M.P. Easwaran Embranthiri

M.P. Easwaran Embranthiri

Any

Reading

Problem

Social reformers

Peringamana Illam

Madurakkad, Haripuram P.O., Anandashram

Kassergod, 0467-2268397

Nil

Back

ഈശ്വരന്‍ എമ്പ്രാന്തിരി സ്വന്തം ലൈബ്രറിയില്‍

NIL

ഈശ്വരസേവ ഒരു നിയോഗമാണ്. ജന്മവഴികളിലൂടെ ആര്‍ജ്ജിതമായ ഈശ്വരസേവാകര്‍മ്മം അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍തന്നെ നിര്‍വഹിക്കപ്പെടുന്ന ഈശ്വരന്‍ എമ്പ്രാന്തിരി, ബ്രാഹ്മണോത്തമന്റെ മറ്റൊരു പ്രധാന അനുഷ്ഠാനമായ അധ്യാപനകര്‍മ്മത്തിനുമുള്ള അവസരമൊരുക്കി വിജ്ഞാനവെളിച്ചത്തിന്റെ വിസ്തൃത വാതായനങ്ങള്‍ ജനങ്ങള്‍ക്കായി തുറന്നു നല്‍കി ബൃഹത്തായ ഒരു പുസ്തകശാലയിലൂടെ കര്‍മ്മനിലീനനാകുന്നു.
യോഗസ്തപോ ദാമോദാനം സത്യാ ശൌചം ദയാശ്രുതം
വിദ്യാവിജ്ഞാനമാസ്തിക്യമേദത് ബ്രാഹ്മണലക്ഷണം
എന്നീ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും സാംശീകരിച്ചും അധ്യാപനം, അധ്യയനം, യജനം, യാജനം, ദാനം, പ്രതിഗ്രഹം എന്നീ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചും ശ്രേഷ്ഠ വിപ്രനായ ഇദ്ദേഹം മാധവസേവയും മാനവസേവയും നിര്‍വിഘ്നം തുടരുന്നു.
08-04-1946-ല്‍ നാരായണന്‍ എമ്പ്രാന്തിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി കാസര്‍കോട് ജില്ലയിലെ ഹരിപുരത്ത് പെരിഗമന ഇല്ലത്തു ജനിച്ച ഇദ്ദേഹം പത്താംതരം വിദ്യാഭ്യാസം മാത്രം നേടി, പൂജാദികര്‍മ്മങ്ങളും മന്ത്രതന്ത്രാദികളും വശമാക്കി. സംസ്കൃതത്തിലും സാഹിത്യത്തിലും വ്യുല്പത്തി നേടി പതിനഞ്ചാം വയസ്സു മുതല്‍ വായനാശീലം വളര്‍ത്തുവാന്‍ അക്ഷീണം ശ്രമിക്കുന്ന മഹദ്വ്യക്തിയാണ്. ഗ്രാമഗ്രാമാന്തരങ്ങളില്‍ കാല്‍നടയായി സഞ്ചരിച്ച്, അക്ഷരാവബോധവും, വായനാശീലവും വളര്‍ത്തി മനുഷ്യരെ പ്രബുദ്ധരാക്കുവാന്‍ സദായഞ്ജിച്ചിരുന്ന ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ നെടുംതൂണായ പി.എന്‍. പണിക്കരെപ്പോലെ മറ്റൊരു പ്രശസ്തനാണ്, അജാനൂര്‍ മാഡിയന്‍ കോവിലകം ക്ഷേത്രത്തിനടുത്ത് മധുരക്കാട് അള്ളങ്കോട്ടെ പെരിഗമന ഇല്ലത്തെ ഈശ്വരന്‍ എമ്പ്രാന്തിരി. കോട്ടയം വൈക്കം കാട്ടിക്കുന്ന് പനക്കല്‍ ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ ഇദ്ദേഹം തന്റെ പൂജാവൃത്തിയില്‍ നിന്നും ലഭിക്കുന്ന പണമത്രയും പുസ്തകങ്ങള്‍ വാങ്ങി ഗ്രന്ഥപ്പുര പണിയുവാന്‍ ഉപയോഗിക്കുന്നു. 