MATHEW A.M.

MATHEW A.M.

Any

Reading

Problem

Farmer

AKKAL HOUSE

KAKKAYANGAD P.O. - 670 673

Kannur, 0490 2457405, 9995647930

Nil

Back

Nil

എ.എം. മാത്യു അവാര്‍ഡ് ലഭിച്ച വേദിയില്‍

എ.എം. മാത്യുവും കുടുംബവും

കൃഷി വിദഗ്ദ്ധന്‍, പ്രഭാഷകന്‍, പൊതുപ്രവര്‍ത്തകന്‍, അഭിനേതാവ് തുടങ്ങി വൈവിധ്യമാര്‍ന്ന മേഖലകളില്‍ കഴിവുതെളിയിച്ച വ്യക്തിയാണ് ശ്രീ. മാത്യു എ.എം. കുടിയേറ്റ കര്‍ഷകനായ ആക്കല്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകനായി 1952 ജനുവരി 10-ാം തീയതിയാണ് ഇദ്ദേഹം ജനിച്ചത്. പാലാ ഗവ. യു.പി സ്കൂള്‍, കാക്കയങ്ങാട് തൊണ്ടി സെന്റ് ജോസഫ്സ് ഹൈസ്കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. 1972-ല്‍ എസ്.എസ്.എല്‍.സി. പൂര്‍ത്തിയാക്കിയശേഷം കാര്‍ഷികമേഖലയിലേക്കിറങ്ങി.

സ്കൂള്‍ പഠനകാലത്ത് പാഠ്യേതരരംഗങ്ങളിലും മാത്യു ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സ്കൂള്‍ യുവജനോത്സവവുമായി ബന്ധപ്പെട്ട് നാടകരചന, സംവിധാനം, അഭിനയം എന്നിവയിലെല്ലാം മികവുകാട്ടി. ബെസ്റ്ആക്ടറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത നാടകം 2006-ല്‍ അവതരിപ്പിക്കപ്പെട്ടു. പഠനകാലത്ത് അഭിനയത്തോടൊപ്പം കായികരംഗത്തും മാത്യു ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാല്‍ മാത്യുവിന്റെ ജീവിതത്തിലെ ഉയര്‍ച്ചയും നേട്ടങ്ങളുമെല്ലാം കൃഷിയുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്.

കുട്ടിക്കാലത്തുതന്നെ മണ്ണില്‍ പണിയെടുത്ത കര്‍ഷകനാണ് മാത്യു. കുടുംബസ്വത്തുപോലും സ്വീകരിക്കാതെ സ്വന്തമായി അദ്ധ്വാനിച്ച് സ്ഥലംവാങ്ങി ഇദ്ദേഹം തന്റെ കുടുംബജീവിതം കെട്ടിയുയര്‍ത്തി. ഏഴ് വര്‍ഷത്തോളം ടാപ്പിംഗ് തൊഴിലാളിയായി ജീവിതം നയിച്ചു. പിന്നീട് പാട്ടത്തിന് സ്ഥലമെടുത്ത് കപ്പ, വാഴ, ഇഞ്ചി എന്നിവ കൃഷിചെയ്തു. തുടര്‍ന്ന് മൂന്ന് ഏക്കറോളം സ്ഥലം ഇദ്ദേഹം സ്വന്തമായി വാങ്ങി. അവിടെ നെല്ല്, വാഴ എന്നിവ കൃഷി ചെയ്തു. ഇപ്പോള്‍ ഇവകൂടാതെ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കുരുമുളക്, കൊക്കോ എന്നിവയും കൃഷിചെയ്യുന്നുണ്ട്.

മാത്യുവിനെ സംബന്ധിച്ച് കൃഷി ഉപജീവനമാര്‍ഗ്ഗം മാത്രമല്ല, മറിച്ച് ഇദ്ദേഹത്തിന്റെ ചിന്തകളും അനുഭവങ്ങളുമെല്ലാം കൃഷിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം കൃഷിത്തോട്ടങ്ങളിലെ അനുഭവങ്ങള്‍ ഇദ്ദേഹത്തെ ഇന്ന് കാര്‍ഷികമേഖലയിലെ വിദഗ്ദ്ധനാക്കി മാറ്റിയിരിക്കുന്നു എന്നുപറയുന്നതാവും കൂടുതല്‍ ശരി. പ്രഗത്ഭരും സാധാരണക്കാരുമായ നിരവധി കര്‍ഷകര്‍ക്ക് ഇദ്ദേഹമിന്ന് ക്ളാസ്സുകള്‍ എടുക്കാറുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിലായി നാനൂറിലേറെ ക്ളാസ്സുകള്‍ ഇതിനകം മാത്യു എടുത്തുകഴിഞ്ഞു. വളക്കമ്പനികള്‍, ബാങ്ക് ഉദ്യോഗസ്ഥന്‍മാരുടെ സംഘടന, റേഡിയോനിലയം എന്നിവയ്ക്കുവേണ്ടി ഇദ്ദേഹം ക്ളാസ്സുകള്‍ എടുക്കുന്നു.

