Krishnan Nair

Krishnan Nair

Any

Reading

Problem

British Military Demobilise 2nd World War

C/O K. Janardhanan, Prasanthi

Thalappuzha P. O. Wayanad 670644

Wayanad, 04935 256222, 9446257198

Nil

Back

K.Janardhanan son of Krishnan Nair

Krishnan Nair was awarded with Overseas Service Medal, Defence Medal & St. George Medal VI

NIL

ഓര്‍മ്മിക്കുവാന്‍ സുഖകരമല്ലാത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളോട് നിശ്ചയദാര്‍ഢ്യത്തോടെ പടവെട്ടി കഠിനാദ്ധ്വാനംകൊണ്ട് ആഗ്രഹിച്ചതെല്ലാം നേടിയെടുത്ത് ഉന്നതിയിലെത്തിയ സാധാരണന്മാരുടെ കഥകള്‍ നമുക്ക് അപൂര്‍വ്വമല്ല. എങ്കിലും അത്തരക്കാരില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിക്കുന്ന മഹനീയ വ്യക്തിയാണ് കെ.കൃഷ്ണന്‍നായര്‍.
മരുമക്കത്തായ വ്യവസ്ഥിതി നിലനിന്നിരുന്ന കാലം. ഉഗ്രശാസനന്‍മാരായ മാതുലന്‍മാരുടെ ഭരണം. തിരുവായിക്കെതിര്‍വാ ഇല്ല. നിബിഡാന്ധകാരം തളംകെട്ടി നില്ക്കുന്ന അറപ്പുരകളില്‍ നെടുവീര്‍പ്പുകളായി മാറുന്ന ജീവിതങ്ങള്‍. ജന്മം തന്നെ അപരാധമോ?...... വാതില്‍പ്പടിയിലെ കുഴിയില്‍ തിരിയുന്ന കതകുപാളിയുടെ ഞെരുക്കംപോലും കേള്‍പ്പിക്കാതെ കതകുതുറന്ന്, ഒരു ഇരുണ്ട രാത്രിയിലെ അരണ്ട വെളിച്ചത്തിലൂടെ വിജനവും ഭീതിതവുമായ വീഥിയിലൂടെ ആ ബാലന്‍ ലക്ഷ്യമില്ലാതെ നടന്നു. ഏറെ നടന്നു. ജീവിതത്തിന്റെ സമസ്ത സുഖദുഃഖങ്ങളും നേരില്‍ കണ്ടു മനസ്സിലാക്കി. ....നാടുകള്‍ താണ്ടി.... വിവിധ ഭാഷകള്‍, ജനങ്ങള്‍..... വിസ്മയപ്പെടുത്തുന്ന വൈജാത്യങ്ങള്‍! സുഖലോലുപതയും, ദാരിദ്രവും. കഠിനാദ്ധ്വാനം, ആത്മാര്‍ത്ഥത, നിറഞ്ഞസ്നേഹം, അനുപമമായ ധൈര്യം, അചഞ്ചലമായ സത്യസന്ധത, ഇവയുടെ മൂര്‍ത്തിരൂപത്തില്‍ വേണ്ടതും അതിലധികവും നേടിയെടുത്ത് വീണ്ടുമൊരിക്കല്‍ ആ ബാലന്‍ തന്റെ തറവാടു മുറ്റത്തു വന്നു നിന്നു. ശിരസ്സുയര്‍ത്തി. അതെ. അതു കള്ളങ്ങാടിയിടത്തില്‍ കെ. കൃഷ്ണന്‍ നായര്‍ ആയിരുന്നു. ആ ധീരനായ പിതാവിനെ സഹര്‍ഷം സ്മരിക്കുകയാണ് കൃഷ്ണന്‍നായരുടെ പ്രിയപുത്രന്‍ കെ. ജനാര്‍ദ്ദനന്‍.
