Krishnan K. Kunnel

Krishnan K. Kunnel

Any

Reading

Problem

Politician

P. O. Valat, Thalapuzha

Mananthavady, Wayanad-670644

Wayanad, 0493-266376, 9744248376

Nil

Back

NIL

മാര്‍ക്സിസ്റ് പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലത്തില്‍ നിസ്വാര്‍ത്ഥമായ ജനസേവനം തുടര്‍ന്നുവന്ന കൃഷ്ണന്‍, പില്ക്കാലത്ത് സമൂഹത്തിന്റെ സമഗ്രമായ മാറ്റത്തെ കാംഷിക്കുന്ന വിപ്ളവപ്രസ്ഥാനമായ സി.പി.ഐ. (എം.എല്‍.) റെഡ് ഫ്ളാഗിന്റെ സമുന്നത നേതൃത്വത്തിലേയ്ക്ക് എത്തിച്ചേരുകയും സമഗ്രവിപ്ളവത്തിലൂടെ ഒരു പുതുലോകത്തിന്റെ പിറവിക്കായുള്ള അടരാട്ടത്തില്‍ സജീവമായി ഏര്‍പ്പെടുകയും ചെയ്തു. ഇന്ത്യന്‍ ഭരണസംവിധാനവും, സമ്പത്ത് വ്യവസ്ഥിതിയും അടിമുടി അടിച്ചുമാറ്റുന്നതിനുളള സമയം അതിക്രമിച്ചു എന്നു കരുതുന്ന ഇദ്ദേഹം വിപ്ളവത്തിലൂടെ മാത്രമേ അതു സാദ്ധ്യമാകുകയുള്ളൂ എന്നും വിശ്വസിക്കുന്നു. അസമത്വത്തിനും അടിമത്വത്തിനും അസ്വാതന്ത്യ്രത്തിനും എതിരെയുള്ള പടനീക്കത്തില്‍ റെഡ് ഫ്ളാഗ്, സമരവീഥികളിലൂടെ ഏറെ മുന്നേറി എന്ന് തന്നെ അദ്ദേഹം ദൃഢമായി കരുതുന്നു.
തൊടുപുഴ താലൂക്കിലെ ഉടമ്പന്നൂര്‍ വില്ലേജില്‍ കറുമ്പന്‍ എന്നു വിളിക്കുന്ന രാമന്റേയും കറുമ്പി എന്നു വിളിക്കുന്ന കുഞ്ഞിപ്പെണ്ണിന്റേയും അഞ്ചുമക്കളില്‍ ഇളയവനായി 1941-ല്‍ ആണ് കൃഷ്ണന്‍ ജനിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്നുള്ള മോചനത്തിനായി മണ്ണില്‍ അദ്ധ്വാനിച്ച് വിശപ്പടക്കാനായി കൃഷി ചെയ്ത് ഉപജീവനം തേടുവാന്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വയനാട് ജില്ലയില്‍ മാനന്തവാടി താലൂക്കിലെ വാളാട് എന്ന പ്രദേശത്തേയ്ക്ക് കുടിയേറിപ്പാര്‍ത്തു. അങ്ങനെ കൃഷ്ണനും അവിടെ എത്തപ്പെട്ടു. കൊടും തണുപ്പും, പേമാരിയും മലമ്പനിയും ജീവിതത്തെ വല്ലാതെ ദുരിതപൂര്‍ണ്ണമാക്കിയെങ്കിലും മറ്റു ഗത്യന്തരമില്ലാതെ അവിടെതന്നെ താമസമുറപ്പിച്ചു. പക്ഷേ, തിരിഞ്ഞു നോക്കുമ്പോള്‍ ഇന്ന്, തന്റെ ജീവിതഗതിയെ രൂപപ്പെടുത്തുന്നതില്‍ വാളാട് ഗ്രാമം നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു എന്ന് അഭിമാനപൂര്‍വ്വം