T.P. Bhaskara Poduval

T.P. Bhaskara Poduval

Any

Reading

Problem

Education

Director- Malayal Bhasha Padasala

Annur P.O., Payyannur

Kannur, 04985-229421, 9349834803, 9744851525

Nil

Back

ടി.പി. ഭാസ്കരപൊതുവാളും സഹധര്‍മ്മിണി ജാനകിയുമൊത്ത് മലയാള ഭാഷാ പാഠശാലയില്‍ ഒ.എന്‍.വിയും ചെമ്മനം ചാക്കോയും

പാഠശാലയുടെ അഞ്ചാം വാര്‍ഷിക ആഘോഷചടങ്ങില്‍ ടി.പി. ഭാസ്കരപൊതുവാളിനൊപ്പം എം. മുകുന്ദന്‍, ഡി. വിനയചന്ദ്രന്‍, വൈശാഖന്‍ തുടങ്ങിയവര്‍.

NIL

അധ്യാപകന്‍, സാംസ്കാരിക പ്രവര്‍ത്തകന്‍, ഭാഷാസ്നേഹി എന്നീ നിലകളില്‍ പ്രശസ്തനായ ശ്രീ. പി.ടി. ഭാസ്കരപൊതുവാള്‍, 1945 ജൂണ്‍ 15-ന് പയ്യന്നൂരിനടുത്തുള്ള കൈതപ്രം ഗ്രാമത്തില്‍ ജനിച്ചു. വില്ലേജ്മാനായിരുന്ന അറയുള്ള വീട്ടില്‍ രാമപൊതുവാളും, തെക്കേപൂത്തലത്ത് മാണിക്കം അമ്മയും ആണ് മാതാപിതാക്കള്‍. സംസ്കൃതപണ്ഡിതനും കവിയുമായിരുന്ന അച്ചന്‍ രാമപൊതുവാള്‍ ഗുരുകുല വിദ്യാഭ്യാസരീതിയില്‍ ധാരാളം കുട്ടികളെ സംസ്കൃതഭാഷ പഠിപ്പിച്ചിരുന്നു.
36 വര്‍ഷം അധ്യാപകനായി സേവനമനുഷ്ഠിച്ച ഭാസ്കരപൊതുവാള്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷമാണ് 2002-ല്‍ മലയാളഭാഷാ പാഠശാല സ്ഥാപിച്ചത്. ഇപ്പോള്‍ ഇതിന്റെ ഡയറക്ടറും, പയ്യന്നൂര്‍ കഥകളി അരങ്ങിന്റെ പ്രസിഡന്റും, അഴീക്കോട് സാന്ത്വനം വയോജന സദനം പ്രസിദ്ധീകരിക്കുന്ന വാര്‍ത്താസാന്ത്വനം ദ്വൈവാരികയുടെ ചീഫ് എഡിറ്ററും ആയി പ്രവര്‍ത്തിക്കുന്നു. 2002 വരെ ഉത്തരമലബാറിലെ സംഗീതസ്കൂളായ ഭാസ്കരയുടെ പ്രിന്‍സിപ്പലായിരുന്നു. കണ്ണൂര്‍ ജില്ലാ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദ്യത്തെ കണ്‍വീനറും, സംഗീത നാടക അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ എന്ന നിലയില്‍ 10 വര്‍ഷവും സേവനമനുഷ്ഠിച്ചിട്ടുള്ള ഇദ്ദേഹം മുപ്പതോളം നാടകങ്ങളുടെ കര്‍ത്താവുകൂടിയാണ്. പ്രസംഗകന്‍, ചിന്തകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്.
