Ambalappuzha Ramavarma

Ambalappuzha Ramavarma

Any

Reading

Problem

Nil

Sreenilayam

College Road, Kottayam

Kottayam, 0481-2566850

Nil

Back

NIL

കേരളീയ ക്ളാസിക് കലകളുടെ പുനരുദ്ധാരണം, പ്രചാരണം എന്നിവയ്ക്കുവേണ്ടി അശ്രാന്തം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വ്യക്തിയാണ് പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ. നാലുദശാബ്ദങ്ങളുടെ അധ്യാപനപരിചയം സ്വന്തമായുള്ള ഇദ്ദേഹത്തിന് വകുപ്പുമേധാവിയെന്നനിലയില്‍ 26 വര്‍ഷത്തെ അപൂര്‍വ്വ സേവനപരിചയമാണുള്ളത്.
അമ്പലപ്പുഴ പുതിയകോവിലകത്ത് അംബിക അമ്മയുടെയും കിടങ്ങൂര്‍ വടവാമനയില്ലത്ത് സുബ്രഹ്മണ്യന്‍നമ്പൂതിരിയുടെയും മകനായി 1926 ഡിസംബര്‍ 10-ന് ഇദ്ദേഹം ജനിച്ചു. കെ.രാമവര്‍മ്മ തിരുമുല്‍പാട് എന്നാണ് മുഴുവന്‍പേര്. അമ്പലപ്പുഴയിലെ വിവിധ സ്കൂളുകളിലായിരുന്നു സ്കൂള്‍ പഠനം. അക്കാലത്ത് പ്രശസ്ത സംസ്കൃതപണ്ഡിതനും ആയുര്‍വ്വേദ വൈദ്യനുമായിരുന്ന രാമവര്‍മ്മന്‍ തിരുമുല്‍പാടില്‍നിന്ന് ഗുരുകുല വിദ്യാഭ്യാസരീതിയില്‍ സംസ്കൃതം അഭ്യസിച്ചു. സിദ്ധരൂപം, ബാലപ്രബോധനം, ശ്രീരാമോദന്തം, രഘുവംശത്തിലെയും ശ്രീകൃഷ്ണവിലാസത്തിലെയും ഏതാനും സര്‍ഗ്ഗങ്ങള്‍, അമരകോശത്തിലെ ഏതാനും ഭാഗങ്ങള്‍ എന്നിവ ഇങ്ങനെവശമാക്കി. പിന്നീട്, പഠനത്തിനും സാഹിത്യകലാപ്രവര്‍ത്തനങ്ങള്‍ക്കും ഈ പഠനം വളരെ പ്രയോജനപ്പെട്ടെന്ന് പ്രൊഫ. രാമവര്‍മ്മ പറയുന്നു.
1943-ല്‍ ഇ.എസ്.എല്‍.സി.(എസ്.എസ്.എല്‍.സി.) പാസ്സായി. ആലുവ യു.സി. കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് (1945) പാസ്സായ ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് സംസ്കൃതവും മലയാളവും മുഖ്യവിഷയങ്ങളാക്കി 1947-ല്‍ ബിരുദം സമ്പാദിച്ചു. 1948 മുതല്‍ 1950 വരെ ആലുവ യു.സി. കോളേജില്‍ അദ്ധ്യാപകനായി. 1950-ല്‍ യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും ചേര്‍ന്ന്, 1952-ല്‍ മലയാളത്തില്‍ ബിരുദാനന്തരബിരുദം പൂര്‍ത്തിയാക്കി. 1952 ജൂണിലാണ് കോട്ടയം സി.എം.എസ്. കോളേജിലെത്തിയത്.
