P. Krishna Pillai

P. Krishna Pillai

Any

Reading

Problem

Politics

1909-1948

Vaikom

Kottayam, Nil

Nil

Back

NIL

കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായിരുന്നു പി. കൃഷ്ണപിള്ള. 1909-ല്‍ കോട്ടയം ജില്ലയിലെ വൈക്കത്തു ഒരു ഇടത്തരം കുടുംബത്തില്‍ മയിലേഴത്തു മണ്ണംപിള്ളി നാരായണന്‍ നായരുടെയും പാര്‍വ്വതിയമ്മയുടെയും മകനായി ജനിച്ചു. കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സ്വദേശി തങ്കമ്മ ആയിരുന്നു ഭാര്യ. ഈ.എം.എസ്സിനും ഏ.കെ.ജിക്കുമൊപ്പം കേരളസംസ്ഥാനത്തു കമ്മ്യൂണിസ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതില്‍ നടുനായകത്വം വഹിച്ചു. കമ്മ്യൂണിസ്റ് പ്രവര്‍ത്തകര്‍ക്കിടയില്‍ സഖാവ് എന്നു മാത്രം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയ രംഗത്തു പ്രവേശിച്ച കൃഷ്ണപിള്ള, കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയിലൂടെയാണു കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ നേതൃനിരയിലെത്തിയത്. കുട്ടിക്കാലത്തുതന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട കൃഷ്ണപിള്ളയുടെ ബാല്യം ദാരിദ്യ്രം കാരണം ദുരിതപൂര്‍ണ്ണമായിരുന്നു. തൊഴില്‍ തേടി കൌമാരത്തില്‍ തന്നെ ഭാരതത്തിലുടനീളം യാത്ര ചെയ്ത അദ്ദേഹം ഉത്തരേന്ത്യയില്‍ വച്ച് ഹിന്ദി ഭാഷ അഭ്യസിക്കുകയും ബിരുദം നേടുകയുമുണ്ടായി. 1920 കളില്‍ അലഹബാദില്‍ ചിലവഴിച്ച കൃഷ്ണപിള്ളയ്ക്കു അവിടത്തെ സായുധ തൊഴിലാളി സംഘടനകളുടെയും കമ്മ്യൂണിസ്റ് വിപ്ളവകാരികളുടെയും പ്രവര്‍ത്തനം നേരിട്ടു മനസ്സിലാക്കാനുള്ള അവസരം ലഭിച്ചു. ഉത്തരേന്ത്യന്‍ ജീവിതം കഴിഞ്ഞു കേരളത്തില്‍ തിരിച്ചെത്തിയ അദ്ദേഹം ഒരു നല്ല പ്രാസംഗികനും ഹിന്ദി എഴുത്തുകാരനുമായി മാറി. നിസ്സഹകരണ പ്രസ്ഥാനം കൊടുംമ്പിരിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ അദ്ദേഹം ഹിന്ദി പ്രചാരകന്‍ എന്ന ജോലി ഉപേക്ഷിച്ചു. 1930-ല്‍ കോഴിക്കോടു മുതല്‍ പയ്യന്നൂര്‍ വരെ നടത്തിയ ഉപ്പു സത്യാഗ്രഹ ജാഥയില്‍ പങ്കെടുക്കുകയും അതിനെത്തുടര്‍ന്നു കണ്ണൂര്‍ ജയിലില്‍ തടവിലാക്കപ്പെടുകയും ചെയ്തു. 1931-ല്‍ ഹിന്ദു സമൂഹത്തിലെ അവര്‍ണ്ണ ജനവിഭാഗത്തിനു ക്ഷേത്രപ്രവേശനത്തിനുള്ള അവകാശം നേടിയെടുക്കാനായി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹത്തില്‍ കൃഷ്ണപിള്ള സജീവമായി പങ്കുചേര്‍ന്നു. സാമൂതിരിയുടെ നായര്‍ പടയാളികളുടെ ഭീകരമര്‍ദ്ദനത്തെ അവഗണിച്ചുകൊണ്ട് ഗുരുവായൂരിലെ ക്ഷേത്രമണി മുഴക്കി, അബ്രാഹ്മണനായ കൃഷ്ണപിള്ള.
ഭാരതത്തിലെ മറ്റു പ്രമുഖ ഇടതുപക്ഷ നേതാക്കളെപ്പോലെതന്നെ കൃഷ്ണപിള്ളയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെയാണു രാഷ്ട്രീയജീവിതം ആരംഭിച്ചത്. 1934-ല്‍ ബോംബെയില്‍ വച്ച് കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടി രൂപീകൃതമായപ്പോള്‍ പാര്‍ട്ടിയുടെ കേരളത്തിലെ സെക്രട്ടറിയായി കൃഷ്ണപിള്ള നിയോഗിക്കപ്പെട്ടു. ഇ.എം.എസ്സായിരുന്നു പാര്‍ട്ടിയുടെ ഒരു ദേശീയ ജനറല്‍ സെക്രട്ടറി. ഗാന്ധിയന്‍ ആദര്‍ശങ്ങളില്‍ നിന്നും വഴിമാറി പ്രവര്‍ത്തിക്കാനാരംഭിച്ച അദ്ദേഹം തന്റെ അനുയായികളോടൊപ്പം കേരളത്തിലുടനീളം സഞ്ചരിക്കുകയും രഹസ്യ രാഷ്ട്രീയ യോഗങ്ങള്‍, പ്രകടനങ്ങള്‍, യുവ സംഗമങ്ങള്‍, കര്‍ഷക തൊഴിലാളി യൂണിയന്‍ തുടങ്ങി ഒട്ടനവധി രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