സ്മരിക്കുന്നുമുണ്ട് അദ്ദേഹം. പുരാതനവും ചരിത്രപ്രസിദ്ധവുമായ ഈ ഗ്രാമം ഐതിഹ്യങ്ങളാലും സമൃദ്ധമാണ്. വടക്കന്‍ പാട്ടിലെ വീരനായിക ഉണ്ണിയാര്‍ച്ചയുടെ കഥയുമായി ബന്ധപ്പെട്ടതാണ് ഇവിടെയുള്ള പുത്തൂര്‍ അങ്ങാടി എന്നാണ് കരുതപ്പെടുന്നത്. കുറ്റ്യാടി ചുരം കടന്ന് നാനൂറിലേറെ വര്‍ഷംമുമ്പ് ഇവിടെ എത്തപ്പെട്ടതാണത്രേ ഇന്ന് ഇവിടെ കാണുന്ന നായരും നമ്പൂതിരിയും മുസ്ളീമുമെല്ലാം എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹൃദയസരസ്സിലെ ചില ഓര്‍മ്മപ്പൂവുകളെ അറുത്തെടുത്ത അദ്ദേഹം അന്നും ഇന്നും ഒരു തികഞ്ഞ വിപ്ളവകാരിതന്നെയാണ്.
വാളാടിലെ രാമയ്യന്‍ നമ്പ്യാരുടെ സര്‍വ്വോദയ യു.പി. സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം മാനന്തവാടിയിലെ ഗവണ്‍മെന്റ് ഹൈസ്കൂളില്‍നിന്നും എസ്സ്. എസ്സ്.എല്‍.സി. പാസ്സായി. തുടര്‍ന്ന് കോഴിക്കോട് ദേവഗിരി കോളജില്‍ നിന്നും പി.ഡി.സി. പാസ്സായി അവിടെ തന്നെ ഡിഗ്രിക്ക് പഠിപ്പ് ആരംഭിച്ചു. എന്നാല്‍ അധികം താമസിയാതെ ഡിഗ്രി പഠനം അവസാനിപ്പിച്ചു. തുടര്‍ന്ന് ഡിപ്ളോമ കോഴ്സ് പാസ്സായ അദ്ദേഹം 1964-ല്‍ ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജൂനിയര്‍ എഞ്ചിനീയറായി ജോലിയില്‍ ചേര്‍ന്നു. പാരമ്പര്യമായി കമ്മ്യൂണിസ്റ് രാഷ്ട്രീയ സിദ്ധാന്തങ്ങളോടുണ്ടായിരുന്ന പ്രതിബദ്ധതമൂലം പഠനകാലത്ത്, കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായിരുന്ന കേരളാ സ്റുഡന്റ്സ് ഫെഡറേഷന്‍ (കെ.എസ്.എഫ്.)-ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി. പില്ക്കാലത്ത്, നക്സല്‍ വര്‍ഗ്ഗീസ് എന്ന് അറിയപ്പെട്ടിരുന്ന എ. വര്‍ഗ്ഗീസിനോടൊപ്പം പ്രവര്‍ത്തിക്കുവാനുള്ള അവസരവും ഇക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ.എസ്.എഫ്.ന്റെ താലൂക്ക് പ്രസിഡന്റായി എ. വര്‍ഗ്ഗീസും വൈസ് പ്രസിഡന്റായി വേലപ്പന്‍ മാസ്ററും സെക്രട്ടറിയായി കൃഷ്ണനും ഒരേ സമയം ഒരുപോലെ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നവരാണ്.
