K. Ajitha

K. Ajitha

Any

Reading

Problem

Nil

Harithakam

Thondayad

Kozhikkode, 0495-2744370, 9349127426

Nil

Back

NIL

കാലം തെളിയിച്ച പെണ്‍കരുത്തിന്റെ പ്രതീകമായി കേരളസമൂഹത്തിനുമുമ്പില്‍ തലയെടുപ്പോടെ നില്‍ക്കുന്ന അജിതയുടെ ജീവിതത്തിന് ഒരു ഫ്ളാഷ്ബാക്കുണ്ട്. അത് മലയാളനാട്ടിലെ ഓരോ മണ്‍തരികള്‍ക്കുപോലും സുപരിചിതവുമാണ്. തന്റെ മാതാപിതാക്കളുടെ പാതപിന്തുടര്‍ന്ന് നക്സല്‍ പ്രസ്ഥാനത്തില്‍ ചേരുകയും രക്തരൂക്ഷിതമായ വിപ്ളവത്തിനായി ആയുധമെടുക്കുകയും ചെയ്ത ഈ ധീരവനിത ഇപ്പോള്‍ അശരണരായ സ്ത്രീകളുടെയും കുട്ടികളുടെയും തണല്‍മരമാണ്.
അട്ടകടിച്ചുവീര്‍ത്ത കാലുകളുമായി പാന്റ്സും ബ്ളൌസുമിട്ട് പോലീസ് സ്റേഷനിലെ സ്റൂളിനുമുകളില്‍ തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന അജിതയുടെ ചിത്രം മനഃസാക്ഷിയുള്ള കേരളത്തിന് ഒരിക്കലും മറക്കാനാവുന്നതല്ല. പോലീസിന്റെ മൃഗീയമായ മൂന്നാംമുറകള്‍ക്കുമുമ്പില്‍ കീഴടങ്ങുന്നതായിരുന്നില്ല ആ വ്യക്തിത്വം. മാധ്യമങ്ങളും ഈ വനിതയെ വേണ്ടുവോളം തേജോവധം ചെയ്തു. ഗ്ളാമര്‍ ഗേള്‍ ഓഫ് നക്സലൈറ്റ്സ് എന്ന അടിക്കുറിപ്പോടെയാണ് ഒരു ഇംഗ്ളീഷ് പത്രം അജിതയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. അവിഹിതമായി ഗര്‍ഭം ധരിച്ചുവെന്നുവരെ ഇവരെക്കുറിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചു.
അജിത ചെയ്തത് ശരിയോ തെറ്റോ ആകട്ടെ. എന്തിനാണ് ഈ വനിതയെ അവശനിലയിലായിരുന്നിട്ടും സ്റൂളില്‍ കയറ്റി നിര്‍ത്തി പോലീസ് പ്രദര്‍ശനവസ്തുവാക്കിയതെന്ന ചോദ്യം ഇനിയും അവശേഷിക്കുന്നു.
അച്ഛനമ്മമാരുടെ പ്രേരണയൊന്നും വിപ്ളവപ്രസ്ഥാനത്തിലേക്ക് തിരിയുന്നതിനുപിന്നിലുണ്ടായിരുന്നില്ലെന്ന് അജിത പറയുന്നു. 1966-ല്‍ പ്രീഡിഗ്രി പഠനം അവസാനിപ്പിച്ച് അച്ഛന്‍ കുന്നിക്കല്‍ നാരായണനൊപ്പം നക്സല്‍ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ താനിനി നേരിടേണ്ടിവരുന്ന നരകതുല്യമായ അനുഭവങ്ങളെക്കുറിച്ചൊന്നും അജിത ചിന്തിച്ചിരുന്നില്ല. സി.പി.എമ്മില്‍നിന്ന് പുറത്താക്കപ്പെട്ടതിനുശേഷമാണ് അജിതയുടെ പിതാവ് കുന്നിക്കല്‍ നാരായണന്‍ നക്സലൈറ്റാകുന്നത്. അക്കാലത്ത് തങ്ങളുടെ വീട് ചൂടുപിടിച്ച രാഷ്ട്രീയ ചര്‍ച്ചകളുടെ വേദിയായിരുന്നുവെന്ന് അജിത ഓര്‍മ്മിക്കുന്നു. കേരളസര്‍ക്കാര്‍ വാഗ്ദാനലംഘനങ്ങള്‍ നടത്തിയതാണ് നക്സലൈറ്റുകളെ ഏറെ പ്രകോപിപ്പിച്ചത്. സര്‍ക്കാര്‍ മിനിമം വേജസ് നടപ്പിലാക്കിയതിനെത്തുടര്‍ന്ന് ഗണേശ് ബീഡിക്കമ്പനി പൂട്ടി. പതിനെണ്ണായിരത്തോളം തൊഴിലാളികള്‍ വഴിയാധാരമായി. ഇത്തരം പ്രശ്നങ്ങളില്‍ നക്സലൈറ്റുകള്‍ ഇടപെട്ടതിന്റെ ഫലമായാണ് പുല്‍പ്പള്ളി, തലശ്ശേരി ആക്ഷനുകള്‍ ഉണ്ടായത്.
