K.V. SATHYAVATHI TEACHER

K.V. SATHYAVATHI TEACHER

Any

Reading

Problem

Teacher

KRISHNANIKETH

PERUMCHERI P.O., CHERUPAZHASSI - 670 601

Kannur, 0460 2240952, 9961093919

skkunnath@yahoo.in

Back

Nil

കൃഷ്ണന്‍ നായരും സത്യവതി ടീച്ചറും

അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍ നിന്ന് സ്വീകരിക്കുന്നു

മികച്ച അദ്ധ്യാപിക, കവയിത്രി, പ്രഭാഷക, പൊതുപ്രവര്‍ത്തക-ശ്രീമതി. കെ.വി. സത്യവതി ടീച്ചര്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ദീര്‍ഘകാലത്തെ സ്തുത്യര്‍ഹമായ അദ്ധ്യാപനത്തിനുള്ള സംസ്ഥാന അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ച ടീച്ചര്‍ ഇപ്പോഴും സാമൂഹിക, സാംസ്കാരിക മേഖലകളില്‍ സജീവമായി തുടരുന്നു.

പ്രശസ്ത ജ്യോതിഷിയും പണ്ഡിതനുമായിരുന്ന പി. കണ്ണന്‍നായരുടെയും കെ.വി നാരായണിയമ്മയുടെയും മകളാണ്. 1953 മാര്‍ച്ച് 16-നാണ് ടീച്ചറുടെ ജനനം. പെരുമാച്ചേരി എ.യു.പി സ്കൂള്‍, കമ്പില്‍ മാപ്പിള ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പഠനം. എസ്.എസ്.എല്‍.സിക്കുശേഷം പിതാവില്‍നിന്ന് സംസ്കൃതം അഭ്യസിച്ചു. പിന്നീട്, സംസ്കൃതാദ്ധ്യാപകയോഗ്യതാപരീക്ഷയും പാസ്സായി (1972). ഇടക്കാലത്ത് പരയങ്ങാട് കുഞ്ഞിരാമന്റെ കീഴിലും പഠിച്ചിരുന്നു.

കുടുംബംവക സ്കൂളായ പെരുമാച്ചേരി എ.യു.പി സ്കൂളിലാണ് ടീച്ചര്‍ തന്റെ ഔദ്യോഗികജീവിതമാരംഭിച്ചത്. അദ്ധ്യാപനത്തിനിടയിലും സംസ്കൃതപഠനം തുടര്‍ന്ന ഇവര്‍ 35 വര്‍ഷം നീണ്ടുനിന്ന സ്തുത്യര്‍ഹമായ സേവനത്തിനുശേഷം 2007 മാര്‍ച്ചില്‍ വിരമിച്ചു. 2006-ലെ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവാണ് ടീച്ചര്‍.

അദ്ധ്യാപികയായിരിക്കെ കുറേക്കാലം ബുക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. 1977-78 കാലഘട്ടത്തില്‍ നിരക്ഷരരായ സ്ത്രീകളെ സാക്ഷരരാക്കുന്നതിന്റെ ഭാഗമായി ബ്ളോക്കുതലത്തില്‍ സ്വഗൃഹത്തില്‍വച്ച് ഇവര്‍ നടത്തിയ സാക്ഷരതാക്ളാസ്സ് കോഴിക്കോട് ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്നു. 

വിദ്യാരംഗം കലാവേദി തുടങ്ങിയകാലം മുതല്‍ സ്കൂള്‍തല ചെയര്‍മാന്‍, സബ്ജില്ലാ ട്രഷറര്‍, ജോയിന്റ് കണ്‍വീനര്‍, സബ്ജില്ലാ കണ്‍വീനര്‍, ജില്ലാക്കമ്മറ്റിയംഗം എന്നീനിലകളില്‍ പ്രവര്‍ത്തിച്ചു. ടീച്ചറുടെ പ്രവര്‍ത്തനഫലമായി തളിപ്പറമ്പ് സൌത്ത് സബ്ജില്ലയ്ക്ക് മികച്ച പ്രകടനത്തിനുള്ള റോളിംഗ് ട്രോഫി ലഭിക്കുകയുണ്ടായി. സബ്ജില്ലാ, ജില്ലാതല കലോത്സവങ്ങള്‍ക്കും ഇതര മത്സരങ്ങള്‍ക്കും വിധികര്‍ത്താവായി സേവനമനുഷ്ഠിച്ചുവരുന്ന ഇവര്‍ സാക്ഷരതാപ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്.

