCATE U.T. RAJAN

ADVOCATE U.T. RAJAN

Any

Reading

Problem

Advocate

Chaitram

Eranjippalam P.O. - 673 006

Kozhikkode, 0495-2368258, 9388966842

Nil

Back

Nil

തിഥിന്‍ രാജ് മെമ്മോറിയല്‍ ട്രസ്റ് സംഘടിപ്പിച്ച അവാര്‍ഡുദാനച്ചടങ്ങില്‍ അഡ്വ: രാജന്‍ സംസാരിക്കുന്നു.

കോഴിക്കോട് കോര്‍പ്പറേഷന്‍ മുന്‍മേയര്‍ ശ്രീ. യു.ടി. രാജന്‍ കോഴിക്കോട് നഗരത്തിലും പുറത്തും അറിയപ്പെടുന്ന അഭിഭാഷകനും കറപുരളാത്ത വ്യക്തിത്വത്തിന്റെ ഉടമയുമായ ഒരു പൊതുപ്രവര്‍ത്തകനുമാണ്. 1990-ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൌണ്‍സിലില്‍ കോണ്‍ഗ്രസ്സ്(എസ്)പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്നപ്പോഴാണ് യു.ടി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന അഡ്വ.യു.ടി. രാജന്‍ കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. കോര്‍പ്പറേഷന്റെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ചും നഗരവികസനത്തെക്കുറിച്ചും ശാസ്ത്രീയമായ വീക്ഷണവും കാഴ്ചപ്പാടുമുള്ള വ്യക്തിയാണ് യു.ടി.രാജന്‍. നമ്മുടെ സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന മയക്കുമരുന്നിന്റെ ദുരുപയോഗത്തെപ്പറ്റി ചെറുപ്പക്കാരെ ബോധവാന്മാരാക്കുന്നതിനുവേണ്ടി ഉണര്‍ത്തുപാട്ട് എന്ന ഒരു സിനിമ രാജന്റെ നേതൃത്വത്തില്‍ അക്കാലത്ത് നിര്‍മ്മിച്ചിരുന്നു. വളരെയേറെ പ്രശംസ പിടിച്ചുപറ്റിയ ആ സിനിമ പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ജനങ്ങളുടെ ആരോഗ്യസംരംക്ഷണം ലക്ഷ്യമാക്കി കോര്‍പ്പറേഷനുകീഴില്‍ ഒരു ഹെല്‍ത്ത് ക്ളബ്ബ് ആരംഭിക്കുവാനും രാജന്‍ മേയറായിരുന്ന കാലഘട്ടത്തില്‍ സാധിച്ചിരുന്നു. കോഴിക്കോട് നഗരത്തിന്റെ സാമൂഹ്യവും സാംസ്കാരികവുമായ ഉന്നതിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലും മേയര്‍ രാജന്‍ വ്യാപൃതനായിരുന്നു. 1990-ല്‍ ന്യൂയോര്‍ക്കില്‍വച്ച് ചേര്‍ന്ന ലോകപരിസ്ഥിതി സമ്മേളനത്തില്‍ ഇന്ത്യയിലെ മേയര്‍മാരെ പ്രതിനിധീകരിച്ച് പങ്കെടുത്ത ചുരുക്കം ചില മേയര്‍മാരില്‍ ഒരാളായിരുന്നു അഡ്വ. യു.ടി. രാജന്‍.

സ്വതന്ത്യ്രസമരസേനാനിയും പ്രഗത്ഭ ആയുര്‍വേദവൈദ്യനുമായിരുന്ന യു.ടി. അപ്പുവൈദ്യരുടെയും ചിരുതക്കുട്ടിയുടെയും മകനായാണ് രാജന്‍ ജനിച്ചത്. കോഴിക്കോട് നഗരത്തില്‍നിന്ന് പത്ത് കിലോമീറ്റര്‍ കിഴക്കുമാറി മൂഴിക്കല്‍ എന്ന പ്രദേശമാണ് ജന്മസ്ഥലം. പി.ഡബ്ള്യു.ഡി. കോണ്‍ട്രാക്ടര്‍ യു.ടി.ഷണ്‍മുഖന്‍, യു.ടി.അശോകന്‍, യു.ടി.രഘുവരന്‍, പരേതനായ യു.ടി.ശിവരാജന്‍, യു.ടി.വിശാലാക്ഷി, യു.ടി.ഉഷാകുമാരി എന്നിവരാണ് സഹോദരങ്ങള്‍. കോഴിക്കോട് ബാറിലെ അഭിഭാഷകയും കോഴിക്കോട് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറം അംഗവുമായിരുന്ന വി.പി. സുശീലയാണ് ഭാര്യ. അഡ്വ. രുക്മ എസ്. രാജ്, കോഴിക്കോട് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനി ആത്മ എസ്.രാജ് എന്നിവര്‍ മക്കളാണ്. ഏകമകന്‍ യു.ടി.തിഥിന്‍രാജ് പതിനേഴാമത്തെ വയസ്സില്‍ രക്താര്‍ബുദം മൂലം മരണപ്പെട്ടു. മകന്റെ സ്മരണ നിലനിര്‍ത്തുന്നതിന് രൂപികരിക്കപ്പെട്ട യു.ടി.തിഥിന്‍ രാജ് മെമ്മോറിയല്‍ ട്രസ്റിന്റെ ചെയര്‍മാനായ രാജന്‍ കാന്‍സര്‍ രോഗനിവാരണത്തിന് ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിനുള്ള ആയുര്‍വ്വേദഗവേഷണസ്ഥാപനം നിര്‍മ്മിക്കുവാന്‍ പരിപാടി ആവിഷ്കരിച്ചുവരികയാണ്. കാന്‍സര്‍ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികള്‍ക്ക് സൌജന്യചികിത്സയും ഭക്ഷണവും ലഭ്യമാക്കുന്ന സ്ഥാപനവും ട്രസ്റിന്റെ ലക്ഷ്യ മാണ്. 