നീണ്ട 26 വര്‍ഷക്കാലം സി.എം.എസ്. കോളേജിലെ മലയാളവിഭാഗം അധ്യക്ഷനായിരുന്നു പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ. ആട്ടക്കഥകള്‍, തുള്ളലുകള്‍, മഹാകാവ്യങ്ങള്‍, സംസ്കൃതനാടകപരിഭാഷകള്‍, ഖണ്ഡകാവ്യങ്ങള്‍, എഴുത്തച്ഛന്റെയും ചെറുശ്ശേരിയുടെയും കൃതികള്‍, സി.വി.യുടെ നോവലുകള്‍ എന്നിവയാണ് തന്റെ അദ്ധ്യാപനജീവിതകാലത്ത് ഇദ്ദേഹം പ്രധാനമായും പഠിപ്പിച്ചത്. 1986-ല്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. തുടര്‍ന്ന്, കാലടി സംസ്കൃതസര്‍വ്വകലാശാലയുടെ ഏറ്റുമാനൂര്‍ പ്രാദേശികകേന്ദ്രത്തില്‍ ഡയറക്ടര്‍-ഇന്‍-ചാര്‍ജ്, മലയാളം പ്രൊഫസര്‍ എന്നീനിലകളില്‍ മൂന്നുവര്‍ഷത്തോളം ജോലിചെയ്തു. അങ്ങനെ 40 വര്‍ഷത്തെ അദ്ധ്യാപനജീവിതമെന്ന അപൂര്‍വ്വഭാഗ്യത്തിനുടമയാണ് പ്രൊഫ. രാമവര്‍മ്മ. 
കേരള, എം.ജി., കാലിക്കറ്റ് സര്‍വ്വകലാശാലകളില്‍ പരീക്ഷാബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനംവരെ വഹിച്ചിട്ടുണ്ട്. കേരളസര്‍വ്വകലാശാല പാഠപുസ്തകസമിതി അംഗം, എം.ജി. സര്‍വ്വകലാശാലയിലെ മലയാളം ബോര്‍ഡ് ഓഫ് സ്റഡീസിന്റെ ആദ്യചെയര്‍മാന്‍ എന്നീനിലകളിലും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. 
ചെറുപ്പം മുതലേ പൌരാണികകലകളോടും സാഹിത്യത്തോടും ഇദ്ദേഹത്തിന് എന്തെന്നില്ലാത്ത അഭിനിവേശമായിരുന്നു, പ്രത്യേകിച്ച്, കഥകളിയോട്. ചാക്യാര്‍കൂത്ത്, പാഠകം, തുള്ളല്‍, തിരുവാതിരകളി എന്നിവയിലും തത്പരനാണ്. കേരളീയ ക്ളാസ്സിക് കലകളുടെ പ്രചരണാര്‍ത്ഥം നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും പ്രൊഫ. രാമവര്‍മ്മയുടെ തൂലികയില്‍നിന്ന് പിറവിയെടുത്തിട്ടുണ്ട്. കഥകളിയെ സംബന്ധിച്ചുള്ളവയാണ് ഏറെയും. 
സുപ്രസിദ്ധരായ ആട്ടക്കഥാകൃത്തുകള്‍, കവികള്‍, കഥകളിയിലെ മണ്‍മറഞ്ഞ മഹാനടന്മാര്‍, പാട്ടുകാര്‍, മേളക്കാര്‍, ചുട്ടിവിദഗ്ദ്ധര്‍ എന്നിവരെക്കുറിച്ചും, ആധുനികരായ പ്രമുഖ കഥകളി കലാകാരന്മാരെക്കുറിച്ചും ഇദ്ദേഹമെഴുതിയ 200-ല്‍പരം ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. കേരളകലാമണ്ഡലം നിര്‍വ്വാഹകസമിതിയിലും, കേരള സാഹിത്യ അക്കാദമി, കേരള സാംസ്ക്കാരികവകുപ്പ് പ്രസിദ്ധീകരണവിഭാഗം എന്നിവയിലും, തകഴി ശിവശങ്കരപ്പിള്ള അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകസമിതിയുടെ പ്രസിഡന്റായിരിക്കെ അതിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ എന്നനിലയിലും പ്രവര്‍ത്തിച്ചുകൊണ്ട് മലയാള സാംസ്കാരികരംഗത്ത് നിസ്തുലമായ സേവനങ്ങളാണ് പ്രൊഫ.അമ്പലപ്പുഴ രാമവര്‍മ്മ നടത്തിയിട്ടുള്ളത്.
