പി.കെ. മുഹമ്മദ് കുട്ടി മുസ്ള്യാരുടെയും കളരിയുള്ളതില്‍ പൊയില്‍ ആയിഷയുടെയും മൂന്നാമത്തെ മകനായി 1957 ആഗസ്ത് 12-ന് പാനൂരില്‍ ജനിച്ചു. വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ജനനവും ബാല്യകാലവും. പിതാവ് മലപ്പുറം സ്വദേശിയായിരുന്നു. മൂത്ത അമ്മാവന്റെ കൂടെ പഠിച്ച വ്യക്തിയായിരുന്നു. മത പണ്ഡിതനുമായിരുന്നു. കുടുംബം അന്ന് വളരെ ദാരിദ്യ്രത്തിലായിരുന്നതുകൊണ്ടായിരുന്നു മലപ്പുറം ജില്ലക്കാരനായ വ്യക്തിയെ പെങ്ങള്‍ക്കുവേണ്ടി വരനായി അമ്മാവന്മാര് കണ്ടെത്തിയത്. അബ്ദുള്‍ റഹിം ജനിച്ചതിനു ശേഷമാണ് ബാപ്പായ്ക്ക് മറ്റൊരു ഭാര്യകൂടി ഉണ്ടെന്നുള്ള സത്യം ഉമ്മ അറിയുന്നത്. ഉമ്മ കോടതി മുഖേന വിവാഹബന്ധം വേര്‍പെടുത്തി. ബാപ്പ അതിനുശേഷം ഏതാണ്ട് 25 കൊല്ലത്തോളം മറ്റേ ഭാര്യയുടെയും മക്കളുടെയും കൂടെ സന്തോഷത്തോടെ ജീവിച്ചു. അബ്ദുള്‍ റഹിമീനെയോ സഹോദരങ്ങളെയോ ഒരു നോക്ക് കാണാനോ സംരക്ഷിക്കാനോ അദ്ദേഹം ശ്രമിച്ചില്ല. ബാപ്പ ജിവിച്ചിരുന്നിട്ടും കുട്ടികള്‍ അനാഥരായി ജീവിച്ചു. 1982-ല്‍ ബാപ്പ മരിച്ചതായി വര്‍ഷങ്ങള്‍ക്കുശേഷം ആരില്‍ നിന്നോ അറിയാന്‍ കഴിഞ്ഞു. അമ്മാവന്മാരുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്.
ബാല്യകാലം ശരിക്കും ഒരു ജയില്‍ ജീവിതംപോലെയായിരുന്നു അനുഭവപ്പെട്ടത്. ഒന്നിനും സ്വാതന്ത്യ്രമില്ല. ലാളന ലഭിച്ചില്ല. സ്നേഹത്തിന്റെ കണികപോലും ലഭിച്ചില്ല. ഉമ്മൂമ്മയില്‍ നിന്ന് മാത്രമാണ് കുറച്ചുസ്നേഹം കിട്ടിയത്. ഉമ്മ ആങ്ങളമാരുടെ ഇടയില്‍ വെറും പാവമായിരുന്നു. നല്ല ഭക്ഷണമോ നല്ല വസ്ത്രങ്ങളോ കിട്ടിയിരുന്നില്ല. കൂട്ടുകാരുടെ കൂടെ കളിക്കാനോ കൂട്ടുകൂടാനോ അനുവാദമുണ്ടായിരുന്നില്ല. പാനൂര്‍ തിരുവാല്‍ യു.പി.സ്കൂളില്‍ 7-ാം തരം വിദ്യാഭ്യാസത്തോടെ പഠിത്തം അവസാനിപ്പിച്ചു. കൂടുതലായി സംരക്ഷിച്ചത് ഹൃദ്രോഗിയായ ഒരമ്മാവനായിരുന്നു. അമ്മാവന്റെ തുച്ഛമായ വരുമാനമായിരുന്നു കുടുംബത്തിന്റെ കാര്യമായ ആശ്രയം. ചെറിയ ഓലമേഞ്ഞ മണ്‍കുടിലിലായിരുന്നു ജനിച്ചതും വളര്‍ന്നതും. മുട്ടിന് താഴെ മാത്രമെത്തുന്ന മുണ്ടും ജുബ്ബപോലെയുള്ള കുപ്പായവും മൊട്ടയടിച്ച തലയില്‍ കെട്ടിയിരുന്ന ഉറുമാലുമായിരുന്നു വേഷം. ഒരു മുസ്ളീം യാഥാസ്ഥിക കുടുംബത്തില്‍ ജനിച്ച ഇദ്ദേഹത്തിന്റെ മതപഠനത്തിന് മാത്രമായിരുന്നു രക്ഷിതാക്കള്‍ പ്രാധാന്യം നല്‍കിയിരുന്നത്. സ്കൂള്‍ പഠനത്തിന് വലിയ പ്രോത്സാഹനമൊന്നും വീട്ടില്‍ നിന്നുണ്ടായിരുന്നില്ല. കൂടാതെ കൊടും ദാരിദ്യ്രവും.