നാടകങ്ങളില്‍ സമകാലിക പ്രശ്നങ്ങള്‍ ഗൌരവമായും, ഹാസ്യാത്മകമായും അവതരിപ്പിക്കുന്നതാണ് ഇദ്ദേഹത്തിന്റെ ശൈലി. ഇദ്ദേഹം രചനയും സംവിധാനവും നിര്‍വഹിച്ച മൃത്യുശില എന്ന നാടകം 300-ഓളം വേദികളില്‍ അവതരിപ്പിച്ചു. സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കസേരകളികളുടെയും കുതിരക്കച്ചവടത്തിന്റെയും കഥ പറയുന്ന ഉദയസംക്രാന്തി എന്ന നാടകം 100-ല്‍ അധികം അവാര്‍ഡുകള്‍ നേടുകയും ആയിരത്തോളം വേദികളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ഭാരതീയ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍, പ്രത്യേകിച്ച് കോഴിക്കോട് സര്‍വകലാശാലയിലെ മാര്‍ക്ക് തട്ടിപ്പിനെപ്പറ്റി, ആക്ഷേപഹാസ്യത്തോടെ അവതരിപ്പിച്ച സിംബോളിക് സറ്റയര്‍ ആണ് പൂജ്യം+പൂജ്യം+രണ്ട് = 428. യൂണിവേഴ്സിറ്റി കലോത്സവങ്ങളില്‍ ഈ നാടകം അനവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. 1982-ലെ ദില്ലി ഏഷ്യാഡില്‍ പങ്കെടുത്ത ആനകളുടെയും പാപ്പാന്‍മാരുടെയും കഥ പറയുന്ന ഏഷ്യാഡ് 82, മനഃശ്ശാസ്ത്രനാടകമായ ജഡായു, ഇംഗ്ളീഷ് വിദ്യാഭ്യാസത്തെ ഹാസ്യാത്മകമായി നോക്കിക്കാണുന്ന മെക്കാളയുടെ മക്കള്‍ എന്നീ നാടകങ്ങള്‍ 100-ല്‍ അധികം വേദികളില്‍ അരങ്ങേറി ശ്രദ്ധ നേടിയവയാണ്. കുട്ടികള്‍ക്കുവേണ്ടിയുള്ള 20-ല്‍ അധികം നാടകങ്ങള്‍ ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത് അവതരിപ്പിച്ചിട്ടുണ്ട്.
മലയാള ഭാഷാ പാഠശാലയുടെ പേരില്‍ 6 അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എഴുതി തുടങ്ങുന്നവര്‍ക്കു വേണ്ടിയാണ് അതില്‍ 4 എണ്ണവും. നാടകത്തിന് ടി.പി. സുകുമാരന്‍ സ്മാരക അവാര്‍ഡ്, കവിതയ്ക്ക് എ.കെ. കൃഷ്ണന്‍മാസ്റര്‍ സ്മാരക അവാര്‍ഡ്, ഗവേഷണത്തിനു ചിറക്കല്‍ ടി. ബാലകൃഷ്ണന്‍ സ്മാരക അവാര്‍ഡ്, കഥയ്ക്ക് കേസരി നായനാര്‍ സ്മാരക അവാര്‍ഡ് എന്നിങ്ങനെയാണ് ആ നാലു അവാര്‍ഡുകളും നല്‍കുന്നത്. കവിത, നോവല്‍, സിനിമ മേഖലകളിലെ മികവിന് യഥാക്രമം, സഞ്ജയന്‍ അവാര്‍ഡ്, ചന്തുമേനോന്‍ അവാര്‍ഡ്, കെ.ടി. മുഹമ്മദ് സ്മാരക അവാര്‍ഡ് എന്നിവ വര്‍ഷം തോറും നല്‍കിവരുന്നുണ്ട്. 10001 രൂപയും പ്രശസ്തി പത്രവും ആണ് സഞ്ജയന്‍ സ്മാരക അവാര്‍ഡ്. 2004-ല്‍ ചെമ്മനം ചാക്കോ, 2005-ല്‍ ഒ.എന്‍. വി. കുറുപ്പ്, 2006-ല്‍ സുഗതകുമാരി എന്നിവര്‍ക്ക് ഈ അവാര്‍ഡ് ലഭിച്ചു. 11111 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന ഒ.ചന്തുമേനോന്‍ സ്മാരക അവാര്‍ഡ് 2005-ല്‍ എം.ടി. വാസുദേവന്‍ നായര്‍ക്ക് ലഭിച്ചു. ഓരോ വര്‍ഷവും 36000 രൂപയുടെ കാഷ് അവാര്‍ഡുകള്‍ മലയാളഭാഷാ പാഠശാലയുടേതായി നല്‍കിവരുന്നുണ്ട്.
