Dr. Palpu

Dr. Palpu

Any

Reading

Problem

Social reformers

1863-1950

Petta

Trivandrum, Nil

Nil

Back

NIL

ഇന്ത്യന്‍ ചരിത്രത്തിലെ നിശബ്ദനായ വിപ്ളവകാരി എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള ഡോ. പല്പു കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളില്‍ പ്രമുഖനായിരുന്നു. വൈദ്യശാസ്ത്രവിശാരദനും ആധുനിക കേരളശില്പികളിലൊരാളായിരുന്ന പത്മനാഭന്‍ പല്പു കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്യനേതാവായിരുന്നു.
ഡോ. പത്മനാഭന്‍ പല്പു 1863 നവംബര്‍ 2-നു തിരുവനന്തപുരം ജില്ലയില്‍ പേട്ടയില്‍ നെടുങ്ങോട് എന്ന പേരുകേട്ട ഈഴവ കുടുംബത്തില്‍ ജനിച്ചു. അച്ഛന്‍ ഭഗവതി പത്മനാഭന്‍. തിരുവിതാംകൂറിലെ ഈഴവരില്‍ ആദ്യമായി ഇംഗ്ളീഷ് പഠിച്ചത് ഭഗവതി പത്മനാഭനായിരുന്നു. അമ്മ മാതപ്പെരുമാള്‍, സ്നേഹസമ്പന്നയും ഈശ്വരഭക്തയും ആയിരുന്നു. ശ്രീനാരായണഗുരു തിരുവനന്തപുരത്ത് സഞ്ചരിച്ചിരുന്ന കാലത്ത് പല്പുവിനേയും കുടുംബത്തേയും സന്ദര്‍ശിക്കാറുണ്ടായിരുന്നു.
അച്ഛന്‍ തന്നെയായിരുന്നു പല്പുവിന്റെ ആദ്യഗുരു. മണലില്‍ എഴുത്ത് പഠിച്ചശേഷം അഞ്ചാമത്തെ വയസ്സില്‍ 1868-ല്‍ രാമന്‍പിള്ള ആശാന്റെ കീഴില്‍ എഴുത്തിനിരുന്നു. 1875 ജൂലൈയില്‍ എ.ജെ. ഫെര്‍ണാണ്ടസ് എന്ന സായിപ്പിന്റെ കീഴില്‍ വിദ്യാര്‍ത്ഥിയായി. 1878 മാര്‍ച്ച് മാസത്തില്‍ മൂന്നാം ഫോറത്തില്‍ പ്രവേശിക്കാനുള്ള പരീക്ഷ വിജയിച്ച് തിരുവനന്തപുരത്തെ ഇംഗ്ളീഷ് ഹൈസ്കൂളില്‍ പ്രവേശിച്ചു. ജ്യേഷ്ഠന്‍ വേലായുധനും അദ്ദേഹത്തോടൊപ്പം അവര്‍ണ്ണര്‍ക്കായി നീക്കിയിട്ടിരുന്ന ബെഞ്ചിലിരുന്ന് പഠിച്ചു. കടുത്ത ദാരിദ്യ്രവും സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിച്ചിരുന്ന പല്പുവിന്റെ അവസ്ഥ കണ്ട് ഫെര്‍ണാണ്ടസ് സായിപ്പ് പല്പുവിന് ഒരു നേരത്തെ ഭക്ഷണം നല്‍കി സഹായിച്ചു. 1883-ല്‍ മെട്രിക്കുലേഷന്‍ പരീക്ഷ വിജയിച്ചു. ജ്യേഷ്ഠന്‍ വേലായുധന്‍ ഉപരിപഠനത്തിനായി എഫ്.എ.