K. PARAMESWARAN NAMBOODIRIPAD

K. PARAMESWARAN NAMBOODIRIPAD

Any

Reading

Problem

Astrology / Palmistry

KURUMATHUR ILLOM

KURUMATHUR P.O., KARIMBAM (Via), Thaliparamba

Kannur, 0460 2224068, 2206624, 9847605109

Nil

Back

Nil

അകത്തൂട്ട് ഭഗവതി

പത്തായപ്പുര

അറിയപ്പെടുന്ന ജ്യോതിഷിയാണ് ശ്രീ കെ. പരമേശ്വരന്‍ നമ്പൂതിരിപ്പാട്. വെറുമൊരു ഹോബി എന്ന നിലയിലാണ് ഇദ്ദേഹം ജ്യോതിഷം പഠിച്ചതും ആദ്യം പ്രയോഗിച്ചതും. അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള തെരഞ്ഞെടുപ്പിലെ ഇന്ദിരാഗാന്ധിയുടെ തോല്‍വി, പിന്നീടുള്ള അവരുടെ മരണം, രാജീവ് ഗാന്ധിയുടെ മരണം എന്നിങ്ങനെ പല പ്രധാന സംഭവങ്ങളും കാലെക്കൂട്ടി പ്രവചിച്ചിരുന്ന ഒരു വ്യക്തിയാണ് ഇദ്ദേഹം. എഴുത്തുകാരനും എം.പി.യുമായ എം.പി. വീരേന്ദ്രകുമാര്‍ ഇദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. അനന്തപുരം ക്ഷേത്രത്തിന്റെ ചെയര്‍മാനും കോ-ഓപ്പറേറ്റീവ് സ്റോര്‍ ഡയറക്ടറുമായി 1964-65 കാലഘട്ടത്തില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. കര്‍ഷകന്‍, വ്യവസായി, പ്ളാന്റര്‍, എഴുത്തുകാരന്‍ എന്നീ നിലകളിലും പ്രതിഭ തെളിയിച്ച വ്യക്തിയാണിദ്ദേഹം.
കോഴിക്കോട് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങ് ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു കോ-ഓപ്പറേറ്റീവ് ട്രെയിനിങ് പാസായശേഷം ബാലുശ്ശേരി റീജനല്‍ സഹകരണ ബാങ്കില്‍ സെക്രട്ടറിയായി ഉദ്യോഗത്തില്‍ പ്രവേശിച്ച ഇദ്ദേഹം പക്ഷെ അവിടെ അധികനാള്‍ തുടര്‍ന്നില്ല. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കോതമംഗലം നമ്പൂതിരീസ് ബാങ്ക് മാനേജരായി. പിന്നെ ഉദ്യോഗങ്ങളെല്ലാം നിര്‍ത്തി ബിസിനസ്സ് തുടങ്ങി. (തളിപ്പറമ്പില്‍ പ്ളാസ്റിക് മാനുഫാക്ചറിങ് കമ്പനിയോടെയായിരുന്നു തുടക്കം). മൂന്നാല് വര്‍ഷം കഴിഞ്ഞതിനുശേഷം അതു കൊടുത്തു. ആ സമയത്തെല്ലാം ജ്യോതിഷത്തില്‍ നല്ല താല്പര്യമുണ്ടായിരുന്നു. തളിപ്പറമ്പ് ന്യൂഹരിഹര്‍ ടാക്കീസ് ഇദ്ദേഹത്തിന്റെ വകയായിരുന്നു. 1978-ല്‍ തൃച്ഛംബരം മെറ്റല്‍ വര്‍ക്സ് എന്ന കമ്പനി തുടങ്ങി. പന്ത്രണ്ട് വര്‍ഷത്തോളം ഈ കമ്പനി നടത്തി. അതിനുശേഷം ഹീറ്റ്വേയ്സ് ഇലക്ട്രിക് കമ്പനി എന്ന സ്ഥാപനം തുടങ്ങി.