ഭാസ്കരപൊതുവാളിന്റെ വീട്ടുപേരു തന്നെ മലയാളഭാഷാ പാഠശാല എന്നാണ്. ഇങ്ങനെയൊരു വീട്ടുപേര് ഒരുപക്ഷേ ലോകത്ത് അപൂര്‍വമായിരിക്കാം. ഇദ്ദേഹത്തിന്റെ മനസ്സുപോലെതന്നെ വീടിന്റെ സ്വീകരണമുറിയും അടുക്കളയും വിശാലമാണ്. വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നു. വേണമെങ്കില്‍ സ്വയം പാകപ്പെടുത്തിയും കഴിക്കാം. കൂട്ടായ്മയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്. അന്നൂരെന്ന ചെറിയ ഗ്രാമത്തിലെ ഈ വലിയ പ്രസ്ഥാനം ഇന്ന് ഇന്ത്യയൊട്ടാകെ പ്രശസ്തമാണ്. പ്രഗത്ഭരെന്നോ, അപ്രശസ്തരെന്നോ ഉള്ള വ്യത്യാസമില്ലാതെ സര്‍ഗ്ഗാത്മകത എന്തെന്നു തിരിച്ചറിയുന്ന എല്ലാവര്‍ക്കും ഇവിടെ സ്വാഗതമേകുന്നു. ആരും ആരെയും ഒന്നും പഠിപ്പിക്കുന്നില്ല. പരസ്പരം പഠിക്കുന്ന പാഠശാലയാണിത്. വിദ്യാഭ്യാസം ഏകമുഖമായി മാറുന്നതിനെ ഇദ്ദേഹം എതിര്‍ക്കുന്നു. ഗുരു ശിക്ഷ്യനെ അറിയുന്നവനും കേള്‍ക്കുന്നവനും കൂടി ആയിരിക്കണം. സിലബസ്സിന് പുറത്തുള്ള വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്ന ഭാസ്കരപൊതുവാള്‍, കേരളീയ സമൂഹം മലയാളഭാഷയില്‍നിന്നും അകന്നുപോകുന്നതില്‍ ദുഃഖിതനാണ്. ഇതു മലയാളിയുടെ തനതു സംസ്കാരം നഷ്ടപ്പെടുത്തുമെന്ന് ഇദ്ദേഹം കരുതുന്നു. വീടിനുള്ളില്‍ പോലും മലയാളഭാഷയെ അവഗണിക്കുന്നത് മലയാളിയുടെ മൂല്യങ്ങള്‍ നശിച്ചുപോകുവാനിടയാക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. വ്യക്തി സ്വാതന്ത്യ്രത്തോടൊപ്പംതന്നെ വ്യക്തിബന്ധങ്ങളും നിലനിര്‍ത്തേണ്ടതുണ്ട്. അതിനാണ് സ്വന്തം വീടുതന്നെ ഇതിനായി തെരഞ്ഞെടുത്തത് എന്നദ്ദേഹം പറയുന്നു. കലാസാംസ്ക്കാരിക സാഹിത്യമേഖലകളിലെ പ്രമുഖ വ്യക്തികള്‍ വന്നു ചേര്‍ന്ന് സാഹിത്യസംഗമം നടത്തുന്ന മലയാളഭാഷാപാഠശാലയുടെ പ്രവര്‍ത്തനമേഖലകളും ലക്ഷ്യങ്ങളും ഇദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു.
കുട്ടികളുടെ കളിമുറ്റം