ക്ക് ചേര്‍ന്നതിനാലുണ്ടായ സാമ്പത്തിക ബാധ്യതകള്‍ കാരണം പല്പു കോളേജില്‍ ചേര്‍ന്നില്ല. എന്നാല്‍ ഇംഗ്ളീഷ് പഠിപ്പിക്കാനുള്ള വാദ്ധ്യാരായി ഇടയ്ക്ക് ജോലി ചെയ്ത് പല്പു ചെലവിനുള്ള തുക കണ്ടെത്തുകയും അടുത്ത വര്‍ഷം 1884-ല്‍ കോളേജില്‍ ചേരുകയും ചെയ്തു. അങ്ങനെ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്ത് അദ്ദേഹം കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നടത്തിയ പരീക്ഷയില്‍ 4-ാമനായി വിജയിച്ചെങ്കിലും സംസ്ഥാനത്തെ ജാതി വ്യവസ്ഥയുടെ ഫലമായി പ്രവേശനം നിഷേധിക്കപ്പെട്ടു. നിരാശനാകാതെ പല്പു മദ്രാസ് മെഡിക്കല്‍ കോളേജില്‍ ചേര്‍ന്നു. ജ്യേഷ്ഠന്‍ വേലായുധന്‍ മദ്രാസ് സര്‍ക്കാരിന്റെ കീഴില്‍ ക്ളാര്‍ക്കായി എന്നതും നാരായണഗുരുവിന്റെ പ്രോത്സാഹനവും മദ്രാസിലെത്തി പഠിക്കാന്‍ സഹായകമായി. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമര്‍ത്ഥമായി പഠിച്ച് അദ്ദേഹം നാലുവര്‍ഷം കൊണ്ട് എല്‍.എം.എസ് ഡിഗ്രി കരസ്ഥമാക്കി ഭിക്ഷഗ്വരനായി.
പഠനം പൂര്‍ത്തിയാക്കി തിരുവിതാംകൂര്‍ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ചപ്പോള്‍ ജാതീയ കാരണങ്ങളാല്‍ ജോലിയും നിഷേധിക്കപ്പെട്ടു. തുടര്‍ന്ന് മൈസൂര്‍ സര്‍ക്കാരില്‍ ഭിഷഗ്വരനായി സേവനം തുടങ്ങി, മാസം 100 രൂപ ശമ്പളത്തിലായിരുന്നു ആദ്യജോലി. ഗോവസൂരി പ്രയോഗത്തിനുള്ള വാക്സിന്‍ നിര്‍മ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യല്‍ വാക്സിന്‍ ഇന്‍സ്റിറ്റ്യൂട്ടിലായിരുന്നു ജോലി. എന്നാല്‍ വാക്സിന്‍ ഗുണനിലവാരത്തിലുള്ളതല്ല എന്നതിനാല്‍ സര്‍ക്കാര്‍ സ്ഥാപനം അടച്ചു. പക്ഷേ, ഡോ. പല്പുവിന്റെ സ്ഥിരോത്സാഹം മൂലം സര്‍ക്കാരില്‍നിന്ന് 120 രൂപ ലിംഫ് ശേഖരണത്തിനായി അനുവദിച്ചെടുത്തു. അദ്ദേഹം കന്നുകുട്ടികളെ വാങ്ങി വാക്സിന്‍ നിര്‍മ്മാണം ആരംഭിച്ചു. അതില്‍നിന്ന് വരുമാനം വര്‍ദ്ധിച്ചു. സര്‍ക്കാരിന് ഉദ്യോഗസ്ഥനിലുള്ള വിശ്വാസം വര്‍ദ്ധിക്കുകയും ലിംഫ് നിര്‍മ്മാണത്തിന് കൂടുതല്‍ തുക അനുവദിക്കുകയും ചെയ്തു. ലിംഫ് പുറം രാജ്യങ്ങളിലേക്ക് കയറ്റി അയക്കപ്പെടാനും ഗുണനിലവാരം പുലര്‍ത്തുന്നതിനുള്ള വിജ്ഞാപനം ലഭിക്കാനും ഇടയായി.
