C.K. Balakrishnan Master (C/O H.B. Pradeep)

C.K. Balakrishnan Master (C/O H.B. Pradeep)

Any

Reading

Problem

Teacher

Hill View

Ellumannam, Mananthavady- 670645

Wayanad, 04935-240842, 9447040842

Nil

Back

Nil

ബാലകൃഷ്ണന്‍ മാസ്ററുടെ മകന്‍ എച്ച്.ബി. പ്രദീപ്

മൂന്നു ദശാബ്ദത്തിലേറെ, അദ്ധ്യാപനരംഗത്തെ പ്രശംസനീയമായ സേവനങ്ങളിലൂടെ അനേകായിരങ്ങള്‍ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നുകൊടുത്ത അദ്ധ്യാപകശ്രേഷ്ഠന്‍, പൊതുക്കാര്യ പ്രസക്തന്‍, സാമൂഹ്യസാമുദായിക രംഗങ്ങളിലെ നവോത്ഥാനത്തിന്റെ നാവ്, കലാസാംസ്കാരികരംഗങ്ങളിലെ നേതൃസ്ഥാനീയന്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന രംഗങ്ങളിലെ അവിസ്മരണീയമായ പ്രവര്‍ത്തനങ്ങളാല്‍ ശ്രദ്ധേയനായി 1987-ല്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ തന്റെ പിതാവ്ശ്രീ.സി.കെ.ബാലകൃഷ്ണന്‍ മാസ്ററെ, അദ്ദേഹത്തിന്റെ ഏക പുത്രനും സാമൂഹ്യസാംസ്കാരിരംഗങ്ങളിലെ പ്രശസ്തനുമായ ശ്രീ.എച്ച്.ബി. പ്രദീപ് അനുസ്മരിക്കുന്നു.
വേങ്ങരത്ത് രാമന്‍നായരുടേയും ചെറുകുന്നുമ്മേല്‍ കരിങ്ങരി പാര്‍വ്വതി നേത്യാരുടേയും ഏഴുമക്കളില്‍ ആറാമനായി ജനിച്ച ബാലകൃഷ്ണന്‍ മാസ്ററുടെ ജീവിതം പൂര്‍ണ്ണമായും അദ്ധ്യാപനത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. 1956 മുതല്‍ 1987 വരെ നീണ്ട മുപ്പത്തിയൊന്നു വര്‍ഷക്കാലം എടവക A.N.M.U.P. സ്കൂളില്‍ അദ്ധ്യാപകനായിരുന്ന അദ്ദേഹം, അദ്ധ്യാപനത്തിന്റെ മര്‍മ്മം കണ്ടറിഞ്ഞ് പഠനം പാല്പായസം പോലെ മധുരതരമാക്കി വിദ്യാര്‍ത്ഥികള്‍ക്കു വിളമ്പുന്നതില്‍ അനിതര സാധാരണമായ കഴിവാണ് കാട്ടിയിരുന്നത്. ആയതിനാല്‍ത്തന്നെ അദ്ദേഹത്തിന്റെ ക്ളാസ്സുകളില്‍ പഠിക്കാന്‍ ഭാഗ്യം ലഭിച്ചിട്ടുള്ളവര്‍ ആ ആഖ്യാനരീതികളെ ഇന്നും അയവിറക്കുന്നു. A.N.M.U.P.S. ന്റെ സുവര്‍ണ്ണ ജൂബിലി സ്മരണികയില്‍ സൈനുദ്ദീന്‍ കാഞ്ഞായി എന്ന ശിഷ്യന്‍ എന്നും പ്രചോദനമേകിയ ഗുരുശ്രേഷ്ഠന്‍ എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കുട്ടികളുടെ സമഗ്രമായ ശേഷി വികസനം സാധ്യമാകുന്നതിനുള്ള ശാസ്ത്രീയവും നവീനവുമായ പഠന പദ്ധതികളിലൂടെ തന്റെ ശിഷ്യര്‍ക്ക് അറിവ് ആവോളം പകര്‍ന്നു നല്‍കുന്നതില്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. ആകാരംകൊണ്ടും, ആചാരാനുഷ്ഠാനങ്ങള്‍കൊണ്ടും ഗംഭീരനായ അദ്ദേഹത്തിന്റെ ഊര്‍ജ്ജസ്വലതയോടും പ്രസന്നതയോടും കൂടിയുള്ള ക്ളാസ്സുകള്‍ അനവദ്യസുന്ദരങ്ങളായിരുന്നു. ശാസ്ത്രാദ്ധ്യാപകനെന്ന നിലയില്‍ കുട്ടികളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തും വിധം; പരീക്ഷണശാലകളിലെ ചില്ലലമാരകളില്‍ അതുവരെ സുരക്ഷിതമായിരുന്ന ടെസ്റ്ട്യൂബുകളും, മൈക്രോസ്കോപ്പുമെല്ലാം യഥേഷ്ടം എടുത്ത് പഠിക്കുവാനും നിരീക്ഷിക്കുവാനും അദ്ദേഹം അവസരം നല്‍കിയിരുന്നു. മാത്രമല്ല, പരിസരത്തെ തൊടികളേയും