പഠനം ഉപേക്ഷിച്ചശേഷം ടൌണിലുള്ള ഒരു ബേക്കറിയില്‍ 2 രൂപ ദിവസക്കൂലിക്ക് സെയില്‍സ്മാനായി ജോലി ആരംഭിച്ചു. കുറച്ചുമാസം ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍ 5 രൂപ ദിവസക്കൂലിക്ക് ജോലികിട്ടി. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ മറ്റൊരു മില്ലില്‍ 8 രൂപ കൂലിതരാമെന്ന് പറഞ്ഞത് പ്രകാരം അങ്ങോട്ട് മാറി. അവിടെ ഒരു സംഭവമുണ്ടായി ധാന്യം പൊടിക്കാന്‍ വന്ന ഒരു സ്ത്രീയുടെ സാരി അവരുടെ അശ്രദ്ധ കാരണം മിഷ്യന്റെ ബെല്‍റ്റില്‍ കുടുങ്ങി. വളരെ സാഹസികമായി ഇദ്ദേഹം ആ സ്ത്രീയെ രക്ഷിച്ചു. ആ കാലഘട്ടത്തിലാണ് ഗള്‍ഫില്‍ പോകാനുള്ള മോഹം മനസ്സിലുദിക്കുന്നത്. പരിചയമുള്ള ചില ഗള്‍ഫുകാരോട് ഗള്‍ഫിലെ തൊഴില്സാദ്ധ്യതകളെക്കുറിച്ചും തൊഴിലിന് വേണ്ടുന്ന യോഗ്യതകളെക്കുറിച്ചുമൊക്കെ അന്വേഷിച്ചു. വല്ല കൈത്തൊഴിലും അറിയുന്നവര്‍ക്ക് തൊഴില്‍ സാദ്ധ്യതയുണ്ടെന്ന് മനസ്സിലാക്കി. മില്ലിലെ ജോലി ഉപേക്ഷിച്ചു. വെല്‍ഡിങ് പഠിക്കാന്‍ ചേര്‍ന്നു. ഏതാണ്ട് രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ബോംബെയിലേയ്ക്ക് ജ്യേഷ്ഠന് വിളിച്ചു. അന്ന് ബോംബെ ഫുട്പാത്തില്‍ ജ്യേഷ്ഠന് കച്ചവടമായിരുന്നു. 18-ാമത്തെ വയസ്സില്‍ ബോംബെയിലെത്തി. ഇദ്ദേഹത്തിന് ജ്യേഷ്ഠന് ഒരു ചെറിയ കച്ചവടം വെച്ചുകൊടുത്തു. ചെറുപ്പം മുതല്‍ സത്യസന്ധത കൂടെയുണ്ടായിരുന്നതിനാല്‍ വിലപേശിയുള്ള കച്ചവടവുമായി തീരെ പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല. രണ്ടുകൊല്ലം എങ്ങനെയൊക്കെയോ അവിടെ കഴിച്ചുകൂട്ടി. കിടപ്പും ഉറക്കവുമൊക്കെ ഫുട്പാത്തില്‍ തന്നെയായിരുന്നു. ആ ഇടയ്ക്ക് ഗള്‍ഫിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്നതായി അറിഞ്ഞു. സൌദി അറേബ്യയില്‍ PIICO എന്ന് പേരുള്ള ഒരു ഇറ്റാലിയന്‍ കമ്പനിയിലേയ്ക്ക് ബാലന് അസോസിയേറ്റ്സ് എന്ന ട്രാവല്‍ ഏജന്‍സി മുഖേനയായിരുന്നു റിക്രൂട്ടിങ്. ഇദ്ദേഹവും നാല് സുഹൃത്തുക്കളുംകൂടി ജ്യേഷ്ഠനറിയാതെ ഇന്റര്‍വ്യൂ അറ്റന്റ് ചെയ്യാന്‍പോയി. നീണ്ട ക്യൂ ഉണ്ടായിരുന്നു. ഇവരും ക്യൂവില്‍ സ്ഥലംപിടിച്ചു. കമ്പനിയിലേയ്ക്കുള്ള ലേബേഴ്സിനുവേണ്ടിയായിരുന്നു ഇന്റര്‍വ്യൂ. ബോംബെയില്‍ നിന്നും ഹിന്ദിയും കുറച്ചൊക്കെ ഇംഗ്ളീഷും സ്വായത്തമാക്കിയിരുന്നു. മുന്‍പരിചയമുള്ള ആളുകള്‍ക്കേ ഈ ജോലി പറ്റുകയുള്ളു