P.P. APPU MASTER

P.P. APPU MASTER

Any

Reading

Problem

Social-figures

JAGANNATH HINDI MAHAVIDHYALAM

TEMPLE GATE, THALASSERY - 670 102

Kannur, 0490-2356910, 9447437842

Nil

Back

Nil

ശതാഭിഷേകവേളയില്‍ ആഭ്യന്തര മന്ത്രി കോടിയേരിയോടൊപ്പം അപ്പുമാസ്റര്‍

ഗാന്ധിജി തലശ്ശേരിയില്‍ പ്രസംഗിക്കുന്നു. ആള്‍ക്കൂട്ടത്തില്‍ ഒരു പത്തുവയസ്സുകാരനുമുണ്ട്. ഗാന്ധിജിയുടെ ബോലോ ഭാരത് മാതാ കീ ജയ് വന്ദേമാതരം എന്നീ വാക്കുകള്‍ ആ കുഞ്ഞുമനസ്സില്‍ തീജ്വാലകള്‍ പടര്‍ത്തി. ഹിന്ദി പഠിക്കണമെന്ന ആഗ്രഹം ആ മനസ്സില്‍ മുളച്ചു. പിന്നീടുള്ളത് ചരിത്രത്തിന്റെ ഭാഗമാണ്. ആ കുട്ടി വളര്‍ന്ന് ഹിന്ദിയില്‍ പ്രാവീണ്യം നേടി. ഹിന്ദി പ്രചാരണത്തിനായി സ്വാതന്ത്യ്രസമരത്തിനിടെ നിയോഗിക്കപ്പെട്ടു. അനേകായിരങ്ങള്‍ക്ക് ഹിന്ദി പാഠങ്ങള്‍ പകര്‍ന്നുകൊടുത്തു. ഇത് അപ്പുജി എന്ന പി.പി. അപ്പുമാസ്റര്‍.

1922 നവംബര്‍ 11-ന് കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരിയില്‍ ഒരിടത്തരം കുടുംബത്തില്‍ എസ്. വേലുപ്പിള്ളയുടെയും ആര്‍. മീനാക്ഷിയമ്മയുടെയും മകനായി ജനിച്ചു. ഹിന്ദി പഠനം നിയമവിരുദ്ധമായിരുന്ന ഒരു കാലഘട്ടത്തില്‍ തിരുവങ്ങാട് ചാലിയ യു.പി. സ്കൂളില്‍നിന്നാണ് ഹിന്ദിയുടെ ആദ്യപാഠങ്ങള്‍ പഠിച്ചുതുടങ്ങിയത്. എസ്.എസ്.എല്‍.സി.ക്കുശേഷം ഹിന്ദി പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. മദ്രാസിലെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയില്‍നിന്ന് ഹിന്ദി രാഷ്ട്രഭാഷ പ്രവീണും ആഗ്രയിലെ സെന്‍ട്രല്‍ ഹിന്ദി ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് പാരംഗതും സെക്കന്‍ഡറി അദ്ധ്യാപകട്രെയിനിങ്ങും ഹിന്ദി പ്രചാരക് ട്രെയിനിങ്ങും പൂര്‍ത്തിയാക്കി. 

ഹിന്ദി പ്രചരണാര്‍ത്ഥം സ്വാതന്ത്യ്രസമരത്തില്‍ പങ്കുചേര്‍ന്ന അപ്പുജി വിശാരദ് പാസ്സായശേഷം കോഴിക്കോട് വെസ്റ്ഹില്‍ ഹിന്ദി വിദ്യാലയത്തില്‍ അദ്ധ്യാപകനായി. എരഞ്ഞിപ്പാലം, നായനാര്‍ ബാലികാസദനം, ബിലാത്തിക്കുളം യു.പി. സ്കൂള്‍, സെന്റ് മൈക്കിള്‍സ് യു.പി. സ്കൂള്‍, ചുങ്കം വായനശാല, പുത്തൂര്‍ കോണ്‍ഗ്രസ് ഭവന്‍, വാഗ്ഭടാനന്ദ വായനശാല എന്നിവിടങ്ങളില്‍ ഹിന്ദി ക്ളാസ്സുകള്‍ സംഘടിപ്പിച്ചു. പ്രവീണ്‍ പാസ്സായപ്പോള്‍ വീണ്ടും തലശ്ശേരിയിലേയ്ക്കു വന്നു. കേരളായൂണിവേഴ്സിറ്റിയുടെ ഹിന്ദി വിദ്വാനും ഹൈസ്കൂള്‍ അദ്ധ്യാപകനാകാനുള്ള പ്രചാരക് ട്രെയിനിങ്ങും പാസ്സായത് പിന്നീടാണ്.