കഷ്ടിച്ച് സമാന്യവിദ്യാഭ്യാസം മാത്രം നേടി ലോകപരിചയമോ ഇംഗ്ളീഷ് പരിജ്ഞാനമോ ഇല്ലാതെ ഒരു നിഷ്കളങ്ക ബാലന്‍, ബ്രിട്ടീഷ്കാരുടെയും ജര്‍മ്മന്‍കാരുടെയും പ്രീതിയും പ്രശംസയും ഏറ്റുവാങ്ങി, രണ്ടാം ലോകമഹായുദ്ധത്തിലെ പ്രശസ്തനിലയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മെഡലുകള്‍ കൈപ്പറ്റി, എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യങ്ങള്‍ സ്വയം വശമാക്കി ആരേയും അതിശയിപ്പിക്കുന്ന സാമത്ഥ്യങ്ങള്‍ കാട്ടി. ചേറില്‍ വിരിഞ്ഞ താമരദളം പോലെ കാന്തി പ്രസരിപ്പിച്ച ആ കുട്ടി ജീവിതസാഹചര്യങ്ങള്‍കൂടി അനുകൂലമായിരുന്നെങ്കില്‍ എന്തെന്തുസൌഭഗങ്ങള്‍ നേട്ടമായിരുന്നില്ല...?
കോഴിക്കോട് നന്‍മണ്ടയില്‍ കള്ളങ്ങാടിയിടത്തില്‍ രാമന്‍ കിടാവിന്റെയും പള്ളിക്കര ലക്ഷ്മിയമ്മയുടെയും മകനായി 1905-ല്‍ ജനിച്ച കൃഷ്ണന്‍നായര്‍ ബാല്യകാലവിദ്യാഭ്യാസം അക്കാലത്തെ ചിട്ടപ്രകാരം എഴുത്തുപള്ളിയില്‍ നടത്തി. കാവ്യലങ്കാരങ്ങളും, ഹിന്ദുപുരാണങ്ങളും അഭ്യസിച്ചു. മാതുലന്റെ കഠിനമായ ശിക്ഷാനടപടികള്‍ അദ്ദേഹത്തെ തെല്ലൊന്നുമല്ല വേദനിപ്പിച്ചിരുന്നത്. ഒരിക്കല്‍ അകലെയുള്ള ഒരു ഹാജിയാരുടെ വീട്ടിലുണ്ടായിരുന്ന അത്ഭുതവിളക്ക് കാണുവാന്‍ മറ്റു കുട്ടികളോടൊപ്പം പോയി വൈകിവന്നതിനു ലഭിച്ച ശിക്ഷ, ജലപാനം പോലും നടത്തുവാനനുഭവിക്കാതെ അറയില്‍ പൂട്ടിയിടുക എന്നതായിരുന്നു. കുറെ ദിവസത്തേക്ക് എഴുത്തു കളരിയിലും വിട്ടില്ല. എഴുത്താശ്ശാന്റെ ഇടപെടല്‍ മുലമാണ് പിന്നീട് കളരിയില്‍ പോകുവാന്‍ കഴിഞ്ഞത്.
മറ്റൊരവസരത്തില്‍, ഇടവഴിയില്‍ക്കൂടി പോയ കോഴിക്കോട് കളക്ടറുടെ കാറ് കാണുവാന്‍ പോയതിന് ലഭിച്ച ശിക്ഷയും കഠിനമായിരുന്നു. അക്കാലത്ത് നല്ല വഴികളും നിരത്തിലോടുന്ന വാഹനങ്ങളും വളരെ അപൂര്‍വ്വമായിരുന്നു. കേവലം ബാലകൌതുകത്താല്‍ കാറിനടുത്ത് എത്തിയപ്പോള്‍ കാറിന്റെ ഹോണ്‍ മാറിക്കൊണ്ടിരുന്ന ഡ്രൈവര്‍ പഴയ ഹോണ്‍ ഈ കുട്ടിക്ക് നല്‍കി. തമിഴില്‍ എന്തോ ചിലതു പറയുകയും ചെയ്തു. വളരെ സന്തോഷത്തോടെ അതുമായി വീട്ടില്‍ എത്തിയപ്പോള്‍ അമ്മാവന്‍ ദേഷ്യത്തോടെ അതുവാങ്ങി ദൂരെ എറിഞ്ഞു. ജലപാനമനുവദിക്കാതെ അറയില്‍ പൂട്ടിയിടുകയും ചെയ്തു. കോപവും ദുഃഖവും അടക്കാന്‍ കഴിഞ്ഞില്ല. ഈ കാരാഗ്രഹത്തില്‍ നിന്നും രക്ഷ നേടിയേ പറ്റൂ. പാതിരാക്കോഴികള്‍ കൂവുന്ന രാത്രിയുടെ ഏതോ യാമങ്ങളില്‍ കതകുപാളിക്കുഴിയില്‍ മെല്ലെ ഉരസി തുറക്കുന്ന ശബ്ദം പോലും കേള്‍പ്പിക്കാതെ കതകു തുറന്നു പുറത്തിറങ്ങി. നിര്‍ത്താതെ ചിലയ്ക്കുന്ന ചീവീടുകളുടെ ശബ്ദം മാത്രം നിറഞ്ഞു നിന്നു. തൊടിയിലെവിടെയോ വലിച്ചെറിഞ്ഞ ആ ഹോണ്‍ തപ്പിയെടുത്തു തോര്‍ത്തില്‍ വളരെ ഭദ്രമായി സൂക്ഷിച്ചു. വളരെക്കാലം ഈ ഹോണ്‍ അദ്ദേഹം ഒരു നിധിപോലെ സൂക്ഷിച്ചുവച്ചിരുന്നു. വീട്ടില്‍ നിന്നിറങ്ങി നടന്ന അദ്ദേഹം, ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടങ്ങളില്‍ പണിയെടുക്കുന്ന ഒരു സംഘം ആളുകളുടെ കൂടെ ചേര്‍ന്ന് അവരോടൊപ്പം നടന്നു. അക്കൂട്ടത്തില്‍ ചിലര്‍ സുല്‍ത്താന്‍ബത്തേരിയിലെ ജോലിക്കാരായിരുന്നു. അവരോടൊപ്പം നടന്ന് ബത്തേരിയിലെത്തി ടിംബര്‍ ഡിപ്പോയിലെ ജോലി(ചാപ്പയടി) തരമാക്കി. തണുപ്പിന്റെ കഠിനതയും കരടി തുടങ്ങിയ മൃഗങ്ങളുടെ ശല്യവും കാരണം അവിടുത്തെ ജീവിതം അഞ്ചാറുമാസം കൊണ്ട് മടുത്തു തുടങ്ങി. കിട്ടിയ തുകയെല്ലാം നഷ്ടമാകാതെ സൂക്ഷിച്ചിരുന്നു. അക്കാലങ്ങളില്‍ പലവ്യജ്ഞനങ്ങളും മറ്റു സാധനങ്ങളും ബത്തേരിയിലേക്ക് മൈസൂരില്‍ നിന്നും എത്തിച്ചിരുന്നത് കാളവണ്ടികളിലായിരുന്നു. നീണ്ടയാത്രാക്ഷീണം അകറ്റുവാനായി വണ്ടിക്കാര്‍ വിശ്രമിക്കുമ്പോള്‍ കാളകളെ സുരക്ഷിതമായ സ്ഥലത്തുനിര്‍ത്തി കാട്ടുമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നും രക്ഷിക്കുവാനായി അവയുടെ ചുറ്റും ചപ്പുചവറുകള്‍ കൂട്ടി തീയിടുന്ന പതിവുണ്ടായിരുന്നു. അക്കാരണങ്ങളാലൊക്കെ അവരില്‍ ആകൃഷ്ടനായ ഈ ബാലന്‍ അവരോടൊപ്പം മൈസൂര്‍ക്കു പോകുവാന്‍ തയ്യാറായി. അവരോടൊപ്പംകൂടി. ഭാഷാപരിചയം ഇല്ലാതെ അവിടെയെല്ലാം അലഞ്ഞു നടന്നു. വിശപ്പ് സഹിക്കാവുന്നില്ല. വഴിയരികില്‍ വെള്ളം നിറച്ചിട്ടിരിക്കുന്ന ടാങ്കുകള്‍കണ്ട് വെള്ളം കുടിക്കാനായി ചെന്നപ്പോള്‍ ജോലിക്കാര്‍ ആട്ടിയോടിച്ചു. പുതിയൊരു കൊട്ടാരംപണി നടന്നുകൊണ്ടിരുന്ന അവിടെ ആ പണികള്‍ക്കായി ശേഖരിച്ച വെള്ളമായിരുന്നത്രേ അത്. പകയോ പരിഭവമോ തോന്നാതെ അവന്‍ വീണ്ടും നടന്നെത്തിയത് റെയില്‍വേ സ്റേഷനിലാണ്. ഓലമേഞ്ഞ ആ ഷെഡ്ഡിലെ കാപ്പികച്ചവടക്കാരന്‍ പട്ടര്‍ ഒരു കപ്പു കാപ്പി നല്‍കി. ട്രെയിന്‍ വന്നപ്പോള്‍ അതില്‍ക്കയറി ബാംഗ്ളൂരെത്തി. അവിടെ നിന്നും വിശാഖപട്ടണത്തേക്ക് വീണ്ടും നടപ്പുതന്നെ. കമ്പിവേലികള്‍ കെട്ടി വേര്‍തിരിച്ച ഒരു സ്ഥലത്ത് റെയില്‍വേ വാഗണ്‍ ഉണ്ടാക്കുന്നതുകണ്ട് കമ്പിവേലിയില്‍ പിടിച്ച് വെറുതേ നോക്കിനിന്നു. എന്തവാടാ നോക്കുന്നേ-അത്ഭുതം പോലെ കേട്ട ആ ശബ്ദം ജീവിതത്തിലെ തന്നെ വഴിത്തിരിവാക്കി മാറ്റുവാന്‍ കൃഷ്ണന്‍നായര്‍ക്ക് കഴിഞ്ഞു. ഏറെ നാളായി മലയാളം കേള്‍ക്കുകയോ പറയുകയോ ചെയ്യാതിരുന്ന ഒരു സ്ഥലത്ത് കേട്ട മലയാളം. അത് അദ്ദേഹത്തില്‍ പ്രതീക്ഷ ഉയര്‍ത്തി. ഏതായാലും അയാളുടെ സഹായിയായിത്തീര്‍ന്നു അദ്ദേഹം. സായിപ്പന്മാര്‍ പരിശോധനയ്ക്കു എത്തുമ്പോള്‍ മൈനര്‍ ആയതിനാല്‍ വേലിയ്ക്കു പുറത്തിറങ്ങി നില്‍ക്കും. ദിവസങ്ങള്‍ കടന്നുപോയി. അവിടെ കാന്റീന്‍ നടത്തിയിരുന്ന തമിഴ്നോട്, ഒരിക്കല്‍ ഹോണ്‍ തന്ന ഡ്രൈവര്‍ പറഞ്ഞ തമിഴ് വാക്കുകളുടെ അര്‍ത്ഥം ചോദിച്ചറിഞ്ഞു. നീ ഒരു വണ്ടി വാങ്ങുന്ന കാലത്ത് ആ വണ്ടിയില്‍ ഈ ഹോണ്‍ പിടിപ്പിക്കണം. അന്ന് അയാള്‍ പറഞ്ഞ ആ വാക്കുകള്‍ പിന്നീട് പലപ്പോഴും കൃഷ്ണന്‍നായര്‍ ഓര്‍ക്കാറുണ്ട്. ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയ വാക്കുകള്‍ എത്രയോ കാറുകളില്‍ പിന്നീടദ്ദേഹം സഞ്ചരിച്ചു.