കുട്ടികളേയും മുതിര്‍ന്നവരേയും ഒന്നുപോല കണ്ടുകൊണ്ട് മുതിര്‍ന്നവരിലെ കുട്ടികളെ ഉണര്‍ത്തുന്ന സര്‍ഗാത്മക പരിപാടിയാണ് കളിമുറ്റം. അപരിചിതമായ വീടുകളില്‍ എത്തുമ്പോള്‍ എങ്ങനെ ആതിഥേയരാവാം, ജീവിതത്തില്‍ പെട്ടെന്നു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാം എന്നിവയെക്കുറിച്ചുള്ള പ്രായോഗിക പരിശീലനം കുട്ടികളുടെ കളിമുറ്റത്തിലൂടെ ലഭിക്കുന്നു. സ്വയമറിയുക, പരസ്പരം അറിയുക, നാട്ടുകാരെ അറിയുക, നാടിന്നകം നാടകം ഇതാണ് കളിമുറ്റത്തിന്റെ മുദ്രാവാക്യം.
മലയാളത്തിലെ പ്രമുഖസാഹിത്യകാരന്മാരും സാംസ്കാരിക നായകന്മാരും സ്കൂള്‍-കോളജ് വിദ്യാര്‍ത്ഥികളും ഇവിടെ എത്തി താമസിച്ച് സെമിനാറുകളും ചര്‍ച്ചകളും നടത്താറുണ്ട്. സംഘാടകനെന്നോ, പ്രസിഡന്റെന്നോ, സെക്രട്ടറിയെന്നോ ഉള്ള ലേബല്‍ ആരും നല്‍കുന്നില്ല. എല്ലാവരുടേയും കൂടിയുള്ള ഒരു കൂട്ടായ്മയാണിത്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഇതില്‍ പങ്കെടുക്കുവാനായി ഒരുമിച്ച് എത്തുന്നു. സ്കൂള്‍ ഭാരവാഹികള്‍ ക്ളാസ്സുകള്‍ എടുക്കുന്നതിനായി ഇദ്ദേഹത്തെ തങ്ങളുടെ സ്കൂളുകളിലേക്ക് ക്ഷണിച്ചു കൊണ്ടുപോകാറുണ്ട്. അറിവിന്റെ വലിയ വെളിച്ചം വിസ്തൃതമേഖലകളിലേക്ക് വ്യാപിക്കുന്നു.
എസ്.എസ്.എല്‍.സി.ക്കുശേഷം മലയാളം വിദ്വാന്‍ പരീക്ഷ പാസ്സായി 1964-ല്‍ വെള്ളോറ ടാഗോര്‍ മെമ്മോറിയല്‍ ഹൈസ്കൂള്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം 2000-ല്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചു. 36 വര്‍ഷം ദീര്‍ഘിച്ച ഔദ്യോഗികജീവിതത്തില്‍ ഹൈസ്കൂളുകളിലും, ട്രെയിനിങ് സ്കൂളുകളിലും മലയാളം അധ്യാപകനായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. 1998-ല്‍ പയ്യന്നൂര്‍ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ ഏറ്റവും മികച്ച സംസ്ഥാന അധ്യാപകനുള്ള അവാര്‍ഡ് ഇദ്ദേഹത്തിനു ലഭിച്ചു എന്നത് അദ്ദേഹത്തിന്റെ അഭ്യസനത്തിനു ലഭിച്ച മികച്ച അംഗീകാരമാണ്. അവാര്‍ഡുതുകയാകെ സ്കൂളിനു സംഭാവന നല്‍കി 6,7,8,9 ക്ളാസ്സുകളില്‍ ഉയര്‍ന്നമാര്‍ക്കു വാങ്ങുന്ന കുട്ടികള്‍ക്ക് എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തുവാന്‍ ആ തുക ഉപയോഗിച്ച യഥാര്‍ത്ഥ ഗുരുവര്യന്‍ കൂടിയാണദ്ദേഹം. സ്വകര്‍മ്മങ്ങളിലൂടെ തന്നെ തന്റെ ജീവിതത്തെ മാതൃകയാക്കിയ ജ്ഞാനശ്രേഷ്ഠനാണ് അദ്ദേഹം.