എന്നുപറഞ്ഞ് ഇവരെ തിരിച്ചയച്ചു. നിരാശരാകാതെ ഇവര്‍ വീണ്ടും ക്യൂവില്‍ കയറിപ്പറ്റി. രണ്ടാംപ്രാവശ്യം ഏജന്റ് ഇവരെ കണ്ടപ്പോള്‍ ദേഷ്യപ്പെട്ടു. വീണ്ടും തിരിച്ചയയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ഇറ്റലിക്കാരന് എന്താണ് പ്രശ്നമെന്ന് ഏജന്റിനോട് ചോദിച്ചു. ഏജന്റ് സംഗതിയും പറഞ്ഞു. ഇവരുടെ മുഖത്തെ ധൈര്യമനോഭാവം കണ്ടപ്പോള്‍ ഇറ്റലിക്കാരന് എന്തോ സഹതാപം തോന്നി. അവരെ സെലക്ട് ചെയ്തിരിക്കുന്നതായി അറിയിച്ചു. പ്രധാന പ്രശ്നം പിന്നെയും ബാക്കിനിന്നു; സാമ്പത്തികം. ടിക്കറ്റിനും വിസയ്ക്കുംകൂടി ഏജന്റിന് 10,000/- രൂപ കൊടുക്കണം. 100 രൂപപോലും ഇദ്ദേഹത്തിന്റെ കൈയിലില്ല. അന്ന് ജ്യേഷ്ഠന് 10000 രൂപയുടെ ചിട്ടിയുണ്ടായിരുന്നു. ജ്യേഷ്ഠനോട് നേരിട്ട് ചോദിച്ചാല്‍ ചിട്ടിപിടിച്ച് പൈസ തരില്ലെന്ന് ഉറപ്പാണ്. അതുകൊണ്ട് ജ്യേഷ്ഠന് വേണ്ടപ്പെട്ട ചില സുഹൃത്തുക്കളെക്കൊണ്ട് ശുപാര്‍ശ ചെയ്യിച്ചു ജ്യേഷ്ഠന് അനുജനെ ഗള്‍ഫ് മോഹത്തില്‍നിന്നും പിന്തിരിപ്പിക്കാന് വളരെ പരിശ്രമിച്ചു. ഒരു ഫലവുമില്ലാതായപ്പോള് പൈസ തരാമെന്ന് സമ്മതിച്ചു.
അങ്ങനെ 1979 മാര്‍ച്ച് 20-ന് സ്വപ്നലോകമായ ഗള്‍ഫിലെത്തി. പിറ്റേ ദിവസം ജോലിയില്‍ പ്രവേശിച്ചു. ചുട്ടുപഴുത്ത മണല്ക്കാട്ടില് കിലോമീറ്ററുകള്‍ ദൂരത്തില്‍ ടെലിഫോണ്‍ കേബിള്‍ ഇടാന്‍ കുഴിച്ച 6 അടി താഴ്ചയുള്ള കുഴിയില്‍ മണല്നിരത്തുന്ന പണിയാണ് കിട്ടിയത്. അര മണിക്കൂര്‍ ജോലി ചെയ്യുമ്പോഴേയ്ക്കും ചൂടിന്റെ കാഠിന്യംകൊണ്ട് ശരീരം തളരും. അപ്പോഴാണ് ട്രാവല്‍ ഏജന്റ് പറഞ്ഞകാര്യം ബോദ്ധ്യപ്പെട്ടത്. പകല്‍മുഴുവനും ജോലിചെയ്യും; രാത്രി മിക്കവാറും കരഞ്ഞുകിടക്കും. 7000 രൂപ ശമ്പളം. ഭക്ഷണവും താമസസൌകര്യവും കമ്പനിതരും. കഠിന ജോലിയാണെങ്കിലും ഏതാണ്ട് പൊരുത്തപ്പെടാന്‍ തുടങ്ങി. അങ്ങനെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ ദൈവദൂതനെപ്പോലെ ഒരു ഇറ്റലിക്കാരന് ഇദ്ദേഹത്തിന്റെ അടുത്തുവന്നു കൂടെ കൂട്ടിക്കൊണ്ട് പോയി. അയാള്‍ ഇലക്ട്രിക് - പ്ളംമ്പിങ് ജോലിക്കാരുടെ സൂപ്പര്‍വൈസറായിരുന്നു. അന്നുമുതല്‍ ബില്‍ഡിങ്ങിന്റെ അകത്തായിരുന്നു ജോലി; ഹെല്‍പ്പറായിട്ട്. ദൈവത്തെ ഒരുപാടു സ്തുതിച്ചു. അവിടുന്നങ്ങോട്ട് പല സ്ഥലങ്ങളിലേയ്ക്കും ജോലിമാറ്റം കിട്ടിത്തുടങ്ങി. എല്ലാം വലിയ പ്രയാസങ്ങളില്ലാത്ത ജോലികളായിരുന്നു.