8 ലക്ഷത്തിലധികം വിലവരുന്ന 7000-ല്‍പ്പരം ഗ്രന്ഥങ്ങളാണ് ഇദ്ദേഹത്തിന്റെ ഗ്രന്ഥശേഖരത്തിലുള്ളത്. അവ എല്ലാംതന്നെ ഈടുറ്റ റഫറന്‍സ്, വിജ്ഞാനകോശം, ചരിത്രവിജ്ഞാനം, ആരോഗ്യവിജ്ഞാനം, നിരൂപണങ്ങള്‍, മഹത്തുക്കളുടെ സമ്പൂര്‍ണ്ണകൃതികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവയുമാണ്. പഴയ താളിയോല ഗ്രന്ഥങ്ങളും അപൂര്‍വ്വഗ്രന്ഥങ്ങളും ഇവിടെ കാണാന്‍ കഴിയും. മിക്ക കൃതികളുടേയും 1934-ലെ എഡിഷനുകള്‍ മുതല്‍ ഈ ശേഖരത്തിലുണ്ട്. കേരള സര്‍വകലാശാല Palm leaf Picture എന്ന പേരില്‍ പ്രസിദ്ധീകരിച്ച ചിത്രാ രാമായണം എന്ന താളിയോല ഗ്രന്ഥത്തിന്റെ അസ്സല്‍ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. ചരിത്ര കുതുകികള്‍ക്കും സാഹിത്യവിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പണ്ഡിതന്മാര്‍ക്കുമെല്ലാം ഏറെ പ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥശാലയാണിത് എന്നതിനാല്‍ തന്നെ ധാരാളമാളുകള്‍ ഈ പുസ്തകപ്പുര പ്രയോജനപ്പെടുത്തുന്നുണ്ട്. ഇവിടെ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ മറ്റെവിടെയും ലഭ്യമല്ല എന്ന ഒരു ചൊല്ലുതന്നെ ഉടലെടുത്തിട്ടുമുള്ളതായി പറയുന്നു. മക്കളെപ്പോലെ പരിരക്ഷിക്കുന്ന ഈ പുസ്തകശേഖരത്താല്‍ക്കൂടിയാണ്, ഈ പൂജാരി എന്നതിലുപരി ഇദ്ദേഹത്തെ അറിയപ്പെടുന്നത്. ഗ്രന്ഥങ്ങളുടെ ഭവനം പണിത് അവയുമായി സല്ലപിക്കുന്ന ഇദ്ദേഹം അവയിലെ ഗഹനങ്ങളായ ആശയങ്ങള്‍ ചിത്തത്തിലര്‍ത്ഥം ഗ്രഹിച്ചേ മതിവരൂ എന്നമട്ടില്‍ നിര്‍ബന്ധബുദ്ധിയോടുകൂടിത്തന്നെ ഹൃദിസ്ഥമാക്കാറുണ്ട്. വായന ഒരുവനെ പരിപൂര്‍ണ്ണനാക്കുന്നു എന്ന മഹദ്വചനം അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കും വിധം പഠിക്കുകയും മറ്റുള്ളവര്‍ക്ക് പഠനത്തിനുള്ള മാര്‍ഗ്ഗം കാട്ടിക്കൊടുക്കുകയും ചെയ്യുന്ന ഇദ്ദേഹം, കൃഷിയില്‍ നിന്നുമുള്ള വരുമാനമല്ലാതെ മറ്റൊന്ന് ഗൃഹകാര്യങ്ങള്‍ക്കായി എടുക്കാതെ, പുസ്തകസമ്പാദനത്തിനായി ചിലവഴിക്കുന്നു. വാങ്ങുവാനുദ്ദേശിക്കുന്ന ഒരു പുസ്തകം കിട്ടാതെ വന്നാല്‍ അതന്വേഷിച്ചു വാങ്ങുന്നതിനായി കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കറ്റം വരെ സഞ്ചരിക്കുന്നതിനും