RAMESH A.M.

RAMESH A.M.

Any

Reading

Problem

Sports / Games

LAKSHNI VILAS

NARAYANA NAGAR, VADAKARA - 673 101

Kozhikkode, 0496 2524080, 09349 101524

Nil

Back

Nil

രമേഷും ഭാര്യ ഗീതയും

രമേഷും കുടുംബവും

അദ്ധ്യാപകന്‍, ബാഡ്മിന്റണ്‍ അമ്പയര്‍, കമന്റേറ്റര്‍, കോളമിസ്റ്, സംഘാടകന്‍, കോച്ച് എന്നിങ്ങനെ വിവിധനിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് ശ്രീ. എ. എം. രമേഷ്. 

പാലക്കാട് സ്വദേശി വി.കെ. ബാലഗോപാലന്റെയും വടകര മേപ്പയില്‍ അക്കംമഠത്തില്‍ ശാരദയുടെയും രണ്ടാമത്തെ മകനായിട്ടാണ് രമേഷ് ജനിച്ചത്. അച്ഛന്‍ മദ്രാസിലെ സിംസണ്‍ ഗ്രൂപ്പില്‍നിന്നും സെയില്‍സ് ഓഫീസറായി റിട്ടയര്‍ ചെയ്തു. രമ, രേണു, രൂഷ്മറാണി എന്നിവര്‍ രമേഷിന്റെ സഹോദരങ്ങളാണ്. രമയുടെ ഭര്‍ത്താവ് ഡോ. കെ. മോഹന്‍ദാസ് കോയമ്പത്തൂര്‍ അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ ജോലി ചെയ്യുന്നു. രേണുവിന്റെ ഭര്‍ത്താവ് രാജന്‍ മാറോളി കോഴിക്കോട് ബി.എസ്.എന്‍.എല്‍. ഡിവിഷണല്‍ എഞ്ചിനീയറാണ്. രേണു കോഴിക്കോട് കോട്ടൂളി ഗവ. യു. പി. സ്കൂളില്‍ അധ്യാപികയാണ്. രൂഷ്മറാണി ഓര്‍ക്കാട്ടേറി എം.ഇ.എസ്സ്. സ്കൂള്‍ അധ്യാപികയാണ്. ഭര്‍ത്താവ് ശ്രീജിത്ത് മസ്ക്കറ്റിലെ റൂവി ഓയില്‍ ഫീല്‍ഡ് സപ്ളൈ സെന്റര്‍ ഓഫീസറായി ജോലി ചെയ്യുന്നു. 

വടകര മേപ്പയില്‍ സീനിയര്‍ ബേസിക് സ്കൂള്‍, സെന്റ് ആന്റണീസ് ബേസിക് സ്കൂള്‍, വടകര ബി.ഇ.എം. ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹൈസ്കൂള്‍ പഠനകാലത്ത് പെന്‍സില്‍ ഡ്രോയിങ്ങ്, പെയിന്റിങ്ങ് എന്നിവയില്‍ മികവുതെളിയിച്ചു. സ്കൂളില്‍ എന്‍.സി.സിയില്‍ അംഗമായിരുന്ന രമേഷിന് ബി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. പഠനത്തില്‍ നല്ല നിലവാരം പുലര്‍ത്തിയിരുന്നു. ഉപരിപഠനം മടപ്പള്ളി ഗവ. കോളജ്, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു. കോളജ് തലത്തിലും എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. കോളജ് പഠനകാലത്താണ് രമേഷ് ബാഡ്മിറ്റണ്‍ കളിയില്‍ തത്പരനാവുന്നത്. ഡിഗ്രി അവസാനവര്‍ഷം കോളജ് ബാഡ്മിറ്റണ്‍ ടീം ക്യാപ്റ്റനും ചാമ്പ്യനുമായിരുന്നു. കായികരംഗത്ത് ഒട്ടേറെ സമ്മാനങ്ങള്‍ നേടിയിട്ടുള്ള രമേഷിന് സൈനികനാവുകയെന്നതായിരുന്നു ആഗ്രഹം. 

സ്കൂള്‍ പഠനകാലം മുതല്‍ വായനാശീലം ഉണ്ടായിരുന്ന ഇദ്ദേഹം കഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവയാണ് ഏറെയും വായിച്ചിരുന്നത്. കുട്ടികളുടെ മഹാഭാരതം പഠനകാലത്ത് തന്നെ ഏറെ സ്വാധീനിച്ചിരുന്നതായി ഇദ്ദേഹം പറയുന്നു. എസ്.കെ.പൊറ്റക്കാട്, കേശവദേവ്, തകഴി, ഉറൂബ് എന്നിവരാണ് രമേഷിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. സ്കൂള്‍ സാഹിത്യസമാജം, ലൈബ്രറി എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. തന്റെ വ്യക്തിത്വരൂപികരണത്തില്‍ സെന്റ് ആന്റണീസ് ബേസിക് കോണ്‍വെന്റ് സ്കൂളിലെ അദ്ധ്യാപികയായ റവ. സിസ്റര്‍ ബാപ്റ്റിസ്റ വലിയൊരു പങ്കുവഹിച്ചതായി രമേഷ് വിശ്വസിക്കുന്നു. 