കലാസാഹിത്യരംഗങ്ങളില്‍ ടീച്ചര്‍ സജീവസാന്നിദ്ധ്യമാണ്. ശ്ളോകങ്ങള്‍, കീര്‍ത്തനങ്ങള്‍ എന്നിവയടങ്ങിയ ഇവരുടെ രചനകള്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ചെറുപ്പത്തില്‍ സ്കൂള്‍ പ്രസിദ്ധീകരണങ്ങളില്‍ കവിതയെഴുതിയിരുന്നു. വിദ്യാരംഗം മാസിക, പ്രദീപം, പ്രകൃതിമിത്രം, ചില്ല, സുവനീറുകള്‍ തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിലൂടെ സത്യവതിടീച്ചറുടെ രചനകള്‍ വെളിച്ചം കണ്ടു. മഹാത്മജി എഴുത്തുകാരുടെ മനസ്സില്‍ എന്നഗ്രന്ഥത്തില്‍ സുഗതകുമാരി, ബാലാമണിയമ്മ, ഒ.എന്‍.വി, ടാഗോര്‍, അക്കിത്തം തുടങ്ങിയ പ്രമുഖരുടെ രചനകള്‍ക്കൊപ്പം ഗാന്ധിജിയെപ്പറ്റി ടീച്ചറെഴുതിയ കവിതയും പ്രസിദ്ധീകൃതമായി എന്നത് ഇവരുടെ പ്രതിഭയ്ക്ക് തിളക്കമേറ്റുന്നു.

പ്രാദേശിക പരിപാടികളില്‍ പ്രഭാഷക, വിധികര്‍ത്താവ് എന്നീനിലകളിലും പങ്കെടുക്കാറുണ്ട്. പൈതൃകമായി ലഭിച്ച ജ്യോതിഷപരിജ്ഞാനവും ഇവര്‍ പാഴാക്കിയില്ല. റിട്ടയര്‍മെന്റിനുശേഷം ജ്യോതിഷം പ്രാക്ടീസ് ചെയ്യുന്നുണ്ട്. ആകാശവാണിയില്‍ സുഭാഷിതങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള ടീച്ചര്‍ സാഹിത്യവേദികളില്‍ കവിതകള്‍ അവതരിപ്പിക്കാറുണ്ട്. ആദ്ധ്യാത്മികപ്രഭാഷണത്തിലും തത്പരയാണ്.

സാഹിത്യരംഗത്ത് നിരവധി അംഗീകാരങ്ങള്‍ ടീച്ചറെത്തേടിയെത്തി. ഉത്തരമേഖലാ കവിതാസാഹിത്യവേദിയുടെ തൂലികാഅവാര്‍ഡ്, മാതൃഭൂമി സ്റഡിസര്‍ക്കിള്‍ അവാര്‍ഡ്, മാകന്ദം കലാസാഹിത്യവേദി അവാര്‍ഡ് എന്നിവയെല്ലാം അവയില്‍പ്പെടുന്നു. സമുദായസമന്വയസമിതി കലാസാഹിത്യരംഗങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച എട്ട് പ്രമുഖരെ ആദരിച്ചതില്‍ ഏകവനിത സത്യവതിടീച്ചറാണ്. മിസ്സിസ് ചേറ്റൂര്‍ ശങ്കരന്‍നായര്‍ പൊന്നാട അണിയിച്ച് ക്യാഷ് അവാര്‍ഡ് നല്കിയത് ടീച്ചറുടെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണ്. ചിന്മയാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഭഗവത്ഗീത സമ്പൂര്‍ണ്ണ കൈയെഴുത്തില്‍ (രത്നച്ചുരുക്കവ്യാഖ്യാനത്തോടെ) സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയതും എടുത്തുപറയേണ്ടതാണ്. മാതൃഭൂമി സ്റഡിസര്‍ക്കിളിന്റെ ചിലങ്ക മാസിക, പാര്‍ക്കേഴ്സ് ക്ളബ്ബിന്റെ സര്‍ഗ്ഗ എന്ന പ്രസിദ്ധീകരണം എന്നിവയിലെ പരിചയപംക്തിയില്‍ ടീച്ചറെയും ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ ധാര്‍മ്മികത മാസിക പ്രസിദ്ധീകരിച്ച കേരള ഡയറക്ടറിയിലും കേരളസാഹിത്യ അക്കാദമിയുടെ സാഹിത്യകാര ഡയറക്ടറിയിലും ടീച്ചറെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാവുന്നതാണ്.

സൌപര്‍ണ്ണിക (കവിതാസമാഹാരം), അമ്മേതുണയ്ക്ക (കീര്‍ത്തനങ്ങള്‍), വ്യാകരണം കുട്ടികളില്‍ എന്നപദസമുച്ചയം, ദേവീവര്‍ണ്ണനയായ മണിദ്വീപവര്‍ണന, ആപദികരണീയം (മുച്ചിലോട്ടു ഭഗവതി ഐതീഹ്യം) സൂര്യോദയം, കതിരോന്‍ (ബാലസാഹിത്യം-കവിതകള്‍) എന്നിവയും, മുച്ചിലോട്ടമ്മ തുണയ്ക്കണം എന്ന ഭക്തിഗാന കാസറ്റിനുവേണ്ടിയുള്ള ഗാനങ്ങളും എഴുതിയിട്ടുള്ള ടീച്ചര്‍ അടിയുറച്ച ദേവീഭക്തയാണ് എന്നതും ശ്രദ്ധേയമാണ്. ഓഡിയോ കാസറ്റിനുവേണ്ടി ആദ്യമായി ഗാനങ്ങളെഴുതിയ വനിതാ അദ്ധ്യാപിക, ഇംഗ്ളീഷ് മലയാള സമാജത്തിന്റെ കവിത സദസ്സില്‍ കവിത അവതരിപ്പിച്ച ഏകമലയാളി വനിത എന്നീ നിലകളിലും ഏറെ ശ്രദ്ധേയയാണ് സത്യവതി ടീച്ചര്‍.

