KANNOTH K.N.

KANNOTH K.N.

Any

Reading

Problem

Social Worker

LAKSHMI SADANAM

KELOTH, PAYYANNUR P.O.

Kannur, 04985-204710, 9388243546

Nil

Back

Nil

കെ.എന്‍. കണ്ണോത്ത് ഭാര്യ പത്മാവതിയോടൊപ്പം

കെ.എന്‍. കണ്ണോത്ത് കെ. കരുണാകരന് ഹാരാര്‍പ്പണം നടത്തുന്നു.

മലബാറിന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയരംഗങ്ങളില്‍ എപ്പോഴും മുഴങ്ങിക്കേള്‍ക്കുന്ന നാമധേയമാണ് ശ്രീ. കണ്ണോത്ത് കുഞ്ഞിക്കൃഷ്ണന്‍നായരുടേത്. സ്വാതന്ത്യ്രസ മരസേനാനി, ട്രേഡ് യൂണിയന്‍ രംഗത്തെ അതികായന്‍ എന്നിങ്ങനെ വിവിധമേഖലകളില്‍ നിറഞ്ഞുനില്ക്കുന്ന വ്യക്തിത്വമാണ് കെ.എന്‍. കണ്ണോത്ത് എന്നറിയപ്പെടുന്ന കണ്ണോത്ത് കുഞ്ഞിക്കൃഷ്ണന്‍നായര്‍. രാമന്‍നായരുടെയും കണ്ണോത്ത് പാട്ടിയമ്മയുടെയും മകനായി 1930-ലാണ് ജനനം.

പയ്യന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നാണ് എസ്.എസ്.എല്‍.സി. പാസ്സായത്. 1954-ല്‍, പ്രൈവറ്റായി മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസ്സായി. പിന്നീട്, 1960-ല്‍ ഉത്ക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് ബി.എ. പൂര്‍ത്തീകരിച്ചു.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കറുത്ത ബാഡ്ജു ധരിച്ച് ക്ളാസ്സില്‍ കയറിയതിന്റെ പേരില്‍ അധികൃതര്‍ ഇദ്ദേഹത്തെ സ്കൂളില്‍നിന്ന് പുറത്താക്കുകയുണ്ടായി. പയ്യന്നൂര്‍ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥികോണ്‍ഗ്രസ്സിന്റെ ഭാരവാഹിയായിരുന്നു.

1950 മുതല്‍ 55 വരെ അദ്ധ്യാപകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചു. കെ.എന്‍. കണ്ണോത്ത് എന്ന തൂലികാനാമത്തില്‍ നിരവധി സാഹിത്യരചനകള്‍ നടത്തിയിട്ടുണ്ട്. പി.വി.കെ. നെടുങ്ങാടിയുടെ പ്രേരണയാല്‍, നവാങ്കുരങ്ങള്‍ എന്നൊരു ചെറുകഥാസമാഹാരം ദേശമിത്രം പബ്ളിക്കേഷന്‍സ് വഴി പ്രസിദ്ധീകരിച്ചിരുന്നു. ദേശമിത്രം, കേരളപത്രിക, പ്രവാഹം എന്നീ വാരികകളില്‍ എഴുതിയിട്ടുണ്ട്.

ഇന്നത്തെ അദ്ധ്യാപകര്‍ അനുഭവിക്കുന്ന സാമ്പത്തികനേട്ടങ്ങള്‍ക്ക് കാരണമായ സമരത്തിന് നേതൃത്വം വഹിച്ചയാളാണ് കെ.എന്‍. കണ്ണോത്ത്. ഗ്രാന്റ് സിസ്റം മാറ്റി സര്‍ക്കാര്‍ നേരിട്ട് അദ്ധ്യാപകര്‍ക്ക് ശമ്പളം നല്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. 50 വര്‍ഷക്കാലമായി സജീവ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനാണ് ഇദ്ദേഹം. ഇതിന്റെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ പയ്യന്നൂര്‍ കാവേരി ഓഡിറ്റോറിയത്തില്‍വച്ച് നടന്നിരുന്നു.