പ്രദേശത്തെ കലാസംസ്കാരികമേഖലകളില്‍ മുഖ്യസംഘാടകനായി രമേഷ് ഏറെക്കാലം പ്രവര്‍ത്തിച്ചു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വടകരയില്‍ മൂന്നുവര്‍ഷം സംസ്ഥാന കാരംസ് ടൂര്‍ണമെന്റും അഞ്ചുവര്‍ഷം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പും നടത്തുകയുണ്ടായി. തലശ്ശേരി മുതല്‍ കൊയിലാണ്ടിവരെ നടന്ന ഔട്ട് ഡോര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകളുടെ സംഘാടകന്‍ എന്നനിലയിലും ഇദ്ദേഹം ശോഭിച്ചു. വടകര മുനിസിപ്പല്‍ കേരളോത്സവ കായികവിഭാഗം കണ്‍വീനറായി പത്തുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. വടകര ജെംസ് ക്ളബ്ബിന്റെ പ്രസിഡന്റ്, സെക്രട്ടറി, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വടകര യൂത്ത് ക്ളബ്ബ് പ്രസിഡന്റ്, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ പ്രസിഡന്റ്, ഓയിസ്കയുടെ സി.എഫ്.പി. കോ-ഓര്‍ഡിനേറ്റര്‍, ഓയിസ്ക യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, ഓയിസ്ക വിമന്‍സ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ എന്നീനിലകളില്‍ ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങളാണ് ഇദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. 1994-ല്‍ ജൂനിയര്‍ ചേംബര്‍ വടകര ചാപ്റ്റര്‍ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു. 

1993-ല്‍ സംസ്ഥാന ബാഡ്മിന്റണ്‍ അമ്പയറായി രമേഷിന് സെലക്ഷന്‍ ലഭിച്ചു. 1996-ല്‍ നാഷണല്‍ അമ്പയറായി. സംസ്ഥാനതലത്തില്‍ ആയിരത്തോളം ടൂര്‍ണമെന്റുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. പുല്ലേല ഗോപിചന്ദ്, വിമല്‍കുമാര്‍, അപര്‍ണ്ണ പോപട്ട്, ജെസില്‍ പി. ഇസ്മയില്‍, രൂപേഷ്കുമാര്‍, സൈന നെഹ്വാള്‍, അനൂപ് ശ്രീധര്‍, സിനിമാതാരം ദീപിക പദുകോണ്‍, അപര്‍ണ്ണ ബാലന്‍, വി. ഡിജു, പി.സി. തുളസി, ജ്വാല, ചേതന്‍ ആനന്ദ് എന്നിവരുടെ മത്സരങ്ങള്‍ പല ടൂര്‍ണമെന്റുകളിലായി രമേഷ് നിയന്ത്രിച്ചിട്ടുണ്ട്.

പൂനയില്‍ വച്ചു നടന്ന കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, ലോക ജൂനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്, ഹൈദരാബാദില്‍ നടന്ന ലോകസീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയില്‍ രമേഷ് ടെക്നിക്കല്‍ ഒഫിഷ്യലായി സേവനമനുഷ്ഠിച്ചിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ അമ്പയറിങ്ങിന് അന്താരാഷ്ട്ര പരിവേഷം ലഭിച്ചിരുന്നു. 

സമാന്തരവിദ്യഭ്യാസമേഖലയില്‍ രണ്ട് പതിറ്റാണ്ടുകാലത്തെ പ്രവര്‍ത്തനപരിചയം ഇദ്ദേഹത്തിനുണ്ട്. വടകര ന്യു മനീഷാ കോളജില്‍ കൊമേഴ്സ് അദ്ധ്യാപകനായി ഈ രംഗത്ത് തുടക്കമിട്ട രമേഷ് മാസ്റര്‍ കേരളത്തില്‍ ആദ്യമായി പാരലല്‍ കോളജ് സ്പോര്‍ട്സ് മേള സംഘടിപ്പിക്കുന്നതിന് മുന്‍കൈയെടുത്തു. ഈ മേള വിജയകരമായതിനുപിന്നില്‍ രമേഷിന്റെ സംഘടനാപാടവമുണ്ട്. 

