P.V. APPAKUTTY

P.V. APPAKUTTY

Any

Reading

Problem

Social-figures

PERIYATTU

P.O.- PILATHARA

Kannur, Nil

Nil

Back

Nil

സഖാവ് പി.വി. എന്ന രണ്ടക്ഷരങ്ങളില്‍ ജനഹൃദയങ്ങളില്‍ ആവേശമുണര്‍ത്തിയ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തനും ധീരനുമായ വിപ്ളവനേതാവായിരുന്നു ശ്രീ പി.വി അപ്പുക്കുട്ടി. കണ്ണൂരിന്റെ ഹൃദയത്തേങ്ങലുകള്‍ ഏറ്റുവാങ്ങി 2007 ഒക്ടോബര്‍ 13-ന് കാലയവനികയ്ക്കുള്ളില്‍ വിസ്മൃതമായ ആ ധന്യജീവിതത്തിലേയ്ക്ക് ഒരെത്തിനോട്ടം.

കണ്ണൂര്‍, കരിവെള്ളൂര്‍, കാവുമ്പായി, മുനയംകുന്ന്, പാടിക്കുന്ന് ഇവയൊന്നും കേവലം സ്ഥലനാമങ്ങള്‍ മാത്രമായിട്ടല്ല കേരളചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ളത്. ആവേശോജ്ജ്വലമായ, വികാരോജ്ജ്വലമായ വിപ്ളവങ്ങള്‍ക്ക്, രക്തസാക്ഷിത്വങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച, ചോരവീണു ചുവന്ന മണ്ണാണ് അവിടമെല്ലാം...........

കരിവെള്ളൂര്‍ കേസിലെ പ്രതിയാക്കി, അതിക്രൂരമായ പോലീസുമര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കി, മൃതപ്രായനാക്കി ആറുമാസക്കാലം ജയിലില്‍ അടയ്ക്കപ്പെട്ട സഖാവ് പി.വി.യുടെ രൂപം അതാ അവിടെ വീണ്ടും തലയെടുപ്പോടെ....സാമുവല്‍ ആറോണ്‍ന്റെ കമ്പനി ഗെയിറ്റിനു മുമ്പില്‍ ഗുണ്ടാപ്പടയുടെ നിഷ്ഠൂരമര്‍ദ്ദനങ്ങള്‍ക്കിടയിലും ദീര്‍ഘകായനായ ആ മനുഷ്യന്‍ നിര്‍ഭയനായി, തല ഉയര്‍ത്തി നീങ്ങുന്നു. അതെ അതായിരുന്നു സഖാവ് പി.വി.

