Mannathu Padmanabhan

Mannathu Padmanabhan

Any

Reading

Problem

Social reformers

1878-1970

Perunna

Kottayam, Nil

Nil

Back

NIL

1878 ജനുവരി 2-ാം തീയതി; നിലവന ഇല്ലത്ത് ഈശ്വരന്‍ നമ്പൂതിരിയുടെയും, ചീരമുറ്റത്തെ പാര്‍വ്വതിഅമ്മയുടെയും മകനായി പെരുന്നയില്‍ ജനിച്ചു. സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകനായി ജീവിതം ആരംഭിച്ച അദ്ദേഹം സ്വപ്രയത്നത്താല്‍ 1905-ല്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. 1909-ല്‍ മെച്ചേട്ടു കല്യാണിയമ്മയെ വിവാഹം ചെയ്തു. 1912-ല്‍ അവര്‍ ആകസ്മികമായി മരണപ്പെട്ടു. പിന്നെ കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കവിയും എഴുത്തുകാരിയുമായിരുന്ന തോട്ടക്കാട്ട് മാധവിയമ്മയെ വിവാഹം ചെയ്തു.
കേരളത്തിലെ സാമൂഹിക സാമുദായിക നവോത്ഥാനത്തില്‍ അതിപ്രധാനമായ പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. അധഃസ്ഥിതരും അസംഘടിതരുമായിരുന്ന നായര്‍ സമുദായത്തെ സംഘടിപ്പിച്ച് ഒരു സംഘടനയുടെ കുടക്കീഴില്‍ അണിനിരത്തി. 1914-ന് രൂപീകരിച്ച നായര്‍ ഭൃത്യജനസംഘം 1925-ല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയായി രൂപാന്തരപ്പെട്ടു. 1915-ല്‍ വക്കീല്‍പ്പണി ഉപേക്ഷിച്ച് ച.ട.ട.ന്റെ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. നായര്‍ സമൂഹത്തിന്റെ ഉന്നതിക്കായി സമുദായമൈത്രിക്കായി അക്ഷീണം പ്രവര്‍ത്തിച്ച ധീരനായ ഒരു കര്‍മ്മയോഗിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ കര്‍മ്മോത്സുകമായ ജീവിതം, രാഷ്ട്രപതിയില്‍നിന്ന് ഭാരതകേസരി, പത്മഭൂഷണ്‍ എന്നീ പുരസ്കാരങ്ങള്‍ ലഭിക്കാന്‍ ഇടയാക്കി.
വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം എന്നിവയില്‍ സജീവമായി പങ്കെടുത്തു. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശക്തമായി പോരാടി. കുടുംബക്ഷേത്രം ജാതിമതവ്യത്യാസം കൂടാതെ എല്ലാവര്‍ക്കുമായി തുറന്നുകൊടുത്തു. 1947-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ അംഗമാകുകയും, സര്‍ സി.പി. രാമസ്വാമിഅയ്യര്‍ക്ക് എതിരായുള്ള തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് പ്രക്ഷോഭണങ്ങളില്‍ സജീവമാകുകയും ചെയ്തു. 1949-ല്‍ ശ്രീ. മന്നത്തു പത്മനാഭന്‍ തിരുവിതാംകൂര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1959-ലെ വിമോചനസമരപ്രക്ഷോഭണത്തില്‍ നേതൃസ്ഥാനം വഹിക്കുകയും ഇ.എം.എസ്സ് മന്ത്രിസഭയുടെ രാജിയ്ക്ക് വഴിയൊരുക്കയും ചെയ്തു. 1959 ജൂലൈ 31-ന് കേരളത്തില്‍ രാഷ്ട്രപതിഭരണം നിലവില്‍ വന്നു. വിദ്യാര്‍ത്ഥിപ്രസ്താന നേതാക്കളായ ശ്രീ. എ.കെ. ആന്റണി, ശ്രീ. ഉമ്മന്‍ചാണ്ടി എന്നിവരുടെ സാന്നിദ്ധ്യം ഈ സമരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. സമൂഹത്തിലും സമുദായത്തിലും രാഷ്ട്രീയത്തിലും അനിഷേധ്യ നേതൃത്വം വഹിച്ചുപോരുന്ന നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനറല്‍ സെക്രട്ടറിയായി 31 വര്‍ഷവും, പ്രസിഡണ്ടായി 3 വര്‍ഷവും നായകസ്ഥാനത്തു തുടര്‍ന്നു.
രാഷ്ട്രപതി അദ്ദേഹത്തിന് ഭാരതകേസരി പട്ടം നല്‍കി. 1970 ഫെബ്രുവരി 25-ന് ആ ധന്യജീവിതം അസ്തമിച്ചു.

              
Back

  Date updated :