Kunjikuttan Thamburan, Kodungalloor

Kunjikuttan Thamburan, Kodungalloor

Any

Reading

Problem

Literature

1864-1913

Kodungalloor

Trichur, Nil

Nil

Back

NIL

മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ 1864 സെപ്തംബറില്‍ കൊടുങ്ങല്ലൂരില്‍ ജനിച്ചു. കുലഗുരുവായ ഉണ്ണിയാശാനില്‍ നിന്നും അമ്മാവനായ ഗോദവര്‍മ്മത്തമ്പുരാനില്‍ നിന്നും വ്യാകരണം, അലങ്കാരം, തര്‍ക്കശാസ്ത്രം, ജ്യോതിഷം എന്നിവയില്‍ പാണ്ഡിത്യം നേടി. ദ്രുതകവിതാരചനയിലായിരുന്നു ഇദ്ദേഹത്തിന് പ്രിയം. വിദ്യാവിനോദിനി, മലയാള മനോരമ, രസികരഞ്ജിനി, മംഗളോദയം എന്നീ സാഹിത്യ മാസികകളിലാണ് ഇദ്ദേഹത്തിന്റെ കൃതികള്‍ ആദ്യം പ്രസിദ്ധീകൃതമായത്. സംസ്കൃതത്തിലും മലയാളത്തിലുമായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭാഷാപോഷിണി എന്ന സാഹിത്യസംഘടനയുടെ രൂപവത്കരണത്തില്‍ ഇദ്ദേഹം മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചിരുന്നു. വ്യാസമഹാഭാരതത്തിന്റെ തര്‍ജമയാണ് ഇദ്ദേഹത്തിന്റെ പ്രാധാന്യമര്‍ഹിക്കുന്ന സംഭാവന. 18 പര്‍വങ്ങളും 2000 അധ്യായങ്ങളും 1,25,000 ശ്ളോകങ്ങളും ഉള്‍പ്പെട്ട മഹാഭാരതം തര്‍ജമ വെറും 874 ദിവസംകൊണ്ട് ഇദ്ദേഹം പൂര്‍ത്തിയാക്കി.
സുഭദ്രാപഹരണം, ജരാസന്ധവധം തുടങ്ങിയ നാല് വ്യായോഗങ്ങളും ശ്രീശങ്കഗുരുചരിതം തുടങ്ങിയ ഏതാനും പദ്യകൃതികളുമാണ് സംസ്കൃത രചനയില്‍ പ്രധാനപ്പെട്ടവ. ശ്രീമദ്ഭാഗവതം, കാദംബരി, കഥാസാരം, വിക്രമോര്‍വശീയം, ആശ്ചര്യചൂഡാമണി, അഭിജ്ഞാനശാകുന്തളം തുടങ്ങിയ സംസ്കൃത ഗ്രന്ഥങ്ങളും ഷേക്സ്പിയറുടെ ഹാംലെറ്റും പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കവിഭാരതം, കേരളം, നല്ല ഭാഷ, അംബോപദേശം, തുപ്പല്‍ കോളാമ്പി, സന്താനഗോപാലം, നളചരിതം തുടങ്ങിയവ ഇദ്ദേഹത്തിന്റെ സ്വതന്ത്ര രചനകളാണ്. വെണ്‍മണി അച്ഛന്‍ നമ്പൂതിരിപ്പാടിന്റേയും കൊടുങ്ങല്ലൂര്‍ കോവിലകത്ത് കുഞ്ഞിപ്പിള്ള തമ്പുരാട്ടിയുടേയും പുത്രനായ ഇദ്ദേഹം മലയാള കവിതയിലെ വെണ്‍മണി പ്രസ്ഥാനത്തിന്റെ വികാസത്തിന് സുപ്രധാനമായ പങ്കുവഹിച്ചു. മഹാഭാരതത്തിന്റെ വിവര്‍ത്തനംകൊണ്ട് കേരളവ്യാസന്‍ എന്നറിയപ്പെട്ട മഹാകവിയാണിദ്ദേഹം. 1913 ജനുവരിയില്‍ ഇദ്ദേഹം നിര്യാതനായി.

              
Back

  Date updated :