SHEKARJI

SHEKARJI

Any

Reading

Problem

Litterateur

ANGOTH HOUSE

THOTTADA - 670 018

Kannur, 0497-2727076

Nil

Back

Nil

ശേഖര്‍ജിയുടെ ഭാര്യ കെ.കെ. ഗൌരിയും

ശേഖര്‍ജിയും കുടുംബവും

പ്രശസ്തനായ സാഹിത്യകാരന്‍, പ്രസിദ്ധനായ നാടകനടന്‍, കാഥികന്‍, ധീരനായ സൈനികന്‍, സര്‍വ്വോപരി ധര്‍മ്മിഷ്ഠനും സഹൃദയനും സഹജീവിസ്നേഹിയുമായ ഒരു നല്ല മനുഷ്യന്‍ - അതാണ് ശേഖര്‍ജി.

1939-ല്‍ കണ്ണൂരിലെ തോട്ടടയില്‍ അന്‍ജ്യോതി വീട്ടില്‍ കെ.വി. അനന്തന്റേയും, മാധവിയുടേയും മകനായി ജനിച്ച ശേഖര്‍ജി. തോട്ടട വെസ്റ് സ്കൂള്‍, തയ്യില്‍ സെന്റ് ആന്റണീസ് സ്കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ പഠനശേഷം പൂന യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ. ഓണേഴ്സ് ബിരുദം നേടി. കലാസാഹിത്യ പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്ന താത്പര്യം മൂലം പഠനശേഷം പെട്ടന്ന് ആ രംഗങ്ങളിലേക്കാണ് ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടത്. നാടകാഭിനയം, കഥാപ്രസംഗം എന്നിവയുമായി കേരളത്തില്‍ അങ്ങോളമിങ്ങോളം മൂന്നു വര്‍ഷക്കാലം സഞ്ചരിച്ചു. നിരവധി നാടകങ്ങളിലൂടെ അഭിനയത്തിന്റെ അനശ്വര മുഹൂര്‍ത്തങ്ങളെ അദ്ദേഹം സഹൃദയര്‍ക്കായി കാഴ്ചവച്ചു. കലാമണ്ഡലം, കെ.പി.എ.സി. എന്നീ നാടകസംഘങ്ങളുടെ രംഗപ്രവേശത്തിനും ഏറെ മുമ്പുതന്നെ, അഭിനയ വൈദഗ്ദ്യം സ്ഥാപിച്ചെടുത്ത അദ്ദേഹം സ്ത്രീകഥാപാത്രങ്ങളെ രംഗത്തവതരിപ്പിക്കുന്നതില്‍ അദ്വതീയനായിരുന്നു. യശ:ശരീരനായ ടി.പി. രാഘവമേനോന്റെ നാടകങ്ങള്‍ അക്കാലത്ത് കണ്ണൂരില്‍ അവതരിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ അവയില്‍ സ്ഥിരമായി അഭിനയിച്ചിരുന്ന ശേഖര്‍ജി; പരിവര്‍ത്തനം, വിത്തും കൊയ്ത്തും എന്നീ നാടകങ്ങളിലെ അഭിനയ ചാതുര്യംകൊണ്ട് കാണികളെ വിസ്മയിപ്പിച്ചിരുന്നു എന്നത് വിസ്മരിക്കാവുന്നതല്ല. കലാപരമായ സിദ്ധിയും നൈപുണ്യവും ഇദ്ദേഹത്തിന് പൈതൃകമായി ലഭിച്ചിരുന്നു എന്നു തന്നെ പറയാം. ഇദ്ദേഹത്തിന്റെ പിതാവ് അനന്തന്‍ ഒന്നാന്തരമൊരു ഭജനസംഘ ഗായകന്‍ ആയിരുന്നു. ഏകസഹോദരന്‍ ടി.