1955-ല്‍, റെയില്‍വേയില്‍ ക്ളാര്‍ക്കായി ഇദ്ദേഹം ഉദ്യോഗത്തില്‍ ചേര്‍ന്നു. 1960-ലെ കേന്ദ്രഗവണ്‍മെന്റ് ജീവനക്കാരുടെ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയിലിലടയ്ക്കപ്പെടുകയും പിന്നീട്, ജോലിയില്‍നിന്ന് സസ്പെന്‍ഡുചെയ്യപ്പെടുകയും ചെയ്തു. നിരവധി റെയില്‍ സമരങ്ങളില്‍ ഇദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്. 1974-ലെ പ്രസിദ്ധമായ റെയില്‍വേ ബോണസ് സമരത്തോടനുബന്ധിച്ച് കേരളത്തില്‍നിന്ന് ആദ്യമായി അറസ്റുവരിച്ച യൂണിയന്‍ നേതാവായിരുന്നു കെ.എന്‍. കണ്ണോത്ത്. ഒരുമാസത്തോളം സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. അനന്തന്‍നമ്പ്യാര്‍, പീറ്റര്‍, ആള്‍വാറിസ്, മണിബെന്‍കാര, ഉമാരമൃല്‍ പുരോഹിത്, ജി. രാമചന്ദ്രന്‍, ഗോവിന്ദ മേനോന്‍, നമഃശിവായം തുടങ്ങിയ ട്രേഡ് യൂണിയന്‍ നേതാക്കളോടൊപ്പം സജീവപ്രവര്‍ത്തനം നടത്താന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു.

1975-76 കാലത്താണ് ഇദ്ദേഹം ഐ.എന്‍.ടി.യു.സിയുമായി ബന്ധപ്പെടുന്നത്. ഐ.എന്‍.ടി.യു.സി ജില്ലാസെക്രട്ടറി, വൈസ്പ്രസിഡന്റ് എന്നീനിലകളില്‍ ഇദ്ദേഹം ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയുണ്ടായി. കൊളപ്പുറം മില്‍സ് തൊഴിലാളി യൂണിയന്‍, ബലിയപട്ടം ടൈല്‍വര്‍ക്കേഴ്സ് യൂണിയന്‍ എന്നിവയുടെ അദ്ധ്യക്ഷസ്ഥാനത്ത് ഏറെക്കാലം പ്രവര്‍ത്തിച്ചു. കെട്ടിടനിര്‍മ്മാണരംഗത്തെ അസംഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് കെ.കെ.എന്‍.ടി.സി വളര്‍ത്തുന്നതില്‍ എ.സി. ജോസ്, എം.എ ജോണ്‍, എല്‍സേബിയൂസ് മാസ്റര്‍ എന്നിവരോടൊപ്പം ഈ നേതാവ് സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കെ.കെ.എന്‍.ടി.സിയുടെ സംസ്ഥാന വൈസ്പ്രസിഡന്റായി തുടരുന്ന ഇദ്ദേഹം സ്റേറ്റ് ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകസമിതിയംഗം, ഐ.എന്‍.ടി.യു.സി ദേശീയ കൌണ്‍സില്‍ അംഗം എന്നീനിലകളില്‍ തിളക്കമേറിയ പ്രകടനം കാഴ്ചവച്ചു.

സഹകരണപ്രസ്ഥാനരംഗത്തും സജീവമാണ് കെ.എന്‍. കണ്ണോത്ത്. 15 വര്‍ഷമായി പയ്യന്നൂര്‍ സഹകരണസ്റോര്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച ഇദ്ദേഹത്തിന്റെ കാലത്ത് പലതവണ മികച്ച സഹകരണസ്റോറിനുള്ള പുരസ്കാരം ലഭിക്കുകയുണ്ടായി. സംസ്ഥാന കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഡയറക്ടര്‍, ജില്ലാ മൊത്തവ്യാപാര സഹകരണസ്റോര്‍ പ്രസിഡന്റ്, പയ്യന്നൂര്‍ ഗാന്ധിമൈതാനിയിലെ ഗാന്ധിപ്രതിമനിര്‍മ്മാണ കമ്മറ്റി ട്രഷറര്‍, കണ്ണൂര്‍ ഡി.സി.സി. എക്സിക്യൂട്ടീവ് അംഗം എന്നീനിലകളില്‍ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു.