പാടങ്ങളേയും പരീക്ഷണശാലകളാക്കുവാനും അദ്ദേഹം അഭ്യസിപ്പിച്ചു. ജൈവവൈവിധ്യവും നവീനകൃഷിശാസ്ത്ര രീതികളും നേരില്‍ക്കണ്ട് പഠിക്കുവാന്‍ പഠനയാത്രകളും സംഘടിപ്പിച്ചിരുന്നു. ചുരുക്കത്തില്‍ അന്നുവരെ അനുഷ്ഠിച്ചു വന്ന പഠനരീതികളെ പുതിയ പന്ഥാവിലേയ്ക്ക് തിരിച്ചുവിടുകയും പഠനം കൂടുതല്‍ വിജ്ഞാനദായകവും ഉല്ലാസപ്രദവുമാക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
കേവലം അദ്ധ്യാപനത്തില്‍മാത്രം ഒതുങ്ങുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ നൂതനാശയ പരീക്ഷണങ്ങള്‍. അദ്ധ്യാപകനൊരിക്കലും തന്റെ തൊഴില്‍ മേഖലയില്‍ മാത്രം ഒതുങ്ങി കഴിയേണ്ടവനല്ലെന്നും സമൂഹത്തിനു നന്മ ചെയ്യേണ്ട ധാര്‍മ്മികബാധ്യതയുള്ളവനാണെന്നുമുള്ള തിരിച്ചറിവ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും ഊര്‍ജ്ജം പകര്‍ന്നിരുന്നു. സമൂഹത്തിന്റെ സമസ്ത-മേഖലകളിലേയും പുരോഗതിയെ ലാക്കാക്കിയുള്ളതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി. കുട്ടികളില്‍ വിദ്യയുടെ വിളക്കുകള്‍ തെളിയിക്കുന്നതിനോടൊപ്പം, നാട്ടില്‍ വെളിച്ചം എത്തിക്കുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങളിലും അദ്ദേഹം മുന്‍പന്തിയില്‍ത്തന്നെ ഉണ്ടായിരുന്നു. വൈദ്യുതി എത്തിച്ചേര്‍ന്നിട്ടില്ലാതിരുന്ന എടവക പഞ്ചായത്തിലെ എള്ളുമന്ദം പ്രദേശത്ത് വൈദ്യുതി എത്തിക്കുവാനുള്ള ശ്രമങ്ങളില്‍ പ്രധാന പങ്കുവഹിച്ചത് മാസ്റര്‍ ആയിരുന്നു. അസംഘടിതരായ സാധാരണജനങ്ങളില്‍ സംഘബോധത്തിന്റെ വിത്തുകള്‍ പാകുന്നതിനും അദ്ദേഹം ശ്രമിച്ചിരുന്നു. സംഘടനാശക്തികൊണ്ട് നേടാനാവാത്തതായി ഒന്നുമില്ലെന്നും അതിനാല്‍ സംഘടനകൊണ്ട് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും അദ്ദേഹം ജനങ്ങളെ ഉത്ബോധിപ്പിച്ചു.
മണ്ണില്‍ കഠിനാദ്ധ്വാനം ചെയ്യുവാനും കൃഷിയിടങ്ങള്‍ നിധിപോലെ കാത്തുസൂക്ഷിക്കുവാനും ഉല്പാദനം വര്‍ദ്ധിപ്പിച്ച് പട്ടിണി അകറ്റുവാനും നിതാന്തജാഗ്രത കാട്ടിയിരുന്ന അദ്ദേഹം ശാസ്ത്രീയ കൃഷിരീതികളുടെ പ്രചാരകന്‍ കൂടിയായിരുന്നു. കാര്‍ഷിക മേഖലയിലെ മികച്ച നേട്ടങ്ങള്‍ക്ക് കാര്‍ഷിക അവാര്‍ഡും അദ്ദേഹത്തെ തേടി എത്തിയിരുന്നു. വയനാട് ഭൂപണയബാങ്ക് ഡയറക്ടര്‍ സ്ഥാനവും അദ്ദേഹം വഹിച്ചിരുന്നു.
ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കുന്നതിനും അവരുടെ ഉന്നമനത്തിനായുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതിനും മുന്‍കൈ എടുത്തിരുന്ന അദ്ദേഹം ദീപ്തിഗിരി ക്ഷീരോല്പാദക സഹകരണസംഘം പ്രസിഡന്റ് എന്ന നിലയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചിരുന്നു.
കലാകായിക സാംസ്കാരിക രംഗങ്ങളിലെ അദ്ദേഹത്തിന്റെ സേവനങ്ങളും സ്മരണീയങ്ങളാണ്. വായനശാല കെട്ടിടനിര്‍മ്മാണം, അംഗന്‍വാടി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞിരുന്നു. എടവക ഗ്രാമോദ്ധാരണ വായനശാലയുടെ സ്ഥാപക പ്രസിഡന്റായും മാസ്റര്‍ സേവനമനുഷ്ഠിച്ചിരുന്നു.