പി. ബാലകൃഷ്ണന്‍ നാടകസംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാണ്. കലാ-സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവിതസാഹചര്യവും പശ്ചാത്തലവും ശേഖര്‍ജിക്ക് ഏറെ അനുകൂലമായിരുന്നു. 1959-ല്‍ നാടക രംഗത്തുനിന്നും പിന്‍മാറുകയും സൈനിക സേവനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തീവ്രവാദികള്‍ക്കും ഭീകരര്‍ക്കുമിടയില്‍ സ്വജീവന്‍ പോലും വിസ്മരച്ചുകൊണ്ട് അതീവ ജാഗ്രതയോടെ രാജ്യത്തിനായി പോരാടി. കൊടും മഞ്ഞില്‍ ഹിമാലയന്‍-ജമ്മുകാശ്മീര്‍ മേഖലകളിലും, ലഡാക്കിലെ മലമേടുകളിലും ദുഷ്ക്കരവും ദുരിതപൂര്‍ണ്ണവും ഭീതിതവുമായ ഡ്രാസ്, പിന്‍ഡ്രാസ് ഹര്‍ക്കബഹാദൂര്‍ മേഖലകളിലും ഉണ്ണാതെ ഉറങ്ങാതെ രാജ്യത്തെ കാത്തിരുന്ന നാളുകളുടേയും സെക്കന്തരാബാദ്, ഡല്‍ഹി, ശ്രീ നഗര്‍, കങ്കണ്‍, സോണമാഗ്ഗ്, ബാള്‍ട്ടല്‍, ലേ, കാര്‍ഗില്‍, ചെസൂല്‍ എന്നിങ്ങനെ വിവിധ മേഖലകളിലെ വൈവിധ്യവും ദുരിതപൂര്‍ണ്ണവുമായ നാളുകളില്‍ കണ്ടനുഭവിച്ചറിഞ്ഞ പച്ചയായ മനുഷ്യരുടെ ജീവിതാനൂഭവങ്ങളുടേയും മായാത്ത ചിത്രങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചവ എല്ലാം തന്നെ അദ്ദേഹത്തിന്റെ സാഹിത്യ രചനകളിലൂടെ വായനക്കാരുടെ ഹൃദയങ്ങളെ ത്രസിപ്പിച്ചു. നെഞ്ചിടുപ്പുകളെ നിശ്ചലമാക്കുന്ന, രക്തം മരവിപ്പിക്കുന്ന, ഹൃദയദ്രവീകരണങ്ങളായ എത്രയോ ദൃശ്യങ്ങള്‍ അദ്ദേഹം സ്വന്തം രചനകളിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് ആവാഹിച്ചു. ശേഖര്‍ജിയുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍ മഞ്ഞില്‍ മരവിച്ചു കഴിയാന്‍ വിധിക്കപ്പെട്ട വിധിയുടെ കളിപ്പാട്ടങ്ങള്‍ മാത്രമായ ദീനദയനീയനായ പട്ടാളക്കാരന്റെ ത്യാഗത്തിന്റേയും വേദനയുടേയും അവസാനിക്കാത്ത യാതനകളുടെ കഥകള്‍ പില്‍ക്കാലത്ത് സമൂഹ മനസ്സാക്ഷിക്കു മുന്നില്‍ അതിശക്തമായി അവതരിപ്പിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