അന്താരാഷ്ട്ര നിലവാരത്തിലുള്ള വാക്സിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ ചുമതല ഡോ. പല്പുവിനെ ഏല്പിക്കപ്പെട്ടു. വിദേശരാജ്യത്ത് ഉപരിപഠനത്തിനും സാധ്യത തെളിഞ്ഞു. എന്നാല്‍ ചില മേലുദ്യോഗസ്ഥരുടെ ഇടപെടല്‍മൂലം അതെല്ലാം നഷ്ടപ്പെടുകയും ഡോ. പല്പുവിനെ ജോലിയില്‍ തരം താഴ്തുകയും ചെയ്തു. മറ്റു രീതിയില്‍ വാക്സിന്‍ ഉണ്ടാക്കാന്‍ ആരംഭിച്ച ഈ രീതിക്ക് പല അപാകതകളും ഉണ്ടായിരുന്നതിനാല്‍ ജനങ്ങളുടെ പരാതിമൂലം സര്‍ക്കാര്‍ പല്പുവിനെ തിരിച്ചു വിളിച്ചു. പല്പു തനതായ രീതിയില്‍ വാക്സിന്‍ നിര്‍മ്മാണം പുനരാരംഭിച്ചു. ജനങ്ങളുടെ പരാതി കുറഞ്ഞു. എന്നാല്‍ വീണ്ടും മേലുദ്യോഗസ്ഥന്‍ പല്പുവിനെ പ്ളേഗ്ബാധയുടെ ചുമതലയേല്പിച്ചു. ഭ്രാന്താശുപത്രി, കുഷ്ഠരോഗാശുപത്രി മെഡിക്കല്‍ സ്റോര്‍ തുടങ്ങിയവയുടെ ചുമതലയും മാറി മാറി നല്‍കി അദ്ദേഹത്തിന് വേണ്ടതിലധികം ബുദ്ധിമുട്ടുകള്‍ക്കിടയാക്കി.
1896-ല്‍ ബാംഗ്ളൂര്‍ നഗരത്തെ വിറപ്പിച്ച പ്ളേഗുബാധവന്നപ്പോള്‍ സ്വന്തം ജീവന്‍ വരെ തൃണവല്‍ഗണിച്ചുകൊണ്ട് അതിനെതിരെ പോരാടി. ഇന്ത്യാ സര്‍ക്കാരിലെ സര്‍ജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂര്‍ സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. പല്പുവിന്റെ സേവനത്തെ മാനിച്ച് എത്രയും പെട്ടെന്ന് ഉപരിപഠനത്തിന് വിദേശത്തേക്കയക്കാന്‍ അവര്‍ ശുപാര്‍ശ ചെയ്തു. ബ്രിട്ടീഷ് രാജ്ഞി ആഫ്രിക്കയില്‍ ജോലി വാഗ്ദാനം നല്‍കിയെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല. ശുപാര്‍ശപ്രകാരം മൈസൂര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ഉപരിപഠനത്തിനായി വിദേശത്തേയ്ക്കയച്ചു അക്കാലത്ത് വിദേശത്ത് ഉപരിപഠനം നടത്തിയ രണ്ടാമത്തെ തിരുവിതാംകൂറുകാരനായ ഭിഷഗ്വരനായിരുന്നു ഡോ. പല്പു. ഉപരിപഠനം കഴിഞ്ഞ് എത്തിയ പല്പുവിന് മൈസൂര്‍ സര്‍ക്കാര്‍ ഉയര്‍ന്ന ജോലിയില്‍ നിയമനം നല്‍കി. എങ്കിലും ജാതീയമായ അവഗണന അപ്പോഴും തുടര്‍ന്നു. ബറോഡ സര്‍ക്കാരിന്റെ കീഴിലും ഉയര്‍ന്ന ഉദ്യോഗങ്ങള്‍ വഹിച്ച അദ്ദേഹം 35 വര്‍ഷത്തെ സേവനത്തിനുശേഷം 1920-ല്‍ വിരമിച്ചു.
തിരുവിതാംകൂര്‍ രാജ്യത്ത് സര്‍ക്കാര്‍ ജോലിയില്‍ അധഃകൃതര്‍ക്ക് പ്രവേശനമില്ലായിരുന്നു. അഞ്ചുരൂപയില്‍ കൂടുതല്‍ ശമ്പളമുള്ള ഒരു ജോലിയും ഈഴവര്‍ക്ക് ലഭിക്കുമായിരുന്നില്ല. എന്നാല്‍ മലബാര്‍ സംസ്ഥാനത്ത് ഈ സ്ഥിതിയല്ലായിരുന്നു. ഉയര്‍ന്ന ജോലികള്‍ ഈഴവര്‍ക്കും ലഭിക്കുന്നതിന് അവിടെ തടസ്സമില്ലായിരുന്നു. ഈ ദുഃസ്ഥിതിക്കെതിരെ അദ്ദേഹം ശക്തമായി പ്രതിഷേധിച്ചു. തിരുവിതാംകൂര്‍ ദിവാന് പരാതി നല്‍കുകയും പ്രക്ഷോഭങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
