SUKUMAR KOODALI (K.T.SUKUMARAN NAMBIAR)

SUKUMAR KOODALI (K.T.SUKUMARAN NAMBIAR)

Any

Reading

Problem

Litterateur

SAROVARAM, KOTTALI P.O.

CHIRAKKAL(Via) KANNUR

Kannur, 0497-2747241, 9388977300

Nil

Back

സുകുമാര്‍ കൂടാളിയുടെ മകളും കുടുംബവും

സുകുമാര്‍കൂടാളിയുടെ പേരക്കുട്ടി

NIL

സര്‍ഗ്ഗാത്മകതയുടെ അനശ്വരലോകത്തേയ്ക്ക് വായനക്കാരെ കൈപിടിച്ചുനടത്തുന്ന സാഹിത്യകാരനാണ് ശ്രീ. സുകുമാര്‍ കൂടാളി. ആധുനികസാഹിത്യവേദിയില്‍ വേറിട്ട പരീക്ഷണങ്ങള്‍ക്ക് തയ്യാറായ ചുരുക്കം എഴുത്തു കാരില്‍ ഒരാളായ ഇദ്ദേഹം മലയാള സാഹിത്യവേദിക്ക് എന്നും ഒരു മുതല്‍ക്കൂട്ടാണ്.
വടക്കെ മലബാറിലെ പ്രശസ്തമായ കൂടാളി താഴത്തുവീട്ടില്‍ കുടുംബാംഗമാണ് സുകുമാര്‍. അച്ഛന്‍ അഴീക്കോട് മാക്കുനി പുതിയവളപ്പില്‍ ഓതേനന്‍നമ്പ്യാര്‍. അമ്മ കൂടാളി താഴത്തുവീട്ടില്‍ സൌദാമിനിയമ്മ. 1939 ഡിസംബര്‍ 18-നാണ് ഇദ്ദേഹത്തിന്റെ ജനനം. കലാസാഹിത്യ തത്പരരായിരുന്ന അച്ഛനമ്മമാരുടെ മകനായിരുന്നതിനാല്‍ സാഹിത്യകാരനാകുവാനുള്ള പ്രചോദനം കുടുംബത്തില്‍നിന്നുതന്നെ ലഭിച്ചു.
കുടുംബവകയായ കൂടാളി ഹൈസ്കൂളില്‍ നിന്നും പത്താംക്ളാസ്സ് പാസ്സായി. അതിനുശേഷം കണ്ണൂരില്‍നിന്നും ടൈപ്പ്റൈറ്റിങ്ങിലും ചുരുക്കെഴുത്തിലും പ്രാവീണ്യം നേടിയ സുകുമാര്‍, എട്ടാംക്ളാസ്സ് വിദ്യാര്‍ത്ഥിയായിരിക്കെ കവിതകളും കഥകളുമെഴുതി സാഹിത്യലോകത്തേക്ക് ചുവടുവച്ചു. ഗുരുനാഥനായ മഹാകവി പി. കുഞ്ഞിരാമന്‍നായരെ തന്റെ സൃഷ്ടികള്‍ കാണിച്ച് അഭിപ്രായങ്ങള്‍ ആരാഞ്ഞിരുന്നു. പിയുടെ പ്രോത്സാഹനവും പ്രചോദനവും ഇദ്ദേഹത്തിന്റെ ഭാഷാപരമായ കഴിവുകളെ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
1959-ല്‍ ദേശമിത്രം പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിയുമായുള്ള പരിചയം പിന്നീടുള്ള ജീവിതയാത്രയില്‍ സഹായകമായി. ദേശമിത്രം വാരികയില്‍ സുകുമാര്‍ കൂടാളിയുടെ കവിതകള്‍ പ്രസിദ്ധീകരിച്ചുതുടങ്ങി. തുടര്‍ന്ന് മാതൃഭൂമി, ദേശാഭിമാനി, മാധ്യമം, ചന്ദ്രിക ആഴ്ചപ്പതിപ്പ്, കേസരി വാരിക എന്നിവയിലും സൃഷ്ടികള്‍ പ്രസിദ്ധീകരിക്കപ്പെട്ടു.
മാതൃഭൂമി ദിനപ്പത്രത്തിലും വാരാന്തപ്പതിപ്പിലും പന്ത്രണ്ടോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. സുകുമാര്‍ താഴത്തുവീട്, കൂടാളി എന്ന നാമധേയത്തിലാണ് ആദ്യകാലത്ത് രചനകള്‍ നടത്തിയിരുന്നത്. പിന്നീട്, പി.വി.കെ. നെടുങ്ങാടിയാണ് സുകുമാര്‍ കൂടാളി എന്ന ചുരുക്കപ്പേര് നല്കിയത്.
