SHAJI MATHEW

SHAJI MATHEW

Any

Reading

Problem

Agriculturist

Vaniya Kizhakkel

Manippara P.O., Kottappara - 670705

Kannur, 0460-2228253 Mob: 9447684986

Nil

Back

ഷാജി മാത്യു സ്വയം ബഡ്ഡിംഗ് നടത്തി വികസിപ്പിച്ചെടുത്ത മാവിനു സമീപം

NIL

അന്ധനായ ഒരു വ്യക്തിക്കു കാഴ്ച നല്‍കുംമുമ്പ് യേശുക്രിസ്തുവിനോട് അവിടുത്തെ ശിഷ്യന്മാര്‍ ചോദിച്ചു. ആരുടെ പാപം മൂലമാണിവന്‍ അന്ധനായി ജനിച്ചത്. ഇവന്റെ പാപം മൂലമോ? ഇവന്റെ മാതാപിതാക്കന്മാരുടെ പാപം മൂലമോ? ഈ ചോദ്യത്തിനു ക്രിസ്തു ഇങ്ങനെ ഉത്തരം പറഞ്ഞു ഇവന്റയോ, ഇവന്റെ മാതാപിതാക്കന്മാരുടെയോ പാപം മൂലമല്ല, പ്രത്യുത ദൈവത്തിന്റെ മഹത്വം ഇവനിലൂടെ പ്രകടമാകേണ്ടതിനാണ് ഇവന്‍ അന്ധനായിത്തീര്‍ന്നത്. ഈ വാക്കുകള്‍ പറഞ്ഞതിനുശേഷം യേശു അവനെ സുഖപ്പെടുത്തി. അങ്ങനെ ദൈവത്തിന്റെ ശക്തി അവനിലൂടെ ലോകത്തില്‍ പ്രകടമായി. ഷാജി മാത്യു എന്ന വ്യക്തിയിലൂടെയും ദൈവം ഇന്ന് നമുക്കു മുമ്പില്‍ തന്റെ മഹത്വം വെളിവാക്കുന്നു.
മനുഷ്യന്റെ ചിന്തയ്ക്കും ബുദ്ധിക്കുമപ്പുറമായിരുന്നു എന്നും ദൈവത്തിന്റെ നിശ്ചയങ്ങള്‍. പോളിയോ മൂലം ഇരുകാലുകളും തളര്‍ന്ന ഷാജിയും മനുഷ്യരാശിക്കു മുമ്പില്‍ ഒരിക്കല്‍കൂടി ഇതു വ്യക്തമാക്കുന്നു.
ഷാജി, പക്ഷെ ഇതിനൊന്നും നിന്നുകൊടുത്തില്ല. സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഷാജിയുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് പ്രിയപ്പെട്ടവര്‍ കല്ലുകളടുക്കി. ഒന്നിനുമേല്‍ ഒന്നായി തട്ടുകള്‍ തീര്‍ന്നു. ഇടക്കയ്യാലകളുയര്‍ന്നു... കീഴ്ക്കാം തൂക്കായ ഒരു ഊഷര ഭൂമി ഹരിതശോഭയുടെ സംഗീതം പൊഴിച്ചു. ആ ദേവരാഗത്തില്‍ ഷാജിയെന്ന വികലാംഗന്റെ ജീവിതവും ഹരിത സമൃദ്ധമായി.
അംഗവൈകല്യമില്ലാത്ത കര്‍മ്മകാണ്ഡം
ഇത് ആയിരത്തില്‍ കുട്ടിച്ചേട്ടനെന്ന മാത്യൂസിന്റെ മകന്‍ ഷാജി. അഞ്ചാം വയസ്സില്‍ പോളിയോയുടെ രൂപത്തില്‍ വന്ന് ഇരുകാലുകളെയും തളര്‍ത്തിയ ദുര്‍വിധിക്കെതിരെ ഇച്ഛാശക്തികൊണ്ട് പോരാടി വെന്നിക്കൊടി പാറിച്ച ഷാജി മാത്യു. പ്രതികൂലമായ നിരവധി സാഹചര്യങ്ങളെ നേരിട്ട് കാര്‍ഷികവൃത്തിയും അനുബന്ധപ്രവര്‍ത്തനങ്ങളും മുഖേന ഷാജിക്കിന്ന് കൈ നിറയെ നേട്ടമാണ്; പരസഹായമില്ലാതെ. ഷാജി സ്കൂളില്‍ പോയത് ആകെ 26 ദിവസം മാത്രമാണ്. 