പട്ടാള ജീവിതത്തെയും, സാമൂഹ്യജീവിതത്തെയും പുരാണങ്ങളെയും, ഭീകരപ്രവര്‍ത്തനങ്ങളേയും ചൂഷണത്തേയും, രാഷ്ട്രീയ സദാചാര മര്യാദകളേയും പ്രണയത്തേയും ആസക്തിയേയും മോഹത്തെയും മോഹഭംഗത്തെയും അങ്ങിനെ സമസ്ത വിഷയങ്ങളേയും സ്പര്‍ശിച്ചുകൊണ്ട് അദ്ദേഹം രചിച്ചിട്ടുള്ള കഥ, നോവല്‍, പഠനം, ബാലകൃതി എന്നീ ശാഖകളില്‍പ്പെട്ട ഇരുപത്തിയഞ്ചോളം കൃതികള്‍ തഥാദൃശ്യ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ ഗാഢമായ അറിവിന്റെ ബഹിര്‍സ്ഫുരണങ്ങളാണെന്നത് ആ കൃതികള്‍ സ്വയം നമ്മെ ബോധ്യപ്പെടുത്തുണ്ട്. പതിമൂന്നാം വയസ്സില്‍ ദേശമിത്രം വാരികയില്‍ ആദ്യകഥ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സാഹിത്യജീവിതത്തിലേക്ക് പ്രവേശിച്ചത്. പിന്നീട് പട്ടാള ജീവിതത്തെ ആസ്പദമാക്കിയുള്ള ധാരാളം കഥകള്‍, കുങ്കുമം, ജനയുഗം, കേസരി തുടങ്ങിയ ആനുകാലികങ്ങളില്‍ പ്രസിദ്ധീകൃതമായി. സമൂഹത്തെ നന്മയിലേക്കും അഭ്യുന്നതിയിലേക്കും നയിക്കുവാന്‍ പര്യാപ്തമായ ചിന്താധാരകളെയാണ് അദ്ദേഹം പ്രധാനമായും തന്റെ കൃതികളിലൂടെ ആവിഷ്കരിക്കുവാന്‍ ശ്രമിച്ചിരുന്നത്. തന്റെ ബാലസാഹിത്യകൃതികളിലൂടെ കുട്ടികളില്‍ സന്മാര്‍ഗ്ഗസദാചാരബോധം വളര്‍ത്തുവാനും പുരാണകഥകളേയും ലോകനീതികളേയും മഹാന്മാരുടെ ചരിതങ്ങളേയും പരിചിതമാക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു.
മഞ്ഞില്‍ ഉരുകുന്നവര്‍, കാര്‍ഗ്ഗില്‍ ഗര്‍ജ്ജിക്കുന്നു, മായ്ച്ചാലും മായാത്ത കാശ്മീരം, എന്റെ ദേവത എന്നീ സൈനിക ജീവിത ഗന്ധമാര്‍ന്ന കഥകളും നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. കണ്ണൂര്‍ സുവര്‍ണ്ണാ പബ്ളിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മഞ്ഞില്‍ ഉരുകുന്നവര്‍ എന്ന പ്രഥമ കഥാസമാഹാരം പട്ടാളക്കാരുടെ നോവുന്ന ചിന്തകളേയും വേവുന്ന മനസ്സുകളേയും അവരുടെ ജീവിതവ്യഥകളേയും പറ്റിയാണ് പ്രതിപാദിക്കുന്നത്. ഈ കഥാസമാഹാരത്തിന്റെ പുനഃപ്രസാധനം തുളുനാട്ട് പബ്ളിക്കേഷന്‍സ് നിര്‍വഹിച്ചിട്ടുണ്ട്.
