Dr. P.K. Kunhiraman

Dr. P.K. Kunhiraman

Any

Reading

Problem

Education

Poornima

N.C.C. Road, Payyannur

Kannur, 04985-202295, 9847543324

Nil

Back

NIL

ജ്ഞാനസമ്പാദനത്തിനായി ഒരായുസ്സ് മുഴുവനും ഉഴിഞ്ഞുവച്ച് ആര്‍ജ്ജിത വിജ്ഞാനമാകെ, നിറസൌഹൃദത്തണലില്‍, അഹങ്കാരലേശമെന്യേ, അര്‍ത്ഥികള്‍ക്കേകിയ മഹോന്നതനായ ജ്ഞാനധനനാണ് ഡോക്ടര്‍ (പ്രൊഫ:) പി.കെ. കുഞ്ഞിരാമന്‍. മാമരംപോലെ പടര്‍ന്നുപന്തലിച്ച്, പൂത്തുലഞ്ഞിളകിയാടി നിറസൌരഭം വിതറുന്ന ബോധിവൃക്ഷം പോലെ; ധിഷണാശാലിയായി ആ ഗുരുശ്രേഷ്ഠന്‍ ഉയര്‍ന്നു നില്ക്കുന്നു; 85-ാം വയസ്സിന്റെ ദൈര്‍ഘ്യവും കഴിഞ്ഞ് ഗഗനസീമകളിലേക്ക്.
വെറും എട്ടാംതരം (E.S.L.C.) മാത്രമുള്ള പഠനംകൊണ്ട് വിദ്യാലയത്തോട് വിടപറഞ്ഞ ഈ മഹാരഥന്‍ പിന്നീട് ഒരു മഹാപ്രസ്ഥാനത്തിന്റെതന്നെ തലവനും കോളജ് പ്രഫസ്സറും ആയിത്തീര്‍ന്ന അത്യത്ഭുതകരവും ആവേശകരവുമായ കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിയുക. ഇച്ഛാശക്തിയും കര്‍മ്മോത്സുകതയുമുണ്ടെങ്കില്‍ ജീവിതത്തില്‍ നേടിയെടുക്കുവാനാവാത്തതൊന്നുമേ ഇല്ല എന്ന യാഥാര്‍ത്ഥ്യം സ്വജീവിതംകൊണ്ടുതന്നെ ഈ മഹാത്മാവ് ദൃഷ്ടാന്തീകരിച്ചിരിക്കുന്നു.
പൊക്കന്‍-ചിരുതൈ ദമ്പതികളുടെ അഞ്ച് മക്കളിലൊരാളായ ഇദ്ദേഹത്തിന്, സാധാരണ വിവക്ഷിക്കുന്ന അര്‍ത്ഥത്തിലുള്ള ഔപചാരിക വിദ്യാഭ്യാസം എട്ടാംതരംവരെ മാത്രമാണ് ലഭിച്ചത്. പിന്നീട് ഡോക്ടറേറ്റ് നേട്ടം വരെയുള്ള പഠനം കലാശാലകളില്‍ കടന്നുള്ളവയായിരുന്നില്ല. രാഷ്ട്രഭാഷ വരെയുള്ള ഹിന്ദി പഠനം ഒരു ഉത്തരേന്ത്യന്‍ വിപ്ളവകാരിയില്‍ നിന്നുമായിരുന്നു. പ്രവേശിക ഗുരുവും ശിഷ്യനും ഒന്നിച്ചു പഠിച്ച് പരീക്ഷയെഴുതിയെങ്കിലും ശിഷ്യന്‍ മാത്രമാണ് വിജയിച്ചത്. പ്രവീണ്‍ പരീക്ഷയുടെ രണ്ടു പാര്‍ട്ടുകളും ഒന്നിച്ചെഴുതി പ്രശസ്ത വിജയം കൈവരിച്ച ഇദ്ദേഹം അതുവരെ ഹിന്ദിപ്രചാര സഭയുടെ ചരിത്രത്തില്‍ സംഭവിക്കാത്ത നേട്ടത്തിനുടമയായി. ട്രാവന്‍കൂര്‍ സര്‍വകലാശാലയില്‍ നിന്നും വിദ്വാന്‍ പരീക്ഷയും മദ്രാസ് സര്‍വകലാശാലയില്‍ നിന്നും മെട്രിക്കുലേഷനും വിജയിച്ചു. ആഗ്ര കേന്ദ്രീയ ഹിന്ദി സംസ്ഥാനില്‍ നിന്നും ഹിന്ദി പാരംഗത്, വിജയിച്ചശേഷം 1958-ല്‍ ബി.എ., 1960-ല്‍ ഹിന്ദി എം.എ., 1964-ല്‍ മലയാളം എം.എ. എന്നിവയും 1974-ല്‍ ഡോക്ടറേറ്റും നേടി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എഡ്ഡും കരസ്ഥമാക്കി.
