LAKSHMANAN GURUKKAL

LAKSHMANAN GURUKKAL

Any

Reading

Problem

Kalari/Marma

Shijina Nivas

Chempilod, Mowachery P.O.,

Kannur, 0497 2852950 Mob: 9447321012

Nil

Back

NIL

ആയുര്‍വ്വേദ, മര്‍മ്മ, കളരി ചികിത്സാരംഗത്ത് ജില്ലയ്ക്കകത്തും പുറത്തും ഏറെ അറിയപ്പെടുന്ന പ്രമുഖനാണ് ശ്രീ. എം. ലക്ഷ്മണന്‍ ഗുരുക്കള്‍.
പാരമ്പര്യ വൈദ്യനായിരുന്ന പിതാവിന്റെ പാതപിന്തുടര്‍ന്ന് ഇദ്ദേഹവും നിരന്തരമായ പരിശ്രമത്തിലൂടെ കളരിവിദ്യയും ആയുര്‍വ്വേദവിദ്യയും അഭ്യസിച്ചു. 1977-ല്‍ പള്ളിപൊയിലിലും 1990-ല്‍ മട്ടന്നൂരും ജ്യോതി മര്‍മ്മചികിത്സാലയം ആരംഭിച്ചു. 2002-ല്‍ ചക്കരക്കല്ലിലും ആരംഭിച്ചു. മറ്റു ചികിത്സകള്‍ കഴിഞ്ഞ് ഉപേക്ഷിച്ച പല രോഗികളെയും ചികിത്സിച്ച് സുഖപ്പെടുത്തുന്നതിന് തനിക്ക് കഴിഞ്ഞിട്ടുള്ളതായി ഇദ്ദേഹം പറയുന്നു. കളരി, ഭംഗചികിത്സ, ഉളുക്ക്- ചതവ് - വാത സംബന്ധമായ രോഗചികിത്സ, മര്‍മ്മ ചികിത്സ തുടങ്ങിയ ചികിത്സാരീതികള്‍ ഇവിടെ നടത്തിവരുന്നു.
ചെമ്പിലോട് സ്വദേശി പരേതനായ മൊടോന്‍ കൃഷ്ണന്‍ വൈദ്യര്‍- പുതിയവീട്ടില്‍ മാധവി ദമ്പതികളുടെ ഇളയമകനായി 1946-ല്‍ ചെമ്പിലോട് ജനിച്ചു. ചെമ്പിലോട് എല്‍.പി. സ്കൂള്‍, കാപ്പാട് കൃഷ്ണവിലാസം യു.പി. സ്കൂള്‍ എന്നിവിടങ്ങളിലായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പിതാവ് നല്ലൊരു വൈദ്യനായിരുന്നു. പിതാവിനെപ്പോലെ തന്നെ അറിയപ്പെടുന്ന വൈദ്യരാകുക എന്നതായിരുന്നു ചെറുപ്പത്തില്‍ ആഗ്രഹം. നല്ല ചികിത്സകനും കായികാഭ്യാസിയുമായിരുന്ന അധ്യാപകന്‍ കുമാരന്‍ മാസ്റര്‍ ഇദ്ദേഹത്തെ സ്വാധീനിച്ച വ്യക്തിയാണ്. ചെമ്പിലോട്ടെ ചന്തുപ്പണിക്കര്‍ ആയിരുന്നു ഈ രംഗത്തെ ആദ്യഗുരു. ഇദ്ദേഹത്തോടൊപ്പം നാലുവര്‍ഷം പന്ത്രണ്ട് മുറകള്‍ അഭ്യസിച്ചു. പിന്നീട് നെഹ്റുയുവകേന്ദ്രയില്‍ കല്ലട ബാലകൃഷ്ണന്‍ ഗുരുക്കളുടെ കീഴില്‍ ചെറുവടിപ്പയറ്റ്, മെയ്പ്പയറ്റ് എന്നിവ അഭ്യസിച്ചു. തുടര്‍ന്ന് നാലുവര്‍ഷം ചിറക്കല്‍ ഗോവിന്ദന്‍ ഗുരുക്കളുടെ കീഴില്‍ കച്ചകെട്ട് ഉള്‍പ്പെടെ 22 മുറകള്‍ പരിശീലിച്ചു. കറുവന്‍ വൈദ്യരുടെ കീഴില്‍ സ്വയരക്ഷയ്ക്കാവശ്യമായ അടിതട മുറയും മര്‍മ്മചികിത്സയുടെ ബാലപാഠങ്ങളും മൂന്നു വര്‍ഷം പഠിച്ചു. 2003-ല്‍ നാഗര്‍കോവലില്‍ താമസിച്ച് നേശമണി ആശാന്റെ കീഴില്‍ മര്‍മ്മവിദ്യ അഭ്യസിച്ചു. 31-ാം വയസ്സില്‍ പയ്യന്നൂരിലെ പി.പി. നാരായണന്‍ ഗുരുക്കളുടെ കീഴില്‍ ചവുട്ടി തടവുകള്‍, ഉഴിച്ചില്‍, കെട്ടുമുറകള്‍ തുടങ്ങി മര്‍മ്മചികിത്സയുമായി ബന്ധപ്പെട്ട പാഠങ്ങള്‍ അഭ്യസിച്ചു. വി.