മര്‍ദ്ദിതരും ചൂഷിതരും പീഡിതരും നിന്ദിതരുമായ ജനതതിയെ പ്രത്യാശയുടെ അഗ്നിസ്ഫുലിംഗങ്ങളാക്കി മാറ്റുവാന്‍ ഒരു ജീവിതം മുഴുവന്‍ ഉഴിഞ്ഞുവച്ച്, അഘോരാത്രം യത്നിച്ച ആദര്‍ശധീരനായ ഒരു വിപ്ളവകാരിയായിരുന്നു സഖാവ് പി.വി.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകള്‍ ജന്മിത്വത്തിന്റേയും നാടുവാഴി തന്‍ പ്രമാണിത്വത്തിന്റേയും ദുഷ്ചെയ്തികള്‍ ഇവയൊക്കെ സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കിക്കൊണ്ടിരുന്ന ഒരു കാലഘട്ടത്തില്‍ ചെറുതാഴം എന്ന ഗ്രാമത്തിലെ ഒരു ധനിക കര്‍ഷക കുടുംബത്തില്‍ 1924 ഏപ്രില്‍മാസം വിപ്ളവത്തിന്റെ ഒരു ചുവന്ന ധ്രുവനക്ഷത്രം പിറന്നുവീണു; സഖാവ് പി.വി. മാടായി എലിമെന്ററി സ്കൂളില്‍ നിന്നും എട്ടാംക്ളാസ്സ് പാസ്സായി. പഠനകാലത്തുതന്നെ സാമ്രാജ്യവിരുദ്ധ ദേശീയ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി; ചെറുതാഴത്തെ വിപ്ളവാശയങ്ങള്‍ക്ക് ആവേശമേകി. ബാലസംഘം സെക്രട്ടറി, കര്‍ഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ അക്കാലത്തു നിലവിലുണ്ടായിരുന്ന വിപ്ളവ പ്രസ്ഥാനങ്ങള്‍ക്ക് സജീവമായ നേതൃത്വം നല്‍കി. വിഷ്ണുഭാരതീയന്റേയും കേരളീയന്റേയും നേതൃത്വത്തിലുടലെടുത്ത കര്‍ഷകസംഘം, ജന്മി മര്‍ദ്ദന-ചൂഷണ വ്യവസ്ഥിതിക്കെതിരെ കര്‍ഷകരെ സംഘടിപ്പിച്ചുകൊണ്ട് തുടങ്ങിയ സമരം പില്‍ക്കാലത്ത് സാമ്രാജ്യശക്തികള്‍ക്കെതിരെ അടിമത്വത്തിനും അവഗണനയ്ക്കുമെതിരെ ആഞ്ഞടിക്കുന്ന ഒരു മഹാ പ്രസ്ഥാനമായി വളര്‍ത്തിയെടുക്കുന്നതില്‍ സഖാവ് പി.വി. യെപ്പോലുള്ള നിര്‍ഭയരും നിഷ്കാമ കര്‍മ്മികളുമായ നേതാക്കളുടെ പങ്ക് അവിസ്മരണീയമാണ്. നിരവധി സമരങ്ങള്‍ക്ക് നെടുനായകത്വമേകുവാനോ, മുന്‍നിരയില്‍ നിന്നു പങ്കാളിയാകുവാനോ കഴിഞ്ഞിരുന്ന ഇദ്ദേഹം എന്നും ജനങ്ങളോടൊപ്പം ജനമധ്യത്തില്‍ നിന്ന് പട പൊരുതിയ നായകനായിരുന്നു. ഇതിനിടയില്‍ ഒരു കുടുംബജീവിതം പോലും നയിക്കുവാന്‍ മറന്നുപോയ അദ്ദേഹം വളരെ വൈകിമാത്രമാണ് വിവാഹജീവിതത്തിലേയ്ക്ക് കടന്നത്. അതാകട്ടെ പോലീസ് മര്‍ദ്ദനത്തിനിരയായി വാരിയെല്ലുകള്‍ ഒടിഞ്ഞ് ക്ഷയരോഗത്തിനടിമയായി ഒരു കൈത്താങ്ങ് കൂടാതെ കഴിയില്ല എന്ന അവസ്ഥ വന്നതിനുശേഷം മാത്രവും. വിപ്ളവം പ്രസംഗത്തില്‍ മാത്രമൊതുക്കുന്ന പല നേതാക്കള്‍ക്കും ഇതൊക്കെ മാതൃകയാകേണ്ടതു തന്നെയാണ്.

ബ്രിട്ടീഷ് സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനും രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ക്കും ശ്രമിക്കുന്നു എന്നതിനാല്‍ അന്നത്തെ അംശം അധികാരിക്കും സില്‍ബന്ധികള്‍ക്കുമുള്ള പക തീര്‍ക്കുവാന്‍ അവര്‍ പല കള്ളക്കേസുകളും ഉണ്ടാക്കി ഇദ്ദേഹത്തെ നിരന്തരം പീഡിപ്പിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനം ഒളിവിലിരുന്നു നടത്തേണ്ടിയിരുന്ന അക്കാലത്ത് ഇദ്ദേഹത്തിന്റെ വീട് പല നേതാക്കള്‍ക്കും ഷെല്‍ട്ടറായും പ്രവര്‍ത്തിച്ചിരുന്നു. അതോടെ, 1941-ല്‍ തന്നെ പാര്‍ട്ടി അംഗമായ അദ്ദേഹത്തോട് എതിരാളികള്‍ക്കുള്ള എതിര്‍പ്പും വര്‍ദ്ധിച്ചുവന്നു. മലബാറില്‍ രൂപീകൃതമായിരുന്ന കോണ്‍ഗ്രസ് ഗുണ്ടാപ്പടകളുടെ ഭീഷണികളും മര്‍ദ്ദനവും നിരന്തരം ഏറ്റുവാങ്ങേണ്ടിയും വന്നു. 1948-ല്‍ ലക്ഷ്മണഭക്തര്‍, കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗുണ്ടാപ്പട ഇദ്ദേഹത്തെ അതിക്രൂരമായി മര്‍ദ്ദിച്ചു. ശേഷം കാര്യം പയ്യന്നൂര്‍ പോലീസിനുള്ളതായിരുന്നു. കമ്മ്യൂണിസ്റ് പാര്‍ട്ടി മൂര്‍ദാബാദ് എന്നു വിളിക്കാന്‍ ആവശ്യപ്പെടുകയും അതു നിരസിച്ചതിന് പി.വി.-യെ അതിക്രൂരമായ മര്‍ദ്ദനത്തിന് വിധേയമാക്കുകയും തലയില്‍ മോസ്കോ റോഡ് വെട്ടുകയും തുടര്‍ന്ന് പയ്യന്നൂര്‍ പോലീസ് സ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകുകയും ചെയ്തു. അവരാകട്ടെ അദ്ദേഹത്തിന്റെ വാരിയെല്ലുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. ഈറോഡ് പെരുന്തുറ ആശുപത്രിയില്‍ വച്ച് സഖാവിന്റെ ഏഴു വാരിയെല്ലുകള്‍ നീക്കം ചെയ്യേണ്ടിവന്നു. കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ് കര്‍ഷക പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് സ്വജീവന്‍പോലും തൃണവല്‍ഗണിച്ച് വിപ്ളവത്തിന്റെ മാര്‍ഗ്ഗത്തിലൂടെ നയിച്ച സഖാവ് ഏറ്റെടുക്കുന്ന ഏതു ജോലിയും ഏറെ സത്യസന്ധമായും കൃത്യനിഷ്ഠയോടും ചെയ്തു തീര്‍ക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു.

