K.T.Kumaran (M.L.A)

K.T.Kumaran (M.L.A)

Any

Reading

Problem

Politician

K.T.House, Pallipram

Mundayadu P.O. Kannur-670004

Kannur, 0497-2721063

Nil

Back

കെ.ടി. കുമാരനും പത്നി ദേവുവും

NIL

വര്‍ണ്ണവെറിയുടെയും ജന്മിത്തത്തിന്റെയും നാളുകളെ നിശ്ചയദാര്‍ഢ്യത്തോടെ പടപൊരുതി തോല്പിച്ച് സാമൂഹിക-രാഷ്ട്രീയരംഗത്ത് തിളങ്ങിയ കരുത്തുറ്റ ജനനേതാവാണ് കെ.ടി. കുമാരന്‍. ഹോസ്ദുര്‍ഗ് മണ്ഡലത്തില്‍നിന്ന് മൂന്നുതവണ നിയമസഭാംഗമായ കുമാരന്‍ ജനമദ്ധ്യത്തിലിറങ്ങി, ജനങ്ങളുടെ മനഃസാക്ഷി അടുത്തറിഞ്ഞുപ്രവര്‍ത്തിച്ച സുസമ്മതനായ നേതാവാണ്. ഇപ്പോള്‍ വിശ്രമജീവിതം നയിക്കുന്നു.
1927 ജൂലൈ 1-ന് പരേതനായ വിരുന്തന്റെയും കൊയിലേരിയിന്‍ പിത്തയിയുടെയും രണ്ടാമത്തെ മകനായി ചിറയ്ക്കല്‍ പഞ്ചായത്തിലെ കാട്ടാമ്പള്ളിയില്‍ ജനനം. സവര്‍ണ്ണ മേധാവിത്വവും സാമൂഹിക അസമത്വവും ഉച്ചസ്ഥായിയിലായിരുന്ന അക്കാലത്ത് വേണ്ടരീതിയില്‍ വിദ്യാഭ്യാസം നടത്താനോ മുന്നേറാനോ അവര്‍ണ്ണനായ കുമാരന് കഴിഞ്ഞില്ല. ധരിക്കാന്‍ ഒരു ജോടി വസ്ത്രംപോലും ഇല്ലാത്തവിധത്തില്‍ സാമ്പത്തിക വിഷമവൃത്തത്തില്‍പെട്ട് കുമാരന്‍ കുഴങ്ങി. പുഴാതി വെല്‍ഫെയര്‍ എല്‍.പി. സ്കൂളിലെ പഠനത്തോടെ അക്ഷരങ്ങളോട് വിടചൊല്ലേണ്ടിവന്നു.
പതിനെട്ടാംവയസ്സില്‍ സാമൂഹികരംഗത്തേയ്ക്കിറങ്ങാന്‍ ഇദ്ദേഹത്തിന് പ്രേരണയായത് വ്യവസ്ഥിതിയെ മാറ്റിമറിക്കാന്‍ വെമ്പിനിന്ന മനസ്സായിരുന്നു. വായനശാലാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. അത്താഴക്കുന്ന് ദേശോദ്ധാരണ യുവജനസംഘം ആന്‍ഡ് വായനശാലയുമായി ബന്ധപ്പെട്ട് 1946-1947-ല്‍ പ്രവര്‍ത്തിച്ചു. 1957 മുതല്‍ 62 വരെ വായനശാലാ പ്രസിഡന്റായിരുന്നു.
1946 മുതല്‍ നെയ്ത്തുതൊഴിലില്‍ ഏര്‍പ്പെട്ട കുമാരന്‍ ആ മേഖലയിലെ യൂണിയനുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. 1946-52-ല്‍ ചിറയ്ക്കല്‍ താലൂക്ക് നെയ്ത്ത് തൊഴിലാളിയൂണിയന്‍ അംഗമായിരുന്നു. 1956-78 കാലയളവില്‍ 
പള്ളിക്കുന്ന്-പുഴാതി പഞ്ചായത്തംഗമെന്നനിലയില്‍ നാടിന്റെയും സമൂഹത്തിന്റെയും വികസനത്തിന് ഏറെ സംഭാവനകള്‍ നല്കി.
1952-54-ല്‍ ഹരിജന്‍ സമാജത്തിന്റെ ജില്ലാക്കണ്‍വീനറായിരുന്നു. കണ്ണൂരിന്റെ മലയോരപ്രദേശത്ത് പ്രവര്‍ത്തിച്ചുകൊണ്ട് ഹരിജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുംവേണ്ടി സജീവമായി സംസാരിക്കാനും നടപടികള്‍ എടുപ്പിക്കുവാനും കുമാരന് കഴിഞ്ഞു.
ഹോസ്ദുര്‍ഗ് മണ്ഡലത്തെ മൂന്നുതവണ നിയമസഭയില്‍ പ്രതിനിധീകരിക്കാന്‍ ഈ ജനപ്രിയനേതാവിന് കഴിഞ്ഞു. 1977, 80, 82 വര്‍ഷങ്ങളില്‍ സി.പി.ഐ. ടിക്കറ്റില്‍ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജനപ്രതിനിധിയായിരുന്ന കാലയളവില്‍ മണ്ഡലത്തിന്റെ വികസനത്തിനുവേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കുമാരന് കഴിഞ്ഞു.