27-ാം ദിവസം സ്കൂളില്‍ നിന്ന് മടങ്ങുമ്പോള്‍ നേരിയ പനി തുടങ്ങി. പെട്ടെന്ന് തന്നെ ഇരുകാലുകളും തളര്‍ന്നു. പോളിയോയുടെ ഭീകരമായ ആക്രമണം. പിന്നീട് പത്തുവര്‍ഷം നീണ്ട ചികിത്സ. ചികിത്സകൊണ്ട് ഫലമില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോള്‍ ഷാജി തളര്‍ന്നില്ല. കാലുകള്‍ക്കുപകരം കൈകള്‍ കുത്തി കുടുംബവകയായ പതിനഞ്ച് ഏക്കര്‍ ഭൂമിയിലേയ്ക്ക് ഷാജി ഇറങ്ങി. അങ്ങനെ ഉളിക്കല്‍ എന്ന കുടിയേറ്റ ഗ്രാമത്തിന്റെ വടക്കേ അതിര്‍ത്തിയായ കോട്ടപ്പാറയില്‍ ഒരു നല്ല കര്‍ഷകന്‍ കൂടി പിറന്നു.
അടിസ്ഥാനസൌകര്യങ്ങളൊന്നുമില്ലാത്ത ഒരു കാട്ടുപ്രദേശത്ത് ഒരു ഹരിതവിപ്ളവം അരങ്ങേറുകയായിരുന്നു. ഇന്ന് തെങ്ങും കവുങ്ങും റബ്ബറും കശുമാവും ജാതിയും ഗ്രാമ്പുവും കുരുമുളകും വാഴയും ഫലവൃക്ഷങ്ങളും പച്ചക്കറിയും ഔഷധസസ്യങ്ങളും അലങ്കാരച്ചെടികളും തിങ്ങിനിറഞ്ഞ ഒരു പറുദീസയാണ് ഈ കൃഷിഭൂമി.
കര്‍ണ്ണാടക വനത്തിനോട് ചേര്‍ന്നു കിടക്കുന്ന കോട്ടപ്പാറയിലേയ്ക്ക് 1967-ലാണ് മാത്യുവിന്റെ കുടുംബം ചേക്കേറിയത്. മലബാറിന്റെ മണ്ണില്‍ പൊന്നുവിളയിക്കാന്‍ തൊടുപുഴയില്‍ നിന്ന് മാത്യുവും ഭാര്യ അന്നക്കുട്ടിയും പറക്കമുറ്റാത്ത നാലു കുഞ്ഞുങ്ങളുമൊത്ത് കോട്ടപ്പാറയില്‍ എത്തിയപ്പോള്‍ അവര്‍ക്ക് സ്വാഗതമോതിയത് പ്രതികൂലസാഹചര്യങ്ങളാണ്.
മാത്യുവും കുടുംബവും കാടു വെട്ടിത്തെളിച്ച് പുനം കൃഷി തുടങ്ങി. ഒപ്പം തെങ്ങും കവുങ്ങും ഇടവിളയായി കശുമാവും വാഴയും നട്ടു. കൃഷി കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുമ്പോള്‍ വീണ്ടും വീണ്ടും തളരാതെ കൃഷിയിറക്കിയ മാത്യുവിന്റെ വീറും വാശിയുമാണ് ഷാജിക്ക് ലഭിച്ച വരദാനം. ഈ പൈതൃകം ഏറ്റുവാങ്ങിയാണ് ഷാജി തളര്‍ന്നകാലുകളോടെ പതിനഞ്ചാംവയസ്സില്‍ മണ്ണിലേയ്ക്കിറങ്ങിയത്. ഇന്ന് ഷാജിക്ക് നാല്പത് വയസ്. നാലര ഏക്കര്‍വരുന്ന ഷാജിയുടെ സ്വന്തം പറമ്പില്‍ നിന്ന് ഇന്ന് കൈനിറയെ വരുമാനം. ആരുടെനേരെയും നിസ്സഹായതയോടെ കൈനീട്ടാതെ മറ്റേതൊരു കര്‍ഷകനേക്കാളും മികച്ച രീതിയില്‍ കൃഷിയിറക്കി വിളവെടുത്ത് ഷാജി ഇന്നു സ്വര്‍ണ്ണം കൊയ്യുന്നു. 