ദേശമിത്രം വാരികയില്‍ ഖണ്ഡശ പ്രസിദ്ധീകൃതമായ എന്റെ ദേവത-ആദര്‍ശാത്മകമായ കുടുംബകഥ എന്നതിലുപരി തീവ്രമായ ഒരു പ്രണയകഥയും പട്ടാളജീവിതങ്ങളുടെ പുനരാഖ്യാനവുമാണ്. കാര്‍ഗ്ഗില്‍ ഗര്‍ജ്ജിക്കുന്നു എന്ന നോവല്‍ മാതൃഭൂമി ചിലങ്ക അവാര്‍ഡിന് അര്‍ഹമായിട്ടുണ്ട്. മായ്ച്ചാലും മായാത്ത കാശ്മീരം എന്ന നോവല്‍ സൈനികരുടെ ഹൃത്സ്പന്ദനങ്ങളെ ഒപ്പിയെടുത്ത് അതിശക്തമായി ആവിഷ്ക്കരിച്ചിരിക്കുന്നു. ഹോപ്പ് സ്പ്രിംഗ് എറ്റേണല്‍ ഇന്‍ കാശ്മീരം എന്ന പേരില്‍ ഈ നോവല്‍ എസ്സ്.എന്‍. കോളേജ് ഇംഗ്ളീഷ് പ്രൊഫസ്സര്‍ ഡോ: ബി.വി. ലസിത ഇംഗ്ളീഷിലേയ്ക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
ഇവ കൂടാതെ ചൊവ്വയിലെ നക്ഷത്രപ്പൂക്കള്‍, കര്‍മ്മഭൂമി, അര്‍ച്ചന, തണുത്തു തണുത്ത പൂക്കുന്ന നീലക്കുറിഞ്ഞികള്‍, ആരോഹണം, വഴിമാറുന്നവള്‍, ദാഹം, ശരത്ക്കാലശരങ്ങള്‍, മായാമയന്‍ മാധവന്‍, വെളിച്ചത്തിലേക്ക് എന്നീ നോവലുകളും വാനമ്പാടികള്‍ എന്ന കഥാ സമാഹാരവും, രാമായണത്തിലെ മിഴിവുറ്റ മുത്തുകള്‍, സ്വപ്നങ്ങള്‍ വില്ക്കാനില്ലാത്ത നഗരം, മൂന്നു കണ്ണുകള്‍, കാശ്മീരിലെ മഞ്ഞുമലകള്‍, കുട്ടികളുടെ മഹാഭാരതം, മലബാറിലെ മാക്കപ്പൊതി, തങ്കപ്പതക്കം എന്നീ ബാലസാഹിത്യകൃതികളുടെ ഇദ്ദേഹം രചിച്ചിട്ടുണ്ട്.
ഫ്രോസ്റ് ബൈറ്റും, ന്യുമോണിയയും പിടിപെടാതെ രക്ഷപെടുവാന്‍ ഭാഗ്യമുണ്ടായവര്‍ കാശ്മീരിന്റെ രൂക്ഷസൌന്ദര്യമാസ്വദിക്കുവാന്‍ അവസരം ലഭിച്ചവര്‍- നിതാന്തസുന്ദര വന്യവശ്യതയിലെ വിഹ്വലതകളില്‍പ്പെട്ടുഴലുന്ന മനസ്സുകള്‍-ദേശാഭിമാനികളും ത്യാഗമൂര്‍ത്തികളുമായ സൈനികരുടെ ധീരതയുടേയും വേദനയുടേയും ദുഖത്തിന്റേയും ഉജ്ജ്വലപോരാട്ടങ്ങളുടേയും വിജയാരവങ്ങളുടേയും ദയനീയ പരാജയങ്ങളുടേയുമൊക്കെ ചിത്രീകരണത്തിലൂടെ തന്റെ കൃതികളിലെ പട്ടാളാന്തരീക്ഷം ശ്രദ്ധേയമാക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ബംഗാളിലെ സിലിഗുരിലെ നക്സല്‍ബാരി എന്ന ഉറക്കംതൂങ്ങി ഗ്രാമത്തിലെ ഉറക്കം കെടുത്തുന്ന നക്സല്‍ ബാരി പ്രസ്ഥാനം, കൊടിയ ചൂഷണങ്ങള്‍ക്കടിമപ്പെടുന്ന തീസ്താ നദിക്കരയിലെ ആദിവാസി സമൂഹത്തിന്റെ ദയനീയതകള്‍, അനുസരണക്കാരനായ മാതൃകാസൈനികന് ഗ്രാമീണ പെണ്‍കൊടിയില്‍ പൂവിടുന്ന ദിവ്യാനുരാഗത്തിന്റെ സുഖസമാപ്തി, അങ്ങിനെ താനനുഭവിച്ചറിഞ്ഞിട്ടുള്ള സത്യങ്ങളുടെ, നടുക്കുന്നതും മനംമടുപ്പിക്കുന്നതുമായ പൈശാചികതയുടെ പുനരാവിഷ്കരണങ്ങളിലൂടെ സഹൃദയ മനസ്സുകളെ ത്രസിപ്പിക്കുവാനും, ഉദ്വേഗഭരിതരാക്കുവാനും അദ്ദേഹം ശ്രമിച്ചിരുന്നു.