വയനാട് ജില്ലയിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്സാരമായിരുന്നില്ല. പാര്‍ട്ടിയുടെ പോഷക സംഘടനയായ കേരളകര്‍ഷക സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി വടക്കേ വയനാട് താലൂക്ക് കമ്മിറ്റിയില്‍ 1956 കാലഘട്ടത്തില്‍ ഏറെ പ്രശംസനീയമായ സേവനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. അക്കാലത്ത് പനമരം രാമവാര്യര്‍ ആയിരുന്നു താലൂക്ക് പ്രസിഡന്റ്. 1960-ല്‍ പാര്‍ട്ടി അംഗത്വം ലഭിച്ച അദ്ദേഹം തവിഞ്ഞാല്‍ വില്ലേജ് കമ്മറ്റി മെമ്പറായും സേവനമനുഷ്ഠിച്ചിരുന്നു. 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.ഐ.(എം.)-ല്‍ തന്നെ അദ്ദേഹം ഉറച്ചു നിന്നു. ഇന്ത്യന്‍ ഭരണകൂടം പുരോഗമനപരമാണെന്നും വിദേശനയം ശരിയാണെന്നും എന്നാല്‍ ദേശീയ നയത്തിലെ തെറ്റുകള്‍ തിരുത്തിയാല്‍ മതിയെന്നുമായിരുന്നു. സി.പി.ഐ.യുടെ നിലപാട്. എന്നാല്‍ ഇത്തരം നിലപാടുകളോട് കൃഷ്ണനും അദ്ദേഹം ഉള്‍പ്പെടുന്ന സി.പി.ഐ.(എം.) ഉം എതിരായിരുന്നു. ഇന്ത്യന്‍ ഭരണകൂടവും ഭരണസമ്പ്രദായവും ബൂര്‍ഷ്വാസമ്പ്രദായത്തിന്റെ തുടര്‍ച്ചയാണെന്നും ഭൂപ്രഭുക്കളും വന്‍കിടജന്മികളും ആണ് അതു നയിക്കുന്നതെന്നുമായിരുന്നു സി.പി.ഐ.(എം.)ന്റെ നിലപാട്. ഒരു പുത്തന്‍ ജനാധിപത്യ വിപ്ളവ മുന്നേറ്റത്തിന്റെ ആവശ്യകത അവര്‍ തിരിച്ചറിഞ്ഞിരുന്നതിനാല്‍ കാര്‍ഷിക വിപ്ളവം പോലെയുള്ള പ്രസ്ഥാനങ്ങള്‍ ഉടലെടുത്തു. ബംഗാളില്‍ ചാരുമംജൂദാര്‍ ഇതിനു നേതൃത്വം നല്‍കി. തുടര്‍ന്ന് കാര്‍ഷിക വിപ്ളവം അടിസ്ഥാനമാക്കി നക്സല്‍ പ്രസ്ഥാനം രൂപപ്പെട്ടു. 1967-ല്‍ ബംഗാളിലെ സിലിഗുരി ജില്ലയില്‍ ജന്മിവര്‍ഗ്ഗത്തിനെതിരായും കര്‍ഷകരുടെ ഉയര്‍ത്തെഴുന്നേല്പിനുമായും നടത്തിയ സമരങ്ങളും മറ്റും ഈ വിധ ചിന്താധാരയുടെ പരിണിത ഫലങ്ങളുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
1969 കാലഘട്ടത്തില്‍ ഇത്തരം കാര്‍ഷികവിപ്ളവത്തിന് കേരളത്തിലും തുടക്കം കുറിച്ചു. വയനാട്ടിലെ തിരുനെല്ലിയിലും, തൃശിലേരിയിലും, പാലക്കാട് കോങ്ങാട്ടും വിപ്ളവപ്രസ്ഥാനത്തിന്റെ സിംഹഗര്‍ജ്ജനങ്ങള്‍ മുഴങ്ങി തുടങ്ങി. വര്‍ഗ്ഗീസ്, അജിത തുടങ്ങിയവര്‍ ഇവയ്ക്ക് നേതൃത്വം നല്‍കി. ഈ അവസരത്തില്‍ കൃഷ്ണന്‍ ദല്‍ഹിയിലായിരുന്നെങ്കിലും വര്‍ഗ്ഗീസ്, അദ്ദേഹത്തിന് തുടരെ കത്തുകള്‍ എഴുതുമായിരുന്നു. നാട്ടിലെ വിവരങ്ങള്‍ വിശദമായി അറിയിക്കുമായിരുന്നു. അവസാനം ഡല്‍ഹിയിലെ ജോലി രാജിവച്ച് 1970 ഫെബ്രുവരി 20-ന് അദ്ദേഹം വയനാട്ടില്‍ എത്തിച്ചേരുകയും പിറ്റേ ദിവസം തന്നെ പോലീസ് അദ്ദേഹത്തെ അറസ്റുചെയ്യുകയും ചെയ്തു. സി.