രണ്ടാം ലോകയുദ്ധാരംഭം മുതല്‍ തുടങ്ങിയ അതിരൂക്ഷമായ ഭക്ഷ്യക്ഷാമം പരിഹരിക്കാനായി മാടായിയില്‍ രൂപീകൃതമായ ഉല്‍പാദകരുടേയും ഉപഭോക്താക്കളുടേയും സഹകരണസംഘം (പി.സി.സി. സൊസൈറ്റി) 1956-ല്‍ മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കായി ഉയര്‍ത്തി. മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് സഖാവ് പി.വി-യുടെ കഠിന പ്രയത്നത്തിലൂടെയാണ് കേരളത്തിലെ ഏറ്റവും വലിയ റൂറല്‍ ബാങ്കായി ഉയര്‍ത്താന്‍ കഴിഞ്ഞത്. അതുകൊണ്ടുതന്നെ ഈ ബാങ്ക് അറിയപ്പെട്ടത് അപ്പക്കുട്ടിയുടെ ബാങ്ക് എന്നാണ്. 26 കൊല്ലക്കാലം അദ്ദേഹം ഈ ബാങ്കിന്റെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചിരുന്നു. സഹകരണ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ മികവിനുള്ള അംഗീകാരമായി 1986-ല്‍ അദ്ദേഹത്തെ സംസ്ഥാന സഹകരണയൂണിയന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. കണ്ണൂരില്‍ സഹകരണ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിതമായത് അക്കാലത്തായിരുന്നു. സഹകരണ സര്‍ക്കിള്‍ യൂണിയന്‍ ചെയര്‍മാന്‍, കണ്ണൂര്‍ കോ-ഓപ്പറേറ്റീവ് പ്രസ്സ് സ്ഥാപക പ്രസിഡണ്ട്, റെയ്കോട് സ്ഥാപക വൈസ് ചെയര്‍മാന്‍ സ്പിന്നിങ്ങ് മില്‍ ഡയറക്ടര്‍, ബോര്‍ഡ് മെമ്പര്‍ എന്നിങ്ങനെ സഹകരണ മേഖലയില്‍ വിവിധ ചുമതലകള്‍ വഹിച്ചിട്ടുള്ള അദ്ദേഹം സഹകരണമേഖലയിലെ അതികായനായിരുന്നു. കേരളത്തിലെ പ്രാഥമിക സംഘടനകളുടെ പ്രശ്നങ്ങള്‍ പഠിക്കുവാനും പരിഹരിക്കുവാനും ആയി രൂപീകൃതമായ കേരള പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റി അസോസ്സിയേഷന്റെ സ്ഥാപകരില്‍ ഒരാളായിരുന്നു ഇദ്ദേഹം. കൂടാതെ ദീര്‍ഘകാലം ഇതിന്റെ സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കര്‍ഷകസംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി മെമ്പര്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ദേശാഭിമാനി വാരികയായി പ്രസിദ്ധപ്പെടുത്തുന്ന കാലം മുതല്‍ ദേശാഭിമാനി ഏജന്റായും, കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വാരികയും പത്രവും ആദ്യകാലത്ത് പി.വി. തന്നെയാണ് വിതരണം ചെയ്തിരുന്നത്. വരിസംഖ്യ അടയ്ക്കാത്തതിന്റെ പേരില്‍ ഒരിക്കല്‍പോലും ആര്‍ക്കും പത്രം നല്‍കാതിരുന്നിട്ടില്ല. അത്ര ശുഷ്ക്കാന്തി അക്കാര്യത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്നു.

1965-ല്‍ ഇന്ത്യാ-പാക്ക് യുദ്ധകാലത്ത് പാര്‍ട്ടി നേതാക്കന്മാരെ ഇന്ത്യാഗവണ്‍മെന്റ് ജയിലിലടച്ചപ്പോള്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനുള്ള ധൈര്യവും പി.വി. കാട്ടിയിരുന്നു. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഗ്രാമവികസന പ്രവര്‍ത്തനങ്ങള്‍ക്ക് സജീവമായ നേതൃത്വം നല്‍കുന്നതിനും അദ്ദേഹം യത്നിച്ചിരുന്നു.

കല്യാശ്ശേരി-കണ്ണപുരം എല്‍.പി. സ്കൂളിലെ ടീച്ചറായിരുന്ന അമ്മുക്കുട്ടിയാണ് വൈകി വന്ന വസന്തംപോലെ സഖാവിന്റെ ജീവിതത്തിലേയ്ക്ക് കടന്നുവന്നത്. സഖാക്കളും സഹപ്രവര്‍ത്തകരും തന്റെ വധുവായി തെരഞ്ഞെടുത്തു നല്‍കിയ അമ്മുക്കുട്ടിയെ പാര്‍ട്ടി നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ മണ്ടൂര്‍ വായനശാലയില്‍ വച്ച് 1969-ല്‍ ജീവിതസഖിയായി സ്വീകരിച്ചു. മാടായി ബാങ്കില്‍ ജോലി ചെയ്യുന്ന മുരളിയും കണ്ണൂര്‍ കോടതിയില്‍ വക്കീലായി പ്രാക്ടീസു ചെയ്യുന്ന സരളയും ഇവരുടെ മക്കളാണ്.

നല്ല നാളേയ്ക്കു വേണ്ടിയുള്ള സാമൂഹ്യമാറ്റത്തിനായുള്ള പോരാട്ടത്തില്‍ അടിപതറാതെ മുന്നേറിയ, അടിച്ചമര്‍ത്തപ്പെട്ടവരുടെ നായകന്‍, കാലഘട്ടത്തെ സ്വാധീനിച്ച അതികായന്‍ ആണ് സഖാവ് പി.വി.

              
Back

  Date updated :