ഗ്രന്ഥശാലാപ്രവര്‍ത്തകന്‍, പൊതുപ്രവര്ത്തകന്, സാംസ്കാരികനായകന് എന്നീനിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ശ്രീ. ടി. അജയകുമാര്‍. കെട്ടിടനിര്മ്മാണത്തൊഴിലാളിയും കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ ആദ്യകാല പ്രവര്‍ത്തകനുമായിരുന്ന കൃഷ്ണന്റെയും താഴത്തടവന് ലീലയുടെയും മകനായി 1964-ല്‍ അജയകുമാര്‍ ജനിച്ചു.
കല്ല്യാശ്ശേരി സെന്‍ട്രല്‍ എല്‍.പി. സ്കൂള്‍, കല്ല്യാശ്ശേരി സൌത്ത് യു.പി.സ്കൂള്‍, കെ.പി.ആര് ഗോപാലന് സ്മാരക ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്, കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പ്രീഡിഗ്രിക്കുചേര്‍ന്നു. സ്കൂള്‍ കാലഘട്ടം മുതല്‍ തന്നെ ഇദ്ദേഹം നാടകങ്ങളില്‍ പങ്കെടുക്കുമായിരുന്നു. കോളജില്‍ പഠിക്കുന്ന സമയത്ത് റാഗിങ്ങിനെതിരെ അജയകുമാറിന്റെ നേതൃത്വത്തില്‍ പ്രതിഷേധസമരം നടത്തിയതിനെത്തുടര്‍ന്ന് ഇദ്ദേഹത്തെ കോളജില്‍നിന്ന് സസ്പെന്റ് ചെയ്തു. അതിനുശേഷം കോളജിനുമുന്നില്‍ ഇദ്ദേഹം അനിശ്ചിതകാല നിരാഹാരസമരം നടത്തി.
പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്കില്‍ പത്ത് വര്‍ഷത്തോളം ബില്‍ കളക്ടറായി ഇദ്ദേഹം ജോലിചെയ്തിട്ടുണ്ട്. വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായ ഇദ്ദേഹം ബാലസംഘം പ്രവര്‍ത്തകനും സംഘത്തിന്റെ വില്ലേജ് സെക്രട്ടറിയുമായിരുന്നു. എസ്.എഫ്.ഐ മാടായി ഏരിയാപ്രസിഡണ്ട്, ജില്ലാക്കമ്മറ്റി മെമ്പര്‍, ഡി.വൈ.എഫ്.ഐ മാടായി ഏരിയാസെക്രട്ടറി, പ്രസിഡണ്ട്, ജില്ലാട്രഷറര്‍, സംസ്ഥാന വൈസ്പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. മാങ്ങാട് ഗാര്‍മെന്റ്സ് തൊഴിലാളി യൂണിയന് പ്രസിഡണ്ട്, സി.ഐ.ടി.യു ജില്ലാക്കമ്മറ്റി മെമ്പര്‍, ചെത്തുതൊഴിലാളി യൂണിയന് റെയ്ഞ്ച് സെക്രട്ടറി, കല്ല്യാശ്ശേരി എഡ്യൂക്കേഷണല്‍ സൊസൈറ്റി (ആംസ്റെക്) ചെയര്മാന്, സംസ്ഥാന ലൈബ്രറി കൌണ്‍സില്‍ അംഗം, പാറക്കടവ് വായനശാല ആന്റ് ഗ്രന്ഥശാല പ്രസിഡന്റ,് സി.പി.ഐ(എം) ഏരിയാക്കമ്മറ്റി മെമ്പര്‍, സി.ഐ.ടി.യു ഏരിയാസെക്രട്ടറി എന്നീ ചുമതലകള്‍ ഇപ്പോള്‍ വഹിക്കുന്നു.
ഡി.വൈ.എഫ്.ഐ.യുടെ സ്റേറ്റ് പ്രസിഡണ്ട് കല്യാശ്ശേരി വീവേഴ്സ് സൊസൈറ്റി പ്രസിഡണ്ട്, DELCO ചെയര്മാന്, പാറക്കടവ് അഗ്രികള്‍ച്ചറല്‍ വെല്‍ഫയര്‍ സൊസൈറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങളും വഹിച്ചുവരുന്നു.
ഇ.എം.എസ്, എ.കെ.ജി മുതലായ മഹാന്മാരുടെ പാത പിന്തുടരാന് ആഗ്രഹിക്കുന്ന ഇദ്ദേഹത്തിന് പൊതു പ്രവര്‍ത്തനം ദിനചര്യയാണ്. ചരിത്രസ്മരണകളുറങ്ങുന്ന കല്ല്യാശ്ശേരിയില്‍ ജനിച്ച അജയകുമാര്‍, കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അടിയുറച്ച പോരാളിയും തേരാളിയുമാണ്. നിരവധി കേസുകളില്‍ പ്രതിയാക്കപ്പെടുകയും ഒരു മാസത്തിലധികം ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
കുറ്റ്യാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തകുമാരി, ജയഷീല, പ്രേമലത എന്നിവര്‍ ഇദ്ദേഹത്തിന്റെ സഹോദരിമാരാണ്. ചെക്കിക്കുളത്തെ കൃഷ്ണന്-മാധവി ദമ്പതികളുടെ മകള്‍ ഇന്ദിരയാണ് അജയകുമാറിന്റെ ഭാര്യ. ഇവര്‍ പാപ്പിനിശ്ശേരി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് ജീവനക്കാരിയാണ്. മൊറാഴ സൌത്ത് എ.എല്‍.പി.സ്കൂള്‍ നാലാംക്ളാസ്സ് വിദ്യാര്‍ത്ഥി ആദര്‍ശ്, പാപ്പിനിശ്ശേരി നഴ്സറി സ്കൂള്‍ വിദ്യാര്‍ത്ഥി അവിനാശ് എന്നിവരാണ് അജയകുമാറിന്റെ മക്കള്‍. |