കോഴിക്കോട് സെന്റ് ജോസഫ്സ് കോളജില്‍നിന്ന് ബിരുദമെടുത്ത യു.ടി.രാജന്‍ കോഴിക്കോട് ലോ കോളജില്‍നിന്ന് നിയമബിരുദം സമ്പാദിച്ചു. വിദ്യാര്‍ത്ഥിരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യു.ടി., ലോ കോളജിലെ യൂണിവേഴ്സിറ്റി യൂണിയന്‍ കൌണ്‍സിലറും കോഴിക്കോട് സര്‍വ്വകലാശാലായൂണിയന്‍ ഭാരവാഹിയുമായിരുന്നു. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്തതിനുശേഷം പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ.എം. രത്നസിംഗിന്റെ കീഴില്‍ പ്രാക്ടീസ് ആരംഭിച്ചു. നിരവധി കൊലപാതകകേസ്സുകളില്‍ രത്നസിംഗിനോടൊപ്പം ഹാജരായ അഡ്വ. യു.ടി.രാജന്‍ കോഴിക്കോട് ആര്‍.ഇ.സിയിലെ പി.രാജന്‍ വധക്കേസ്സില്‍ കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കോയമ്പത്തൂര്‍ സെഷന്‍സ് കോടതിയിലും മദ്രാസ് ഹൈ ക്കോടതിയിലും രത്നസിംഗിനൊപ്പം ഹാജരായി തന്റെ കഴിവ് പ്രകടിപ്പിക്കുകയുണ്ടായി. പ്രമാദമായ എസ്.ഐ. സോമന്‍ വധക്കേസ്സില്‍ സി.ബി.ഐയുടെ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും തലശ്ശേരി സെഷന്‍സ് കോടതിയില്‍ അഡ്വ. രത്നസിംഗിനൊപ്പം ഹാജരായി. കേരളത്തിലുണ്ടായ പല പോലീസ് വെടിവെയ്പിനെക്കുറിച്ചും നടത്തപ്പെട്ട ജുഡീഷ്യല്‍ അന്വേഷണകേസ്സുകളില്‍ പോലീസിനുവേണ്ടി അഡ്വ.യു.ടി.രാജന്‍ കേസ്സുകള്‍ വാദിച്ചു. കുപ്രസിദ്ധ ആനക്കൊമ്പ് മോഷ്ടാവായിരുന്ന കുഞ്ഞച്ചന്‍ എന്നയാളെ കേരളാ ഫോറസ്റ് ഉദ്യോഗസ്ഥര്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ദിച്ച കേസില്‍, സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ഊട്ടി സെഷന്‍സ്കോടതി നടത്തിയ അന്വേഷണത്തില്‍ കേരളാസര്‍ക്കാരിനും കേരളാ ഫോറസ്റ് ഉദ്യോഗസ്ഥര്‍ക്കും വേണ്ടി അഡ്വ.രത്നസിംഗിനോടൊപ്പം അഡ്വ. രാജനും ഹാജരാവുകയും ചെയ്തു. ഇന്ത്യന്‍ ഭരണഘടനാഭേദഗതിയെത്തുടര്‍ന്ന് പാവപ്പെട്ടവര്‍ക്ക് നിയമസഹായം നല്കുന്നതിനുവേണ്ടി നിയമിക്കപ്പെട്ട കോഴിക്കോട് താലൂക്കിലെ പ്രഥമ പബ്ളിക് കൌണ്‍സില്‍ (ക്രിമിനല്‍) ആയും അഡ്വ.യു.ടി. രാജന്‍ സേവനമനുഷ്ഠിച്ചു.

കോഴിക്കോട് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ചെലവൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഡയറക്ടര്‍, വിവിധ സാമൂഹ്യസാംസ്കാരിക സംഘടനകളുടെ ഭാരവാഹി എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുകയാണ് യു.ടി.രാജന്‍. മൂന്നാംതവണയും കൌണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അഡ്വ.യു.ടി. രാജന്‍ ഇപ്പോള്‍ 48-ാം വാര്‍ഡ് പ്രതിനിധിയാണ്.

              
Back

  Date updated :