ഒരു വര്‍ഷത്തിനുശേഷം മലയാളിയായ ഒരു ജെ.സി.ബി. ഓപ്പറേറ്ററെ പരിചയപ്പെട്ടു. ചുരുങ്ങിയ കാലയളവില്‍ വലിയ സുഹൃത്തുക്കളായിമാറി. ജെ.സി.ബി. ഓപ്പറേറ്റിങ് പഠിപ്പിച്ചുതരാമെന്ന് സുഹൃത്ത് പറഞ്ഞു. വല്ലാത്ത ബുദ്ധിമുട്ടുകള്‍ സഹിച്ചുകൊണ്ട് മൂന്നുമാസംകൊണ്ട് അത് പഠിച്ചു. ആ കാലഘട്ടത്തില്‍ ഒരു മലയാളി സൈറ്റ് സൂപ്രണ്ടായി. കമ്പനിയില്‍ വന്നു. ഇദ്ദേഹത്തിന്റെ ഗുരുവായ സുഹൃത്ത് ഒരു ദിവസം സൂപ്രണ്ടിനോട് അബ്ദുല്‍ റഹിം നല്ല ഓപ്പറേറ്റാണ്, അവന് ഒരു ചാന്‍സ് കൊടുക്കണം എന്നപേക്ഷിച്ചു. അങ്ങനെ സൂപ്രണ്ടിന്റെ സഹായത്താല്‍ ഓപ്പറേറ്ററായി ജോലികിട്ടി. എക്സിപീരിയന്‍സ് ആയപ്പോള്‍ കമ്പനിയില്‍നിന്നും ലൈസന്‍സും സര്‍ട്ടിഫിക്കറ്റും വാങ്ങി ജോലി രാജിവെച്ചു നാട്ടിലേയ്ക്കുമടങ്ങി. ഒരു വര്‍ഷത്തിന് ശേഷം അരാംകോ എന്ന കമ്പനിയില്‍ ഹെവി എക്വിപ്മെന്റ് ഓപ്പറേറ്റായി സൌദിയിലേയ്ക്ക് വീണ്ടുംപോയി. താമസ സൌകര്യവും ഭക്ഷണവും മാസം 30000 രൂപ ശമ്പളവും കിട്ടി. അവിടെനിന്നും വലിയ ക്രെയിന്‍, ബുള്‍ഡോസര്‍ മുതലായവ ഓപ്പറേറ്റ് ചെയ്യാന്‍ പഠിച്ചു. ജോലിയിലുള്ള ആത്മാര്‍ത്ഥതയും സത്യസന്ധതയും കാരണം കമ്പനി പ്രമോഷന് തന്നു; ഇന്‍സ്ട്രക്റ്ററായി 50000 രൂപ ശമ്പളത്തില്‍. ഏതാണ്ട് രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ കമ്പനിയില്‍ എക്വിപ്മെന്റ് കോ-ഓഡിനേറ്റര്‍ പോസ്റില്‍ ഒരു ഒഴിവുവന്നു. ആ പോസ്റിലേയ്ക്ക് ഒരു ലക്ഷം രൂപ ശമ്പളവും മറ്റു സൌകര്യങ്ങളുമൊക്കെയുണ്ടായിരുന്നു ആ പോസ്റിനുവേണ്ടി ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായ അഭ്യസ്തവിദ്യരായ 10 പേര് അപേക്ഷിച്ചു. വിദ്യാഭ്യാസയോഗ്യത ഇല്ലാത്തതിനാല്‍ ഇദ്ദേഹം മാത്രം അപേക്ഷിച്ചില്ല. ഇദ്ദേഹം ആത്മസുഹൃത്തായ ഒരു ആംഗ്ളോ ഇന്ത്യക്കാരനെകൊണ്ട് അപേക്ഷ കൊടുപ്പിച്ചു. പക്ഷെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ അപേക്ഷ കൊടുക്കാത്ത അബ്ദുല്‍ റഹീമിന്റെ പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഇദ്ദേഹത്തെ പോസ്റിലേയ്ക്ക് തിരഞ്ഞെടുത്തതായി ഓര്‍ഡര്‍ വന്നപ്പോഴാണ് ഇദ്ദേഹം ശരിക്കും ഞെട്ടിയത്. വിദ്യാഭ്യാസ യോഗ്യത ഇല്ലാത്ത തനിക്ക് ആ ജോലി കൈകാര്യം ചെയ്യാന്‍ കഴിയില്ല എന്ന് ഇദ്ദേഹം മനസ്സിലാക്കി. കാരണം ഒരുപാട് റിപ്പോര്‍ട്ടുകള്‍ ഇംഗ്ളീഷില്‍ ശരിയാക്കി മേലുദ്യോഗസ്ഥന് സമര്‍പ്പിക്കേണ്ടതായിവരും. കൊല്ലങ്ങളായി അമേരിക്കക്കാരുടെ കൂടെയുള്ള സഹവാസം കാരണം ഇംഗ്ളീഷ് സംസാരിക്കാന്‍ അറിയാം. പക്ഷെ എഴുതാനറിയില്ല. അതുകൊണ്ടു ആ ഓഫര്‍ ദുഃഖത്തോടെ നിരസിക്കേണ്ടിവന്നു. വിദ്യാഭ്യാസത്തിന്റെ കുറവ് അന്നാണ് ജീവിതത്തില്‍ ശരിക്കും അനുഭവപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഔദാര്യത്തില്‍ സുഹൃത്തായ ആംഗ്ളോ ഇന്ത്യന്‍ ആ ജോലി കിട്ടി. ഇത്രവലിയ സൌഭാഗ്യം നഷ്ടപ്പെടുത്തിയതിന് മറ്റു സുഹൃത്തുക്കളുടെ കുറ്റപ്പെടുത്തലുകള്‍ അസഹ്യമായപ്പോള്‍ താന്‍ പഠിപ്പില്ലാത്തവനാണെന്നുള്ള സത്യം അവരോട് പറയാന്‍ പ്രയാസം തോന്നി. ഒടുവില്‍ ആ ജോലി രാജിവെച്ചു 1992-ല്‍ നാട്ടിലേയ്ക്ക് തിരിച്ചു.
ജോലി ഒന്നും ഇല്ലാതെ നാട്ടില്‍ വെറുതെ നടന്ന് കുറെ കാശ് ചിലവായിപ്പോയി. ബാക്കിയുള്ള പൈസകൊണ്ട് എന്തെങ്കിലും ബിസിനസ്സ് തുടങ്ങാന്‍ ആലോചിച്ചു. പക്ഷെ ബിസിനസ്സ് ഒന്നും അറിയാതെ ആ ചിന്തയില്‍നിന്ന് പിന്മാറി. ഒരു ലോറി വാങ്ങി. ഒന്നരവര്‍ഷംകൊണ്ട് രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു. ലോറി വിറ്റു വീണ്ടും ഗള്‍ഫിലേയ്ക്ക് തിരിച്ചുപോകാന്‍ പരിശ്രമിച്ചു. അങ്ങനെ ഒരു വര്‍ഷം വീണ്ടും നഷ്ടപ്പെട്ടു. ഒടുവില്‍ സുഹൃത്തുക്കള്‍ ഒരു വിസ ശരിയാക്കി. പക്ഷെ സമയദോഷമെന്നുപറയാം ആ സമയത്തായിരുന്നു ഇന്ത്യയില്‍ പ്ളേഗ് രോഗം പടര്‍ന്ന് പിടിച്ചത്. ഗള്‍ഫിലേയ്ക്ക് ഇന്ത്യക്കാരുടെ പ്രവേശനം നിരോധിച്ചു. കടംകൊണ്ട് വലഞ്ഞപ്പോള്‍ വീടും പുരയിടവും വിറ്റു. അതിനെതിരെ ഉമ്മയും സഹോദരങ്ങളും ശക്തമായി പ്രതിഷേധിച്ചു. പക്ഷെ ഇദ്ദേഹത്തിന് വേറെ വഴിയൊന്നുമില്ലായിരുന്നു. ആ പണംകൊണ്ട് കൂത്തുപറമ്പ് ടൌണിന്റെ ഹൃദയഭാഗത്ത് ഒരു ഷോപ്പുമുറി എടുത്ത് ബിസിനസ്സ് തുടങ്ങാന്‍ ഒരുങ്ങി. പക്ഷെ എന്തു ബിസിനസ്സ് ചെയ്യും; ഒരെത്തും പിടിയുംകിട്ടിയില്ല. അങ്ങനെയിരിക്കെ ജന്മനാടായ പാനൂരില്‍ റെഡിമെയ്ഡ് വസ്ത്ര വില്പന ചെയ്യുന്ന സുബൈര്‍ എന്ന സുഹൃത്തിനെ സമീപിച്ച് ബിസിനസ്സ് ചെയ്യാന്‍ ആഗ്രഹമുണ്ട്, സഹായിക്കാമോ എന്ന് ചോദിച്ചു. പരിചയമില്ലാത്തവര്‍ക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടുള്ള മേഖലയാണെന്നും വളരെ റിസ്ക് എടുക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ബോംബെയിലേയ്ക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് എടുത്ത് തരുമെങ്കില്‍ അദ്ദേഹം കൂടെവന്ന് സാധനങ്ങള്‍ പര്‍ച്ചെയ്സ് ചെയ്ത് തരാമെന്നും പറഞ്ഞു. ഇദ്ദേഹം മറ്റൊന്നും ചിന്തിച്ചില്ല. വിമാനത്തില്‍ സുബൈറിനേയും കൂട്ടി ബോംബെയിലേയ്ക്ക് പോയി. അതായിരുന്നു ജീവിതത്തിലെ ടേണിങ് പോയിന്റ്. സുബൈര്‍ സാധനങ്ങള്‍ പര്‍ച്ചെയ്സ് ചെയ്തുകൊടുത്തു. ബിസിനസ്സിന്റെ ബാലപാഠങ്ങള്‍ പഠിച്ചുതുടങ്ങി. പിന്നീട് ഒറ്റയ്ക്ക് പോയി സാധനങ്ങള്‍ വാങ്ങിക്കൊണ്ടുവരാന്‍ തുടങ്ങി. ഒന്നുരണ്ടു പ്രാവശ്യം ബോംബെയാത്രയ്ക്കിടയില് മരണത്തെ മുഖാമുഖം കണ്ടു. ഒരു പ്രാവശ്യം പര്ച്ചേയ്സിനുപോയപ്പോള് ബോംബെയില്‍ വെള്ളപ്പൊക്കമുണ്ടായി. കഴുത്തറ്റം വെള്ളത്തിലൂടെ 10 മണിക്കൂര്‍ നടക്കേണ്ടിവന്നിട്ടുണ്ട്. മറ്റൊരവസരത്തില്‍ ബോംബെയില്‍ നിന്നും കേരളത്തിലേയ്ക്കു വരുമ്പോള്‍ മഞ്ചേശ്വരത്തുവെച്ചു ബസ്സ് മറിഞ്ഞു. അന്നും രക്ഷപെട്ടു. ചെറിയ കാലയളവിനുള്ളില്‍ ബിസിനസ്സ് വളരെ അഭിവൃദ്ധിപ്പെട്ടു. കൂത്തുപറമ്പ് കൂടാതെ പാനൂര്‍ ടൌണിന്റെ ഹൃദയഭാഗത്തും പെരിങ്ങത്തൂര്‍ ടൌണിന്റെ ഹൃദയഭാഗത്തും ഷോപ്പുകളുണ്ട്. നല്ല മാളികവീടും ആഡംബര കാറുമൊക്കെ വാങ്ങി. വ്യാപാരി വ്യവസായി സമിതിയുടെ ഏരിയാ ട്രഷററായി പ്രവര്‍ത്തിക്കുന്നുണ്ട്. ലയണ്‍സ് ക്ളബ്ബിലെ അംഗമായ ഇദ്ദേഹം കഴിഞ്ഞവര്‍ഷം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്നു. ഫൌസിയാണ് ഭാര്യ. മക്കള്‍: അബ്ദുല്‍ ഹസീബ്, മുഹമ്മദ് മുഹ്സില്‍. |