CHANDRAN CHAVASSERY

CHANDRAN CHAVASSERY

Any

Reading

Problem

Vaidyar

P.P.K. Memorial Vaidyashala

Chavassery - 670 702

Kannur, 0490-2473804

Nil

Back

Nil

ചന്ദ്രന്‍ ചാവശ്ശേരി ഒരു സ്വീകരണ ചടങ്ങില്‍

ചന്ദ്രന്‍ ചാവശ്ശേരി ആരോഗ്യമന്ത്രി ശ്രീമതിയോടൊപ്പം ഒരു വേദിയില്‍

ആയുര്‍വ്വേദ-കളരി-മര്‍മ്മ ചികിത്സാരംഗത്ത് കേരളത്തിലൊട്ടാകെ അറിയപ്പെടുന്ന പ്രഗത്ഭനായ വ്യക്തിയാണ് ശ്രീ ചാവശ്ശേരി ചന്ദ്രന്‍ വൈദ്യര്‍. പഞ്ചകര്‍മ്മ ചികിത്സാരംഗത്തും പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാരംഗത്തും വൈദഗ്ദ്ധ്യം നേടിയ ഇദ്ദേഹം ഈ മേഖലയില്‍ ഒട്ടേറെ ക്ളാസ്സുകള്‍ നയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1985 മുതല്‍ ഇദ്ദേഹം കണ്ണൂര്‍ ആകാശവാണിയില്‍ ഇരുപതിലേറെ പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. 1980-ല്‍ ലോകാരോഗ്യ സംഘടന തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ അന്നത്തെ വനം മന്ത്രിയായിരുന്ന പി. ആര്‍. കുറുപ്പ് ആരോഗ്യവാനായ അഭ്യാസി എന്ന നിലയില്‍ ചന്ദ്രന്‍ വൈദ്യരെ ആദരിച്ചു. 1985-ല്‍ ആലപ്പുഴയില്‍ നടന്ന ചടങ്ങില്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കവിരാജ് ഇദ്ദേഹത്തിന് പഞ്ചകര്‍മ്മ പ്രവീണ്‍ നല്‍കി ആദരിച്ചു.
പതിനഞ്ച് വയസ്സ് മുതല്‍ക്കാണ് ഇദ്ദേഹം വൈദ്യ ചികിത്സാരംഗത്തു ശ്രദ്ധിക്കുന്നത്. ഇക്കാലത്ത് മേലൂരിലുള്ള പി. കെ. കൃഷ്ണന്‍ ഗുരുക്കളുടെ കീഴില്‍ യോഗ, മെയ്പയറ്റ്, ആയോധനകലകള്‍ എന്നിവ അഭ്യസിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ പെരളശ്ശേരിയിലെ കെ. വി. കെ. വൈദ്യരുടെ കീഴില്‍ ആയുര്‍വ്വേദം പഠിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന് തിലാനൂരിലെ ആര്യവൈദ്യന്‍ കുഞ്ഞിക്കണ്ണന്റെ കീഴില്‍ പത്തുവര്‍ഷം ചികിത്സാരീതികള്‍ അഭ്യസിച്ചു. മുപ്പതാമത്തെ വയസ്സില്‍ പഞ്ചകര്‍മ്മ ചികിത്സ പഠിച്ചു. ആയുര്‍വ്വേദ കോളജ് റിട്ടയേഡ് പ്രിന്‍സിപ്പലായിരുന്ന എന്‍. വി. ശ്രീധരന്‍ നായരായിരുന്നു ഗുരു. ഇതിനുവേണ്ട സൌകര്യങ്ങള്‍ ഒരുക്കിയത് മുന്‍ എടക്കാട് എം. എല്‍. എ. ആയിരുന്ന ഒ. ഭരതനായിരുന്നു. എം. എല്‍. എ. ക്വാര്‍ട്ടേഴ്സില്‍ താമസിച്ചായിരുന്നു പഠനം. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ ഇദ്ദേഹം സ്വന്തമായി ഒരു കളരി ആരംഭിച്ചു. പെരളശ്ശേരിയില്‍ പതിനഞ്ചുവര്‍ഷവും കൂടാളിയില്‍ മൂന്നുവര്‍ഷവും ചാവശ്ശേരിയില്‍ അഞ്ചുവര്‍ഷവും കളരി നടത്തി. കളരി ആയോധനാരംഗത്തെ ചികിത്സാരീതികള്‍ ചുരുങ്ങിയ കാലയളവില്‍ സ്വായത്തമാക്കി. 