1942 മുതല്‍ 46 വരെ തിരുവങ്ങാട് ചാലിയ യു.പി. സ്കൂള്‍ ഹിന്ദി അദ്ധ്യാപകനായിരുന്ന അപ്പുമാസ്റര്‍ 1949 മുതല്‍ 78 വരെ തലശ്ശേരി സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായിരുന്നു. അനേകായിരങ്ങള്‍ക്ക് ഹിന്ദിയുടെ പാഠങ്ങള്‍ പകര്‍ന്നുകൊടുക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

1948 നവംബര്‍ 11, തന്റെ ജീവിതത്തിലെ അവിസ്മരണീയദിനമായി അപ്പുമാസ്റര്‍ കരുതുന്നു. അന്നാണ് തലശ്ശേരിയില്‍ ജഗന്നാഥ് ഹിന്ദി മഹാവിദ്യാലയം ഇദ്ദേഹം സ്ഥാപിച്ചത്. ഹിന്ദിയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകളും ഹിന്ദി പ്രചാരകര്‍ക്കും അദ്ധ്യാപകര്‍ക്കും പരിശീലനപരിപാടികളും ഇവിടെ നടത്തിവരുന്നു. ഇദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമഫലമായി വിദ്യാലയത്തില്‍ കേന്ദ്രീയ ഹിന്ദി ഗവേഷണ ഗ്രന്ഥാലയം സ്ഥാപിച്ചിട്ടുണ്ട്.

1947 മുതല്‍ മുഴുവന്‍സമയ ഹിന്ദിപ്രചാരകനായി പ്രവര്‍ ത്തിക്കുന്ന അപ്പുമാസ്റര്‍ 1952 മുതല്‍ ഹിന്ദി പ്രചാരസഭയുടെ ജനറല്‍ ബോഡിയംഗമാണ്. 1964 മുതല്‍ 2002 വരെ ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ കേരള എക്സിക്യൂട്ടീവ് സമിതി അംഗമായിരുന്നു. സഭയുടെ മദ്രാസ് എക്സിക്യൂട്ടീവ്, അക്കാദമിക് കൌണ്‍സില്‍ അംഗം (1974-94), കേരള ശാഖാ വിശേഷാധികാരി (1983) എന്നീനിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അഞ്ചാംക്ളാസ്സില്‍ പഠിക്കുമ്പോള്‍ നൂല്‍നൂല്‍ക്കാന്‍ പഠിച്ച അപ്പുജി ഖാദി പ്രചരണാര്‍ത്ഥം നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഗ്രാമങ്ങള്‍ തോറും ഖാദി വില്‍പ്പന നടത്തിയ ഇദ്ദേഹത്തെ പോലീസ് പിടിച്ച് ഖാദി കുപ്പായങ്ങള്‍ വലിച്ചു കീറുകയുണ്ടായി.

കോഴിപ്പുറത്ത് മാധവമേനോന്‍, എ.കെ.ജി, പി. കൃഷ്ണപിള്ള, എല്‍.എസ്. പ്രഭു, പി. കുഞ്ഞിരാമന്‍ വക്കീല്‍, എം. അച്യുതന്‍ തുടങ്ങിയ പ്രമുഖ നേതാക്കളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

1942 മുതല്‍ 46 വരെ മലബാര്‍ പ്രൈമറി അദ്ധ്യാപകസംഘടനയുടെ പ്രവര്‍ത്തകനായിരുന്നു. 1949 മുതല്‍ 78 വരെ പ്രൈവറ്റ് സെക്കന്‍ഡറി സ്കൂള്‍ അദ്ധ്യാപകസംഘടനയില്‍ അംഗമായിരുന്നു.

1968-ല്‍ തലശ്ശേരി പിലാക്കൂല്‍ ശ്രീമാരിയമ്മന്‍ കോവിലിന്റെ രക്ഷാധികാരിയായി. കഴിഞ്ഞ 34 വര്‍ഷമായി മാരിയമ്മന്‍ സേവാസമിതിയുടെ അധ്യക്ഷനാണ്. ഉത്സവകാലത്ത് മത- സാംസ്കാരിക സമ്മേളനങ്ങള്‍ നടത്താറുണ്ട്.