കൃഷിവിദഗ്ദ്ധന്‍ എന്നനിലയില്‍ വിളകള്‍ നേരിടുന്ന വിവിധ രോഗങ്ങള്‍ക്ക് ഇദ്ദേഹത്തിന്റെ പക്കല്‍ പ്രതിവിധിയുണ്ട്. തെങ്ങിനുണ്ടാകുന്ന മണ്ഡരി രോഗത്തിനെതിരെ പുകകൊടുക്കുന്ന രീതിയാണ് മാത്യു അവലംബിക്കുന്നത്. മഞ്ഞളും വെളുത്തുള്ളിയുമിട്ട് ചകിരിയും ചപ്പുമുപയോഗിച്ച് രാവിലെ നാലിനും ആറിനുമിടയ്ക്ക് പുകകൊടുക്കുന്നതാണ് നല്ലതെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. കാരണം, ഈ സമയം അന്തരീക്ഷം വളരെ ശാന്തമായതിനാല്‍ പുക എളുപ്പത്തില്‍ തെങ്ങില്‍ മുകളിലെത്തും. സൈക്കിള്‍ ട്യൂബ് ഉപയോഗിച്ചും വിളകള്‍ക്കിടയില്‍ ചേനത്തണ്ട് മുറിച്ചിട്ട് പാമ്പാണെന്ന് തെറ്റിദ്ധരിപ്പിച്ചും പെരുച്ചാഴി ശല്യമൊഴിവാക്കുന്ന രീതിയും ഇദ്ദേഹത്തിന്റെ സ്വന്തമായുണ്ട്. പന്നിയൂര്‍ ഗവേഷണകേന്ദ്രത്തില്‍നിന്നും ബെസ്റ് ഫാര്‍മര്‍ സര്‍ട്ടിഫിക്കറ്റ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 

നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് മാനേജരായിരുന്ന അബ്രഹാം തോമസ് കര്‍ഷകര്‍ക്കുവേണ്ടി രൂപീകരിച്ച വി.വി.വി. (വികാസ് വാഹിനി വോളണ്ടിയേഴ്സ് ക്ളബ്ബ്) ക്ളബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും മാത്യുവാണ്. കര്‍ഷകരെ ബാങ്ക് കുടിശ്ശികയില്‍നിന്നും മോചിപ്പിക്കുവാന്‍ വി.വി.വി, ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ, മറ്റ് നിരവധി പരിപാടികള്‍ ക്ളബ്ബ് നടത്തിവരുന്നു. പച്ചക്കറിവിത്തുകള്‍, മറ്റ് നടീല്‍ വസ്തുക്കള്‍ എന്നിവയുടെ വിതരണം, കര്‍ഷകരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കല്‍, ആദരിക്കല്‍, മാതൃകാകര്‍ഷകരെക്കൊണ്ട് പച്ചക്കറി കൃഷി, കന്നുകാലിവളര്‍ത്തല്‍, മണ്ണുപരിശോധന എന്നിവയ്ക്ക് ക്ളാസ്സ് നടത്തിക്കുക, സെമിനാറുകള്‍, മെഡിക്കല്‍ക്യാമ്പ്, അനാഥരോഗികളുടെ ചികിത്സ, യോഗ, പ്രകൃതിചികിത്സാക്യാമ്പുകള്‍ എന്നിവ സംഘടിപ്പിക്കുക എന്നിങ്ങനെ അവ നീളുന്നു.

കേരളത്തിന് മുഴുവന്‍ മാതൃകയാകുന്ന രീതിയില്‍ അയല്‍ക്കൂട്ടങ്ങളും എസ്.എച്ച്.ജി. പ്രവര്‍ത്തനങ്ങളും ഈ ക്ളബ്ബിന്റെ കീഴില്‍ നടക്കുന്നു. നിരവധി സ്ഥാപനങ്ങളില്‍നിന്നും ആളുകള്‍ പഠനത്തിനായി ഇവിടെ എത്തിച്ചേരാറുണ്ട്. തലശ്ശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കണ്ണൂര്‍ രൂപതയുടെ കെയ്റോസ്, കേന്ദ്ര-കേരളാ ഗവണ്‍മെന്റ് പ്രതിനിധികള്‍ എന്നിവര്‍ ഈ സ്വാശ്രയസംഘങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിച്ചശേഷമാണ് കുടുംബശ്രീയും ക്രെഡിറ്റ് യൂണിയനും മറ്റും രൂപീകരിച്ചതെന്ന് ഇദ്ദേഹം പറയുന്നു. കൂടാതെ, സ്വിറ്റ്സര്‍ലണ്ടില്‍നിന്നും കര്‍ഷകപ്രതിനിധികള്‍ ഇവിടെവന്ന് പഠനം നടത്തിയിട്ടുണ്ട്. ഇപ്പോള്‍ മാത്യുവിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് പഞ്ചായത്തിലെ കര്‍ഷകര്‍ക്കാശ്വാസമായി ബ്ളേഡ് വിമുക്ത ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പിലാക്കിവരികയാണ്. ഈ പഞ്ചായത്തിലെ എല്ലാവീടുകളും കയറിയിറങ്ങി കടക്കെണിയില്‍പ്പെട്ടവരെ സര്‍വേയിലൂടെ കണ്ടെ ത്തി നബാര്‍ഡുവഴി ധനസഹായത്തിനര്‍ഹരാക്കി കടംവീട്ടാനുള്ള പദ്ധതിയാണിത്. കൃഷിയുമായി ബന്ധപ്പെട്ടപഠനത്തിന് കര്‍ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്യു പോയിട്ടുണ്ട്.

പൊതുപ്രവര്‍ത്തനരംഗത്ത് നിരവധി സ്ഥാനങ്ങള്‍ ഇദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ജനതാദളിന്റെ പേരാവൂര്‍ നിയോജകമണ്ഡലം സെക്രട്ടറി, മുഴക്കുന്ന് കൃഷിഫാം പ്രസിഡന്റ്, പാലാ പാടശേഖരസമിതി പ്രസിഡന്റ്, നീര്‍മറി വികസനസമിതി സെക്രട്ടറി, ഹരിതസംഘം സെക്രട്ടറി, കേരസംരക്ഷണസമിതി പ്രസിഡന്റ്, മുഴക്കുന്ന് ഉപഭോക്തൃസമിതി പ്രസിഡന്റ്, പാലാ ഗവ. ഹൈസ്കൂള്‍ പി.ടി.എ പ്രസിഡന്റ്, കേരസംരക്ഷണസമിതി പ്രസിഡന്റ് എന്നീനിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെയ്ക്കുവാന്‍ മാത്യുവിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ കാക്കയങ്ങാട് ഗ്രാമീണബാങ്കിന്റെ കീഴിലുള്ള ഫാര്‍മേഴ്സ് ക്ളബ്ബ് പ്രസിഡന്റ്, വി.വി.വി ക്ളബ്ബ് പ്രസിഡന്റ് എന്നീനിലകളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ജില്ലാ പഞ്ചായത്ത് കാര്‍ഷികവികസനസമിതിയംഗമാണ്. പന്ത്രണ്ടുവര്‍ഷമായി വി.വി.വി.പ്രസിഡന്റായിത്തുടരുന്നു. 2005,2006,2007 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സ്റേറ്റ് അവാര്‍ഡ് മാത്യുവിന് ലഭിച്ചു. 2008-ല്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍വച്ച് ധനകാര്യമന്ത്രി പി. ചിദം ബരത്തില്‍നിന്ന് ഇദ്ദേഹം നാഷണല്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 

കാര്‍ഷികരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് ഈ കര്‍ഷകന്‍ തികച്ചും ബോധവാനാണ്. റബ്ബര്‍ തോട്ടത്തില്‍ രാസവളപ്രയോഗം ഒഴിവാക്കിയാല്‍ കാറ്റില്‍ റബ്ബര്‍മരങ്ങള്‍ ഒടിയുന്നത് ഒരുപരിധിവരെ തടയാനാകുമെന്ന് ഇദ്ദേഹം പറയുന്നു.

1977-ല്‍ അയ്യങ്കുന്ന് സ്വദേശിയായ ചെറിയാന്റെയും റോസമ്മയുടെയും മകള്‍ ത്രേസ്യാമ്മയെ മാത്യു വിവാഹം കഴിച്ചു. ഇവര്‍ മുന്‍പ് പഞ്ചായത്തംഗമായിരുന്നിട്ടുണ്ട്. ആനുകാലിക രാഷ്ട്രീയരംഗത്തെക്കുറിച്ച് ഇവര്‍ ദീപിക പത്രത്തില്‍ എഴുതിയ പ്രതികരണം ഏറെ ശ്രദ്ധേയമായിരുന്നു. മക്കള്‍: അഡ്വ. ഡെന്നീസ് മാത്യു (നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ലീഗല്‍ അഡ്വൈസര്‍), ടൈറ്റസ് മാത്യു (എക്സ്-നേവി), ഡൈനസ് മാത്യു (നഴ്സ്).

പത്രങ്ങളിലും മറ്റ് മാധ്യമങ്ങളിലുമൊക്കെ പലപ്രാവശ്യം മാത്യുവിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നിട്ടുണ്ട്. തനിക്കുകിട്ടിയ അറിവും അനുഭവവും മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലൂടെ സ്വയം വളരുക മാത്രമല്ല മഹത്തായ കാര്‍ഷികസംസ്കാരത്തെ ഉറപ്പിക്കുകയുമാണ് മാത്യു ചെയ്യുന്നത്.

              
Back

  Date updated :