ഐ. ഡി. കെ മുഹമ്മദായിരുന്നു അറസ്റു നടത്തിയത്. സി.പി.ഐ.(എം) നേതാവ് കെ. പത്മനാഭന്റെ ഇടപെടല്‍ മൂലം ജാമ്യം ലഭിച്ചു. പക്ഷേ, ആ അറസ്റ് അദ്ദേഹത്തിന് കൂടുതല്‍ പ്രചോദനമേകുകയാണുണ്ടായത്. സി.പി.ഐ.(എം)ല്‍ നിന്ന് അദ്ദേഹം രാജിവയ്ക്കുകയും സി.പി.ഐ.(എം) റെഡ് ഫ്ളാഗിന്റെ പ്രവര്‍ത്തനങ്ങള്‍ വയനാടന്‍ മേഖലകളില്‍ സജീവമാക്കാന്‍ തുനിഞ്ഞിറങ്ങുകയും ചെയ്തു. സംഘടനാ നേതൃത്വത്തെ അതിശക്തമായ നിലയിലെത്തിക്കുവാന്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു സാധിച്ചു. പി.എസ്. ഗോവിന്ദന്‍, ബാലന്‍, ദാമോദരന്‍ മാസ്റ്റര്‍ എന്നിവരുടെ ശക്തമായ പ്രവര്‍ത്തന പിന്‍തുണയോടെ, മധുസൂദനന്‍ മാസ്റ്റര്‍ ജനറല്‍ സെക്രട്ടറിയായുള്ള ജില്ലാ കമ്മറ്റി നിലവില്‍വന്നു. ലഘുലേഖകളുടെ വിതരണവും ഇതര പ്രചരണപ്രവര്‍ത്തനങ്ങളും സജീവമായി. കുന്നിക്കല്‍ നാരായണന്‍ ലൈന്‍ ആയിരുന്നില്ല ചാരുമംജൂദാര്‍ ലൈന്‍ ആയിരുന്നു ഇവര്‍ സ്വീകരിച്ചതെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു.
1975 ആദ്യം കെ. വേണു ജയില്‍ വിമോചിതനായി വയനാട്ടില്‍ എത്തിയതോടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ചൂടുപിടിച്ചു. പക്ഷേ, ജൂണ്‍ 25-ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ പാര്‍ട്ടി തീരുമാനപ്രകാരം എല്ലാവരും ഒളിവില്‍ക്കഴിഞ്ഞു. ഒളിവിലിരുന്നു ശക്തമായ തീരുമാനങ്ങള്‍ രൂപീകരിച്ചു. കായെണ്ണ പോലീസ് സ്റേഷന്‍ ആക്രമം അതിന്റെ പരിണിതഫലമായിരുന്നു. അടിയന്തിരാവസ്ഥാ വിരുദ്ധ സമരമായിരുന്നു കായെണ്ണ സ്റേഷന്‍ ആക്രമം. ജനസ്വാതന്ത്യ്രത്തിനെതിരെയുള്ള കടന്നു കയറ്റമായാണ് അവര്‍ അടിയന്തിരാവസ്ഥയെ കണ്ടത്. അതിനെതിരെയുള്ള ശക്തമായ താക്കീതായിരുന്നു കായെണ്ണ സംഭവം. പോലീസ് സ്റേഷന്‍ ആക്രമത്തെ തുടര്‍ന്ന് അദ്ദേഹത്തെ അറസ്റുചെയ്യപ്പെട്ടു. 1975 ജൂലൈ മുതല്‍ 1979 ജൂലൈ വരെ നാലുവര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചു. ജയില്‍മോചിതനായ ശേഷം സി.