C. GOVINDHAN NAMBIAR

C. GOVINDHAN NAMBIAR

Any

Reading

Problem

Farmer

CHAMMINJERRY HOUSE

KURUVAD, EZHOM P.O.

Kannur, 0497-2871912, 9495027606

Nil

Back

Nil

ശ്രീ ഗോവിന്ദന്‍ നമ്പ്യാരും ഭാര്യ മീനാക്ഷിയമ്മയും

സി. ഗോവിന്ദന്‍ നമ്പ്യാര്‍ പേരക്കുട്ടികളോടൊപ്പം

കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന കര്‍ഷകന്‍, വിശ്വസിക്കുന്ന ആദര്‍ശത്തോട് കൂറുപുലര്‍ത്തി രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്ന ജനസേവകന്‍, നാടകനടന്‍, സാംസ്ക്കാരിക പ്രവര്‍ത്തകന്‍..... ഇങ്ങനെ പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം മികവിന്റെ പര്യായമായി മാറിയ വ്യക്തിയാണ് ശ്രീ. സി. ഗോവിന്ദന്‍നമ്പ്യാര്‍.

1930 ജനുവരി 12-ന്, കെ.എം.കെ. കണ്ണന്‍നമ്പ്യാരുടെയും സി. ലക്ഷ്മി അമ്മയുടെയും മകനായി ഏഴോം എന്ന സ്ഥലത്ത് ജനിച്ചു. ഏഴോംമൂല ഹരിജന്‍ വെല്‍ഫെയര്‍ സ്കൂള്‍, മാടായി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളില്‍ സ്കൂള്‍ പഠനം. നാലുകിലോമീറ്ററോളം നടന്നാണ് മാടായി സ്കൂളില്‍ പോയിരുന്നത്. 1944-ല്‍ ഇ.എസ്.എല്‍.സി. പൂര്‍ത്തിയാക്കി.

കര്‍ഷകനായിരുന്ന പിതാവിന്റെ പാത പിന്തുടര്‍ന്ന് ഗോവിന്ദന്‍നമ്പ്യാരും കൃഷിഭൂമിയിലേക്കിറങ്ങി. മണ്ണിന്റെ മണം പ്രാണവായുവിനുതുല്യം കരുതി അതിനെ പ്രണയിച്ച നമ്പ്യാരെ ആ മണ്ണ് ഒരിക്കല്‍പോലും ചതിച്ചില്ല. 15 ഏക്കര്‍ കൃഷിഭൂമി കുടുംബവകയായി ഉണ്ടായിരുന്നത് ഏറെ സഹായകമായി. 20-ാം വയസ്സില്‍ തളിപ്പറമ്പിനുസമീപം തിമിരി ദേവസ്വം ബോര്‍ഡിന്റെ സ്ഥലത്ത് കുരുമുളക് കൊടി വച്ചുപിടിപ്പിച്ചു. അവിടെനിന്നും തുടങ്ങിയ വിജയയാത്ര പിന്നീട് നെല്ലിലും റബ്ബറിലും ആവര്‍ത്തിച്ചു.

1984 മുതല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി അംഗമാണ്. കമ്മ്യൂണിസ്റ് അനുഭാവ കുടുംബത്തിലെ ജനനവും കമ്മ്യൂണിസ്റ് ആശയങ്ങളോടുതോന്നിയ അടുപ്പവുമാണ് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ എത്തിച്ചത്. ഏഴോം ലോക്കല്‍ കമ്മറ്റിക്കുകീഴിലുള്ള നെരുവമ്പ്രം ബ്രാഞ്ച് അംഗമാണ് ഇപ്പോള്‍. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടി നിരവധി കര്‍ഷകസമരങ്ങളില്‍ മുന്നണിപ്പോരാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

1956-ല്‍ സ്ഥാപിതമായ ഏഴോം ജനകീയ കലാസമിതി സ്ഥാപകസെക്രട്ടറിയായി 12 വര്‍ഷം പ്രവര്‍ത്തിച്ചു. കലാസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച് പാര്‍ട്ടി വേദികളില്‍ അവതരിപ്പിച്ച ഈ മണ്ണ് എന്റേതാണ്, കാക്കപ്പൊന്ന്, തറവാടിത്തം തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് നമ്പ്യാര്‍ ജനശ്രദ്ധ പിടിച്ചുപറ്റി. ജന്മിത്തം കൊടികുത്തി വാഴുന്ന കാലത്ത് ജനങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളിലേയ്ക്ക് ഒരു ഉള്‍ക്കാഴ്ച നല്കാന്‍ ഈ നാടകങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഗോവിന്ദന്‍നമ്പ്യാര്‍ പറയുന്നു.

1991 മുതല്‍ ഏഴോം ക്ഷീരോല്‍പ്പാദക സഹകരണസംഘം പ്രസിഡന്റാണ്. 1998 മുതല്‍, പരിയാരം കാലിത്തീറ്റ നിര്‍മ്മാണ ഫാക്ടറി ഡയറക്ടര്‍ ബോര്‍ഡ് അംഗവും 1980 മുതല്‍ കുറുവാട് പാടശേഖരസമിതി സെക്രട്ടറിയുമാണ്. കഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി ഏഴോം വില്ലേജ് കര്‍ഷകസംഘം വൈസ്പ്രസിഡന്റ് എന്നനിലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനമാണ് ഇദ്ദേഹം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.

പഠനകാലം മുതല്‍ വായന ശീലമാക്കിയ നമ്പ്യാര്‍, 1950 മുതല്‍ നെരുവമ്പ്രം ഗാന്ധി സ്മാരക വായനശാല മെമ്പറാണ്. ബഹ്റിന്‍, ഖത്തര്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1998-ല്‍ ഏഴോം പഞ്ചായത്തിന്റെയും കുറുവാട് കര്‍ഷകസമിതിയുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനത്തില്‍ ഇദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. ഏഴോംമൂല ഹരിജന്‍ വെല്‍ഫെയര്‍ സ്കൂളിലെ കണ്ണന്‍മാസ്റര്‍, നടായി ഹയര്‍ എലിമെന്ററി സ്കൂളിലെ ഹെഡ്മാസ്ററായിരുന്ന എം.കെ. ഗോവിന്ദന്‍നമ്പ്യാര്‍ എന്നിവര്‍ തനിക്ക് ഏറെ പ്രോത്സാഹനവും സഹാ യവും നല്കിയിരുന്നുവെന്ന് ഇദ്ദേഹം നന്ദിയോടെ സ്മരിക്കുന്നു.

1958 ഡിസംബറിലായിരുന്നു വിവാഹം. കൊഴുമ്മല്‍ പാറക്കടവത്ത് കണ്ണന്‍നമ്പ്യാരുടെയും പോത്തേര ലക്ഷ്മിയമ്മയുടെയും മകള്‍ മീനാക്ഷിയമ്മയാണ് ഭാര്യ. ശോഭന(ഗള്‍ഫ്), രമേശന്‍(മുംബൈ), ഗോവിന്ദന്‍(ബാങ്ക് മാനേജര്‍), ജലജ (വീട്ടമ്മ), രമേശ് നമ്പ്യാര്‍ എന്നിവര്‍ മക്കളാണ്. കുഞ്ഞിപ്പാര്‍വ്വതിയമ്മ, പരേതയായ നാരായണിയമ്മ എന്നിവര്‍ സഹോദരങ്ങള്‍.

              
Back

  Date updated :