V.PRABHAKARAN

V.PRABHAKARAN

Any

Reading

Problem

Yogatherapist

Amrutham Natural Food Hotel

Kannur - 2

Kannur, 9446083438

Nil

Back

NIL

കണ്ണൂരിലെ ആയുര്‍ പ്രകൃതിചികിത്സ ആന്‍ഡ് യോഗാസെന്ററിന്റെ പ്രസിഡന്റും അമൃതം പ്രകൃതി ഭക്ഷണശാലയുടെ ഉടമയുമായ ശ്രീ. വി. പ്രഭാകരന്‍ പ്രകൃതിചികിത്സയുടെ പ്രചാരകനായാണ് ഇന്ന് അറിയപ്പെടുന്നത്. കളരി, ഉഴിച്ചില്‍, അക്യുപ്രഷര്‍ എന്നീ രംഗങ്ങളിലും ഇദ്ദേഹമിന്ന് ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. 
വീട്ടമ്മ- വീട്ടിലെ ഡോക്ടര്‍, അടുക്കള- ആരോഗ്യപരിപാലനകേന്ദ്രം, ഉപവാസം- വിലയേറിയ വിശ്വാസം എന്നിവയാണ് പ്രഭാകരന്റെ സദ്വചനങ്ങള്‍.
ആരോഗ്യം തേടിയുള്ള പരക്കംപാച്ചിലില്‍ മനുഷ്യര്‍ യാഥാര്‍ത്ഥ്യത്തെ വിസ്മരിക്കുന്നുവെന്നാണ് പ്രകൃതിഭക്ഷണശാലയുടെ നടത്തിപ്പുകാരനായ ഇദ്ദേഹം പറയുന്നത്. ഭക്ഷണത്തിലെ രാസ, അമ്ള പദാര്‍ത്ഥങ്ങള്‍ മാറ്റിവയ്ക്കുകയും പ്രകൃതിക്കിണങ്ങിയ വിധത്തില്‍ ഒരു ഭക്ഷണശൈലി പിന്തുടരുകയുമാണെങ്കില്‍ രോഗത്തെ മാറ്റിനിര്‍ത്താമെന്ന് ഇദ്ദേഹം ഉറപ്പുപറയുന്നു. ആഹാരമാണ് ഔഷധം, ഔഷധമാണ് ആഹാരം എന്നതാണ് ആയുര്‍പ്രകൃതി യോഗാട്രസ്റിന്റെ ഉപദേശം. ഭക്ഷണ ക്രമീകരണത്തിലൂടെ പ്രമേഹമടക്കമുള്ള ഏതൊരു രോഗത്തെയും നിയന്ത്രിക്കാന്‍ കഴിയുമെന്ന് പ്രഭാകരന്‍ ചൂണ്ടിക്കാട്ടുന്നു.
പന്ത്രണ്ടുവര്‍ഷം മുമ്പ് സ്വജീവിതത്തിലുണ്ടായ ഒരു സംഭവമാണ് പ്രഭാകരന്‍ ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നത്. കലശലായ ദാഹം അനുഭവപ്പെട്ട ഒരു ദിവസമായിരുന്നു അന്ന്. അസഹ്യമായ ക്ഷീണം കീഴ്പ്പെടുത്തുന്നതുപോലെയും കണ്ണുകളുടെ കാഴ്ച നഷ്ടമാകുന്നതുപോലെയും തോന്നിയ ഇദ്ദേഹം പെട്ടെന്ന് കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചപ്പോള്‍ ഷുഗര്‍ 450 ആണെന്ന് മനസ്സിലായി. അഞ്ച് ദിവസത്തെ ചികിത്സയിലൂടെ ഷുഗര്‍ തെല്ല് കുറയ്ക്കാനായി. ഷുഗര്‍ നോര്‍മലായാല്‍ പൈല്‍സ്, ഹെര്‍ണിയ എന്നീ പ്രശ്നങ്ങള്‍ക്ക് ഓപ്പറേഷന്‍ വേണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ഷുഗര്‍ 300-ല്‍ എത്തിയപ്പോള്‍ നിര്‍ബന്ധിത ഡിസ്ചാര്‍ജ് വാങ്ങി മണിപ്പാല്‍ കസ്തൂര്‍ബാ മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റായി. ഇടതുവശത്തെ കിഡ്നി പ്രവര്‍ത്തനരഹിതമായെന്നായിരുന്നു അവിടുത്തെ കണ്ടെത്തല്‍. അവിടെനിന്നും ഡിസ്ചാര്‍ജ് വാങ്ങി തളിപ്പറമ്പ് പ്രകൃതി ചികിത്സാകേന്ദ്രത്തിലേയ്ക്കാണ് വന്നത്.