കുറച്ചുകാലം കഴിഞ്ഞപ്പോള്‍ കാസര്‍ഗോഡേയ്ക്ക് താമസം മാറ്റേണ്ടിവന്നു. ഒരു ജന്മി ബ്രാഹ്മണ കുടുംബാംഗമായിരുന്ന ഇദ്ദേഹത്തിന് ഒരുപാട് ഭൂസ്വത്തുക്കള്‍ ഉണ്ടായിരുന്നു. അതിന്റെ സംരക്ഷണാര്‍ത്ഥമാണ് കാസര്‍ഗോഡേയ്ക്ക് താമസം മാറ്റേണ്ടിവന്നത്. ഇദ്ദേഹം അവിടെ കൈവച്ചത് കൃഷിയിലായിരുന്നു. കൃഷി അച്ഛന്റെ മരണം വരെ തുടര്‍ന്നു. അച്ഛന്റെ മരണശേഷം വീണ്ടും തറവാട്ടിലേയ്ക്ക് മടങ്ങേണ്ടി വന്നു. അക്കാലം മുതല്‍ക്കാണ് ജ്യോതിഷം തുടങ്ങിയത്. അമ്മാവന്‍ ടി.എസ്. ശങ്കരന്‍ നമ്പൂതിരിപ്പാട് പല പുതിയ നിര്‍ദ്ദേശങ്ങളും നല്കിയിരുന്നു. ജ്യോതിഷം പഠിക്കാന്‍ സഹായിച്ചിട്ടുണ്ട്. ജ്യോതിഷത്തില്‍ ആദ്യാക്ഷരം കുറിച്ചത് കൃഷ്ണന്‍ മാരാരില്‍ നിന്നായിരുന്നു. പിന്നീട് ഒരുപാട് ഗുരുക്കന്മാരുടെ കീഴില്‍ പഠനം നടത്തി. പക്ഷെ അന്നൊന്നും ജ്യോതിഷം പ്രൊഫഷനായി കണ്ടിരുന്നില്ല.
പ്രശസ്തനായ ജ്യോതിഷിയും, റിട്ടയേര്‍ഡ് ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ഹരിജയന്തന്‍ നമ്പൂതിരിപ്പാട് ഇദ്ദേഹത്തിന്റെ കാരണവരാണ്. കുറുമാത്തൂര്‍ നായ്ക്കര്‍ എന്ന സ്ഥാനപ്പേരിനാല്‍ ബഹുമാനിതരായിട്ടുള്ള ഈ ഇല്ലത്തേയ്ക്ക്; തെക്കേ മലബാറില്‍ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക്, തളിപ്പറമ്പ് കൊട്ടുംപുറത്തു നിന്ന് പട്ടും വളയും നല്കി ആദരിച്ചിരുന്നതുപോലെ പട്ടും വളയും നല്‍കി വന്നിരുന്നു. ആ സ്ഥാനം-കുറുമാത്തൂര്‍ ഭരതംകുന്ന്- ഇപ്പോള്‍ ഭഗവതിക്ഷേത്രമായി മാറിയിരിക്കുന്നു. കുടകിലെ ഭരതരാജാവിന്റെ ഉപദേശകരായിരുന്നു കുറുമാത്തൂര്‍ ഇല്ലക്കാര്‍ എന്നതിനാല്‍ ഭരതംകുന്നു എന്ന പേരു സിദ്ധിച്ചു എന്ന് ഐതീഹ്യം പറയുന്നു. ഭരതരാജാവില്‍ നിന്നു മിച്ചവാരം സ്വീകരിച്ചിരുന്ന ഈ ഇല്ലത്തില്‍ നെല്ല് സൂക്ഷിക്കുവാനുള്ള നെല്ലറയും പ്രത്യേകമായുണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ പൊളിഞ്ഞുവീഴാറായ ചുവരുകളും മറ്റും ഇപ്പോഴും കാണാവുന്നതാണ്. കുറുമാത്തൂര്‍ ഇല്ലക്കാരുടെ പഴമയിലേക്കും പാരമ്പര്യത്തിലേക്കും അതിങ്ങനെ സംഗ്രഹിക്കാം.