കഥകളിനിരൂപണം, നവരശ്മി, സാഹിതീസൌരഭം, കവിപൂജയും കാവ്യാസ്വാദനവും (ഉപന്യാസങ്ങള്‍), ദേവീദേവന്മാര്‍-കേരളീയകലാസാഹിത്യരംഗങ്ങളില്‍, മുരളി കണ്ട കഥകളി (ബാലസാഹിത്യം), കവിതാകൌതുകം (കവിതകള്‍), തിരഞ്ഞെടുത്ത സുഭാഷിതങ്ങള്‍ (വൈജ്ഞാനികം) എന്നിവ ഇദ്ദേഹത്തിന്റെ പ്രധാനകൃതികളാണ്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയ്ക്ക് അവതാരിക എഴുതിയതും ഈ പ്രതിഭാധനന്‍ തന്നെ. എ.ആര്‍. രാജരാജവര്‍മ്മയുടെ സ്വപ്നവാസവദത്തം എന്ന കൃതിയുടെ സ്വതന്ത്രവിവര്‍ത്തനം നടത്തി. കേശവദേവിന്റെ എതിര്‍പ്പ്, ചരിത്രനോവലായ കേരളേശ്വരന്‍ എന്നിവയെപ്പറ്റി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിരവധി പുരസ്കാരങ്ങള്‍ മികവിന് അംഗീകാരമായി ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഥകളിക്കുള്ള എം.കെ.കെ. നായര്‍ അവാര്‍ഡ് (1993), കേരള സംഗീതനാടക അക്കാദമിയുടെ ഗുരുപൂജാ പുരസ്കാരം (2004), ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് പുരസ്കാരം (2006), 2008-ല്‍ മികച്ച അദ്ധ്യാപകനുള്ള ഗുപ്തന്‍നായര്‍ പുരസ്കാരം എന്നിവ അവയില്‍ ചിലതാണ്. തന്റെ ഗുരുനാഥനായിരുന്ന ഗുപ്തന്‍നായരുടെ പേരിലുള്ള പുരസ്കാരം ലഭിച്ചതില്‍ ഇദ്ദേഹം ഏറെ സന്തുഷ്ടനാണ്. പ്രൊഫ. ഡി.പി. ഉണ്ണി, പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള, ഡോ. കെ. ഗോദവര്‍മ്മ, പ്രൊഫ ഇളംകുളം കുഞ്ഞന്‍പിള്ള, പ്രൊഫ. എന്‍. കൃഷ്ണപിള്ള തുടങ്ങിയ പ്രഗല്ഭര്‍ ഇദ്ദേഹത്തിന്റെ അദ്ധ്യാപകരായിരുന്നു. 
മുന്‍ കേരള മുഖ്യമന്ത്രി പി.കെ.വി., ആരോഗ്യമന്ത്രിയായിരുന്ന അഡ്വ. എം.പി. ഗോവിന്ദന്‍നായര്‍, മലയാറ്റൂര്‍ രാമകൃഷ്ണന്‍, പി.ഗോവിന്ദപ്പിള്ള, ഗുരു നിത്യചൈതന്യയതി, പി. പരമേശ്വരന്‍, അയ്യപ്പപ്പണിക്കര്‍, തോട്ടം രാജശേഖരന്‍, ഡല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന ഡോ. ഒ.എം. അനുജന്‍ തുടങ്ങി നിരവധി പ്രമുഖര്‍ രാമവര്‍മ്മയുടെ സതീര്‍ത്ഥ്യരാണ്.