ഒരു ബലിമൃഗവും ഒത്തിരി ഓര്‍മ്മകളും, വിഷാദനീലിമ, നഗരത്തിന്റെ മുഖങ്ങള്‍, തെറ്റുകള്‍, തെറ്റിയധാരണകള്‍ എന്നിവ ഇദ്ദേഹത്തിന്റെ ശ്രദ്ധേയങ്ങളായ ചെറുകഥകളാണ്. വി.ആര്‍. നായനാര്‍ സ്മരണിക, ഒഴക്രോം യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെ സില്‍വര്‍ ജൂബിലി സുവനീര്‍, പി.വി.കെ. നെടുങ്ങാടി എണ്‍പതാം ജന്മവാര്‍ഷികപ്പതിപ്പ് എന്നിവയുടെ പ്രസിദ്ധീകരണക്കമ്മിറ്റി പ്രസിഡന്റായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
സാഹിത്യത്തോടൊപ്പം രാഷ്ട്രീയരംഗവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയായിരുന്നു. 1959 മുതല്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായി. 1962-ല്‍ സുകുമാര്‍ അഴീക്കോട് തലശ്ശേരി ലോക്സഭാ സീറ്റില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഇലക്ഷന്‍ പ്രചരണാര്‍ത്ഥം എസ്.കെ. പൊറ്റെക്കാട് അന്നും ഇന്നും എന്ന ലഘുലേഖ സ്വന്തം ചെലവില്‍ അച്ചടിച്ച് വിതരണം ചെയ്തു. 1969-ല്‍ കോണ്‍ഗ്രസ്സിന്റെ പിളര്‍ച്ചയോടെ രാജാജിയുടെ സ്വതന്ത്രപാര്‍ട്ടിയില്‍ സുകുമാര്‍ കൂടാളി അംഗമായി.
പാര്‍ട്ടിയുടെ കേരളാക്കമ്മറ്റി മെമ്പറായും കണ്ണൂര്‍ ജില്ലാപ്രസിഡന്റായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. സ്വതന്ത്രപാര്‍ട്ടി ജനതാപ്പാര്‍ട്ടിയില്‍ ലയിച്ചപ്പോള്‍ ഇദ്ദേഹം രാഷ്ട്രീയജീവിതം അവസാനിപ്പിച്ച് ആദര്‍ശങ്ങളെ 
മനസ്സിലൊതുക്കി. 1972-ല്‍ ലോര്‍ഡ് കൃഷ്ണാബാങ്കില്‍ ഗുമസ്തനായി പ്രവേശിച്ച ഇദ്ദേഹം ബാങ്ക് ജീവനക്കാരുടെ സംഘടനകളില്‍ ഭാരവാഹിത്വം വഹിച്ചു.
പാലക്കാട് സനാതനസാഹിത്യകലാവേദി, കണ്ണൂര്‍ ദേശീയ സാഹിത്യകലാവേദി, എന്നീ സംഘടനകളുടെ പ്രസിഡന്റായിരുന്ന ഇദ്ദേഹം ബാങ്കില്‍നിന്ന് വിരമിച്ചശേഷം രണ്ടുകൊല്ലം മലയാള മനോരമയുടെ കല്ല്യാശ്ശേരി ലേഖകനായിരുന്നു. ആകാശവാണിയില്‍ പലപ്പോഴായി ചെയ്ത സുഭാഷിതങ്ങളും, അറിഞ്ഞവര്‍ അറിയേണ്ടവര്‍ എന്ന ലേഖനസമാഹാരവും അച്ചടിയിലാണ്. സജീവരാഷ്ട്രീയപ്രവര്‍ത്തനമില്ലെങ്കിലും സുകുമാര്‍ കൂടാളി ഇടതുപക്ഷ ചിന്താഗതിക്കാരനാണ്.
ഇപ്പോള്‍ ദേശീയ സാഹിത്യകലാവേദി പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം, ബാങ്ക് റിട്ടയറീസ് ഫോറം ജില്ലാസെക്രട്ടറികൂടിയാണ്. കണ്ണൂരിലെ സാംസ്ക്കാരിക, സാമൂഹികരംഗങ്ങളില്‍ സജീവസാന്നിദ്ധ്യമറിയിച്ചുകൊണ്ട് തിളങ്ങിനില്ക്കുന്ന വ്യക്തിത്വമാണ് ഇദ്ദേഹം.
കല്ല്യാശ്ശേരി പാലക്കീല്‍, മാവിലവളപ്പില്‍ കുടുംബാംഗമായ ഉമാദേവിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍ ദീപ, ധന്യ. മരുമക്കള്‍: ദിനേശ്കുമാര്‍ (ബാംഗ്ളൂര്‍), സജീഷ്കുമാര്‍ (കുന്ദമംഗലം, കോഴിക്കോട്).
ജയചന്ദ്രന്‍ (ബാംഗ്ളൂര്‍), രാധാകൃഷ്ണന്‍ (സിന്‍ഡിക്കേറ്റ് ബാങ്ക്), അമൃതകുമാരി, രാജലക്ഷ്മി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :