Vaikom Muhammed Basheer

Vaikom Muhammed Basheer

Any

Reading

Problem

Literature

1908-1994

Vaikom, Thalayolaparamb

Kottayam, Nil

Nil

Back

NIL

1908 ജനുവരി 21-ന് വൈക്കം താലൂക്കിലെ തലയോലപ്പറമ്പില്‍ ജനിച്ചു. ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന വിശേഷണത്താല്‍ അറിയപ്പെടുന്ന സാഹിത്യചക്രവര്‍ത്തിയാണ് ബഷീര്‍. നോവലിസ്റ്, ചെറുകഥാകൃത്ത് എന്നതിലുപരി മനുഷ്യസ്നേഹി എന്ന നിലയിലും വിശ്രുതനായിരുന്നു അദ്ദേഹം. 1952-ല്‍ ഭാരതസര്‍ക്കാര്‍ പത്മശ്രീ ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചു. മരവ്യാപാരിയായിരുന്ന അബ്ദുള്‍റഹ്മാന്റെയും കുഞ്ഞാച്ചുമ്മയുടെയും മൂത്തമകനാണ്. വളരെയൊന്നും മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയായിരുന്നില്ല ബഷീറിന്റെ കുടുംബത്തിന്റേത്. വൈയ്ക്കത്തെ മലയാളം സ്കൂളിലും ഇംഗ്ളീഷ്മീഡിയം സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. ഗാന്ധിജിയുടെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി അഞ്ചാംക്ളാസ്സില്‍ പഠനം നടത്തി സ്വാതന്ത്യ്രസമര പ്രക്ഷോഭങ്ങളില്‍ സജീവ പങ്കാളിയായി. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുവാനെത്തിയ മഹാത്മജിയെ കൈകൊണ്ട്തൊട്ടത് ജീവിതത്തിലെ അസുലഭ നിമിഷമായി കരുതുന്ന അദ്ദേഹം, വൈക്കത്ത് ഗാന്ധിജിയുടെ സത്യാഗ്രഹാശ്രമം നിത്യവും സന്ദര്‍ശിക്കുമായിരുന്നു. ഖദര്‍ വസ്ത്രങ്ങള്‍മാത്രം ധരിച്ച് സ്വദേശി പ്രസ്ഥാനത്തെ പ്രോത്സാഹിപ്പിച്ചു. 1930-ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തു. അറസ്റ് ചെയ്തു കണ്ണൂര്‍ ജയിലിലാക്കി. 1931-ലെ ഗാന്ധി-ഇര്‍വിന്‍ ഉടമ്പടിപ്രകാരം തടവുകാരെ വിട്ടയച്ച കൂട്ടത്തില്‍ അദ്ദേഹവും മോചിതനായി. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ -ഉജ്ജീവനം- എന്ന ജേര്‍ണല്‍ തുടങ്ങി. അറസ്റു ചെയ്യുമെന്നായപ്പോള്‍ കേരളം വിട്ടു. അറേബ്യ, ആഫ്രിക്ക, ഏഷ്യ, ഭാരതം എന്നീ രാജ്യങ്ങളിലെ വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി. വിശപ്പടക്കാനും യാത്ര തുടരാനും പലവിധ ജോലികള്‍ ചെയ്തു. ഹോട്ടല്‍ സപ്ളെയര്‍ മുതല്‍ ഹോട്ടല്‍ മാനേജര്‍ വരെ. ഹിമാലയശൃംഗങ്ങളിലും, ഗംഗാ തടങ്ങളിലും ഹിന്ദു സന്യാസിയായി അലഞ്ഞു. സൂഫി പ്രവാചകനായും ഭാവിഫല പ്രവചനം നടത്തിയും വേഷങ്ങള്‍ പലതുകെട്ടിയ ജീവിതം ഒരുപാടു പഠിച്ചു. ഈ ദീര്‍ഘയാത്രയിലുണ്ടായ അനുഭവങ്ങള്‍ പില്‍ക്കാല സാഹിത്യസൃഷ്ടിയില്‍ അദ്ദേഹത്തെ ഏറെ സഹായിച്ചു. ലോകസഞ്ചാരത്തിനൊടുവില്‍ 1937-ലോടുകൂടി കേരളത്തിലെത്തിയപ്പോഴേയ്ക്കും കുടുംബം കടക്കെണിയിലായിക്കഴിഞ്ഞിരുന്നു. വീണ്ടും തെരുവിലേയ്ക്കുതന്നെ. എറണാകുളത്തെത്തി ഒരു കടയില്‍ കുറെനാള്‍ ജോലിനോക്കി. സൈക്കിളിടിച്ച് അനങ്ങാന്‍ വയ്യാത്ത അവസ്ഥയില്‍ ആ ജോലിയും പോയി. ജയകേസരി എന്ന പത്രസ്ഥാപനത്തില്‍ ജോലി അന്വേഷിച്ചെത്തിയപ്പോള്‍ കഥ എഴുതിക്കൊടുത്താല്‍ പണം തരാമെന്ന് ഉടമ പറഞ്ഞതനുസരിച്ച് ആദ്യമായി ആ പണി ചെയ്തു. എന്റെ തങ്കം എന്ന കഥ, പരിചിതയായ ഒരു സ്ത്രീയെ ആസ്പദമാക്കി എഴുതി നല്‍കി. സംഗതി കുഴപ്പമില്ല. കഥ എഴുത്ത് തൊഴിലാക്കാന്‍തന്നെ തീരുമാനിച്ചു. പത്രമാസികകള്‍ക്ക് കഥയും കവിതയും നോവലുമൊക്കെ ആവശ്യാനുസരണം നല്‍കി. പ്രശസ്തിയുടെ പടവുകളിലേയ്ക്ക് നടന്നുകയറി. ബഷീറിന്റെ നര്‍മ്മം കലര്‍ന്ന ലളിതമായ ശൈലി മറ്റാര്‍ക്കും അനുകരിക്കാനാവാത്തവിധം മൌലികമായിരുന്നു. സ്വന്തം മാതാപിതാക്കളും സഹോദരീസഹോദരന്മാരും പരിചിതരും ബന്ധുക്കളുമൊക്കെ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടു. അവയിലൂടെ സ്വന്തം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടുവാനും ശ്രദ്ധിച്ചു. എറണാകുളത്തെ ഹോട്ടലിലെ ഇടുങ്ങിയ മുറിയില്‍നിന്നും ദിവാന്‍ ഭരണത്തിനെതിരെയും സര്‍.സി.പി.ക്ക് എതിരെയുമുള്ള ലേഖനങ്ങള്‍ പിറവിയെടുത്തു. പോലീസിന്റെ നിരന്തരമായ നിരീക്ഷണം അദ്ദേഹത്തിന്റെമേല്‍ പതിച്ചു. -ഹതഭാഗ്യയായ എന്റെ നാട്, പട്ടത്തിന്റെ പേക്കിനാവ്- എന്നിവ നിരോധിക്കപ്പെടുകയും തിരുവിതാംകൂറില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു. അങ്ങിനെ സ്വാതന്ത്യ്രത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നാട്ടില്‍നിന്നും അകലുവാനും, ജയില്‍വാസമനുഭവിക്കാനും ഇടയാക്കി. സാഹിത്യകുശലനായിരുന്ന എം.പി. പോളുമായുള്ള ബന്ധം ബഷീറിനെ കോട്ടയത്ത് എത്തിച്ചു. ബാല്യകാലസഖി എഴുതിത്തീര്‍ത്തു-രണ്ടുവര്‍ഷംകൂടി കഴിഞ്ഞാണ് പ്രസിദ്ധീകൃതമായത്. പോലീസിന്റെ കഴുകന്‍ കണ്ണുകള്‍ അദ്ദേഹത്തെ പിന്‍തുടര്‍ന്നിരുന്നു. 1941-ല്‍ കോട്ടയം ലോക്കപ്പ്, അവിടെനിന്നും കൊല്ലം ലോക്കപ്പ്; നീണ്ട വിചാരണക്കാലത്തിനുശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍; അങ്ങനെ ശിക്ഷകള്‍ നീണ്ടുപോയി. നാല്പതു കഴിഞ്ഞപ്പോള്‍ വിവാഹിതനാകുവാന്‍ തീരുമാനിച്ചു. തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ -ഫാബി-യെ വിവാഹം കഴിച്ചു. അനീസ്, ഷാഹിന എന്നീ രണ്ടു കുട്ടികള്‍. ബേപ്പൂരിലെ ശാന്തമായ ജീവിതം 1994 ജൂലൈ 5-ന് അവസാനിച്ചു. ബഷീറിന്റെ സവിശേഷമായ വ്യക്തിത്വവും ശൈലിയും കാഴ്ചപ്പാടും അദ്ദേഹത്തിന്റെ കൃതികളെ പെട്ടെന്ന് ശ്രദ്ധേയമാക്കി. 36 കൃതികള്‍ അദ്ദേഹം രചിച്ചു. കേന്ദ്ര-കേരള സാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ട്. നാല് താമ്രപത്രങ്ങള്‍ക്കു പുറമെ പത്മശ്രീ പുരസ്കാരവും ലഭിച്ചു. കോഴിക്കോട് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. സംസ്ക്കാരദീപം അവാര്‍ഡ്, വള്ളത്തോള്‍ അവാര്‍ഡ്, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം അവാര്‍ഡ്, പ്രേംനസീര്‍ അവാര്‍ഡ് തുടങ്ങിയവ നല്‍കി അദ്ദേഹം ആദരിക്കപ്പെട്ടു. പാത്തുമ്മയുടെ ആട്, മാന്ത്രികപ്പൂച്ച. ന്റെ പ്പൂപ്പക്കൊരാനേണ്ടാര്‍ന്നു, ശികിടിമുണ്ടന്‍ എന്നീ കൃതികളും, മതിലുകള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, മുച്ചീട്ടു കളിക്കാരന്റെ മകന്‍, പൂവന്‍പഴം, പ്രേമലേഖനം, ആനവാരിയും പൊന്‍കുരിശും എന്നീ കഥകളും ഏറെ പ്രശസ്തങ്ങളാണ്.

              
Back

  Date updated :