പട്ടാളകഥകളില്‍ നിന്നു വേറിട്ട് ഈ ലോകജീവിതത്തിലെ സാധാരണ ജീവിതത്തില്‍ കണ്ടുമുട്ടുന്ന മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങളെക്കുറിച്ചും അനിതരസാധാരണമായ സാമര്‍ത്ഥ്യത്തോടെ കല്പനകള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം തന്റെ കൃതികളിലൂടെ. സ്വാതന്ത്യ്രത്തെക്കുറിച്ചും, സ്വതന്ത്യ്രാനന്തര ഭാരതത്തിലെ കപടരാഷ്ട്രീയക്കാരുടെ ദുഷ്ചെയ്തികളെക്കുറിച്ചും, ദുരഭിമാനികളും കര്‍മ്മഭീരുക്കളുമായ യുവജനങ്ങളെക്കുറിച്ചും, ഉത്തമ കുടുംബബന്ധങ്ങളുടെ തകര്‍ച്ചയെക്കുറിച്ചും, ഗള്‍ഫ്-വിദേശവാസികളുടെ പൊങ്ങച്ചം പറച്ചിലുകളെക്കുറിച്ചും, വികസന വിരോധികളും, വിധ്വംസന പ്രവര്‍ത്തകരുമായവരുടെ നീരാളിപ്പിടുത്തത്തില്‍പ്പെട്ടുഴലുന്ന ഈ സമൂഹത്തെക്കുറിച്ചും ജീവിതമെന്ന പ്രഹേളികയുടെ ഊരാക്കുടുക്കില്‍ കുടങ്ങിപ്പോയ നിസ്സഹായരും നിരാശ്രയരുമായ മനുഷ്യജീവിതങ്ങളുടെ ദയനീയമായ നെടുവീര്‍പ്പുകളും നൊമ്പരങ്ങളും- എന്നിവയെക്കുറിച്ചെല്ലാം വിശാലമായ ക്യാന്‍വാസില്‍ വാഗ്മയ ചിത്രങ്ങള്‍ ആരചിച്ച അതുല്യനായ കഥാകാരന്‍, കാലത്തിന്റെ വ്യതിയാനങ്ങള്‍ മനസ്സിലുണര്‍ത്തിക്കുന്ന മാറ്റങ്ങളെ അതിസൂക്ഷ്മമായി അപഗ്രഥിക്കുന്നു.
സൈനിക സേവനത്തിനുശേഷം, കേന്ദ്രപൊതുമേഖലാ സ്ഥാപനമായ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലും ജോലി നോക്കിയ ശേഷം ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്ന ശേഖര്‍ജി പൂര്‍ണ്ണമായും സാഹിത്യ സേവനങ്ങളില്‍ മുഴുകിയിരിക്കുന്നു.
നാടക സംവിധായകനായ ടി.പി. ബാലകൃഷ്ണനാണ് ഇദ്ദേഹത്തിന്റെ ഏക സഹോദരന്‍. കെ.കെ. ഗൌരിയാണ് ശേഖര്‍ജിയുടെ സഹധര്‍മ്മിണി. ശ്രീമതി ദീപ്തി ഹരീഷ്, ഡോ: ദീപ്ശേഖര്‍ (ഐ.ഐ.ടി. ഗോഹതി) എന്നിവര്‍ മക്കളാണ്. 
2009-ലെ മലയാളാ ഭാഷാ പുരസ്കാരം ലഭിച്ചു. മാകന്ദം സാഹിത്യവേദിയുടെ ചാണക്യപുരസ്കാരം 2009-ല്‍ ലഭിച്ചു.

              
Back

  Date updated :