വിവിധ തുറകളില്‍ പ്രശസ്തരായ വലിയൊരു ശിഷ്യവൃന്ദം ഈ അദ്ധ്യാപകശ്രേഷ്ഠനുണ്ട്. സുപ്രീംകോടതി മുന്‍ ജസ്റിസ് കെ.ടി. തോമസ്, ഉമ്മന്‍ചാണ്ടി, സുരേഷ്കുറുപ്പ്, ഉത്തരകേരള മഹായിടവക ബിഷപ്പായിരുന്ന റവ. കെ.സി. സേത്ത്, മേലുകാവ് മുന്‍ ബിഷപ്പ് റവ. കെ.മൈക്കിള്‍ ജോണ്‍, ചെമ്മനം ചാക്കോ, കടമ്മനിട്ട രാമകൃഷ്ണന്‍, പ്രൊഫ. ഏറ്റുമാനൂര്‍ സോമദാസന്‍, വേളൂര്‍ കൃഷ്ണന്‍കുട്ടി, തിരുവിഴ ജയശങ്കര്‍, ചെന്നൈ മുന്‍ ഡി.ജി.പിയായിരുന്ന കെ.കെ. രാജശേഖരന്‍ നായര്‍, സിനിമ സംവിധായകനായിരുന്ന അരവിന്ദന്‍, നടന്‍ പ്രേംപ്രകാശ് തുടങ്ങിയവരെല്ലാം രാമവര്‍മ്മസാറിന്റെ ശിഷ്യരില്‍പ്പെടുന്നു. 
ഇപ്പോഴും എഴുത്തിലും വായനയിലും വ്യാപൃതനാണ് ഇദ്ദേഹം. കഴിഞ്ഞ അരനൂറ്റാണ്ടായി ആകാശവാണിയില്‍ സുഭാഷിതങ്ങളും പ്രഭാഷണങ്ങളും അവതരിപ്പിച്ചുവരുന്നു. മുമ്പ് എഴുതി പ്രസിദ്ധീകരിച്ചിട്ടുള്ളതും എന്നാല്‍ പുസ്തകരൂപത്തില്‍ ആക്കാത്തതുമായ പ്രധാന ലേഖനങ്ങളെല്ലാം ഇനം തിരിച്ച് രണ്ടുമൂന്ന് ഗ്രന്ഥങ്ങളായി പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ് പ്രൊഫ. രാമവര്‍മ്മ ഇപ്പോള്‍. കൊട്ടാരത്തില്‍ ശങ്കുണ്ണി സ്മാരകസമിതി, ഭാരതീയ നൃത്യകലാലയം എന്നിവയുടെ പ്രസിഡന്റാണ്. ഗുരു ഗോപിനാഥ് ട്രസ്റിന്റെ വൈസ്പ്രസിഡന്റ്, അഖിലകേരള തുള്ളല്‍ കലാസമിതി രക്ഷാധികാരി, അമ്പലപ്പുഴ കുഞ്ചന്‍ സ്മാരകസമിതി ചെയര്‍മാന്‍ എന്നീനിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന പ്രൊഫ. രാമവര്‍മ്മ മികച്ചൊരു പ്രഭാഷകനുമാണ്. 
കായംകുളം കൃഷ്ണപുരം കുറ്റിയില്‍ കോവിലകത്ത് പരേതയായ സതീഭായിയാണ് ഭാര്യ. 2000 നവംബര്‍ നാലിനായിരുന്നു മരണം. മക്കള്‍: പരേതയായ ഗീത (ചെന്നൈ), രമണി (ധനലക്ഷ്മി ബാങ്ക്), ശ്രീകുമാര്‍ (പത്രപ്രവര്‍ത്തകന്‍, സാഹിത്യകാരന്‍), മധുകുമാര്‍ (ഡി.സി. ബുക്സ്). മരുമക്കള്‍: വി.കെ.കെ. വര്‍മ്മ (റിട്ട. പ്രസിഡന്റ്, ബെസ്റ് ആന്‍ഡ് ക്രോംപ്റ്റണ്‍, ചെന്നൈ), റിട്ട. പ്രൊഫ. കെ.എന്‍. സുരേന്ദ്രനാഥവര്‍മ്മ. 
അന്യംനിന്നുപോകാനിടയുള്ള കേരളീയ പൌരാണിക കലാരൂപങ്ങളുടെ കാവലാളായി വര്‍ത്തിക്കുകയാണ് ഈ സാംസ്കാരികനായകന്‍. പ്രായമേറെയായെങ്കിലും തന്റെ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ പ്രൊഫ. അമ്പലപ്പുഴ രാമവര്‍മ്മ ഊര്‍ജ്ജസ്വലനായി നിലകൊള്ളുന്നു. കേരളത്തിന്റെ കലാസാഹിത്യസാംസ്കാരികമേഖലകളില്‍ ഇദ്ദേഹം നടത്തുന്ന സജീവമായ ഇടപെടലുകള്‍ വരുംതലമുറയ്ക്ക് ഏറെ ഗുണകരമാകുമെന്നതില്‍ സംശയമില്ല.

              
Back

  Date updated :