1996-ല്‍, പയ്യന്നൂരില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി, സി.പി.എം. നേതാവ് പിണറായി വിജയനെതിരെ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും അതിശക്തമായ പോരാട്ടമായിരുന്നു തെരഞ്ഞെടുപ്പില്‍ കെ.എന്‍. കണ്ണോത്ത് കാഴ്ചവച്ചത്. ഇന്തോ-ചൈന യുദ്ധത്തില്‍ സൈനിക ഓഫീസറായി ചേരണമെന്ന ആഗ്രഹം മൂലം ടെസ്റ് എഴുതി പാസ്സായെങ്കിലും ഇന്റര്‍വ്യൂവില്‍ പരാജയപ്പെട്ടതിനാല്‍ ആ മോഹം ഉപേക്ഷിക്കേണ്ടിവന്നുവെന്ന് ഇദ്ദേഹം ദുഃഖപൂര്‍വ്വം അനുസ്മരിക്കുന്നു. എങ്കിലും, മകനായ ലഫ്റ്റനന്റ് കേണല്‍ പ്രമോദിലൂടെ തന്റെ ആഗ്രഹം നിറവേറിയതിന്റെ സന്തോഷം ഇദ്ദേഹം മറച്ചുവയ്ക്കുന്നില്ല.

സതേണ്‍ റെയില്‍വേയൂണിയന്‍ സ്ഥാപകാംഗമായ കെ.എന്‍. കണ്ണോത്ത്, രണ്ടുതവണ അമേരിക്കന്‍ പര്യടനം നടത്തി. സ്വാതന്ത്യ്രസമരസേനാനികളായിരുന്ന കുഞ്ഞിരാമന്‍നായര്‍, കുഞ്ഞിക്കണ്ണന്‍നായര്‍, കരിവെള്ളൂര്‍ വെടിവയ്പുകേസില്‍ പ്രതിയായ നാരായണന്‍നായര്‍, പാര്‍വ്വതിയമ്മ എന്നിവരാണ് കണ്ണോത്തിന്റെ സഹോദരങ്ങള്‍.

നാരായണക്കുറുപ്പിന്റെയും വരിയയില്‍ ഒതയോത്ത് റിട്ട. അദ്ധ്യാപിക ലക്ഷ്മിയമ്മയുടെയും മകളായ വി.ഒ. പദ്മാവതിയാണ് ഇദ്ദേഹത്തിന്റെ സഹധര്‍മ്മിണി. ചെന്നൈ അഡയാര്‍ സെന്റ് മൈക്കിള്‍സ് അക്കാദമി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചറായ ജയശ്രീ (ഭര്‍ത്താവ് ബാങ്ക് ഓഫ് ന്യൂയോര്‍ക്ക് ഉദ്യോഗസ്ഥനായ വേണുഗോപാല്‍), ലഫ്റ്റനന്റ് കേണല്‍ പ്രമോദ് (ഭാര്യ: ആഗ്രാ കോണ്‍വെന്റ് സ്കൂള്‍ അദ്ധ്യാപിക ഗീത), അമേരിക്കയില്‍ സോഫ്റ്റ് വെയര്‍ ആര്‍ക്കിടെക്ടായ വിനോദ് (ഭാര്യ: സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ജോഷില) എന്നിവരാണ് മക്കള്‍. ഗോവിന്ദ്, ചന്ദന, ഇഷാന്‍, തലിന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. ലഫ്റ്റനന്റ് കേണല്‍ പ്രമോദിന് ധീരതയ്ക്കുള്ള സേനാമെഡല്‍ ലഭിച്ചിട്ടുണ്ട്.

              
Back

  Date updated :