വിശാഖപട്ടണത്ത് അധികനാള്‍ തുടര്‍ന്നില്ല. ഭക്ഷണം ശരിയാകുന്നില്ല. കഠിനമായ തണുപ്പ്. പുറമേ പനിയും മറ്റസുഖങ്ങളും. സുല്‍ത്താന്‍ ബത്തേരിയില്‍ തന്നെ തിരിച്ചെത്തി. അമ്മയുമായി ചെന്ന് തലപ്പുഴ എസ്റേറ്റിലെ മാനേജര്‍ സായിപ്പ്, മിസ്റര്‍ കത്തലിനെ കണ്ടു, ചെറിയ ജോലി തരപ്പെടുത്തി. ചെറിയ ചെറിയ മെക്കാനിക്ക് പണികള്‍. അക്കാലത്ത് ലണ്ടനില്‍നിന്നും ഇറക്കുമതി ചെയ്ത ഒരു കാറിന്റെ റിപ്പയറിംഗ് പണികള്‍ ചെയ്യുവാനായി സ്പെന്‍സര്‍ ആന്റ് കമ്പനിയിലെ എഞ്ചിനീയര്‍ വന്നു. പക്ഷേ, അദ്ദേഹം ഉപേക്ഷിച്ച പണികള്‍കൂടി വളരെ ഭംഗിയായി ചെയ്ത കൃഷ്ണന്‍നായരെ അഭിനന്ദിക്കാന്‍ ആ എഞ്ചിനീയര്‍ മറന്നില്ല. കത്തല്‍ സായിപ്പിന്റെ സ്നേഹം പിടിച്ചുപറ്റിയിരുന്നതിനാല്‍ അദ്ദേഹം ഊട്ടി കുതിര പന്തയത്തില്‍ പോകുമ്പോള്‍ കൃഷ്ണന്‍നായരേയും കൊണ്ടുപോകുമായിരുന്നു. തലപ്പുഴ എസ്റേറ്റിലെ പുതിയ ഫാക്ടറി തുടങ്ങുവാനുള്ള പണികള്‍ ലണ്ടനിലെ വാള്‍ക്രങ്ങ് ക്രാങ്ക് എന്ന കമ്പനിക്ക് നല്‍കിയത് ക്യാന്‍സല്‍ ചെയ്ത് ഒരു ജര്‍മ്മന്‍കാരനെ ഏല്പിച്ചപ്പോള്‍ കൃഷ്ണന്‍നായരെ ഹെല്‍പ്പര്‍ ആയും നിയമിച്ചു. മൂന്നു വര്‍ഷം കൊണ്ട് ജോലികള്‍ തീര്‍ന്നപ്പോള്‍ ജര്‍മ്മന്‍കാരന്‍ അദ്ദേഹത്തെ എല്ലാ ജോലികളും പഠിപ്പിച്ചിരുന്നു. നാട്ടിലേക്ക് തിരികെ പോകുമ്പോള്‍ ജര്‍മ്മന്‍കാരന്‍, കൃഷ്ണന്‍ നായര്‍ക്ക് അമൂല്യമായ ഒരു സര്‍ട്ടിഫിക്കറ്റ്He has bent for machineriesനല്‍കി. അതു പിന്നീട് പല ഉയര്‍ച്ചകള്‍ക്കും കാരണമായി.
1942-ല്‍ രണ്ടാംലോകമഹായുദ്ധത്തിലും കൃഷ്ണന്‍നായര്‍ പങ്കാളിയായി. ബോംബെയിലെ ഗണ്‍ഗാരേജിലും, കല്‍ക്കത്തയിലെ ഹൂഗ്ളി ക്യാമ്പിലും സേവനമനുഷ്ഠിച്ചു. ഒരിക്കല്‍ ഹൂഗ്ളിയില്‍ വച്ച് ബ്രിട്ടീഷുകാര്‍ക്കുമാത്രം തൊടുവാന്‍ അധികാരമുണ്ടായിരുന്ന മെഷീന്‍ ഗണ്‍ നന്നാക്കുവാന്‍ മടിച്ചാണെങ്കിലും ബ്രിട്ടീഷ് ബ്രിഗേഡിയര്‍ക്ക് കൃഷ്ണന്‍നായരുടെ സഹായം തേടേണ്ടി വന്നു. അദ്ദേഹത്തിന്റെ ബുദ്ധിപരമായ പ്രവര്‍ത്തിമൂലം ആ ഗണ്‍ മിനിട്ടുകള്‍ക്കുള്ളില്‍ നന്നാക്കി എടുത്തു. വിവരമറിഞ്ഞ അധികാരികള്‍ അഭിനന്ദിച്ച് ബഹുമതി നല്‍കി. കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രം ലഭിച്ച ഒരംഗീകാരമായിരുന്നു ഇത്. ഈ സംഭവത്തിനുശേഷം പിന്നീടൊരവസരത്തില്‍ മണ്ണിനടിയില്‍ വലിയ പെട്രോള്‍ ടാങ്കുകള്‍ ഇറക്കുവാനുള്ള ക്രെയിന്‍ അവിടെ ഇല്ലാതിരുന്നതിനാല്‍ ശ്രീലങ്കയില്‍നിന്നും കൊണ്ടുവരുവാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കൃഷ്ണന്‍നായര്‍ ക്രെയിന്‍ ഇല്ലാതെ തന്നെ ആയാസരഹിതമായി ആ ടാങ്ക് ഇറക്കി സ്ഥാപിച്ചു. ഉദ്യോഗസ്ഥമേധാവികളുടെ അനുമതി ഇല്ലാതെ അപ്രകാരമൊരു നല്ലകാര്യം ചെയ്തതിന്quarter guard(കാവല്‍പ്പണി) ശിക്ഷയാണ് അദ്ദേഹത്തിന് നല്‍കിയത്.(Obey the ordersഎന്നല്ലാതെ മറ്റൊന്നും മിലട്ടറിയില്‍ ഇല്ല) എന്നാല്‍ കൃഷ്ണന്‍ നായരുടെ കഴിവുകളെ മാനിച്ച് പ്രസ്തുത ശിക്ഷ ഇളവാക്കുവാന്‍ പിന്നീടവര്‍ തീരുമാനിച്ചു.Overseas Service Medal, Defence Medal, St. George Medal VIഎന്നീ വിശിഷ്ടമെഡലുകളും ഇദ്ദേഹത്തെ നേടി എത്തിയിട്ടുണ്ട്.
1947-ല്‍ യുദ്ധമവസാനിച്ചപ്പോള്‍ മൊബൈലൈസേഷന്‍ ഗ്രൂപ്പിലേയ്ക്ക് അദ്ദേഹം മാറി. ഇംഗ്ളണ്ട് ആന്‍ഡ് സ്കോട്ടിഷ് എന്ന ഒരു കമ്പനിയില്‍ ഗ്രൂപ്പ് മെക്കാനിക്കായി അദ്ദേഹത്തെ നിയമിച്ചു. 1956-ല്‍ അദ്ദേഹം വീടിനടുത്ത് ഒരു ചെറിയ വര്‍ക്കുഷോപ്പ് തുടങ്ങി. പൊതുവേ വാഹനങ്ങള്‍ കുറവായിരുന്ന അക്കാലത്ത് പനമരം ഭാഗത്തുള്ള ഗൌഡര്‍മാരുടെ വാഹനങ്ങള്‍ അല്ലാതെ വളരെ അപൂര്‍വ്വമായി മാത്രമേ വാഹനങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. 1965-ല്‍ റിട്ടയര്‍ചെയ്തശേഷം അദ്ദേഹം വര്‍ക്കുഷോപ്പ് വിപുലീകരിച്ച് ആധുനികരീതിയിലുള്ള ഗവണ്‍മെന്റ് അംഗീകൃത വര്‍ക്ക്ഷോപ്പായി ഉയര്‍ത്തി. 1967 മുതല്‍ മൂന്നാമത്തെ മകന്‍ ജനാര്‍ദ്ദന്‍ വര്‍ക്കുഷോപ്പ് ജോലികള്‍ ചെയ്യുവാന്‍ സഹായിയായി. 1985 മുതല്‍ ജനാര്‍ദ്ദനന്‍ വര്‍ക്കുഷോപ്പ് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് വളരെ ഉന്നത നിലയില്‍ ജോലികള്‍ ചെയ്തുവരുന്നു. ഇന്നു ബത്തേരിയിലെ അറിയപ്പെടുന്ന വര്‍ക്ക്ഷോപ്പായി മാറിയിരിക്കുന്നു. തന്റെ പിതാവ് ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചു പണിതുയര്‍ത്തിയ ഈ സ്ഥാപനം അതിന്റെ അന്തസ്സും ഗൌരവത്തോടും കൂടി തന്നെ നടത്തുന്നു.