സി.പി.ഐയുമായി ബന്ധപ്പെട്ടും കര്‍ഷകത്തൊഴിലാളി യൂണിയനുമായി ബന്ധപ്പെട്ടും നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. ജില്ലാ കൌണ്‍സില്‍ അംഗം, കണ്ണൂര്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറി, കേരളാ സ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ്പ്രസിഡണ്ട് എന്നീനിലകളില്‍ പ്രവര്‍ ത്തിച്ചിരുന്നു. കര്‍ഷകത്തൊഴിലാളി യൂണിയന്‍ കേന്ദ്രകമ്മറ്റിയംഗ(1993) മായിരുന്ന ഇദ്ദേഹം 1967-ലെ ഭക്ഷ്യപ്രക്ഷോഭത്തില്‍ പങ്കെടുത്ത് ജയില്‍വാസമനുഷ്ഠിച്ചു. 1965-ല്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടിയും വന്നിട്ടുണ്ട്.
1991-94 കാലയളവില്‍ കാര്‍ഷിക സര്‍വ്വകലാശാലാ മെമ്പറായിരുന്നു. കണ്ണൂര്‍ ജില്ലാ വികസനസമിതി അംഗമായി നീണ്ട കാലയളവ് പ്രവര്‍ത്തിച്ചിട്ടുള്ള കുമാരന്‍, കാസര്‍കോട് ജില്ല രൂപീകൃതമായശേഷം ജില്ലയുടെ വികസനത്തിനുവേണ്ടി സജീവമായി പ്രവര്‍ത്തിക്കുകയുണ്ടായി. കാസര്‍കോഡ് ജില്ലാവികസനസമിതിയിലും അംഗമായിരുന്നു.
കൊറ്റാളി സ്വദേശി ടി.സി. ജനാര്‍ദ്ദനനാണ് തന്നെ പാര്‍ട്ടിയിലേക്കുകൊണ്ടുവന്നതെന്ന് കുമാരന്‍ പറയുന്നു. അഴീക്കോടന്‍ രാഘവനില്‍നിന്നാണ് അംഗത്വം വാങ്ങിയത്. കാന്തലോട്ട് കുഞ്ഞമ്പു, സി. കൃഷ്ണന്‍, ടി.സി. നാരായണന്‍നമ്പ്യാര്‍, എന്‍.ഇ ബലറാം, പി.പി. മുകുന്ദന്‍ എന്നിവര്‍ തന്നെ ഏറെ ആകര്‍ഷിച്ച വ്യക്തികളാണെന്ന് ഇദ്ദേഹം തുറന്നുപറയുന്നു.
1947 മെയ് 20-നായിരുന്നു വിവാഹം. കൊയിലേരിയന്‍ തൊണ്ടന്‍-ഇടച്ചേരിയന്‍ പറയി ദമ്പതികളുടെ മകള്‍ ഇ. ദേവുവാണ് ഭാര്യ. 1955 മുതല്‍ 91 വരെ ഇവര്‍ സാധുബീഡി തൊഴിലാളിയായിരുന്നു. സി.ഐ.ടി.യു.വില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മക്കള്‍: വേലായുധന്‍ (ടെക്നീഷ്യന്‍, ഇലക്ട്രോണിക്സ് റിസര്‍ച്ച് സെന്റര്‍ തിരുവനന്തപുരം), സാവിത്രി, സുജാത (തളിപ്പറമ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ്, മുമ്പ് പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു), പുഷ്പകുമാരി, ഷീന, ഷൈജ.
മരുമക്കള്‍: വിനോദിനി (റവന്യൂവകുപ്പ്), രാഘവന്‍ (റിട്ട. ഫയര്‍ഫോഴ്സ്), മോഹനന്‍ (വെസ്റേണ്‍ ഇന്ത്യാ പ്ളൈവുഡ്), കുഞ്ഞമ്പു (ബാങ്ക് ഓഫീസര്‍), സുരേന്ദ്രന്‍ (ഇലക്ട്രീഷ്യന്‍), ദാസന്‍ (കണ്ണൂര്‍ സ്പിന്നിങ് മില്‍).
നാരായണി, പുരുഷു, കല്ലു, അച്യുതന്‍, പരേതരായ ദേവി, ബാലന്‍, ജാനകി എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :