ഔദ്യോഗികസേവനരംഗത്ത് തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നവരാണ് ഡോ. ടി. കെ. രാജീവും ഭാര്യ എം. ടി. ഗിരിജാകുമാരിയും.
വെറ്റിനറി ഡോക്ടര്‍ എന്ന നിലയില്‍ വിവിധ ഗ്രാമീണമേഖലകളില്‍ സാമൂഹ്യവികസനലക്ഷ്യത്തോടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം കാഴ്ചവച്ച വ്യക്തിയാണ് ഡോ. രാജീവ്. ഔദ്യോഗികരംഗത്തെ ഉത്തരവാദിത്വങ്ങള്‍ സേവനമനോഭാവത്തോടുകൂടി ചെയ്യാനുള്ള താല്പര്യമാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത.
എറണാകുളം ജില്ലയിലെ കോതമംഗലം കീരന്പാറയിലെ പരേതനായ താഴത്തൂട്ട് നീലകണ്ഠന് കോരുവിന്റെയും മൂവാറ്റുപുഴ സ്വദേശി മോളെക്കുടി പുത്തന്‍പുരയില്‍ ഭവാനിയുടെയും മൂത്തമകനായി 1962 മെയ് 27-ന് ഇദ്ദേഹം ജനിച്ചു. ഊഞ്ഞാപ്പാറ മാര്‍ത്തോമാ ലോവര്‍ പ്രൈമറി സ്കൂള്‍, എം. എസ്. എല്‍. പി. സ്കൂള്‍, കീരന്പാറ സെന്റ് സ്റീഫന്‍സ് ബോയ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളെജില്‍നിന്നു പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളെജില്‍നിന്നു ബി.എസ്സിയും എം. എസ്സിയും പൂര്‍ത്തിയാക്കി. സുവോളജിയായിരുന്നു വിഷയം. പ്രീഡിഗ്രി പഠനകാലത്ത് വെറ്റിനറി മെഡിസിന് എന്‍ട്രന്‍സ് പരീക്ഷ എഴുതിയെങ്കിലും പോയില്ല. പി. ജിക്കു പഠിക്കുന്ന സമയം വീണ്ടും എന്‍ട്രന്‍സ് എഴുതി കിട്ടുകയും മണ്ണുത്തി വെറ്റിനറി കോളെജില്‍നിന്ന് 1987-ല്‍ കോഴ്സ് പൂര്‍ത്തിയാക്കുകയും ചെയ്തു. ചെറുപ്പത്തില്‍ ധാരാളം വായിക്കുമായിരുന്നു. ആധ്യാത്മികഗ്രന്ഥങ്ങള്‍ വായിക്കുന്നതിനു വലിയ താല്പര്യമായിരുന്നു. അമ്മ ധാരാളം ആധ്യാത്മിക ഗ്രന്ഥങ്ങള്‍ വായിച്ചു കേള്‍പ്പിക്കാറുണ്ടായിരുന്നു. യാത്രാവിവരണങ്ങള്‍, അപസര്‍പ്പക കഥകള്‍ എന്നിവ വായിക്കുന്നതിലും തല്പരനായിരുന്നു. പൌരാണിക ആചാരാനുഷ്ഠാനങ്ങളിലും അതിലെ സനാതന സത്യങ്ങളിലും ഇദ്ദേഹം ആകൃഷ്ടനായി. സ്കൂള്‍ പഠനകാലത്ത് കഥാരചന നടത്തിയിരുന്നു. ദാരിദ്യ്രദു:ഖത്തില്പെട്ട ഒരു കുടുംബത്തിന്റെ കഥയായിരുന്നു ഇദ്ദേഹത്തിന്റെ ആദ്യകഥാവിഷയം. ഹൈസ്കൂള്‍ പഠനകാലത്തും കോളെജ് പഠനകാലത്തും എന്‍. സി. സിയില്‍ പ്രവര്‍ത്തിച്ചു. വെറ്റിനറി കോളെജ് പഠനകാലത്ത് എന്‍. സി. സി. അശ്വാരൂഢസേനയില് പ്രവര്‍ത്തിച്ചു.