കാലുകള്‍ പൂര്‍ണ്ണമായും തളര്‍ന്ന് ചികിത്സകള്‍ ഫലവത്താകാതെ മനം മടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഷാജി തേനീച്ച വളര്‍ത്തലില്‍ ആകൃഷ്ടനാകുന്നത്. നൂറില്‍പരം പെട്ടികളിലായി വ്യാപിച്ച തേനീച്ചകൃഷിയില്‍ നിന്ന് പ്രതിവര്‍ഷം 15 ക്വിന്റലോളം തേന്‍ വിപണിയില്‍ എത്തിക്കാന്‍ ഷാജിക്കു കഴിഞ്ഞിരുന്നു. 1994 വരെ അഭംഗുരം തുടര്‍ന്ന തേനീച്ച വളര്‍ത്തല്‍ കേരളമാകെ വ്യാപിച്ച തേനീച്ച രോഗം മൂലം നിശ്ശേഷം തകര്‍ന്നു. ഇപ്പോള്‍ രോഗപ്രതിരോധശേഷിയുള്ള നാടന്‍ തേനീച്ചകളുടെ പതിനഞ്ചോളം പെട്ടികളുടെ ഒരു ശേഖരം ഷാജി രൂപപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചെറുതേനീച്ചകളെയും വളര്‍ത്തുന്നു. ഔഷധമൂല്യമേറിയ 8 ലിറ്ററോളം ചെറുതേന്‍ ഷാജി പ്രതിവര്‍ഷം വിപണിയിലെത്തിക്കുന്നു.
അഞ്ചുവര്‍ഷക്കാലം തേനീച്ച കൃഷിയിലും പറമ്പിലും മാത്രം ശ്രദ്ധിച്ച ഷാജിയെ അടുത്തതായി ആകര്‍ഷിച്ചത് നടീല്‍വസ്തുക്കളുടെ ശാസ്ത്രീയമായ ഉല്പാദനരീതികളാണ്. ആദ്യം ആരംഭിച്ചത് ബഡ്ഡിംഗ് ആണ്. യാതൊരുവിധ ശാസ്ത്രീയ പരിശീലനവും ഇക്കാര്യത്തില്‍ ലഭിക്കാത്ത ഷാജി പത്രങ്ങളില്‍ ഇവയെക്കുറിച്ച് വന്ന റിപ്പോര്‍ട്ടുകളില്‍ ആകൃഷ്ടനായാണ് ഇവ ആരംഭിച്ചത്.
ബഡ്ഡിംഗ് ആരംഭിച്ച് ഏറെ വൈകാതെ ഷാജി ഗ്രാഫ്റ്റിംങു ആരംഭിച്ചു. പ്ളാവ്, മാവ്, കശുമാവ്, സപ്പോര്‍ട്ട, ജാതി തുടങ്ങിയ ഫലവൃക്ഷയിനങ്ങള്‍ ഗ്രാഫ്റ്റിംങ്ങിലൂടെ ഉല്പാദിപ്പിച്ച് ചെറിയ തോതില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാരംഭിച്ചു. ഇപ്പോള്‍ കേരള ഹോര്‍ട്ടി കള്‍ച്ചര്‍ സൊസൈറ്റി പുറത്തിറക്കിയ എല്ലായിനം കശുമാവുകളും കാഷ്യു ഡെവലപ്മെന്റ് ബോര്‍ഡിന്റെ എല്ലായിനം കശുമാവുകളും ഗ്രാഫ്റ്റ് ചെയ്ത് ഗുണമേന്മയുള്ള തൈകള്‍ വിപണിയില്‍ എത്തിക്കുന്നുണ്ട്. 
അധികം വൈകാതെതന്നെ ലെയറിങ്ങും ആരംഭിച്ചു. പേര, ചാമ്പ, അത്തി, നാരകം തുടങ്ങിയവയുടെ വിവിധയിനങ്ങളാണ് ലെയറിങ്ങ് സാങ്കേതികവിദ്യയിലൂടെ പുറത്തിറക്കിയത്. സോഫ്റ്റ് വുഡ് ഗ്രാഫ്റ്റിങ്ങിനുശേഷം മൂത്തുപോകുന്ന തൈകള്‍ ഉപയോഗശൂന്യമാകാതെ സൈഡ് ഗ്രാഫ്റ്റിങ്ങിലൂടെ പുതിയ തൈകള്‍ ഉല്പാദിപ്പിക്കാമെന്ന കണ്ടെത്തല്‍ ഷാജി നടത്തിയിട്ടുണ്ട്.
ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് എന്നിവ മുഖേന ഉല്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള തൈകള്‍ ചെറിയ തോതില്‍ കര്‍ഷകര്‍ക്ക് വിപണനം ചെയ്തിരുന്ന ഷാജി 23-ാം വയസില്‍ കോട്ടപ്പാറയില്‍ വിപുലമായ തോതില്‍ ഒരു നേഴ്സറി ആരംഭിച്ചു. ഇദ്ദേഹം ആരംഭിച്ച മാതാ നേഴ്സറിക്ക് 14 വര്‍ഷം മുമ്പ് കേരള ഗവണ്‍മെന്റിന്റെ അംഗീകാരവും ലഭിച്ചു. ഇപ്പോള്‍ നേഴ്സറിക്ക് ഉളിക്കല്ലില്‍ ശാഖയുണ്ട്. ഇദ്ദേഹം ഉല്പാദിപ്പിക്കുന്ന നടീല്‍വസ്തുക്കള്‍ നേഴ്സറി വഴി കര്‍ഷകര്‍ക്ക് നേരിട്ടും കൃഷിവകുപ്പു മുഖേനയും നല്‍കിവരുന്നുണ്ട്.
1992-93 വര്‍ഷത്തിലാണ് ഷാജി ഓര്‍ക്കിഡ് കൃഷി ആരംഭിച്ചത്. കണ്ണൂരിലെ ക്ളാസിക് ഓര്‍ക്കിഡ്സ് എന്ന സ്ഥാപനം മുന്‍കൈയെടുത്ത് നടത്തിയ പരിശീലനപരിപാടിയില്‍ പങ്കെടുത്ത ഇദ്ദേഹം കാര്‍ഷിക വികസന ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍നിന്നും ഇതിനുവേണ്ടി ലോണ്‍ എടുത്തു കൃഷി ആരംഭിച്ചു. ഓര്‍ക്കിഡ് പുഷ്പങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിനോടൊപ്പം ആന്തൂറിയം തൈകള്‍ ഉല്പാദിപ്പിച്ച് താല്പര്യമുള്ളവര്‍ക്ക് കൊടുക്കുന്നുമുണ്ട്.
ഔഷധസസ്യങ്ങളുടെ ഒരു വന്‍ശേഖരവും ഷാജിയുടെ കൃഷിയിടത്തിലുണ്ട്. കൃഷിയോടൊപ്പം ഇവയുടെ തൈകള്‍ വിപണിയില്‍ എത്തിച്ച് ഔഷധകൃഷി പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശവും ഷാജിക്കുണ്ട്. 
അലങ്കാരചെടികളുടെ അമ്പരിപ്പിക്കുന്ന ശേഖരമാണ് ഇദ്ദേഹത്തിന്റെ പൂന്തോപ്പിലുള്ളത്. ഇന്ന് വിപണിയിലുള്ള എല്ലത്തരം അലങ്കാരച്ചെടികളും ഇദ്ദേഹം വളര്‍ത്തുന്നു.
തെങ്ങ്, കവുങ്ങ്, റബ്ബര്‍, കശുമാവ്, കുരുമുളക് തുടങ്ങിയ നാണ്യവിളകളും ജാതി, ഗ്രാമ്പു, ഏലം, സര്‍വ്വസുഗന്ധി, കറുവ തുടങ്ങിയ സുഗന്ധവിളകളും ഷാജിയുടെ തോട്ടത്തില്‍ ഫലസമൃദ്ധി നല്‍കുന്നു. എട്ടിനം തെങ്ങുകളും ആറിനം കവുങ്ങുകളും പതിമൂന്നിനം കശുമാവുകളും ഷാജിയുടെ ഭൂമിയിലുണ്ട്.
കൃഷിയോടൊപ്പംതന്നെ മൃഗസംരക്ഷണത്തിലും ഇദ്ദേഹം സജ്ജീവമാണ്. പശു, പന്നി, കോഴി, താറാവ് എന്നിവയെ ഇദ്ദേഹം വളര്‍ത്തുന്നു. പശുവില്‍നിന്നു ലഭിക്കുന്ന ചാണകം ബയോഗ്യാസിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ ശേഷം പുറന്തള്ളുന്ന ചാണകവളം ഇദ്ദേഹത്തിന്റെ തോട്ടത്തിന് കരുത്തു പകരുന്നു. പഞ്ചായത്തില്‍ ആദ്യമായി ബയോഗ്യാസ് പ്ളാന്റ് സ്ഥാപിച്ചത് ഇദ്ദേഹമാണ്.