വിജ്ഞാനസമ്പാദനത്തിനുള്ള അതിരുകളില്ലാത്ത ഉല്‍ക്കര്‍ഷേച്ഛയും ഉല്പതിഷ്ണുത്വവും ഇല്ലാതെ ഈ നിലയില്‍ നിരന്തരമായി പഠനം നടത്തി ഉയരുക എന്നതുതന്നെ അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നത് നിരൂപിച്ചാല്‍ തന്നെ ഇത്തരം ശ്രേഷ്ഠകര്‍മ്മങ്ങള്‍ക്കു പിന്നിലുള്ള മഹായത്നത്തേയും, കഠിനാദ്ധ്വാനത്തേയും ആരും ആദരിക്കുന്നതാണ്. അസ്ത്രാഭ്യാസത്തിനു ദ്രോണാചാര്യരുടെ അരികിലെത്തി, നിഷേധിക്കപ്പെട്ട വിദ്യ അഭ്യസിക്കുന്നതിനായി അര്‍പ്പണബുദ്ധിയോടെ അക്ഷീണം ശ്രമിച്ചു വിജയിച്ച ഏകലവ്യനെ പോലെ; തനിക്കാര്‍ജ്ജിക്കുവാന്‍ കഴിയാതെപോയ വിദ്യ സ്വയമാര്‍ജ്ജിക്കുവാന്‍ ദൃഢ പ്രതിജ്ഞയെടുത്തു നേടിയ മറ്റൊരു ഏകലവ്യനായി ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം സംഭവിക്കാവുന്ന മഹാപ്രതിഭാസം!
ഹിന്ദി പ്രചാരസഭയുടെ പ്രവര്‍ത്തകസമിതി അദ്ധ്യക്ഷനായി രണ്ടു തവണ തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം, ഹിന്ദി ഭാഷയുടേയും സാഹിത്യത്തിന്റേയും വളര്‍ച്ചയ്ക്കും വികസനത്തിനും വ്യാപനത്തിനുമായി മഹത്തായ സേവനങ്ങളാണ് കാഴ്ചവച്ചത്. നീലേശ്വരത്തും ബേക്കലത്തും ഹിന്ദി വിദ്യാലയങ്ങള്‍ക്കാവശ്യമായ കെട്ടിടങ്ങള്‍ സ്വന്തം ചിലവില്‍ നിര്‍മ്മിച്ച് ഹിന്ദി പ്രചാരസഭയ്ക്ക് ദാനം ചെയ്യുകയും ഈ രണ്ടിടങ്ങളിലുമായി അസംഖ്യം വിദ്യാര്‍ത്ഥികള്‍ക്ക് ഹിന്ദി പഠനം സാദ്ധ്യമാക്കി. അവരെ പരീക്ഷകളിലും ജീവിതത്തില്‍തന്നെയും വിജയത്തിലേയ്ക്ക് എത്തിക്കുവാനും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. പയ്യന്നൂര്‍ കോളജില്‍ ഇദ്ദേഹം ഹിന്ദി ലക്ചറര്‍ ആയിരുന്നപ്പോഴാണ് യൂണിവേഴ്സിറ്റിയിലെ ഉയര്‍ന്ന റാങ്കുകള്‍ എല്ലാം വിദ്യാര്‍ത്ഥികള്‍ക്ക് നേടാനായത്. ഇദ്ദേഹത്തിന്റെ അദ്ധ്യയന മികവിന്റെ തെളിവുകളായി ഇവയെ വിദ്യാര്‍ത്ഥികള്‍ പുകഴ്ത്തുന്നു. ഈ കോളജില്‍ ഹിന്ദി ബി.എ. ക്ളാസ്സുകള്‍ ആരംഭിച്ചതോടെ മലബാറിലെ ഹിന്ദി അദ്ധ്യാപകരുടെ കുറവുകളും നികത്തപെടുവാന്‍ കഴിഞ്ഞു. കോളജിന്റെ ആരംഭകാലം മുതല്‍ അതിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിച്ചിരുന്ന ഇദ്ദേഹം ഭൂമി ഏറ്റെടുക്കുന്നതു മുതല്‍ അദ്ധ്യാപക ശമ്പളം നേരിട്ടു സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതുള്‍പ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കുവാന്‍ മുന്‍കൈ എടുത്തു പ്രവര്‍ത്തിച്ചിരുന്നു. ഹിന്ദി പ്രചാരകസഭാദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ്രചാരകര്‍ക്കുണ്ടായിരുന്ന പ്രശ്നങ്ങള്‍ ഇന്ദ്രജാലത്താലെന്നപോല നിമിഷാര്‍ത്ഥത്തില്‍ പരിഹരിച്ച്, ജാലവിദ്യക്കാരനെന്നും അദ്ദേഹം അറിയപ്പെട്ടു. സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷവും രാഷ്ട്രഭാഷയുടെ പ്രചരണാര്‍ത്ഥം ഭാരത് വിദ്യാഭവന്‍ എന്ന സ്ഥാപനം തുടങ്ങുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതും ഭാഷാപ്രേമം തന്നെയാണ്. എല്ലാ വിഷയങ്ങള്‍ക്കും മികച്ച അധ്യാപനം നല്‍കുവാനും, പ്രൊഫഷണല്‍ കോഴ്സുകള്‍ക്കുള്ള എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കുവാനും ഇദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇവിടെ പഠിച്ച മിക്ക കുട്ടികള്‍ക്കും ഉയര്‍ന്ന പല ഔദ്യോഗികസ്ഥാനങ്ങളില്‍ എത്തുവാനും സാധിച്ചിട്ടുണ്ട്. സ്വതേ ഗാന്ധിയനായിരുന്ന ഇദ്ദേഹത്തിന്, പഴനിയില്‍ വച്ച് മഹാത്മജിയെ നേരില്‍ കാണാന്‍ സാധിച്ചതോടെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുകയും, സജീവമായി പങ്കെടുക്കുകയും ചെയ്തു. വിനോബാഭാവെയുടെ നീലേശ്വരം പ്രസംഗം തല്‍സമയം മലയാളത്തിലേക്ക് പരിഭാഷ ചെയ്തതും, പ്രസംഗമദ്ധ്യേയുണ്ടായ വിനോബാജിയുടെ സംശയത്തിന് ഉത്തരം നല്‍കുവാനായതും, ഹിന്ദി പ്രചരണത്തില്‍ അസഹിഷ്ണുവായ ചാക്കോ എന്ന ഹെഡ്മാസ്ററെ നിലക്കുനിര്‍ത്തുവാനായതുമെല്ലാം ഒളിമങ്ങാത്ത ഓര്‍മ്മകളായി ഇദ്ദേഹത്തിന്റെ മനസ്സില്‍ തിളങ്ങി നില്ക്കുന്നു. ഹിന്ദിയുടെ പ്രചരണത്തിനായി ഇദ്ദേഹം നടത്തിയ ആത്മാര്‍ത്ഥവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങളെ മാനിച്ച് രാജ്യസഭാദ്ധ്യക്ഷനായിരുന്ന ബി.ഡി. ജെട്ടി, ഹിന്ദി പ്രചാരസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷവേളയില്‍ ഇദ്ദേഹത്തെ പൊന്നാട അണിയിച്ചാദരിച്ചു. ഹിന്ദിയുടെ മേന്മക്കായി മാത്രമല്ല, വിസ്മയകരമായ വിജ്ഞാനവിസ്ഫോടനത്തിനുതന്നെ നാന്ദികുറിച്ച ഈ അതുല്യ പ്രതിഭ സര്‍വ്വരാലും സമാരാദ്ധ്യനും സമുന്നതനുമായ പണ്ഡിതശ്രേഷ്ഠനാണ്. വ്യക്തി ജീവിതത്തിലും പൊതുജീവിതത്തിലും തികഞ്ഞ മാന്യതയും മനുഷ്യസ്നേഹവും പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം വരും തലമുറയ്ക്കുള്ള ഒരു മാതൃകാ പുരുഷന്‍ തന്നെയാണ്. റിട്ടയേര്‍ഡ് ഗവണ്‍മെന്റ് ഹൈസ്കൂള്‍ ടീച്ചറായ ദാക്ഷായണിയാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഈ ദമ്പതികള്‍ക്ക് 3 ആണ്‍മക്കളും ഒരു മകളുമാണുള്ളത്. എല്ലാവരും ഉയര്‍ന്ന നിലയില്‍ സംതൃപ്തമായി കഴിയുന്നു. മൂത്തമകന്‍ പി.കെ. മോഹനന്‍ ദുബായ് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലൈബ്രേറിയന്‍ ആണ്. രണ്ടാമന്‍ പി.കെ. വിനയചന്ദ്രന്‍ അബുദാബിയില്‍ ഡോക്ടറാണ്. മകള്‍ പി.കെ. വനജകുമാരി, നാലാമന്‍ രഘുപ്രസാദ് പി.കെ. മട്ടന്നൂര്‍ വാട്ടര്‍ അതോറിറ്റിയില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആണ്.
രാഘവന്‍ പി.കെ. ലക്ഷ്മി പി.കെ., ദേവകി പി.കെ., സരോജിനി പി.കെ. എന്നിവര്‍ സഹോദരങ്ങളാണ്.

              
Back

  Date updated :