1972-ല്‍ പാലക്കാട് വച്ച്നടന്ന പോലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കളരി പ്രദര്‍ശനം നടത്തി ശ്രദ്ധേയനായി. ഇവിടെ വച്ച് പാലക്കാട് ജില്ലാ കളക്ടറില്‍നിന്നും പുരസ്കാരം ലഭിച്ചു. കണ്ണൂര്‍ ജില്ലയിലെ ഉത്സവങ്ങളെക്കുറിച്ചുള്ള കളരി പ്രദര്‍ശനം നടത്തിയാണ് ഇദ്ദേഹം കൂടുതല്‍ ശ്രദ്ധേയനാകുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകളില്‍ ഒട്ടേറെ പഞ്ചകര്‍മ്മ ക്ളാസ്സുകള്‍ സംഘടിപ്പിച്ചു. വൈദ്യന്മാരുടെ മക്കള്‍ക്കുവേണ്ടി പത്തിലധികം ക്ളാസ്സുകള്‍ നടത്തി. പാരമ്പര്യ വൈദ്യസംഘടനയുടെ പ്രതിനിധിയായി ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യവകുപ്പ്മന്ത്രിയെ സന്ദര്‍ശിച്ചു. 2006-ല്‍ ജില്ലാ കളരി അസോസിയേഷന്‍ ഇദ്ദേഹത്തെ പുരസ്കാരം നല്‍കി ആദരിച്ചു.
1977-ല്‍ ആദ്യമായി മുഴപ്പിലങ്ങാട്ട് ആയുര്‍വ്വേദ വൈദ്യശാല തുടങ്ങി. ഇത് അഞ്ചുവര്‍ഷം നടത്തി. പിന്നീട് 1980-ല്‍ ചാവശ്ശേരിയില്‍ പി. പി. കെ. (പടിക്കല്‍ പുത്തന്‍പുരയില്‍ കുഞ്ഞപ്പ വൈദ്യര്‍) സ്മാരക ആയുര്‍വ്വേദ ഫാര്‍മസി ആരംഭിച്ചു പ്രവര്‍ത്തിച്ചുവരുന്നു. കഴിഞ്ഞ നാല്‍പതു വര്‍ഷമായി പഞ്ചകര്‍മ്മ വിധിപ്രകാരമുള്ള ചികിത്സാരീതികള്‍ നടത്തുന്ന ഇദ്ദേഹം ആയുര്‍വ്വേദ രംഗത്ത് വാതരോഗങ്ങള്‍, ഗര്‍ഭാശയ രോഗങ്ങള്‍ എന്നിവയ്ക്കുള്ള ചികിത്സയും നടത്തുന്നു. 2003-ല്‍ കൈരളി ചാനല്‍, കണ്ണൂര്‍സിറ്റി ചാനല്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ സംപ്രേഷണം ചെയ്തു. കൈരളി ടി.വിയുടെ എം. ഡി. ജോണ്‍ ബ്രിട്ടാസ് ഇദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തുന്നു. പാരമ്പര്യ വൈദ്യ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റായി നിയമിതനായ ഇദ്ദേഹത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രമുഖ ദൃശ്യ-പത്ര മാദ്ധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. പ്രകമ്പനം മാസികയില്‍ മൂത്ര ചികിത്സയെക്കുറിച്ച് ഇദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ ബാലകൃഷ്ണന്‍ ഇദ്ദേഹവുമായി അഭിമുഖം നടത്തി. സ്ത്രീശബ്ദം, ദേശാഭിമാനി, പ്രകൃതിമിത്രം തുടങ്ങിയ പത്രമാസികകളില്‍ ഇദ്ദേഹത്തിന്റെ ചികിത്സാരീതികളെ ആസ്പദമാക്കിയുള്ള ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മൈക്കീല്‍ കുഞ്ഞപ്പു വൈദ്യരുടെയും കൃഷ്ണന്‍ വൈദ്യരുടെയും സ്മരണയ്ക്കായി കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചരകന്‍ ആയുര്‍വ്വേദ ഗുരുകുലം ട്രസ്റ് നല്‍കുന്ന മെഡല്‍ 2001-2002 വര്‍ഷം ചന്ദ്രന്‍ വൈദ്യര്‍ക്കു ലഭിച്ചു. പാരമ്പര്യ വൈദ്യ ഫെഡറേഷന്റെ പ്രതിനിധിയെന്ന നിലയില്‍ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളും സന്ദര്‍ശിച്ചിട്ടുണ്ട്. നിരവധി സെമിനാറുകളില്‍ പങ്കെടുത്തിട്ടുണ്ട്. ആകാശവാണി സംഘടിപ്പിച്ച കാര്‍ഷിക സെമിനാറില്‍ ഇദ്ദേഹത്തിന്റെ പ്രാഗത്ഭ്യം മനസ്സിലാക്കിയ പ്രോഗ്രാം ഡയറക്ടര്‍ ബാലകൃഷ്ണന്‍, ബാല ചന്ദ്രന്‍ എന്നിവര്‍ ആകാശവാണിയില്‍ പരിപാടി അവതരിപ്പിക്കുന്നതിന് ഇദ്ദേഹത്തെ ക്ഷണിച്ചു. കളരി-മര്‍മ്മ ചികിത്സാരംഗത്ത് ആര്യവൈദ്യര്‍ കുഞ്ഞിക്കണ്ണന്‍ വൈദ്യന്‍, പി. കെ. കൃഷ്ണന്‍ ഗുരുക്കള്‍, കെ. വി. കെ. വൈദ്യര്‍ എന്നിവരോട് കടപ്പാടുണ്ടെന്ന് ഇദ്ദേഹം പറയുന്നു. കളരിരംഗത്ത് തനിക്ക് ഏറെ പ്രചോദനം നല്‍കിയത് പി. കെ. കൃഷ്ണന്‍ ഗുരുക്കളായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തറവാട്ടുവീടായ കൂടാളി കുംഭത്തിലെ അനന്തന്‍മാഷ്, കണ്ണന്‍മാഷ് എന്നിവരും തനിക്കു പിന്തുണ നല്‍കിയിരുന്നായി ഇദ്ദേഹം ഓര്‍ക്കുന്നു. വൈദ്യചികിത്സാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ചന്ദ്രന്‍ വൈദ്യരെ ആലപ്പുഴയില്‍ വച്ച് സംഘടനയുടെ വക പൊന്നാടയണിയിച്ച് ആദരിച്ചു.
പെരളശ്ശേരിയിലെ മാവിലായില്‍ പരേതനായ കണ്ണോത്ത് ചള്ളയില്‍ കുഞ്ഞമ്പുവിന്റെയും കൂടാളി കുംഭത്തിലെ കണ്ണോത്ത് നാരായണിയമ്മയുടെയും മൂത്തമകനായി 1944-ല്‍ ചന്ദ്രന്‍ വൈദ്യര്‍ ജനിച്ചു. കുംഭം എല്‍. പി. സ്കൂള്‍, കൂടാളി എച്ച്. എസ്. എന്നിവിടങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. അമ്മയുടെ ജ്യേഷ്ഠനും പിതാവും പേരുകേട്ട വൈദ്യന്മാരായിരുന്നു. കുട്ടിക്കാലത്ത് ഇവരെ സഹായിക്കാന്‍ കൂടെ പോകാറുണ്ടായിരുന്നു. പഠനകാലത്ത് ധാരാളം വായിച്ചിരുന്നു. കവിതകളും പ്രമുഖ നേതാക്കളുടെ ജീവചരിത്രവും ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. എട്ടാം ക്ളാസ്സില്‍ തുടങ്ങിയ കളരിപഠനം നാല്‍പതുവയസ്സുവരെ തുടര്‍ന്നു. ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞമ്പു മിലിട്ടറി ഉദ്യോഗസ്ഥനായിരുന്നു. കര്‍ഷക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1961-ല്‍ ജന്മിത്തത്തിനെതിരായ സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ കളക്ട്രേറ്റില്‍ നടന്ന കര്‍ഷക സമരത്തിനിടെ പോലീസ് മര്‍ദ്ദനമേറ്റാണ് മരിച്ചത്. പിതാവു മരിക്കുമ്പോള്‍ ചന്ദ്രന്‍ വൈദ്യര്‍ക്ക് പതിനേഴു വയസ്സായിരുന്നു. പിന്നീട് ജീവിതം കഷ്ടപ്പാടുനിറഞ്ഞതായിരുന്നു. പിതാവിന്റെ പാതയില്‍ ഇദ്ദേഹവും പതിനഞ്ചാം വയസ്സില്‍ കെ. എസ്. വൈ. എഫിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചു. ഒരു കമ്യൂണിസ്റ് കുടുംബമായിരുന്നതിനാലും പിതാവ് കര്‍ഷക സമരത്തില്‍ പങ്കെടുത്ത് മരണപ്പെട്ടതിനാലും എ. കെ. ജി. അടക്കമുള്ള പല പ്രമുഖ കമ്മ്യൂണിസ്റ് നേതാക്കളും ഈ കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പന്ത്രണ്ടാം വയസ്സില്‍ ബാലസംഘം പ്രവര്‍ത്തകനായി. പതിനെട്ടു വയസ്സുമുതല്‍ ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകനായി. മാവിലായി യൂണിറ്റ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം വ്യാപാരി വ്യവസായി സമിതി ഇരിട്ടി ഏരിയ സെക്രട്ടറിയായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. 1997 മുതല്‍ 2003 വരെ ജില്ലാ കമ്മറ്റി മെമ്പര്‍ ആയിരുന്നു. 1967-ല്‍ കേരള പാരമ്പര്യ വൈദ്യ ഫെഡറേഷനില്‍ അംഗമായി. 1990 മുതല്‍ 2005 വരെ ഈ സംഘടനയുടെ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 2006 മുതല്‍ സംസ്ഥാന പ്രസിഡന്റാണ്. 2003 മുതല്‍ സി. പി. ഐ. (എം) ചാവശേരി ലോക്കല്‍ക്കമ്മിറ്റിയംഗമായും പ്രവര്‍ത്തിക്കുന്നു. ഇന്നും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും തനിക്ക് നല്ല സഹകരണം ലഭിക്കുന്നതായി ഇദ്ദേഹം പറയുന്നു. താന്‍ പ്രയാസം അനുഭവിച്ചകാലത്ത് സി. പി. എം. മുന്‍ എടക്കാട് ഏരിയ സെക്രട്ടറിയായിരുന്ന വി. കെ. രാഘവന്‍, എ. കെ. ജിയുടെ ബന്ധുവായിരുന്ന കെ. ദാമു മാസ്റര്‍, പാര്‍ട്ടി നേതാവ് പി. പി. മുകുന്ദന്‍, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയവര്‍ നല്‍കിയ പ്രോത്സാഹനവും പ്രചോദനവും ഇദ്ദേഹം അനുസ്മരിക്കുന്നു.
പൊതുവാച്ചേരി കണ്ണന്‍-ദേവകി ദമ്പതികളുടെ മകള്‍ കനകവല്ലിയാണ് ചന്ദ്രന്‍ വൈദ്യരുടെ ഭാര്യ. 1975 ഫെബ്രുവരി പതിനഞ്ചിനായിരുന്നു ഇവരുടെ വിവാഹം. കനകവല്ലിയുടെ പിതാവ് കച്ചവടക്കാരനായിരുന്നു. കുഞ്ഞിരാമന്‍, വിജയന്‍, പ്രമോദിനി എന്നിവര്‍ കനകവല്ലിയുടെ സഹോദരങ്ങളാണ്.
ചന്ദ്രന്‍ വൈദ്യര്‍-കനകവല്ലി ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്: സജിത്ത്, സജിന, സജില്‍. മൂത്തമകന്‍ സജിത് വേള്‍ഡ് വിഷന്‍ ചാനല്‍ കേബിള്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്നു. മകള്‍ സജിന ബിരുദധാരിണിയാണ്. ഇവരുടെ ഭര്‍ത്താവ് പുരുഷോത്തമന്‍ മയ്യില്‍ ടി. ടി. സി. കോളെജ് അദ്ധ്യാപകനാണ്. ഒരു വയസ്സുള്ള അന്‍ഷ ഈ ദമ്പതികളുടെ മകനാണ്. സജില്‍കുമാര്‍ ബി. കോം. ബിരുദധാരിയാണ്. കണ്ണൂര്‍ തോട്ടട പോളിടെക്നിക്കില്‍ പഠിക്കുന്നു. വാട്ടര്‍ അതോറിട്ടി ജീവനക്കാരന്‍ മോഹനന്‍ സഹോദരനാണ്. ഭാര്യ നിര്‍മ്മല പിണറായി എ. കെ. ജി. മെമ്മോറിയല്‍ എച്ച്. എസില്‍ ടീച്ചറാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. മറ്റൊരു സഹോദരന്‍ സുരേന്ദ്രന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു. ഭാര്യ സുമതി സുരേന്ദ്രന്‍ പെരളശ്ശേരിയില്‍ ഗാര്‍മെന്റ്സ് ഷോപ്പ് നടത്തുന്നു. ഇവര്‍ക്കു മൂന്നുകുട്ടികള്‍. സഹോദരി കൌസല്യ. ഇവരുടെ ഭര്‍ത്താവ് എം. കെ. ഭാസ്ക്കരന്‍ കുംഭത്തില്‍ വൈദ്യരായിരുന്നു. ഇവര്‍ക്ക് രണ്ട് മക്കള്‍. സരോജിനി എന്ന സഹോദരിയുടെ ഭര്‍ത്താവ് എന്‍. ഭാസ്ക്കരന്‍. ഇവര്‍ക്ക് നാലുമക്കളുണ്ട്. ഇളയ സഹോദരി സതിയുടെ ഭര്‍ത്താവ് മുകുന്ദന്‍ കോഴിഫാം നടത്തുന്നു. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്.
വൈദ്യശാസ്ത്ര സംബന്ധമായ നിരവധി അമൂല്യഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിനുണ്ട്. സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്ന ഭാഷയില്‍ ആയുര്‍വ്വേദത്തില്‍ ഒരൊറ്റമൂലി എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നു. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഇരിട്ടിമേഖല കമ്മിറ്റി അംഗമായും ചന്ദ്രന്‍ വൈദ്യര്‍ പ്രവര്‍ത്തിക്കുന്നു.

              
Back

  Date updated :