ഇദ്ദേഹത്തിന്റെ മഹത്തായ സേവനങ്ങള്‍ക്ക് തിലകക്കുറിയായി നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയുടെ സുവര്‍ണ്ണ ജയന്തി പുരസ്ക്കാരം, ഹീരക് ജയന്തി പുരസ്ക്കാരം, വിശിഷ്ടസേവാ പുരസ്ക്കാരം, രജതജയന്തി പുരസ്ക്കാരം, വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠം വിശിഷ്ടസേവാ പുരസ്ക്കാരം, 2004-ല്‍ ഹിന്ദി സാഹിത്യസമ്മേളന്‍, പ്രയാഗ് ഹിന്ദി മാര്‍ത്താണ്ട് അവാര്‍ഡ് 2007-ല്‍ ഭാഷാ സമന്വയവേദി കോഴിക്കോട് രാഷ്ട്രഭാരതി പുരസ്ക്കാരം, 2009-ല്‍ സര്‍ദാര്‍ ചന്ദ്രോത്ത് മെമ്മോറിയല്‍ ട്രസ്റ് ശ്രീ ടി.എച്ച്. ബാലന്‍ മൊകേരി പുരസ്ക്കരം എന്നിവ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹം ഹിന്ദി ഭാഷയും സേവനത്തിനും നല്‍കിയിട്ടുള്ള സേവനങ്ങള്‍ നിരുപമവും നിസ്തുലവുമാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായാണ് അദ്ദേഹം ഹിന്ദി പ്രചാരകന്‍ സ്വാതന്ത്യസമരസേനാനി എന്നീ നിലകളില്‍ പ്രവര്‍ത്തനമാരംഭിച്ചത്. അദ്ദേഹം നന്മ നിറഞ്ഞ അദ്ധ്യാപകനും ഉത്തമനായ മാര്‍ഗ്ഗദര്‍ശിയും ഉത്തുംഗമായ സേവനപാതയിലെ ധീരനായ കര്‍മ്മയോഗിയുമായി ചരിത്രത്തിന്റെ വീഥികളിലൂടെ നടന്നു കയറി. ഹിന്ദി പ്രചാരകന്‍, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ തലശ്ശേരിയിലെ ഹിന്ദി പ്രചരണത്തിന്‍രെ ജൈത്രയാത്രകയ്ക്ക് ഇദ്ദേഹം തുടക്കം കുറിച്ചു.

തലശ്ശേരി തിരുവങ്ങാട് ക്ഷേത്രത്തിനു സമീപം നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളഗാന്ധി കേളപ്പന്‍ അയിത്തോച്ചാടത്തിനും ജാതി വ്യവസ്ഥയ്ക്കുമെതിരായി നടത്തിയ പ്രസംഗം കേട്ട് നാലാം ക്ളാസ്സുകാരനായ അപ്പുജി പിറ്റേദിവസം ഹെഡ്മാസ്ററോട് തന്റെ പേരിന്റെ കൂടെയുള്ള പിള്ള എന്ന ജാതിപ്പേര് എടുത്തു കളയാന്‍ ആവശ്യപ്പെട്ടു. ഗാന്ധിജിയില്‍ ആകൃഷ്ടനായ അപ്പുജി ജാതിമത വ്യവസ്ഥിതികള്‍ക്കെതിരായ ഒരു സാമൂഹികപ്രവര്‍ത്തകനായി പില്‍ക്കാലത്ത് ഏറെ ശ്രദ്ധ നേടി. വിദേശി വസ്ത്ര ഹിഷ്ക്കരണം, മദ്യ നിരോധനം തുടങ്ങിയ സമരങ്ങളില്‍ സജീവമായി പങ്കെടുത്ത അദ്ദേഹത്തിന് പോലീസ് അറസ്റും പിഡനവും ലോക്കപ്പ് വാസവും ഏറെ അനുഭവിക്കേണ്ടി വന്നു. 8-ാം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ സ്കൂളില്‍ നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയതിനാല്‍ പരീക്ഷയില്‍ ഒന്നാമനായിരുന്നിട്ടുകൂടി തോല്‍പ്പിക്കുകയും ഉന്നത പഠനത്തിനുള്ള അനുമതി നിക്ഷേധിച്ചുകൊണ്ട് പോലീസ് ഇന്‍സ്പെക്ടര്‍ കുറിപ്പ് എഴുതുകയും ചെയ്തു. വിദ്യാഭ്യാസവകുപ്പുമായുള്ള നിരന്തര പോരാട്ടത്തിനുശേഷമാണ് പിന്നീട് അദ്ധ്യാപക പരിശീലനകോഴ്സില്‍ ചേരാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചത്. സമരോജ്വലവും ത്യാഗപൂര്‍ണ്ണവുമായ ജീവിതത്തിലൂടെ അനേകായിരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശമേകാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

ഇപ്പോള്‍ ജഗന്നാഥ ഹിന്ദി മഹാവിദ്യാലയം പ്രിന്‍സിപ്പാളും സെക്രട്ടറിയുമാണ്. ശ്രീമാരിയമ്മന്‍ കോവില്‍ പ്രസിഡന്റ്, മാരിയമ്മന്‍ വാര്‍ഡ് കോണ്‍ഗ്രസ് സമിതി പ്രസിഡന്റ് എന്നീനിലകളിലും പ്രവര്‍ത്തിക്കുന്നു.

എം. വള്ളിയമ്മാളാണ് ഭാര്യ. ഏഴുമക്കളുണ്ട്. മക്കളും മരുമക്കളും സഹോദരിയും ഹിന്ദി പ്രചാരസഭയുടെ പരീക്ഷകള്‍ പാസ്സായിട്ടുണ്ട്. ഹിന്ദി പ്രചരണവുമായി ബന്ധപ്പെട്ട് ഇവര്‍ പ്രവര്‍ത്തിക്കുന്നു.

              
Back

  Date updated :