പിതാവിനൊപ്പം അജിത തീവ്രഇടതുപക്ഷ പ്രവര്‍ത്തനങ്ങളിലേര്‍ പ്പെട്ട അക്കാലത്ത് ഇവരുടെ മാതാവ് മന്ദാകിനി ഒരു ഗുജറാത്തി ഹൈസ്കൂളില്‍ പ്രധാനാദ്ധ്യാപികയായിരുന്നു. മികച്ച അദ്ധ്യാപികയായിരുന്നിട്ടുകൂടി, കുടുംബത്തിന്റെ നക്സല്‍ ബന്ധത്തിന്റെ പേരില്‍ സ്കൂള്‍ മാനേജ്മെന്റിന് ഊമക്കത്തുകളും മറ്റും കിട്ടിയിരുന്നതായി അജിത ഓര്‍മ്മിക്കുന്നു. അധികാരരാഷ്ട്രീയക്കാരുടെ മോഹങ്ങളോ സ്വപ്നങ്ങളോ ഇല്ലാതെയാണ് അജിത പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചത്.
പുല്‍പ്പള്ളി പോലീസ് സ്റേഷന്‍ ആക്രമണത്തിനുശേഷം സ്റേഷന്റെ ഭിത്തിയില്‍ രക്തത്തില്‍ മുക്കി പതിച്ച കുപ്രസിദ്ധമായ ആ കൈപ്പത്തി തന്റേതല്ലെന്നതില്‍ അജിതയ്ക്ക് ഉറപ്പുണ്ട്. 48 സഖാക്കള്‍ ചേര്‍ന്ന് നടത്തിയ പുല്‍പ്പള്ളി ആക്രമണത്തില്‍, കൈപ്പത്തിയുടെ ഉടമസ്ഥാവകാശം അജിതയ്ക്കായതെങ്ങനെയെന്നത് ഇപ്പോഴും അവ്യക്തമാണ്. മാധ്യമങ്ങളുടെ കുപ്രചരണമായിരുന്നു ഇതിനുപിന്നിലെന്ന് പറയപ്പെടുന്നു.
ഒടുവില്‍ ജയില്‍വാസം. അത് പീഡനങ്ങളുടെ കാലമായിരുന്നു. വനവാസത്തിന്റെ ഫലമായി അട്ടകടിച്ച് നീര്‍വീര്‍ത്തകാലില്‍ മറ്റ് സഖാക്കളെക്കൊണ്ട് പോലീസ് ചൂരല്‍വടികൊണ്ട് മര്‍ദ്ദിപ്പിച്ചു. അട്ടകടിയേറ്റുണ്ടായ രക്തസ്രാവവും കൊടിയപീഡനങ്ങളും മൂലമാവാം, പോലീസ് കസ്റഡിയില്‍ കഴിഞ്ഞ അജിതയ്ക്ക് മാസമുറയുണ്ടായില്ല. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുകയും രോഗാവസ്ഥ മാറുകയും ചെയ്തു. എന്നാല്‍ അതിനിടെ മാധ്യമങ്ങള്‍ എഴുതി, അജിത ഗര്‍ഭിണിയാണ്.
പുരുഷന്മാരുടെ കരസ്പര്‍ശനംകൊണ്ട് ഗര്‍ഭമുണ്ടാവുമോയെന്ന് ഒരു വനിതാ വാര്‍ഡനോട് ഞാന്‍ ചോദിച്ചു. കാട്ടിലെ സാഹസികമായ ദീര്‍ഘദൂര നടത്തത്തിനിടയില്‍ പലപ്പോഴും പുരുഷസഖാക്കളുടെ കൈപിടിച്ചിട്ടുണ്ട്. അത് ഗര്‍ഭത്തിനുകാരണമായേക്കാമെന്ന തികച്ചും നിഷ്കളങ്കമായ സംശയമായിരുന്നു എനിക്കുണ്ടായത്. കാരണം, ഗര്‍ഭധാരണത്തെക്കുറിച്ച് എനിക്കൊന്നും അറിയുമായിരുന്നില്ല, അജിത പറയുന്നു. അജിതയെക്കുറിച്ചുള്ള സത്യവും അസത്യവുമായ കഥകള്‍ ഇനിയുമേറെയുണ്ട്. അവയെല്ലാം പൊടിപ്പും തൊങ്ങലും വച്ച് നമ്മുടെ മാധ്യമങ്ങള്‍ ഇതിനോടകം നിരവധി തവണ എഴുതിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ അജിതയെന്ന വീരസഖാവിന്റെ ഫ്ളാഷ് ബാക്ക് കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. എന്തായാലും ഒന്നുപറയാം അജിത ഇപ്പോള്‍ നക്സലൈറ്റല്ല; മറിച്ച് മനുഷ്യസ്നേഹിയായ പൊതുപ്രവര്‍ത്തകയാണ്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ചൂഷണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന അന്വേഷി എന്ന സംഘടനയുടെ പ്രസിഡന്റാണ് അജിത ഇപ്പോള്‍. ഐസ്ക്രീം പെണ്‍വാണിഭക്കേസ്, സൂര്യനെല്ലിക്കേസ് തുടങ്ങിയ കുപ്രസിദ്ധമായ കേസുകളില്‍ അന്വേഷി സ്വീകരിച്ച നിലപാടുകള്‍ ഏവര്‍ക്കും അറിവുള്ളതാണ്. പെണ്‍കുട്ടികളെ പീഡിപ്പിച്ചവര്‍ക്കെതിരെ തുറന്നയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് അജിതയുടെ അന്വേഷി.
സ്ത്രീപീഡനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമ്പോഴും സ്ത്രീസംഘടനകള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നുവെന്ന് അജിത പറയുന്നു. പീഡനത്തിനിരയായ സ്ത്രീകള്‍ പ്രതിയുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടും ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നതില്‍ അജിതയ്ക്ക് ആശങ്കയുണ്ട്. സമ്പന്നര്‍ക്കും സ്വാധീനശക്തരായവര്‍ക്കും മാത്രമായി നിയമം ചുരുങ്ങുന്നതില്‍ ഇവര്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നു. വലിയൊരു രാഷ്ട്രീയ ചെറുത്തുനില്പ്പുകൊണ്ടുമാത്രമേ ഇതിന് പ്രതിവിധി കാണാനാവൂ എന്ന് ഇവര്‍ പറയുന്നു. കുറ്റവാളികള്‍, ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ട് സമൂഹത്തിലൂടെ നെഞ്ചുവിരിച്ചുനടക്കുമ്പോള്‍ ഇരകളായ സാധുസ്ത്രീകള്‍ക്ക് മാന്യമായ ജീവിതം നഷ്ടപ്പെടുന്നു. പരിമിതികള്‍ ഏറെയുണ്ടെങ്കിലും ജനങ്ങളുടെ ധാര്‍മ്മികപിന്തുണയുടെ വെളിച്ചത്തില്‍ താനിനിയും മുന്നോട്ടുപോകുമെന്ന അജിതയുടെ വാക്കുകള്‍ക്ക് ഇപ്പോഴും പഴയൊരു തീവ്രഇടതുപക്ഷപ്രവര്‍ത്തകയുടെ വാക്കുകള്‍ക്കുള്ള മൂര്‍ച്ചയുണ്ട്. കേസുനടത്താനുള്ള ചെലവും മറ്റും പലപ്പോഴും അന്വേഷി സ്വന്തമായി സമാഹരിക്കുകയാണ് ചെയ്യാറുള്ളത്.
കാലികപ്രാധാന്യമുള്ള സാമൂഹിക വൈകല്യങ്ങള്‍ക്കെതിരെ പോരാടുമ്പോഴും ആത്യന്തികമായി തങ്ങള്‍ നടത്തുന്ന പോരാട്ടം സര്‍ക്കാരുകളോടും നിയമവ്യവസ്ഥകളോടുമാണെന്ന് അന്വേഷിയുടെ പ്രവര്‍ത്തകര്‍ പറയുന്നു. സൂര്യനെല്ലിക്കേസില്‍ വാദിയായ പെണ്‍കുട്ടിക്കെതിരായ വിധിയുണ്ടായപ്പോള്‍ അന്വേഷി, ആ കുട്ടിക്കും കുടുംബത്തിനും ധാര്‍മ്മിക