2004 മുതല്‍ റിലയന്‍സ് ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചുവരുന്നു. മികച്ച പ്രവര്‍ത്തനത്തിന്റെ പേരില്‍ കുടുംബസമേതം ആസ്ട്രേലിയ, സിങ്കപ്പൂര്‍, ബാങ്കോക്ക്, ശ്രീലങ്ക, ഈജിപ്റ്റ് തുടങ്ങിയ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ 2005 മെയ് മാസത്തില്‍ രമേഷിന് അവസരം ലഭിച്ചു. സന്ദര്‍ശനവേളയില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സ്റീവ് വോയുമൊത്ത് രണ്ടുദിവസം ക്രൂയിസ് കപ്പലില്‍ ചെലവഴിക്കാന്‍ അവസരം ലഭിച്ചു. സിഡ്നി ബ്രിഡ്ജ്, ഓപ്പറ ഹൌസ്, സിഡ്നി ടവര്‍, സിങ്കപ്പൂരിലെ സന്തോസ് പാര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കുകയുണ്ടായി.
2007-ല്‍ ബജാജ് അലയന്‍സ് ഇന്‍ഷ്വറന്‍സ് കമ്പനിയുടെ നമ്പര്‍വണ്‍ ചാനല്‍ പാര്‍ട്ടനറായ ടി.എല്‍.സി.യില്‍ ജോലി ചെയിതിരുന്ന രമേഷ് രണ്ട് വര്‍ഷംകൊണ്ട് ടി.എല്‍.സി.യിലെ ഉന്നത സ്ഥാനമായ ഡയറക്ടര്‍ പദവിയിലെത്തി. ടി.എല്‍.സി.യിലൂടെ മലേഷ്യ, ബാങ്കോക്ക്, സിംഗപ്പൂര്‍, മാലിദ്വീപ്, അമേരിക്ക, ഹവായ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കുകയും ചെയ്തു.

1997-ല്‍ വടകരയില്‍വച്ചുനടന്ന ജേസീസ് എക്സ്പോയുടെ നേതൃനിരയില്‍ രമേഷ് ഉണ്ടായിരുന്നു. ഒന്നരമാസം നീണ്ടുനിന്ന ഈ മേള ഏറെ ജനശ്രദ്ധയാകര്‍ഷിച്ചു. 

1994-ല്‍ ജൂനിയര്‍ ചേമ്പറിന്റെ മികച്ച വാരാഘോഷത്തിന് വേള്‍ഡ് പ്രസിഡന്റിന്റെ അംഗീകാരം ഇദ്ദേഹത്തിന് ലഭിച്ചു. 1995-ല്‍ രമേഷും ഭാര്യ ഗീതയും സംസ്ഥാനതലത്തില്‍ ജേസീസിന്റെ ബെസ്റ് കപ്പിള്‍സായി തെരഞ്ഞെടുക്കപ്പെട്ടു. 1994-95 കാലത്ത് വടകര ജേസീസ് ചാപ്റ്റര്‍ പ്രസിഡന്റായി രമേഷ് പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് ജേസീസ് വൈസ്പ്രസിഡന്റ് ജോയിന്റ് സെക്രട്ടറി, മാഗസിന്‍ ഇന്റിമേറ്റ് എഡിറ്റര്‍, എക്സി. കമ്മറ്റിയംഗം എന്നീനിലകളിലും സേവനമനുഷ്ഠിച്ചു. ബാഡ്മിന്റണ്‍ രംഗത്ത് പ്രശസ്തരായ എം. സുരേന്ദ്രന്‍, ഇ.എ. റഷീദ്, എസ്. മുരളീധരന്‍ എന്നിവരാണ് അമ്പയറിംഗ് മേഖലയിലേക്ക് തന്നെ നയിച്ചവര്‍ എന്ന് ഇദ്ദേഹം അനുസ്മരിക്കുന്നു.

കോഴിക്കോട് നടന്ന ബാഡ്മിന്റണ്‍ ദേശീയ-അന്താരാഷ്ട്ര ടൂര്‍ണ്ണമെന്റുകളുടെ വിവിധ കമ്മറ്റികളില്‍ ഊര്‍ജ്ജസ്വലനായി ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി. ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റാണ് രമേഷ്. മുന്‍പ് കൌണ്‍സില്‍ എക്സി. കമ്മറ്റിയംഗം, ജോ.സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

1976 മുതല്‍ വടകരയൂണിയന്റെ ജ്ഞാനപ്രഭ ബലജനസഖ്യത്തിന്റെ സഹകാരി, 2000 മുതല്‍ വടകര യൂണിയന്‍ ബാലജനസഖ്യം രക്ഷാധികാരി എന്നീനിലകളില്‍ രമേഷ് പ്രവര്‍ത്തിച്ചുവരുന്നു. അഖിലേന്ത്യ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകളുടെ സംഘാടകനായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ബാലജനസഖ്യം സഹകാരി ഫോറം കണ്‍വീനര്‍, സഹരക്ഷാധികാരി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. 

കമന്ററി രംഗത്തേക്ക് 1999-ലാണ് ഇദ്ദേഹം കടന്നുവരുന്നത്. ദൂരദര്‍ശനില്‍ നൂറിലേറെ ഫൈനല്‍ മത്സരങ്ങളുടെ ദൃക്സാക്ഷി വിവരണം ഇതിനോടകം ഇദ്ദേഹം നല്കിക്കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയുടെ യുവവാണി പരിപാടിയില്‍ സ്പോര്‍ട്സുമായി ബന്ധപ്പെട്ട് പന്ത്രണ്ട് അഭിമുഖങ്ങള്‍ നടത്തി. കൊച്ചിയില്‍ 2000-ല്‍ നടന്ന സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ വാശിയേറിയ ഗോപിചന്ദ്-നിഖില്‍ കനേത്കര്‍, അപര്‍ണ്ണ-മീനാക്ഷി മത്സരങ്ങള്‍ക്ക് കമന്ററി പറയാന്‍ കഴിഞ്ഞത് ജീവതത്തിലെ അവിസ്മരണീയസംഭവമായി ഇദ്ദേഹം കരുതുന്നു. 

1995-ല്‍ ദേശീയ ബാഡ്മിന്റണ്‍ അമ്പയറായി തെരഞ്ഞെടുക്കപ്പെട്ട രമേഷിന് വടകര പൌരാവലി വന്‍ സ്വീകരണം നല്കി. ഒട്ടേറെ പ്രസിദ്ധീകരണങ്ങളില്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. 

2005-ലാണ് കോളമിസ്റായി പ്രവര്‍ത്തനമാരംഭിക്കുന്നത്. മലയാള മനോരമ, വര്‍ത്തമാനം എന്നീ പത്രങ്ങളില്‍ കോളമെഴുതുകയും സൂര്യ, ഏഷ്യാനെറ്റ്, ഡി.ഡി. ഫോര്‍ എന്നീ ചാനലുകളില്‍ ദൃക്സാക്ഷി വിവരണം ചെയ്യുകയും ചെയ്തു. 
ചിട്ടയായ ജീവിതം നയിക്കുന്ന രമേഷ് തികഞ്ഞ ഈശ്വരവിശ്വാസിയാണ്. വടകര നാരായണ നഗര്‍ ലഷ്മി വിലാസ് എന്ന വീട്ടിലാണ് ഇദ്ദേഹം സകുടുംബം താമസിക്കുന്നത്. 

1992 നവംബര്‍ ഒന്നിനായിരുന്നു വിവാഹം. തലശ്ശേരി പാറപ്രത്തെ ക്യാപ്റ്റന്‍ ബാലഗംഗാധരന്റെയും വി.കെ. ആനന്ദവല്ലിയുടെയും മകള്‍ ഗീതയാണ് ഭാര്യ. 1996-97-ല്‍, വടകര ജേസീറെഡ്സ് (വനിതാ വിഭാഗം) ചെയര്‍പേഴ്സണായി ഗീത പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഒയിസ്ക വിമന്‍സ് ഫോറം ചെയര്‍പേഴ്സണായി പ്രവര്‍ത്തിക്കുന്നു. ഇതിനുപുറമേ, കരിയര്‍ ഗൈഡന്‍സ് കൌണ്‍സിലിംഗ് ഇന്‍ചാര്‍ജുമാണ് ഗീത. ഇംഗ്ളീഷില്‍ ബിരുദാനന്തര ബിരുദമുള്ള ഇവര്‍ ബി.എഡ്, ബി.ലിറ്റ്, ഐ.എസ്.സി. എന്നീ ബിരുദങ്ങളും നേടിയിട്ടുണ്ട്. ബാംഗ്ളൂര്‍ ഐ.എ.എഫ്. കേന്ദ്രീയവിദ്യാലയത്തില്‍ അദ്ധ്യാപികയാണിവര്‍. രമേഷിന്റെയും ഗീതയുടെയും ഏകമകന്‍ അശ്വിന്‍ കോഴിക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ പഠിക്കുന്നു. ശ്രീനിവാസ്, റീത എന്നിവരാണ് ഗീതയുടെ സഹോദരങ്ങള്‍.

കായികരംഗത്തും ബാഡ്മിന്റണിലും നല്ലൊരു യുവനിരയെ വാര്‍ത്തെടുക്കാനുള്ള കഠിനതപസ്യയിലാണ് രമേഷിപ്പോള്‍.

              
Back

  Date updated :