ഇദ്ദേഹത്തിന് മടിയില്ല. ഒരു നല്ല ഗ്രന്ഥശാല ഒരു യഥാര്‍ത്ഥസര്‍വകലാശാലയാണ് എന്നു കരുതുന്ന എമ്പ്രാന്തിരി, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ സര്‍വ്വാധിപത്യം നടക്കുന്ന ഈ യുഗത്തില്‍, ചെറുപ്പക്കാര്‍ക്ക് ആശയും ആവേശവുമേകുന്ന മാതൃകയായി മാറിയിരിക്കുന്നു. അക്ഷരലോകത്തിന് ഇദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകളും, നിസ്വാര്‍ത്ഥസേവനങ്ങളും മാനിച്ച്, പി.എന്‍.പണിക്കര്‍ ഫൌണ്ടേഷന്‍, അക്ഷര അവാര്‍ഡ് നല്‍കി 2004-ല്‍ ഇദ്ദേഹത്തെ ആദരിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത്, താലൂക്ക്, ജില്ലാ ലൈബ്രറി കൌണ്‍സിലുകള്‍ എന്നിവയും അനവധി ക്ളബ്ബുകളും സംഘടനകളും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ചാദരിച്ചിട്ടുണ്ട്. കലാസാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യമായ ഇദ്ദേഹം നിരവധി ഗ്രന്ഥശാലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും, സാംസ്ക്കാരിക നവോത്ഥാനപ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നുണ്ട്. വായനാശീലവും പുസ്തകങ്ങളോടുള്ള താല്പര്യവും തലമുറകളായി കൈമാറി വന്ന ഒരു സിദ്ധികൂടിയാണെന്ന് കരുതുന്ന ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ പട്ടാമ്പി സംസ്കൃതകോളജിലെ പഠിതാവും മലയാളം വിദ്വാനും പൂരംകളി പ്രണേതാവുമായിരുന്നു. ധാരാളമാളുകള്‍ക്ക് പൂരക്കളിയുടെ ചിട്ടവട്ടങ്ങളെക്കുറിച്ച് ശിക്ഷണം നല്‍കുകയും ചെയ്തിരുന്നു.
സുഭദ്ര അന്തര്‍ജ്ജനമാണ് ഇദ്ദേഹത്തിന്റെ പത്നി. ഇവര്‍ക്ക് നാലു പെണ്‍കുട്ടികളാണുള്ളത്. മൂത്തമകള്‍സുമതി, ഭര്‍ത്താവ് നാരായണന്‍ നമ്പൂതിരി, കോട്ടയത്ത് പാലായില്‍ ശാന്തിജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. അടുത്തയാള്‍-ലളിതാംബിക. ഭര്‍ത്താവ് കേന്ദ്രീയവിദ്യാലയ അദ്ധ്യാപകനാണ്. മൂന്നാമത്തെ മകള്‍ ഉമ, ഭര്‍ത്താവു നാരായണന്‍ നമ്പൂതിരി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി ജോലി ചെയ്യുന്നു. അടുത്ത മകള്‍ സുധര്‍മ്മ, ഭര്‍ത്താവ് മുന്‍സിഫ് ആയി നിയമിതനായ കൃഷ്ണകുമാര്‍ എറണാകുളത്ത് ട്രെയിനിംഗില്‍ ആണ്. ലക്ഷ്മിക്കുട്ടി അന്തര്‍ജ്ജനം ഏക സഹോദരിയും, പരേതനായ മാധവന്‍ നമ്പൂതിരി സഹോദരനുമാണ്.

              
Back

  Date updated :