T.P. GOVINDHAN NAMBIAR

T.P. GOVINDHAN NAMBIAR

Any

Reading

Problem

Teacher

THAVARUL PUTHIYEDATH

CHENGALAYI P.O. -

Kannur, 0460-2260809

Nil

Back

Nil

അദ്ധ്യാപകന്‍, സാമൂഹിക,സാംസ്കാരികപ്രവര്‍ത്തകന്‍, കര്‍ഷകന്‍, സംഘടനാപ്രവര്‍ത്തകന്‍, സമുദായസേവകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ ത്തനം കാഴ്ചവെച്ച ശ്രീ. ടി.പി. ഗോവിന്ദന്‍നമ്പ്യാര്‍ ഇന്നും കര്‍മ്മമണ്ഡലത്തില്‍ സജീവമാണ്. ഒരു പ്രദേശത്ത് സ്കൂള്‍ സ്ഥാപിച്ച്, ആ പ്രദേശത്തെ ജനങ്ങള്‍ക്ക് അറിവിന്റെ ദീപം പകര്‍ന്നുകൊടുത്ത്, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പിതാവിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് ഗോവിന്ദന്‍മാസ്ററും അദ്ധ്യാപനവൃത്തിയിലൂടെ നിരവധി പേരെ വിജയത്തിന്റെ ഉന്നതപടവുകളിലെത്തിച്ചിട്ടുണ്ട്.

പണ്ഡിതനായിരുന്ന ടി.വി. നാരായണന്‍നമ്പ്യാരുടെയും ടി.പി. പാര്‍വ്വതിയമ്മയുടെയും മകനായി 1937 മാര്‍ച്ച് 17-നാണ് ഇദ്ദേഹത്തിന്റെ ജനനം. മയ്യില്‍ യു.പി. സ്കൂളില്‍ ആയിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന്, തലശ്ശേരി ബി.ഇ.എം.പി ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ടില്‍നിന്ന് ടി.ടി.സി. പാസ്സായി. പിന്നീട്, പിതാവ് 1916-ല്‍ സ്ഥാപിച്ച തവറൂല്‍ എ.എല്‍.പി. സ്കൂളില്‍ അദ്ധ്യാപകനായി. കാവ്യം, മീമാംസ, വ്യാകരണം എന്നിവയില്‍ മികവുറ്റ പണ്ഡിതനായിരുന്ന ടി.വി. നാരായണന്‍നമ്പ്യാര്‍ മലപ്പട്ടം കടവിനിക്കരെ വന്നാണ് തവറൂലില്‍ സ്കൂള്‍ സ്ഥാപിച്ചത്. പിന്നീട്, അദ്ദേഹം സ്കൂളിന്റെ മാനേജരും പ്രധാനാധ്യാപകനുമായി.

അച്ഛന്റെ വഴി പിന്തുടര്‍ന്ന ഗോവിന്ദന്‍നമ്പ്യാര്‍ 35 കൊല്ലം ഇവിടെ അദ്ധ്യാപകനായി സേവനം ചെയ്തു. ഹരിജനങ്ങളുടെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെയും കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിന് ഇദ്ദേഹം എന്നും ശ്രദ്ധ പുലര്‍ത്തിപ്പോന്നു. തവറൂല്‍ സ്കൂളില്‍ പഠിച്ച് ഇവിടെത്തന്നെ അദ്ധ്യാപകരായവരായിരുന്നു ശങ്കരന്‍മാസ്റര്‍, പി. കുഞ്ഞമ്പുമാസ്റര്‍, ടി.വി. കുഞ്ഞിരാമന്‍നമ്പ്യാര്‍ എന്നിവര്‍. ഗോവിന്ദന്‍മാസ്ററുടെ സഹോദരന്‍ നാരായണന്‍നമ്പ്യാരും ഇവിടെ സേവനം ചെയ്തിട്ടുണ്ട്.

കെ.എ.പി.റ്റി.യു ശാഖാ പ്രസിഡണ്ട്, സെക്രട്ടറി എന്നീനിലകളില്‍ സംഘടനാരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം ഇദ്ദേഹം കാഴ്ച്ചവെച്ചു. തവറൂല്‍ ഗാന്ധി സ്മാരക വായനശാലാ പ്രസിഡണ്ട് എന്നനിലയിലും ശോഭിച്ചു.