കലാരംഗത്തും ഇദ്ദേഹം തല്പരനായിരുന്നു. ശാസ്ത്രീയസംഗീതം അഭ്യസിച്ചിരുന്നു. ഓട്ടന്തുള്ളല്, ഫാന്‍സിഡ്രസ്സ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്. വെറ്റിനറി കോളെജ് ഫുട്ബോള്‍ ടീമംഗമായിരുന്നു. 1981 കാലത്ത് മൂവാറ്റുപുഴയില്‍ ഷോട്ടോഖാന്‍ കരാട്ടെയില്‍ പരിശീലനം നടത്തി. ഇന്ദിരടീച്ചര്‍, പരേതനായ പ്രഫ. പി. കെ. ബി. നായര്‍, പ്രഫ. കെ. എസ്. പി. കര്‍ത്ത, പ്രഭാകരന്‍പിള്ള സാര്‍, സി. ടി.ഏലിയാസ് മാഷ് എന്നിവര്‍ പഠനകാലഘട്ടത്തില്‍ തന്നെ വളരെ സ്വാധീനിച്ചിരുന്ന അധ്യാപകരായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.
1991 ജനുവരി ഒന്നിന് പബ്ളിക്ക് സര്‍വ്വീസ് കമ്മീഷന് വഴി വെറ്റിനറി ഡോക്ടറായി നിയമനം ലഭിച്ചു. പാലക്കാട് ജില്ലയിലെ കുന്നത്തൂര്‍ ഗ്രാമത്തില്‍ ആയിരുന്നു ആദ്യ നിയമനം. 1993-ല്‍ ഇടുക്കി ജില്ലയിലെ വളക്കോട് എന്ന സ്ഥലത്തേയ്ക്ക് മാറ്റമായി. ഒരു അവികസിത മേഖലയായ ഇവിടെ നല്ല ആശുപത്രി സൌകര്യം പോലുമില്ലായിരുന്നു. നാട്ടുകാരെ സംഘടിപ്പിച്ച് സ്ഥലം വാങ്ങി ആശുപത്രി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന് സാധിച്ചു. 1994 മാര്‍ച്ചില്‍ പണി പൂര്‍ത്തീകരിച്ചു. 1994 നവംബര്‍ മുതല്‍ 1997 ഫെബ്രുവരി വരെ പത്തനംതിട്ടയിലെ വെച്ചൂച്ചിറയില്‍ ജോലി ചെയ്തു. ഇക്കാലയളവില്‍ ഔദ്യോഗികരംഗത്ത് പല കാര്യങ്ങളും ചെയ്യുന്നതിന് സാധിച്ചു. സെമിനാറുകളും എക്സിബിഷനുകളും ട്രീറ്റ്മെന്റ് ക്യാമ്പുകളും നല്ല രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിച്ചു. തുടര്‍ന്ന് സീതത്തോട് എലന്തൂര്‍, എറണാകുളം തിരുമാറാടി എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 1999-ല്‍ കണ്ണൂര്‍ ജില്ലയിലെ മുണ്ടയാടുള്ള കോഴിവളര്‍ത്തു ഫാമിന്റെ അസിസ്റന്റ് ഡയറക്ടറായി ചാര്‍ജെടുത്തു. പരിതാപകരമായ അവസ്ഥയിലായിരുന്ന ഈ സ്ഥാപനത്തെ മെച്ചപ്പെട്ട സ്ഥിതിയിലാക്കുന്നതിന് ഇദ്ദേഹം പരിശ്രമിച്ചു.
2003-ല്‍ ഇരിട്ടി വെറ്റിനറി പോളിക്ളിനിക്കില്‍ ജോലി ചെയ്തിരുന്ന കാലത്ത് കിളിയന്തറ ചെക്ക് പോസ്റില്‍ മേഖലാ ബീജധാന കേന്ദ്രത്തിന്റെയും വെറ്റിനറി കേന്ദ്രത്തിന്റെയും ചുമതല ഇദ്ദേഹത്തിനായിരുന്നു. 2005 മുതല്‍ എടക്കാട് സീനിയര്‍ വെറ്റിനറി സര്‍ജനായി സേവനമനുഷ്ഠിക്കുന്നു. 1991 മുതല്‍ വെറ്റിനറി അസോസിയേഷനംഗമായ ഇദ്ദേഹം 2000-ല്‍ ജില്ലാപ്രസിഡന്റ് പദവിയും വഹിച്ചു. 91 മുതല്‍ കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന് അംഗവും കൂടിയാണ്.