പിന്തുണ നല്‍കുകയുണ്ടായി. തുടര്‍ന്ന്, ഒരു ഡിഫന്‍സ്കമ്മറ്റി രൂപീകരിച്ചു. ഹൈക്കോടതിവിധി ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് അന്വേഷി രൂപീകരിച്ച ഡിഫന്‍സ് കമ്മറ്റിക്കുലഭിച്ച ജനപിന്തുണയെന്ന് അജിത പറയുന്നു. വിവിധ സാമൂഹികസംഘടനകള്‍ അന്വേഷിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു.
പരിമിതികള്‍ക്കുള്ളിലും അന്വേഷി പോലെയുള്ള സംഘടനകള്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ശരാശരി നിലവാരമേ പുലര്‍ത്തുന്നുള്ളൂവെങ്കിലും വനിതാക്കമ്മീഷന്‍, വനിതാ പോലീസ് സെല്‍, കുടുംബകോടതി, വനിതാവികസന കോര്‍പ്പറേഷന്‍ മുതലായവയുടെയൊക്കെ രൂപീകരണത്തിനുപിന്നില്‍ സ്ത്രീസംഘടനകളുടെ പ്രവര്‍ത്തനമാണെന്നകാര്യത്തില്‍ സംശയമില്ല. എന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള കടന്നുകയറ്റമുണ്ടാകുമ്പോള്‍ സാംസ്കാരികനായകന്മാര്‍ പാലിക്കുന്ന മൌനം അജിതയെ അസ്വസ്ഥയാക്കുന്നു.
സാമൂഹികപ്രവര്‍ത്തകയെന്നനിലയില്‍ നിരവധി പുരസ്കാരങ്ങള്‍ അജിതയ്ക്ക് ലഭിച്ചിട്ടുണ്ട്. 1997-ല്‍ യുവദീപം അവാര്‍ഡ്, പി.കെ രാജന്‍ പുരസ്കാരം, ലക്ഷ്മി അവാര്‍ഡ്, 1998-ല്‍ മാനവസേവാ സംവര്‍ദ്ധിനി സദ്ഗുരു സേവാ അവാര്‍ഡ് എന്നിവയെല്ലാം ഈ പൊതുപ്രവര്‍ത്തകയെ തേടിയെത്തി. സ്ത്രീവേദി എന്നപേരില്‍ വിവിധ സംഘടനകള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രസ്ഥാനത്തിലെ സജീവപ്രവര്‍ത്തകയാണ് അജിതയിപ്പോള്‍. നക്സല്‍ ജീവിതകാലത്തെ സ്മരണകള്‍ അയവിറക്കുന്ന ഓര്‍മ്മക്കുറിപ്പുകള്‍ എന്നൊരു ഗ്രന്ഥം അജിത രചിച്ചിട്ടുണ്ട്.
വിദേശത്തും സ്വദേശത്തുമായി ഒട്ടേറെ സമ്മേളനങ്ങളില്‍ ഇവര്‍ പങ്കെടുത്തുകഴിഞ്ഞു. പ്ളാനിംഗ് ബോര്‍ഡ്, കേരളാ പ്ളാനിംഗ് ജന്റര്‍ ഡെവലപ്മെന്റ്, സ്കൂളുകള്‍, കോളജുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് കൌമാരക്കാര്‍ക്കായി നടത്തുന്ന പരിശീലനപരിപാടികളുമായി അജിത സഹകരിക്കുന്നുണ്ട്.
കോഴിക്കോടിനടുത്ത് തൊണ്ടയാട് മെയ്ഡേ റോഡിനുസമീപമുള്ള ഹരിതകം എന്ന വീട്ടിലാണ് അജിതയുടെ താമസം. സിനിമ, സംഗീതം എന്നിവയില്‍ തത്പരയായ ഇവര്‍ ഇപ്പോള്‍ തിരക്കുകളുടെ നടുവിലാണ്.
താന്‍ സ്വപ്നംകണ്ട സമത്വസുന്ദരമായ ലോകം സൃഷ്ടിക്കുവാന്‍ ആദര്‍ശാധിഷ്ഠിതമായ പൊതുപ്രവര്‍ത്തനത്തിലൂടെ മുന്നേറുകയാണ് ഈ വീരവനിത. ഇവരുടെ ശ്രമങ്ങള്‍ വരുംതലമുറയ്ക്ക് മാര്‍ഗ്ഗദര്‍ശകമാകുമെന്നതില്‍ സംശയമില്ല.

              
Back

  Date updated :