പി.ഐ.(എം) റെഡ് ഫ്ളാഗ് സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തനം തുടര്‍ന്നു. വീണ്ടും എത്രയോ സംഭവങ്ങള്‍...... അദ്ദേഹത്തിന്റെ ഓര്‍മ്മകളിലേയ്ക്ക് ഓടി എത്തുന്നു....! ഏതായാലും അദ്ദേഹം ഒന്നുറപ്പിച്ചു പറയുന്നു, ഇന്ത്യന്‍ ദേശീയ വിമോചനം ഈ പ്രസ്ഥാനത്തിലൂടെ മാത്രമേ സാധ്യമാകൂ. അഗോളവല്‍ക്കരണത്തിനും, സാമ്രാജ്യവല്‍ക്കരണത്തിനും വര്‍ഗ്ഗീയ ഫാസിസത്തിനുമെതിരെ ശരിയായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള ഏകകക്ഷി സി.പി.ഐ.(എം) റെഡ് ഫ്ളാഗ് ആണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. തങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആ ദിനം തീര്‍ച്ചയായും വന്നെത്തുകതന്നെ ചെയ്യും എന്ന ശുഭാപ്തി വിശ്വാസം ആ മിഴികളിലും മുഖത്തും പ്രകാശം പരത്തുന്നത് നമുക്കു കാണാന്‍ കഴിയും. കാലത്തിന്റെ പ്രയാണത്തിലെങ്ങോ ആ വിസ്മയത്തിനായി മിഴി തുറന്നിരിക്കാം, നമുക്കും.
കൊട്ടിയൂര്‍ മന്ദംചേരി കരിപ്പനാട്ട് ഗോപാലന്റെയും കമലാക്ഷിയുടെയും മകളായ കനകവല്ലിയാണ്, മനുഷ്യസ്നേഹിയായ ഈ സമരനായകന്റെ പത്നി.
അജിത് കുമാര്‍ (ഭാര്യ ബിന്ദു, കുട്ടികള്‍ ആഷിക്, അമില്‍കുമാര്‍), അനൂപ് കുമാര്‍ (എം.ബി.എ.), അനീഷ്യ (നഴ്സ്, ചെന്നൈ), അരുണ്‍കുമാര്‍(എം.ബി.എ.), അനീഷ് കുമാര്‍ (ഇന്‍ഫര്‍മേഷന്‍ സയന്‍സ്-ഡിപ്ളോമ) എന്നീ അഞ്ചു മക്കളാണ് കൃഷ്ണന്‍-കനകവല്ലി ദമ്പതികള്‍ക്കുള്ളത്.
ഹൃദയസരസ്സിലെ ഓര്‍മ്മപ്പൂവുകളായി വിടരുന്ന തന്റെ ബാല്യകാല സുഹൃത്തുക്കളേയും, നാട്ടുപ്രമുഖരേയും അദ്ദേഹം നെഞ്ചോടു ചേര്‍ത്ത് സൂക്ഷിക്കുന്നുണ്ട്. കെ.എം. ദേവസ്യാ, ഡോക്ടര്‍ മൊയ്തു ബത്തേരി, എം.ജി. വര്‍ക്കി എക്സ്-സര്‍വ്വീസ് മാന്‍ മുണ്ടമാക്കല്‍ ജോസഫ്, ഫാദര്‍ ആന്റണി പറയിടം, ഫ്രാന്‍സിസ് ആക്കപ്പടി എന്നിവരേയും അദ്ധ്യാപകരായ ശ്രീധരക്കുറുപ്പ്, ഇ. നാരായണന്‍ നമ്പൂതിരി എന്നിവരും ഓര്‍മ്മയുടെ കൊന്നപ്പൂവുകളായി വിടരുന്നു. പ്രായത്തിന്റെ പരാധീനതകള്‍ക്കപ്പുറം ചിന്താവിപ്ളവത്തിന്റെ നെറുകയിലേറി തന്റെ സഞ്ചാരപഥങ്ങളിലെ യാത്ര തുടരുകയാണദ്ദേഹം ഇപ്പോഴും.

              
Back

  Date updated :