1994 മാര്‍ച്ച് 27-നായിരുന്നു രാജീവിന്റെ വിവാഹം. പരേതരായ എം. കെ തങ്കപ്പന്റെയും ചെല്ലമ്മയുടെയും മകള്‍ എം. ടി. ഗിരിജാകുമാരിയാണ് ഭാര്യ. ഇവര്‍ കണ്ണൂരില്‍ ക്ഷീരവികസനവകുപ്പിന്റെ ക്വാളിറ്റികണ്ട്രോള് യൂണിറ്റില്‍ യു.ഡി. ക്ളാര്‍ക്കായി ജോലി ചെയ്യുന്നു. ഇടമുറി ഗവ. ഹൈസ്കൂള്‍, സെന്റ് തോമസ് കോളെജ് റാന്നി, പത്തനംതിട്ട കാതോലിക്കേറ്റ് കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം. എസ് സിക്കുശേഷം കോട്ടയം മൌണ്ട് കാര്‍മല്‍ ട്രെയിനിങ് കോളെജില്‍നിന്നു ബി. എഡ്. പൂര്‍ത്തിയാക്കി. സാഹിത്യാഭിരുചിയുണ്ടായിരുന്ന ഇവര്‍ കോളെജ് മാഗസിനില്‍ കവിതകള്‍, കഥകള്‍ എന്നിവ എഴുതിയിരുന്നു. വര്‍ഷമേഘങ്ങളെ മാപ്പ് എന്ന കവിതയും ഈ പൌര്‍ണ്ണമിയില്‍ ഇരുളുകള്‍ മാത്രം എന്ന ചെറുകഥയും ഏറെ ശ്രദ്ധേയമായി. പ്രകൃതിയുടെ ജീവനാശം വരുത്തുന്ന മനുഷ്യരുടെ ചെയ്തികള്‍ കണ്ട് ഗിരിജാകുമാരി എഴുതിയ പുതിയ കവിതയാണ് മഞ്ഞുമേടയുടെ മരണം.
ബി. എഡ്. പഠനകാലത്ത് കോളെജ് യൂണിയന് ആര്‍ട്സ് ക്ളബ്ബ് സെക്രട്ടറിയായിരുന്ന ഇവര്‍ സി. എല്‍. ജോസിന്റെ തീപിടിച്ച ആത്മാവ് എന്ന നാടകം സംവിധാനം ചെയ്ത് അവതരിപ്പിക്കുകയുണ്ടായി. മതസൌഹാര്‍ദ്ദത്തെ ആസ്പദമാക്കി എഴുതിയ മനുഷ്യന് എന്ന നാടകം സ്കൂള്‍ പഠനകാലത്ത് അവതരിപ്പിച്ച് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ഡിഗ്രിപഠനകാലത്ത് ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. 1991-ല്‍ കവിയൂര്‍ ഗവ. ഹൈസ്കൂളില്‍ ടീച്ചറായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ചു. 1994-ല്‍ ക്ഷീരവികസനവകുപ്പില്‍ എല്‍. ഡി. സി. ആയി. അഞ്ചുവര്‍ഷം പത്തനംതിട്ടയില്‍ ജോലി ചെയ്തു. 1999-ല്‍ കണ്ണൂരിലേയ്ക്കു സ്ഥലം മാറ്റം ലഭിച്ചു. 1994 മുതല്‍ എന്‍. ജി. ഒ. യൂണിയനില്‍ സജീവാംഗമാണ്. മികച്ച സാഹിത്യകൃതികള്‍ വായിക്കുന്നതിന് ഏറെ ഇഷ്ടപ്പെടുന്നു. എം. ടി., മുകുന്ദന്, ഒ. വി. വിജയന്, അരുന്ധതി റോയ്, ഓര്‍ഹന്‍ പാമുക്ക്, ബാണഭട്ടന് തുടങ്ങിയവരുടെ കൃതികള്‍ ഉള്‍പ്പെടുന്ന പുസ്തക ശേഖരം ഇവര്‍ക്കുണ്ട്. വത്സല, റാന്നിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന വേണു, കൊല്ലം ചെറുമൂട് ക്ഷീരവികസന ഓഫീസര്‍ ഉഷാകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.
കണ്ണൂര്‍ കേന്ദ്രിയവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ അശ്വിന്‍ഘോഷ്, അരവിന്ദ്ഘോഷ് എന്നിവരാണ് ഈ ദമ്പതികളുടെ മക്കള്‍.
പരേതനായ രാജേന്ദ്രപ്രസാദ് (മെഡിക്കല്‍ കോളെജ് സയന്റിഫിക്ക് അസിസ്റന്റ്), ബി. ടെക് കഴിഞ്ഞ് കണ്‍സ്ട്രക്ഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചന്ദ്രബോസ് എന്നിവര്‍ രാജീവിന്റെ സഹോദരങ്ങളാണ്. |