സംഗീതസംവിധായകന്‍ കെ. രാഘവന്‍ മാസ്റര്‍, വാണിദാസ് എളയാവൂര്‍, എം.പി. അപ്പന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയ പ്രമുഖര്‍ക്ക് ടീച്ചര്‍ മംഗളപത്രമെഴുതി നല്‍കിയിട്ടുണ്ട്. കവിതയെ അനുമോദിച്ച് സുകുമാര്‍ അഴീക്കോട് ടീച്ചര്‍ക്ക് മറുപടിയായി അനുമോദനക്കത്തയച്ചത് ടീച്ചറുടെ മനസ്സിലെ ദീപ്തസ്മരണയാണ്. എം.പി. അപ്പന്‍ അയച്ച മറുപടി ഇവര്‍ നിധിപോലെ സൂക്ഷിച്ചിട്ടുണ്ട്. പ്രവാസിമലയാളികള്‍ക്കുവേണ്ടി പൂക്കാലം മാസികയില്‍ കവിത എഴുതിയിട്ടുണ്ട്. ദുബായ് മലയാളികളുടെ പ്രസിദ്ധീകരണമാണ് പൂക്കാലം മാസിക. 

90 കവികള്‍ പങ്കെടുത്ത കരയുന്ന കണ്ണൂര്‍ എന്ന വിഷയത്തെ അധികരിച്ചുനടത്തിയ കവിതാമത്സരത്തിലാണ് ടീച്ചര്‍ക്ക് തൂലികാ അവാര്‍ഡ് ലഭിച്ചത്. സ്കൂള്‍തലമത്സരങ്ങളുമായി ബന്ധപ്പെട്ട കമ്മറ്റിയുടെ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുച്ചിലോട്ട് ഭഗവതീക്ഷേത്രമാണ് ഇവരുടെ കുടുംബക്ഷേത്രം. ഉത്തരകേരള കവിതാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ ശ്രീ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തില്‍ നടത്തിയ ഭക്തകവി സദസ്സില്‍ സ്വന്തം കവിത അവതരിപ്പിക്കാന്‍ ടീച്ചര്‍ക്ക് ഭാഗ്യം ലഭിച്ചു. ഭര്‍ത്താവ് കൃഷ്ണന്‍നായരും ഭക്തകവിസദസ്സുകളില്‍ കവിതകള്‍ ആലപിക്കാറുണ്ട്. 

കരുണാകരന്‍ (റിട്ട. അദ്ധ്യാപകന്‍), രാമചന്ദ്രന്‍ (മസ്കറ്റ്), രാമകൃഷ്ണന്‍ (അമേരിക്ക), സഗുണന്‍, പ്രേമജ, പത്മാവതി (സ്കൂള്‍ ജീവനക്കാരി), വിനോദിനി (അദ്ധ്യാപിക) എന്നിവരാണ് ടീച്ചറുടെ സഹോദരങ്ങള്‍.

1972-ലായിരുന്നു വിവാഹം. റിട്ട. എ.എസ്.ഐ ആയ കൃഷ്ണന്‍നായരാണ് ഭര്‍ത്താവ്. ഷൂട്ടിങ്ങില്‍ അഖിലേന്ത്യാതലത്തില്‍ കൃഷ്ണന്‍നായര്‍ പങ്കെടുത്തിട്ടുണ്ട് (1992). എം.എസ്.പിയിലും പിന്നീട്, കണ്ണൂര്‍ ആംഡ് റിസര്‍വ്വ് ക്യാപിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. ചെറുപഴശ്ശി ശ്രീകണ്ഠനാര്‍ കോവില്‍ കമ്മറ്റിയുടെ സെക്രട്ടറിയാണ് ഇദ്ദേഹം. കവിതാലാപനത്തില്‍ തത്പരനാണ്.

കെ.വി. സരിത്കുമാര്‍ (ബിസിനസ്സ്, ഭാര്യ ഷജിമ), സനീഷ്കൃഷ്ണന്‍ (ബിസിനസ്സ്) എന്നിവരാണ് ടീച്ചറുടെ മക്കള്‍. ചെറുമകന്‍ ഉദ്ദീപ്ത് ഭാസ്.

              
Back

  Date updated :