1885 മുതല്‍ 1924 വരെ ശ്രീമൂലം തിരുനാളായിരുന്നു തിരുവിതാംകൂര്‍ ഭരിച്ചിരുന്നത്. അക്കാലത്ത് പരദേശികളായ തമിഴ് ബ്രാഹ്മണര്‍ക്കായിരുന്നു ഉദ്യോഗം ലഭിച്ചിരുന്നത്. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍ അദ്ദേഹത്തിനും കൂട്ടര്‍ക്കും കഴിഞ്ഞു. 1890-ല്‍ നടന്ന ഈ പ്രക്ഷോഭത്തില്‍, നായര്‍, ഈഴവര്‍, മുസ്ളീങ്ങള്‍, ക്രിസ്ത്യാനികള്‍ തുടങ്ങി എല്ലാ ജാതിയിലുംപെട്ട നിരവധി പ്രമുഖര്‍ ഒരുമിച്ച് അതില്‍ പങ്കെടുത്തു. ഈഴവര്‍ക്കും സാമൂഹിക നീതി ലഭ്യമാക്കാനുള്ള നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമായാണ്, 1903-ലെ എസ്.എന്‍.ഡി.പി.യുടെ രൂപീകരണം. എസ്.എന്‍.ഡി.പി. പിന്നീട് കേരളത്തിലെ പല സാമൂഹിക മുന്നേറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.
കേരളത്തിലെ ഈഴവരുടെ ജീവിതം ദുസ്സഹമാക്കുന്ന സാമൂഹിക ദുരാചാരങ്ങളെ പരാമര്‍ശിച്ച് അദ്ദേഹം ഇന്ത്യയിലെ ഇംഗ്ളീഷ് ദിനപ്പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതി. ഈഴവരുടെ അധഃസ്ഥിതിയെ ചൂണ്ടിക്കാണിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ ക്രോഡീകരണവും മലയാളം പരിഭാഷ തിയ്യന്മാരോടുള്ള പെരുമാറ്റം എന്ന പുസ്തകവും കേരളത്തില്‍ അന്നു നിലനിന്ന താഴ്ന്ന ജാതിക്കാരുടെ ദുരവസ്ഥയ്ക്ക് ഒരു ലിഖിത രേഖയായി.
അധഃസ്ഥിതര്‍ക്ക് തങ്ങളുടെ ജന്മാവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള സമരത്തിലെ രണ്ടു നാഴികക്കല്ലുകളായിരുന്നു ഈഴവ മെമ്മോറിയല്‍, മലയാളി മെമ്മോറിയല്‍ എന്നിവ. അന്നത്തെ സര്‍ക്കാര്‍ അന്നു നിലനിന്നിരുന്ന സാമൂഹിക ദുരവസ്ഥയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരുന്നത്. തിരുവിതാംകൂര്‍ മഹാരാജാവിന് 1891-ല്‍ സമര്‍പ്പിച്ച മലയാളി മെമ്മോറിയല്‍ പിന്നോക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി ലഭ്യമാക്കുന്നതിനുള്ള ആദ്യത്തെ ഒന്നിച്ചുള്ള സാമൂഹിക മുന്നേറ്റമായിരുന്നു ഡോ. പല്പു മൂന്നാമനായി ഒപ്പുവെച്ച് സമര്‍പ്പിച്ച ഈ ഹര്‍ജ്ജി സംസ്ഥാനത്തിനു പുറത്തുനിന്ന് വരുന്ന ദിവാന്‍മാര്‍ അവരുടെ നാട്ടുകാര്‍ക്ക് എല്ലാ സര്‍ക്കാര്‍ ജോലികളും നീക്കിവെക്കുന്നത് ചൂണ്ടിക്കാട്ടി. ഈഴവരുടെ ദുരവസ്ഥയും ഈഴവര്‍ക്ക് ഏറ്റവും താഴെയുള്ള സര്‍ക്കാര്‍ ജോലികള്‍ പോലും നിഷേധിക്കുന്നതും ഇതേ സമയം ഇങ്ങനെയുള്ള വിവേചനങ്ങള്‍ ഇല്ലാതിരുന്ന മലബാര്‍ സംസ്ഥാനത്ത് ഉയര്‍ന്ന ജോലികള്‍ ഈഴവര്‍ക്ക് ലഭിക്കുന്നതും ഈ ഹര്‍ജ്ജിയില്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി 1891 ഏപ്രില്‍ 21-നു സര്‍ക്കാര്‍ പറഞ്ഞത് പൊതുവേ വിദ്യാഭ്യാസ നിലവാരം കുറഞ്ഞ ഈഴവര്‍ അവരുടെ പരമ്പരാഗത തൊഴിലുകളായ കൃഷി, കയര്‍ നിര്‍മ്മാണം, കള്ള് ചെത്തല്‍ എന്നിവ തുടര്‍ന്ന് ജീവിച്ചാല്‍ മതി എന്നതായിരുന്നു. ഈ അവഗണനയ്ക്ക് എതിരേയും ഉച്ചനീചത്വം ഒഴിവാക്കുവാനുമായി പതിനായിരം ഈഴവര്‍ ഒപ്പുവെച്ച ഒരു ഭീമഹര്‍ജ്ജി സര്‍ക്കാരിനു സമര്‍പ്പിച്ചു. 1896 സെപ്തംബര്‍ 3-നു സമര്‍പ്പിച്ച ഈ ഭീമഹര്‍ജ്ജിയാണ് ഈഴവ മെമ്മോറിയല്‍ എന്ന് അറിയപ്പെടുന്നത്.
ബ്രിട്ടീഷ് നിയമസഭയുടെ ശ്രദ്ധ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനീതികളിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമങ്ങള്‍ നടത്തുകയും തല്‍ഫലമായി ബ്രിട്ടീഷ് ഭരണകൂടം തിരുവിതാംകൂറിലെ ഈഴവരുടെ സ്ഥിതിയെകുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചതും പല്പുവിന്റെ ശ്രമഫലമായാണ്. അദ്ദേഹത്തിന്റെ സാമുദായിക സാമൂഹ്യ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നു. കുമാരന്‍ ആശാന്‍, ടി.കെ.മാധവന്‍, സഹോദരന്‍ അയ്യപ്പന്‍ തുടങ്ങി പിന്നോക്ക സമുദായങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ച സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ആശയങ്ങള്‍ പകര്‍ന്നത് ഡോ.പല്പുവിന്റെ പ്രവര്‍ത്തനങ്ങളാണ്. ശ്രീനാരായണഗുരുകുലത്തിന്റെ സ്ഥാപകനായ നടരാജ ഗുരു അദ്ദേഹത്തിന്റെ മകനാണ്.
ഡോ.പല്പുവിന് 28 വയസ്സുള്ളപ്പോള്‍ നാരായണഗുരുവിന്റെ സഹപാഠിയായിരുന്ന കൃഷ്ണന്‍ വൈദ്യന്റെ സഹോദരി പി.കെ.ഭഗവതിയമ്മയെ കല്യാണം കഴിക്കുകയുണ്ടായി. (1891 സെപ്തംബര്‍ 13) രണ്ട് പെണ്മക്കളും മൂന്ന് ആണ്മക്കളും ആ ദമ്പതിമാര്‍ക്ക് ഉണ്ടായി. 1950 ജനുവരി 25-നു ആ മഹാപ്രതിഭ ഈലോകവാസം വെടിഞ്ഞു.

              
Back

  Date updated :