വി. ഗോവിന്ദന്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ മദ്രാസില്‍ നടന്ന കളരിപ്പയറ്റു പ്രദര്‍ശനത്തില്‍ ചന്ദ്രന്‍സ്മാരക കളരി സംഘം, നോര്‍ത്ത് മലബാര്‍ കായിക കലാകേന്ദ്രം എന്നീ സംഘങ്ങളുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പരിപാടികളില്‍ പങ്കെടുത്തു. ഒടുവള്ളിയിലെ സരോജിനി മര്‍മ്മവൈദ്യശാലയില്‍നിന്ന് മര്‍മ്മവിദ്യ, അസ്ഥിഭംഗ ചികിത്സ എന്നിവ പഠിച്ചു. 2005-ല്‍ കോഴിക്കോട് നടക്കാവിലെ ഡോ. ഉണ്ണിക്കൃഷ്ണനില്‍നിന്ന് ഒരു വര്‍ഷം അക്യുപങ്ചര്‍ ചികിത്സ അഭ്യസിച്ചു. 1997 മുതല്‍ സന്യാസിമാരുടെ കീഴില്‍ സിദ്ധചികിത്സാരീതികള്‍ അഭ്യസിച്ചു വരുന്നു.
2002 മുതല്‍ ചെമ്പിലോട് താമഠം ശ്രീ. സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പ്രസിഡന്റാണ്. വൈദ്യചികിത്സാ രംഗത്തേയ്ക്കു വരുന്നതിനു മുന്‍പ് 22-ാം വയസ്സുമുതല്‍ എട്ടു വര്‍ഷക്കാലം താല്‍ക്കാലിക ജീവനക്കാരനായി കര്‍ണാടക ടെലിഫോണ്‍സില്‍ ജോലി ചെയ്തിരുന്നു. മൂന്നുവര്‍ഷം പട്ടുവത്ത് യൂണിവേഴ്സല്‍ കളരി സംഘം എന്ന സ്ഥാപനവും നടത്തിയിട്ടുണ്ട്. 
ഇദ്ദേഹത്തിന്റെ പിതാവ് കൃഷ്ണന്‍ വൈദ്യര്‍ പ്രമുഖ വൈദ്യനായിരുന്നു. ആളുകള്‍ ചികിത്സിക്കാന്‍ ഭയപ്പെട്ടിരുന്ന വസൂരി രോഗികളെ അദ്ദേഹം ചികിത്സിച്ച് സുഖപ്പെടുത്തിയിരുന്നു. ചികിത്സാരംഗത്തെ മികവു പരിഗണിച്ച് അദ്ദേഹത്തിന് വേളൂര്‍ ഇല്ലത്തുനിന്ന് പട്ടും വളയും ലഭിച്ചിരുന്നു. ദേവകി, കല്യാണി, പരേതനായ രാമന്‍, ഗോവിന്ദന്‍, നാരായണന്‍, സരോജിനി എന്നിവര്‍ ലക്ഷ്മണന്‍ ഗുരുക്കളുടെ സഹോദരങ്ങളാണ്. 
1978-ലായിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം. തലശ്ശേരി സ്വദേശി ചോറന്‍ രാഘവന്റെയും കൂത്തുപറമ്പ് സ്വദേശി അലിച്ചി ലക്ഷ്മിയുടെയും മൂത്തമകള്‍ പ്രഭയാണ് ഭാര്യ. ശുഭ ഭാര്യാസഹോദരിയാണ്. ലക്ഷ്മണന്‍- പ്രഭ ദമ്പതികള്‍ക്ക് ഷിനോജ്, ഷിജില്‍, ഷിജിന എന്നീ മൂന്നു മക്കളുണ്ട്. ഷിനോജ് 12-ാം വയസ്സുമുതല്‍ പിതാവിന്റെകൂടെ ആയോധനമുറകള്‍ പഠിച്ചു തുടങ്ങി. പിന്നീട് പി.പി. നാരായണന്‍ ഗുരുക്കളുടെ കീഴില്‍ മര്‍മ്മചികിത്സ പഠിച്ചു. ഇപ്പോള്‍ ജ്യോതി മര്‍മ്മചികിത്സാലയത്തിന്റെ ചുമതല ഏറ്റെടുത്ത് ജോലി ചെയ്യുന്നു. ഷിജില്‍ ഹൈക്കോണ്‍ എന്ന സ്ഥാപനത്തില്‍ ജോലി 
ചെയ്യുന്നു. ഷിജിന വിവാഹിതയാണ്. ഭര്‍ത്താവ് രാജീവന്‍ നാസിക്കില്‍ മിലിട്ടറി യു.ഡി. ക്ളാര്‍ക്കായി ജോലി ചെയ്യുന്നു.
2002 മുതല്‍ ലക്ഷ്മണന്‍ ഗുരുക്കള്‍ അഖില കേരള പാരമ്പര്യ വൈദ്യഫെഡറേഷനില്‍ അംഗമാണ്. കൂടാതെ നിരവധി സാമൂഹിക, സാംസ്കാരിക സംഘടനകളുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിക്കുന്നു.

              
Back

  Date updated :