ചെറിയ തോതില്‍ മത്സ്യവും ആമയും വളര്‍ത്തുന്നു. നേരത്തേ കട്ല, രോഹു തുടങ്ങിയ മത്സ്യങ്ങള്‍ വീട്ടുകുളത്തില്‍ വളര്‍ത്തിയിരുന്നുവെങ്കിലും ഇപ്പോള്‍ തിലോപ്പിയ മാത്രമാണുള്ളത്.
ഇതുകൂടാതെ സമയം കിട്ടുമ്പോള്‍ കുട്ട, തൂക്കുചട്ടികള്‍ക്കുവേണ്ട പ്ളാസ്റിക് ഉറികള്‍, ചിത്രശലഭം, പൂക്കള്‍ എന്നിവ ഷാജി അസാമാന്യകരവിരുതോടെ മെനഞ്ഞുണ്ടാക്കുന്നു. പിതാവ് വി.വി. മാത്യു, മാതാവ് അന്നക്കുട്ടി, ഭാര്യ ഷാന്റി, മക്കളായ ഷെല്‍സിയ ഷാജി, ഷിബാന ഷാജി, ഷെന്‍ ഷാജി എന്നിവരടങ്ങിയതാണ് ഇദ്ദേഹത്തിന്റെ കുടുംബം. സഹോദരങ്ങളായ ബേബല്‍ മാത്യു, സ്റീഫന്‍ മാത്യു, ജെസി എന്നിവര്‍ ഇദ്ദേഹത്തിന് കരുത്തു പകരുന്നുണ്ട്. ഇവരില്‍ രണ്ടുപേര്‍ അദ്ധ്യാപകരും ഒരാള്‍ ഇന്‍ഷുറന്‍സ് ഏജന്റുമാണ്.
നിലത്തിരുന്ന്, സ്വയം രൂപപ്പെടുത്തിയെടുത്ത തൂമ്പകൊണ്ട് കൃഷിപ്പണികള്‍ നടത്തുന്ന ഷാജി ആരിലും ആശ്ചര്യം ഉണര്‍ത്തുന്നു. ഇച്ഛാശക്തിയുണ്ടെങ്കില്‍ അംഗവൈകല്യംപോലും തടസ്സമല്ലെന്ന് ഇദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. അതുകൊണ്ടുതന്നെ നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് (1994), കാര്‍ഷിക വികസന ബാങ്കിന്റെ മികച്ച കര്‍ഷകനുള്ള പുരസ്കാരം (1996-97), സംസ്ഥാനതലത്തില്‍ ഏറ്റവും വലിയ ചേന ഉല്പാദിപ്പിച്ചതിനുള്ള അവാര്‍ഡ് (1996), കര്‍ഷകോത്തമ അവാര്‍ഡ് (1996-97), ഏറ്റവും വലിയ ഇഞ്ചികര്‍ഷകനുള്ള പുരസ്കാരം (കര്‍ഷകമേള 1998), കേരള ഗവണ്‍മെന്റിന്റെ സാമൂഹ്യക്ഷേമ വകുപ്പ് നല്‍കുന്ന മികച്ച നഴ്സറിക്കുള്ള അവാര്‍ഡ് (1999), കേരള ഫോറസ്റ് ഡിപ്പാര്‍ട്ട്മെന്റ് ജില്ലാതലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന് നല്‍കുന്ന മലനാട് അവാര്‍ഡ് (2000) തുടങ്ങിയവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഷാജിയുടെ ജീവിതം ഒരു മാതൃകയാണ്. അദ്ധ്വാനത്തിന്റെ മഹനീയതയില്‍ സാഫല്യം കണ്ടെത്തുന്ന ഒരു ഉദാത്ത മാതൃക. ഉള്‍വലിയലിന്റെ വാല്മീകത്തില്‍ സ്വയം ഒളിക്കുന്ന വികലാംഗര്‍ക്ക് ഷാജി ഒരു പാഠമാണ്.

              
Back

  Date updated :