2005-ല്‍ പി.എന്‍. പണിക്കര്‍ സൌഹൃദട്രസ്റിന്റെ അക്ഷരശ്രീ അവാര്‍ഡ് നേടിയ ഇദ്ദേഹം, 2007-ല്‍ ബാംഗ്ളൂര്‍ ക്രിസ്റല്‍ ഗ്രൂപ്പിന്റെ പ്രഥമ അക്ഷരസേവാനാഷണല്‍ അവാര്‍ഡ്-അരലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും-ഗാനഗന്ധര്‍വന്‍ ഡോ. കെ.ജി. യേശുദാസില്‍ നിന്നും ഏറ്റുവാങ്ങുകയുണ്ടായി.
400-സ്ഥിരം അംഗങ്ങളുള്ള പയ്യന്നൂര്‍ കഥകളി അരങ്ങ്, പ്രതിമാസം 134 പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് ഇതര ഫൈന്‍ ആര്‍ട്ട്സ് സൊസൈറ്റികളില്‍ നിന്നും വേറിട്ടു നില്‍ക്കുന്ന ഒരു സംഘടനയാണ്. 24 വയോജന അന്തേവാസികളെ സൌജന്യമായി താമസിപ്പിച്ചുവരുന്ന സാന്ത്വനം വയോജന സദനം മലയാള ഭാഷാപാഠശാലയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മറ്റൊരു സാംസ്കാരിക കേന്ദ്രമാണ്. സാന്ത്വനത്തിലും കവിയരങ്ങുകള്‍, ശില്പശാലകള്‍ തുടങ്ങിയവ സംഘടിപ്പിക്കാറുണ്ട്. ഈ വയോജന സദനം പ്രസിദ്ധപ്പെടുത്തുന്ന ദ്വൈവാരികയാണ് വാര്‍ത്താസാന്ത്വനം.
1969-ല്‍ സമുദായാചാരമനുസരിച്ച് മുറപ്പെണ്ണായ എ.വി.ജാനകിയെ വിവാഹം കഴിച്ചു. മലയാളഭാഷാപാഠശാലയുടെ ജീവനാഡിതന്നെ ഈ സ്ത്രീയാണെന്ന് നിസ്സംശയം പറയാവുന്നതാണ്. ഇവിടെ വന്നു പോകുന്ന അനേകര്‍ക്ക് സംതൃപ്തിയോടെ ഭക്ഷണമേകുന്നതും ആതിഥ്യമേകുന്നതും ജാനകിയുടെ സുമനസ്സാണ്. ഇങ്ങനെയൊരാള്‍ അകത്തില്ലായിരുന്നു എങ്കില്‍ ഇങ്ങനെയൊരാള്‍ ഉണ്ടാകുമായിരുന്നില്ല എന്നാണ് ഭാസ്കരപൊതുവാളിന്റെ 60-ാം പിറന്നാളാഘോഷത്തില്‍ പ്രസിദ്ധകവി, പ്രൊഫ. മധുസൂദനന്‍നായര്‍ ജാനകിയമ്മയെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ഭാസ്കര പൊതുവാളിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും പിന്നില്‍ നിഴല്‍ പോലെ ജാനകിയമ്മയുടെ പ്രയത്നവും ഉണ്ടായിരുന്നു എന്നത് നിസ്തര്‍ക്കമാണ്.
ഈ മാതൃകാ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. മകള്‍ ബിന്ദു, ഭര്‍ത്താവ് രവി ശങ്കറുമൊത്ത് ചിക്മാംഗ്ളൂരില്‍ താമസിക്കുന്നു. അനുദീപ്, മണികണ്ഠന്‍ എന്നീ രണ്ട് കുട്ടികളാണ്. മകന്‍ ബിജു. ബഹ്റിനില്‍ ടയോട്ട കമ്പനിയില്‍ അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റായി ജോലി ചെയ്യുന്നു.

              
Back

  Date updated :