അവിടെ ഡോ.എസ്. മാധവന്റെ നിര്‍ദ്ദേശാനുസരണം 14 ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് ആരോഗ്യം വീണ്ടെടുക്കാനായത്. പ്രകൃതിചികിത്സയിലുള്ള വിശ്വാസം ഉണ്ടായത് ഈ ചികിത്സയിലൂടെയാണ്. മാസങ്ങള്‍ക്കുള്ളില്‍ അസുഖം പൂര്‍ണമായും മാറിയതോടെ കണ്ണൂര്‍ വേലായുധന്‍ ഗുരുക്കള്‍, മുകുന്ദന്‍ ഗുരുക്കള്‍, കണ്ണൂര്‍ യോഗാചാര്യ സുബ്രഹ്മണ്യന്‍ എന്നിവരുടെ കീഴില്‍ യോഗ അഭ്യസിച്ചു. പ്രകൃതിചികിത്സയില്‍ ഇതിനിടെ ഡിപ്ളോമയും സ്വന്തമാക്കി. യോഗയുടെയും പ്രകൃതിചികിത്സയുടെയും മാഹാത്മ്യം ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെ, കണ്ണൂരിലെ താണയില്‍ പ്രകൃതിചികിത്സാകേന്ദ്രം ആരംഭിച്ചു. അതിനോടൊപ്പം പ്രകൃതി ഭക്ഷണശാലയും തുടങ്ങി. പ്രകൃതിജീവനത്തിന്റെ അനന്തസാദ്ധ്യതകളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനുവേണ്ടി ആയുര്‍ പ്രകൃതിചികിത്സാ ആന്‍ഡ് യോഗാട്രസ്റ് രൂപീകരിച്ചു. ഇപ്പോള്‍ അമൃതം പ്രകൃതി ഭക്ഷണശാല, പ്രകൃതിചികിത്സാ യോഗാസെന്റര്‍ എന്നിവയും നടത്തി വരുന്നു.
യോഗാഭ്യസനത്തില്‍ വിശ്വസിക്കുന്ന ഇദ്ദേഹം സ്വന്തം ആവശ്യങ്ങള്‍ അന്യരുടെ സഹായത്താലല്ലാതെ ചെയ്യാന്‍ കഴിയുന്ന ആര്‍ക്കും യോഗ ചെയ്യാമെന്ന് അഭിപ്രായപ്പെടുന്നു. കുട്ടികള്‍ക്ക് ബുദ്ധി വികാസത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഇത് സഹായകമാണെന്നും ഇദ്ദേഹം പറയുന്നു.
ഭക്ഷണം മിതമായേ കഴിക്കാവൂ. ഉമിനീരിനെ സ്രവിപ്പിക്കാന്‍ കഴിവുള്ള പദാര്‍ത്ഥങ്ങള്‍ കൂടുതലായി ഭക്ഷിക്കണം. എന്നാല്‍ ഇന്ന് വിദേശ ഭക്ഷണ രീതി അനുകരിക്കാനാണ് നമുക്ക് താല്‍പര്യമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആമാശയത്തിന്റെ താല്‍പര്യത്തിനു പകരം നാവിന്റെ ആഗ്രഹത്തിനാണ് നമ്മുടെ മുന്‍ഗണന. ഇതുതന്നെയാണ് രോഗകാരണവും.
ഭക്ഷണം കഴിച്ചശേഷം വെള്ളം കുടിച്ചാല്‍ കഴിച്ച ഭക്ഷണം ശരീരത്തിന് യോജിച്ചതല്ല എന്നാണത്രെ അര്‍ത്ഥം. പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും വേവിക്കാതെ കഴിക്കാന്‍ ഇദ്ദേഹം ഉപദേശിക്കുന്നു. അച്ചാറുകളും എണ്ണയില്‍ വറുത്തതും ഒഴിവാക്കണം. ഇഞ്ചിയും മല്ലിയിലയും കറിവേപ്പിലയും അരച്ച് ഭക്ഷണത്തോടൊപ്പം കഴിക്കുന്നതു ദഹനത്തെ ത്വരിതപ്പെടുത്തുമെന്നും ഉദരസംബന്ധമായ രോഗങ്ങള്‍ ശമിപ്പിക്കുവെന്നും ഇദ്ദേഹം പറയുന്നു. ചോറിനൊപ്പം കൂടുതല്‍ വിഭവങ്ങള്‍ കഴിക്കുന്നത് അജീര്‍ണമുണ്ടാക്കും. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കണമെന്നാണ് പ്രകൃതി ഭക്ഷണരീതി അനുശാസിക്കുന്നത്. മനസ് ശാന്തമായിരിക്കുമ്പോള്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ എന്നും ഇദ്ദേഹം പറയുന്നു.
വെള്ളുവക്കണ്ടി നാണിയുടെയും എം. അനന്തന്റെയും മകനായി 1955 നവംബര്‍ അഞ്ചിന് ജനിച്ച ഇദ്ദേഹം എസ്.എസ്.എല്‍.സിക്കുശേഷം ഇ.എസ്.ഐ. ആശുപത്രിയിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് രജിസ്ട്രാര്‍ ഓഫീസിലെത്തിയ ഇദ്ദേഹം വൈകാതെ പ്രകൃതിജീവന പ്രചാരകനായി മാറുകയായിരുന്നു. ഫാര്‍മസിസ്റായ എ.കെ. ഉഷയാണ് പ്രഭാകരന്റെ ഭാര്യ. പ്രശാന്ത്, പ്രീത, പ്രിയ എന്നിവര്‍ മക്കളാണ്.

              
Back

  Date updated :