വടക്കുനിന്നെത്തിയ ബ്രാഹ്മണര്‍ ആദ്യം കുടിയേറിപ്പാര്‍ത്തത് കുപ്പം പുഴയുടെയും വളപട്ടണം പുഴയുടെയും തീരദേശങ്ങളിലായിരുന്നു. പെരുംചെല്ലൂര്‍ ഗ്രാമത്തിലെത്തിയ നമ്പൂതിരിമാരുടെ നായകനായിരുന്നു കുറുമാത്തൂര്‍ നമ്പൂതിരിപ്പാട്. പൂര്‍വ്വനിവാസികളുടെ അഭിപ്രായം മാനിച്ച് ദേവീ (കാളി) പ്രതിഷ്ഠകള്‍, നാഗപ്രതിഷ്ഠകള്‍ തുടങ്ങിയവ നടത്തി പൂജകള്‍ നടത്തി വന്നു. ക്രമേണ ദേശാധിപതികളുമായി. ഓരോ ഗ്രാമത്തിനും ഓരോ തമ്പ്രാക്കള്‍ എന്നതായിരുന്നു അക്കാലത്തെ സമ്പ്രദായം. അതനുസരിച്ച് പെരുവനം ഗ്രാമത്തിന് കിരാങ്ങാട്ട് നമ്പൂതിരി, ശുകപുരം ഗ്രാമത്തിന് ആഴ്വാഞ്ചേരി തമ്പ്രാക്കള്‍, പന്നിയൂര്‍ ഗ്രാമത്തിന് കല്പകഞ്ചേരി തമ്പ്രാക്കള്‍, പെരുംചെല്ലൂര്‍ ഗ്രാമത്തിന് കുറുമാത്തൂര്‍ നായ്ക്കര്‍ എന്നീ തമ്പ്രാക്കളായിരുന്നു അധിപതികള്‍. തമ്പുരാക്കന്മാര്‍ തമ്പ്രാക്കള്‍ എന്നും നായകര്‍ നായ്കര്‍ എന്നും പില്ക്കാലത്ത് അറിയപ്പെട്ടു. വളരെ പ്രശസ്തമായ-പേരുകേട്ട-ഗ്രാമം എന്ന് വാച്യാര്‍ത്ഥത്തില്‍ നിന്നുതന്നെ ഗ്രഹിക്കാവുന്ന പെരുംചെല്ലൂര്‍ അക്കാലത്തെ പ്രശസ്തമായ ഗ്രാമം തന്നെയായിരുന്നു. കുടക് രാജാക്കന്മാരുടെ വിശ്വസ്ഥരായ ഉപദേഷ്ടാക്കളായിരുന്ന ഈ ഇല്ലക്കാര്‍ക്ക് പ്രത്യേക പദവിയും സ്ഥാനങ്ങളും തന്നെ കല്പിച്ചു നല്‍കിയിരുന്നുവത്രേ. ഈ ഇല്ലത്തിന്റെ കെട്ടിടസമുച്ചയങ്ങള്‍ അതിന്റെ പ്രതാപാശ്വൈര്യങ്ങള്‍ വിളിച്ചറിയിക്കുംവിധം പ്രൌഢഗംഭീരങ്ങളാണ്. പുറമെ കാണുന്ന എട്ടുകെട്ടും പത്തായപ്പുരയും കൂടാതെ അകത്തൂട്ട് വിശാലമായ ഒരു നാലുകെട്ടുംകൂടി ഉണ്ടായിരുന്നതിന്റെ അവശിഷ്ടങ്ങള്‍ ഇന്നും തെളിഞ്ഞുകാണാം. മിക്കവാറും ജീര്‍ണ്ണാവസ്ഥയിലായ ഈ നാലുകെട്ടിന്റെ പൂര്‍വ്വോത്തരഭാഗങ്ങള്‍ ഭാഗികമായി നവീകരിച്ചിട്ടുണ്ട് എങ്കിലും പ്രാക്തന പ്രതാപം വിളിച്ചോതുന്ന ദക്ഷിണ പശ്ചിമ ഭാഗങ്ങള്‍ നിലംപതിക്കാറായ അവസ്ഥയിലാണ്. ശിലകള്‍ മാത്രമായി തീര്‍ന്നിരിക്കുന്ന ഇവിടം നിരവധി നെല്ലറകളുടെ സമുച്ചയമായിരുന്നത്രേ. കുടക് രാജ്യത്തുനിന്നും കൂറ്റന്‍ കാളകളുടെ പുറത്ത് കൊണ്ടുവന്നിരുന്ന നെല്ല് ഈ അറകളിലായിരുന്നു സൂക്ഷിച്ചിരുന്നത്.
പെരുംചെല്ലൂര്‍ ഗ്രാമത്തിലെ പ്രധാനപ്പെട്ട മൂന്നു ക്ഷേത്രങ്ങള്‍ തളിപ്പറമ്പ്, തൃച്ചമ്പരം, കാഞ്ഞിരങ്ങാട് എന്നിവയാണ്. ഇവയില്‍ തളിപ്പറമ്പ് ക്ഷേത്രം വടക്കുനിന്നെത്തിയ ബ്രാഹ്മണരുടെ കൂടെ വന്ന ക്ഷത്രിയന്‍ കോലത്തിരി, ബ്രാഹ്മണര്‍ക്ക് ദാനമായി നിര്‍മ്മിച്ച് നല്‍കിയതും, കാഞ്ഞിരങ്ങാട് ക്ഷേത്രം തദ്ദേശ്ശവാസികള്‍ നിര്‍മ്മിച്ച് ദാനം നല്‍കിയതും, തൃച്ചമ്പരം ക്ഷേത്രം ബ്രാഹ്മണര്‍ സ്വയം നിര്‍മ്മിച്ചതുമാണ്. ഗ്രാമവാസികളുടെയും ഗ്രാമദേവതകളുടെയും അധിപതി ബ്രാഹ്മണര്‍ തന്നെയായിരുന്നു. തൃച്ചമ്പരം ക്ഷേത്രത്തിലെ ആറാട്ടു ദിവസം ചെമ്പകത്തറയുടെ ചുവട്ടില്‍ വച്ച് നടത്തുന്ന പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്ന കുറുമാത്തൂര്‍ നമ്പൂതിരിയുടെ സാന്നിദ്ധ്യം, ഈ ക്ഷേത്രനിര്‍മ്മിതിയില്‍ ബ്രാഹ്മണരുടെ നിര്‍ണ്ണായക അധീശത്വത്തെ വെളിപ്പെടുത്തുന്നുണ്ട്. തൃച്ചമ്പരം ക്ഷേത്രത്തിന് സമീപമായി കാണപ്പെടുന്ന, ആദ്യം നിര്‍മ്മിക്കപ്പെട്ട, ദേവീക്ഷേത്രത്തിന്റെ ഭരണാധികാരികളും കുറുമാത്തൂര്‍ ഇല്ലത്തേക്കുള്ളതാണ്. പയ്യാവൂര്‍ ദേവസ്വത്തിലെ പ്രധാന ഊരാളന്മാരായ കുറുമാത്തൂര്‍ ഇല്ലക്കാരുടെ അപദാനങ്ങള്‍ കുംഭസംക്രമദിനത്തിലും മറ്റും പയ്യാവൂര്‍ ക്ഷേത്രകോമരം നടത്തുന്ന വെളിപാടുകളില്‍ ദര്‍ശിക്കാവുന്നതാണ്. കുടകിലെ നെല്ലു വിളയുന്ന പ്രദേശമായ കടിയത്തുനാട്ടിലെ, മുണ്ടിയോടന്‍, ബാഹുരിയന്‍ എന്ന പ്രധാന വംശക്കാരുടെ നേതൃത്വത്തിലായിരുന്നു പയ്യാവൂര് കുംഭസംക്രമത്തിനുവേണ്ട അരി എത്തിച്ചിരുന്നത്. കുറുമാത്തൂര്‍ നമ്പൂതിരിപ്പാടിന്റെ സ്വാധീശക്തിയായിരുന്നു ഇതിനു പുറകിലും പ്രവര്‍ത്തിച്ചിരുന്നത് എന്നത് വ്യക്തമാണല്ലോ. ക്ഷേത്രഭരണം, ആരാധനാകാര്യങ്ങള്‍ എന്നിവയിലെല്ലാം ഏറെ ശ്രദ്ധാലുവായിരുന്ന കുറുമാത്തൂരിന്റെ കൊട്ടിയൂര്‍ യാത്രയും ഏറെ പ്രസിദ്ധമാണ്. വടക്കേ വയനാട്ടിലെ വളരെ പ്രസിദ്ധമായ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്ക്; കുറുമാത്തൂരില്‍ നിന്നും മഞ്ചലിലേറി പോകുന്ന നമ്പൂതിരിപ്പാടിനെ അനുഗമിക്കാന്‍ വളരെ അധികം ആളുകള്‍ കാല്‍നടയായി കൂടാറുണ്ട്. വളരെ ആഘോഷമായും ഭക്തിനിര്‍ഭരമായും നടത്തപ്പെടുന്ന ഈ ചടങ്ങ് ഇന്നും അഭംഗുരം തുടരുന്നു. ഈ കര്‍മ്മത്തിലും സങ്കല്പത്തിലുമുള്ള ജനങ്ങളുടെ അചഞ്ചലമായ ഭക്തിയും വിശ്വാസവും അമ്പരപ്പിക്കും വിധം ആരേയും ആകര്‍ഷിക്കുന്നതാണ്.