1936 വരെ മലബാര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന കൃഷ്ണപിള്ള പിന്നീട് കൊച്ചിയിലേക്കും തിരുവിതാംകൂറിലേക്കും പ്രവര്‍ത്തന മേഖല വ്യാപിപ്പിച്ചു. 1938-ല്‍ ആലപ്പുഴയില്‍ നടന്ന പ്രസിദ്ധമായ തൊഴിലാളി സമരത്തിന്റെ മുഖ്യ സംഘാടകനായി അദ്ദേഹം. വന്‍ വിജയമായി മാറിയ ഈ സമരം തിരുവിതാംകൂറിലെ തൊഴിലാളികള്‍ക്കു സംഘടിക്കാനും കൂലി ചോദിക്കാനുമുള്ള അവകാശം വാങ്ങിക്കൊടുത്തു. വര്‍ഷങ്ങള്‍ക്കു ശേഷം നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിനു പിന്നിലെ പ്രധാന സ്വാധീനവും ഊര്‍ജ്ജവുമായി ഈ സമരം മാറി.
കേരളത്തിലെ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ് പാര്‍ട്ടി കമ്മ്യൂണിസ്റ് പാര്‍ട്ടിയായി രൂപപ്പെടുത്തുന്നതില്‍ കൃഷ്ണപിള്ള ഒരു പ്രധാനപങ്കു വഹിച്ചു. 1939 ഒക്ടോബര്‍ 13-ന് കണ്ണൂര്‍ ജില്ലയിലെ പിണറായി എന്ന ഗ്രാമത്തില്‍ പി. കൃഷ്ണപിള്ള, ഇ.എം.എസ്സ്, കെ. ദാമോദരന്‍, എന്‍.സി.ശേഖര്‍ തുടങ്ങി തൊണ്ണൂറോളം കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടി നേതാക്കള്‍ ഒത്തുകൂടി കോണ്‍ഗ്രസ് സോഷ്യലിസ്റ് പാര്‍ട്ടിയുടെ കേരള ഘടകത്തെ കമ്മ്യൂണിസ്റ് പാര്‍ട്ടിയായി രൂപാന്തരപ്പെടുത്താന്‍ തീരുമാനിച്ചു. 1940 ജനുവരി 26-ന് ചുവരുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും മുദ്രാവാക്യങ്ങള്‍ എഴുതി വച്ച് കമ്മ്യൂണിസ്റ് പാര്‍ട്ടി തങ്ങളുടെ രൂപീകരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. പിന്നീട് ഒളിവില്‍ പോയ കൃഷ്ണപിള്ള കമ്മ്യൂണിസ്റ് പാര്‍ട്ടി സംഘടിപ്പിക്കുന്നതിനുള്ള ചുമതല ഏറ്റെടുത്തു. 1940 ഡിസംബറില്‍ ജന്മനാടായ വൈക്കത്തു വച്ച് അദ്ദേഹം പോലീസ് പിടിയിലാവുകയും കന്യാകുമാരി ജില്ലയിലെ ഇടലക്കുടി സബ് ജയിലില്‍ തടവിലാവുകയും ചെയ്തു. അവിടെ വച്ചാണ് ജീവിതപങ്കാളിയായി മാറിയ തങ്കമ്മയെ പരിചയപ്പെടുന്നത്. 1943-ല്‍ കോഴിക്കോടുവച്ചു നടന്ന കമ്മ്യൂണിസ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേരളഘടകത്തിന്റെ ആദ്യത്തെ സമ്മേളനത്തില്‍ കൃഷ്ണപിള്ളയെ ആദ്യ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1948-ലെ കല്‍ക്കത്ത തീസിസ്സിനെ തുടര്‍ന്ന് ഭാരതത്തില്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കള്‍ വീണ്ടും ഒളിവില്‍ പോയി. 1948 ഓഗസ്റ് 19-ന് ആലപ്പുഴ ജില്ലയിലെ മുഹമ്മയില്‍ കണ്ണാര്‍ക്കാട് എന്ന ഗ്രാമത്തില്‍ ഒരു കയര്‍ തൊഴിലാളിയുടെ കുടിലില്‍ ഒളിവില്‍ കഴിയുകയായിരുന്ന പി. കൃഷ്ണപിള്ളയ്ക്ക് സര്‍പ്പദംശനമേറ്റു. മണിക്കൂറിനുള്ളില്‍ അദ്ദേഹം മരണമടഞ്ഞു.

              
Back

  Date updated :