മികച്ചൊരു കര്‍ഷകനായ ഇദ്ദേഹം നെല്ല്, കവുങ്ങ്, കുരുമുളക്, റബ്ബര്‍ എന്നിവ കൃഷി ചെയ്തിരുന്നു. പാടശേഖരസമിതിയുടെ പ്രസിഡണ്ടായും തേനീച്ച സൊസൈറ്റിയുടെ പ്രസിഡണ്ടായും കുറേക്കാലം പ്രവര്‍ത്തിക്കുകയുണ്ടായി. കൃഷിവകകള്‍ ശ്രീകണ്ഠാപുരത്തുനിന്ന് വളപട്ടണത്തേക്ക് തോണിയില്‍ കൊണ്ടുപോയിരുന്ന കാര്യം ഇദ്ദേഹം സ്മരിക്കുന്നു. ആദ്യകാലത്ത് 16 പശുക്കളെ വളര്‍ത്തിയിരുന്നു.

സാമുദായികരംഗത്ത് സജീവമായ ഗോവിന്ദന്‍നമ്പ്യാര്‍ കുടുംബക്ഷേത്രമായ ചുഴലി ഭഗവതി ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ടാണ്. ശ്രീ പെരുന്തേരി മഠത്തില്‍ ചോന്നമ്മക്ഷേത്രം സെക്രട്ടറി, തവറൂല്‍ പുതിയ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് എന്നീനിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവെച്ചത്. എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റുകൂടിയാണ് ഗോവിന്ദന്‍നമ്പ്യാര്‍.

സാമൂഹികരംഗത്ത് സജീവസാന്നിദ്ധ്യമായ ഇദ്ദേഹം സീനിയര്‍ സിറ്റിസണ്‍സ് ഫോറം, പെന്‍ഷനേഴ്സ് ഫോറം എന്നിവയില്‍ അംഗമാണ്. ചെങ്ങളായി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കുന്നതിന് നേതൃത്വം കൊടുത്തവരില്‍ പ്രമുഖനാണ് ഇദ്ദേഹം.

കുഞ്ഞമ്പുനമ്പ്യാരുടെയും മാധവിയമ്മയുടെയും മകള്‍ ജാനകിയമ്മയെ 1953-ല്‍ നമ്പ്യാര്‍ വിവാഹം ചെയ്തു. ഇപ്പോള്‍ എ.എല്‍.പി. സ്കൂള്‍ മാനേജരാണ് ജാനകിയമ്മ. മക്കള്‍: കാര്‍ത്ത്യായനി, പങ്കജാക്ഷി, ഭാര്‍ഗ്ഗവി (ടീച്ചര്‍, തവറൂല്‍ എ.എല്‍.പി.സ്കൂള്‍), ലളിത (ടീച്ചര്‍, കാഞ്ഞിരോട് യു.പി. സ്കൂള്‍), ജയപ്രകാശന്‍ (സൌദി അറേബ്യ), പരേതനായ അജയകുമാര്‍. ജാമാതാക്കള്‍: ഭാസ്കരന്‍നമ്പ്യാര്‍ (എക്സ്-മിലിട്ടറി, വടക്കാഞ്ചേരി), ടി.പി. ചന്ദ്രന്‍ (എക്സ്-മിലിട്ടറി), ബാലകൃഷ്ണന്‍നമ്പ്യാര്‍ (ടീച്ചര്‍, മാണിയൂര്‍ എ.എല്‍.പി. സ്കൂള്‍), ബിന്ദു (ടി.ടി.സി. വിദ്യാര്‍ത്ഥിനി) എന്നിവരാണ്. ഇളയപുത്രന്റെ മരണം ഇന്നും ഗോവിന്ദന്‍മാസ്ററുടെ മനസ്സില്‍ നീറുന്ന കനലാണ്.

പരേതയായ മാധവിയമ്മ, രോഹിണി, നാരായണന്‍, കല്യാണി, കുട്ടിപ്പാറു, പരേതനായ കുഞ്ഞിരാമന്‍ എന്നിവരാണ് സഹോദരങ്ങള്‍.

              
Back

  Date updated :