ഏറെക്കാലം ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചു കഴിഞ്ഞ പെരുംചെല്ലൂരിലെ പെരുമാക്കന്മാരും കോലത്തിരിമാരും ബ്രാഹ്മണരും പക്ഷേ കുറുമാത്തൂര്‍ നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തെ മാനിച്ചു തന്നെയാണ് ഭരണം നടത്തിയിരുന്നത്. നമ്പൂതിരിപ്പാടിന്റെ ശുപാര്‍ശയ്ക്ക് നിയമനോത്തരവ് നല്‍കുക മാത്രമായിരുന്നു രാജാവിന് ചെയ്യുവാനുണ്ടായിരുന്നത്. അത്രമേല്‍ നിര്‍ണ്ണായകമായ സ്വാധീനശക്തിയായിരുന്നു കുറുമാത്തൂര്‍. കോലത്തിരി സംഭാവന നല്‍കിയ ഒരു ഡോലി (സ്ത്രീകള്‍ക്കുള്ള മഞ്ചല്‍)യുടെ അവശിഷ്ടങ്ങള്‍ സമീപകാലം വരെയും ഇല്ലത്തു സൂക്ഷിച്ചിരുന്നു. 
കുറുമാത്തൂര്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെയും തേനേഴിമനയില്‍ പാര്‍വ്വതി അന്തര്‍ജ്ജനത്തിന്റെയും മകനായി 1933 ഒക്ടോബര്‍ ഒമ്പതിന് കുറുമാത്തൂര്‍ ഇല്ലത്താണിദ്ദേഹം ജനിച്ചത്. കുറുമാത്തൂര്‍ യു.പി. സ്കൂളില്‍ പഠനം ആരംഭിച്ചു. തലശ്ശേരി ബി.ഇ.എം.പി. സ്കൂളിലായിരുന്നു ഹൈസ്കൂള്‍ പഠനം. ഹൈസ്കൂള്‍ പഠനത്തിനുശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളെജില്‍ ഇന്റര്‍മീഡിയറ്റ് പഠിച്ചു. ഇദ്ദേഹത്തേക്കാള്‍ പ്രഗത്ഭനായിരുന്നു ഇദ്ദേഹത്തിന്റെ അച്ഛന്‍. പഴയ കാലത്തെ ബി.എ. ക്കാരനായിരുന്ന അച്ഛന്‍ ഇ.എം.എസ്സിന്റെ റൂം മേറ്റും കെ.പി.ആര്‍. ഗോപാലന്റെ ക്ളാസ്മേറ്റുമായിരുന്നു. വാക്കും സമൂഹവും എന്ന പേരില്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്കത്തിലെ അറിയപ്പെടാത്ത ഇ.എം.എസ്സി.നൊപ്പം എന്ന അദ്ദേഹത്തിന്റെ ലേഖനം പ്രസിദ്ധമാണ്. സെന്‍ട്രല്‍ അക്കൌണ്ട് കമ്മിറ്റി മെമ്പര്‍, എ.എം.എസ്. മിനിസ്ട്രിയുടെ കാലത്ത് പ്ളാനിങ് ബോര്‍ഡ് മെമ്പര്‍, മൂത്തേടത്ത് സ്കൂളിന്റെ മാനേജര്‍ തുടങ്ങിയ സ്ഥാനങ്ങളും അദ്ദേഹം അലങ്കരിച്ചിരുന്നു. കുറുമാത്തൂര്‍ സൌത്ത് യു.പി.സ്കൂള്‍ അദ്ദേഹം തുടങ്ങിയതാണ്. അതുപോലെ 1944-ല്‍ നമ്പൂതിരിമാരില്‍ ആദ്യമായി റബ്ബര്‍ എസ്റേറ്റ് ഉടമയായതും അദ്ദേഹമാണ്. കുറുമാത്തൂര്‍ സഹകരണസര്‍വ്വീസ് സൊസൈറ്റി സ്ഥാപക പ്രസിഡണ്ടായിരുന്നു അദ്ദേഹം.