പാലക്കാട് സ്വദേശി ലക്ഷ്മിയാണ് കൃഷ്ണന്‍നായരുടെ ഭാര്യ. ഈ ദമ്പതികള്‍ക്ക് 5 മക്കളാണുള്ളത്. മൂത്ത മകന്‍ കൃഷി ജോയിന്റ് ഡയറക്ടറായി റിട്ടയര്‍ ചെയ്ത പരേതനായ ദാമോദരന്‍. രണ്ടാമന്‍ രവീന്ദ്രന്‍ ഗള്‍ഫില്‍നിന്നും മടങ്ങി എത്തിയ ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. അടുത്തയാള്‍ ജനാര്‍ദ്ദനനാണ് കൃഷ്ണന്‍നായരുടെ സ്വപ്നമായിരുന്ന ടെക്നിക്കല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്നത്. മാഹി സ്വദേശിനിയായ ശാന്തയാണ് ജനാര്‍ദ്ദനന്റെ ഭാര്യ. ഇദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത്. പി.ജി.ഡി.സി.എ. കഴിഞ്ഞ പ്രിയ വിവാഹിതയാണ്. പ്രഭ അഡ്വക്കറ്റാണ്. വസന്ത ഫാഷന്‍ ഡിസൈനറാണ്. ബാംഗ്ളൂരില്‍ ബി.ഇ.എല്‍. റിട്ടയേര്‍ഡ് എഞ്ചിനീയറായ പത്മനാഭനാണ് ഭര്‍ത്താവ്. ഇളയ പുത്രി ശാന്തയും വിവാഹിതയാണ്. റെപ്രസന്റേറ്റീവ് ആയ ജനാര്‍ദ്ദനന്‍ ആണ് ഭര്‍ത്താവ്.
സുശീല്‍കുമാര്‍ അമേരിക്കന്‍ കമ്പനിയിലെ എക്സിക്യൂട്ടീവ്, ഗായത്രി-തയ്യല്‍ അദ്ധ്യാപിക, ഷിജ- സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, ബയോ ഇന്‍ഫോര്‍മാറ്റിക് പഠനം കഴിഞ്ഞ സോണി, റേഡിയോ എഞ്ചിനീയര്‍ രജനീഷ്, ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയര്‍ ഷിജു, തെര്‍മല്‍ എഞ്ചിനീയര്‍ ലിയോ, ബിരുധദാരികളായ ഐശ്വര്യസന്ധ്യ, സിന്ധു, സീമ എന്നിവരും പേരക്കുട്ടികളാണ്. കുട്ടികളും പേരക്കുട്ടികളുമടങ്ങുന്ന ഈ സമ്പന്നവും പ്രൌഢവുമായ കുടുംബത്തോടൊപ്പം ഏറെ നാള്‍ കഴിഞ്ഞശേഷം കൃഷ്ണന്‍നായര്‍ എന്ന മഹാവ്യക്തിത്വവും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു കഴിഞ്ഞിരിക്കുന്നു.

              
Back

  Date updated :