ഇതിനെല്ലാമുപരി അഴിമതി തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു നല്ല പൊതുക്കാര്യപ്രവര്‍ത്തകനും നല്ല ഒരു വോളീബോള്‍ കളിക്കാരനും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എടവക മണ്ഡലം പ്രസിഡന്റുമായിരുന്നു അദ്ദേഹം.
എടവക പഞ്ചായത്തിലെ റോഡു നിര്‍മ്മാണത്തില്‍ തദ്ദേശവാസികളുടെ പങ്കാളിത്തം ഉറപ്പാക്കി അവരുടെ ശ്രമദാനമായി എള്ളുമന്ദം-മാനന്തവാടി റോഡ് നിര്‍മ്മിക്കുവാന്‍ മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ചത് മാസ്റര്‍ ആയിരുന്നു. അന്നത്തെ പഞ്ചായത്തു പ്രസിഡന്റും അടുത്തബന്ധുവും സ്കൂള്‍ മാനേജരുമായിരുന്ന ശ്രീ പി. കുഞ്ഞുരാമന്‍ നായര്‍ ഇതിനാവശ്യമായ പ്രോത്സാഹനവും പിന്‍തുണയും നല്‍കുകയും ചെയ്തിരുന്നു.
വയനാട്ടിലെ പ്രസിദ്ധവും പുരാതനവുമായ വേങ്ങാരത്ത് കുടുംബാംഗമായ ബാലകൃഷ്ണന്‍ മാസ്റര്‍, ആ മഹിമയും പ്രതാപവും തന്റെ എടുപ്പിലും നടപ്പിലും സദാ പുലര്‍ത്തുവാന്‍ പ്രത്യേകം നിഷ്കര്‍ഷ കാട്ടിയിരുന്നു. സാക്ഷാല്‍ തച്ചോളി ഒതേനന്‍ പോലും ഇദ്ദേഹത്തിന്റെ കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായി ഐതീഹ്യം ഘോഷിക്കുന്നു.
മീനാക്ഷി നേത്യാര്‍, ഗോപാലന്‍ നായര്‍, മാധവന്‍ നായര്‍, കല്യാണി നേത്യാര്‍, ജാനകി നേത്യാര്‍, കമലാക്ഷി നേത്യാര്‍ എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്. എള്ളുമന്ദം A.N. M. U. P. സ്കൂള്‍ അദ്ധ്യാപികയായിരുന്ന സുഭദ്രടീച്ചറാണ് ഇദ്ദേഹത്തിന്റെ ഭാര്യ. സബിത (അദ്ധ്യാപിക), അജിത(ആര്‍ട്ട് ഓഫ് ലിവിംഗ് ടീച്ചര്‍), പ്രദീപ്(അദ്ധ്യാപകന്‍) എന്നീ മൂന്നു മക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്. പടിഞ്ഞാറെത്തറ സ്കൂള്‍ അദ്ധ്യാപകനായ ദിവാകരന്‍ മാസ്ററാണ് സബിതയുടെ ഭര്‍ത്താവ്. പ്രിയങ്ക (എഞ്ചിനീയര്‍, ചെന്നൈ), പ്രബിന്‍ (വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍സ്) എന്നീ രണ്ടു കുട്ടികളാണിവര്‍ക്കുള്ളത്. അജിതയുടെ ഭര്‍ത്താവ് ഡോക്ടര്‍. കെ. പത്മനാഭന്‍ കല്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. M.D. യ്ക്കു പഠിക്കുന്ന ഡോക്ടര്‍ അപര്‍ണ്ണയും എഞ്ചിനീയറായ ആനന്ദുമാണ് മക്കള്‍. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ ശ്രദ്ധേയനും മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് മെമ്പറും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും, അര്‍ട്ട് ഓഫ് ലിവിംഗ് അദ്ധ്യാപകനുമായ പ്രദീപിന്റെ ഭാര്യ ശാന്തി എടവക A.N. M. U. P. S. അദ്ധ്യാപികയാണ്. വിദ്യാര്‍ത്ഥികളായ രോഹിത് കൃഷ്ണ, രാഹുല്‍ കൃഷ്ണ എന്നിവരാണ് മക്കള്‍.
ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകളേകിയ മഹാനായ ബാലകൃഷ്ണന്‍ മാസ്റര്‍ ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

              
Back

  Date updated :