കുന്നംകുളം കാണിപ്പയ്യൂര്‍മന നിര്‍മ്മല അന്തര്‍ജ്ജനമാണ് ഇദ്ദേഹത്തിന്റെ ഭാര്യ. കൃഷിക്കാരനായ നാരായണന്‍ നമ്പൂതിരിപ്പാടും ഗൌരി അന്തര്‍ജ്ജനവുമാണ് നിര്‍മ്മലയുടെ മാതാപിതാക്കള്‍. പാവറട്ടി എച്ച.എസ്സില്‍ സംസ്കൃതാധ്യാപകനായ ശങ്കരന്‍നമ്പൂതിരിപ്പാട് സഹോദരനും ശാരദ, ഗൌരി, ലീല എന്നിവര്‍ സഹോദരിമാരുമാണ്.

മക്കള്‍: ഹരി നമ്പൂതിരിപ്പാട് (ഭാര്യ ലേഖ, അദ്ധ്യാപിക), സ്കൂള്‍ ടീച്ചറായ രമ (ഭര്‍ത്താവ് ആനന്ദന്‍, ആവണപ്പറമ്പ് മന, അക്കൌണ്ടന്റ്), രാജി (ഭര്‍ത്താവ് അശോക്കുമാര്‍, ഐ.എഫ്.എസ്.).

വാസുദേവന്‍ നമ്പൂതിരിപ്പാട് (മദ്രാസ് പോര്‍ട്ട് ട്രസ്റ് റിട്ട. എക്സിക്യുട്ടീവ് എഞ്ചിനീയര്‍), കെ.ജി. മണി നമ്പൂതിരിപ്പാട് (റിട്ട. ഡെ. തഹസീല്‍ദാര്‍), കെ നാരായണന്‍ (അഴീക്കോട് ഹൈസ്കൂള്‍ റിട്ട. അദ്ധ്യാപകന്‍), എ.കെ. കപാലി (ബാങ്ക് ഓഫ് മഹാരാഷ്ട്ര ഓഫീസര്‍), ശാന്ത (വരിക്കാശ്ശേരി മന, ഒറ്റപ്പാലം), ഗൌരി (തിരുവനന്തപുരം ഇ.ആര്‍.എന്‍.ഡി.സി. ഡയറക്ടര്‍), രവി നമ്പൂതിരിപ്പാട് (കൃഷി), നീലകണ്ഠന്‍ നമ്പൂതിരിപ്പാട് എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരങ്ങളാണ്.

              
Back

  Date updated :