V.T. Bhattathiripad

V.T. Bhattathiripad

Any

Reading

Problem

Social reformers

1896-1982

Mezhathoor

Palakkad, Nil

Nil

Back

NIL

കേരളത്തിലെ പ്രശസ്തനായ സാമൂഹിക നവോത്ഥാന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്ന വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാട് 1896-ല്‍ മേഴത്തൂരില്‍ ജനിച്ചു. വെള്ളിത്തുരുത്തി താഴത്ത് രാമന്‍ ഭട്ടതിരിപ്പാട് ഒഴുക്കിനെതിരെ നീന്തി പഴയ വിഗ്രഹങ്ങള്‍ തച്ചുടച്ച് പുതിയവ പ്രതിഷ്ഠിക്കുകയാണ് സാമുദായികമായി ചെയ്തിരിക്കുന്നത്.
വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്ത്രാംകോവിലിലെ ശാന്തിക്കാരനാകേണ്ടി വന്നു. ഈ പരിപാടി അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ വലിയ ഒരു തുക സ്ത്രീധനമായി വാങ്ങി വേളികഴിക്കുന്നതുവരെ തുടര്‍ന്നു. അങ്ങനെ ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോള്‍ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുനഃരാരംഭിച്ചു.
കൂടുതല്‍ പഠിക്കാനായി വി.ടി. തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അവിടെ നടന്ന മുറജപത്തില്‍ പങ്കുകൊണ്ട് അത്യാവശ്യം ജീവിച്ചുപോന്നു. ഇക്കാലത്ത് അദ്ദേഹം കേരളത്തില്‍ വളര്‍ന്നുവന്നിരുന്ന പുരോഗമനവാദിയും വിപ്ളവ പ്രസ്ഥാനത്തിന്റെ നേതാവുമായ കുട്ടന്‍ നമ്പൂതിരിപ്പാടിനെ പരിചയപ്പെടാന്‍ ഇടയായി. ഉണ്ണിനമ്പൂതിരി എന്ന യോഗക്ഷേമ മാസികയുടെ പത്രാധിപത്യത്തില്‍ ഇരുന്നുകൊണ്ട് മിതവാദികള്‍ക്കും യാഥാസ്ഥിതികര്‍ക്കും നേരെ പടവാള്‍ ഓങ്ങിയ ആള്‍ ആയിരുന്നു കുമാരമംഗലത്ത് കുട്ടന്‍ നമ്പൂതിരി. പിന്നീട് പാതാക്കരമനയ്ക്കല്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശമനുസരിച്ച് പെരിന്തല്‍മണ്ണ ഹൈസ്ക്കൂളില്‍ 1918-ല്‍ ഒന്നാം ക്ളാസില്‍ ചേര്‍ന്നു പഠനം ആരംഭിച്ചു. എന്നാല്‍ ചരിത്രാദ്ധ്യാപകന്റെ അധിക്ഷേപത്തിന് ഉരുളക്കുപ്പേരി മറുപടി നല്‍കിയതിന് അദ്ദേഹത്തെ സ്കൂളില്‍നിന്ന് പുറത്താക്കി. 1921 ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടര്‍ന്ന് പഠിച്ചത്. അവിടേയും പഠനം തുടരാന്‍ സാഹചര്യങ്ങള്‍ വി.ടി.യെ അനുവദിച്ചില്ല. സ്വാതന്ത്യ്രസമരാവേശം തലയ്ക്കുപിടിച്ച ചില സഹപാഠികളുമൊത്ത് വി.ടി. അഹമ്മദാബാദില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സന്ദര്‍ശിക്കാന്‍ പോയി. അക്കാലത്ത് വിദേശത്ത് പോകുക എന്നത്തന്നെ നിഷിദ്ധമായിരുന്നു. ഏതായാലും വി.ടി. പ്രായശ്ചിത്തത്തിന് തയ്യാറാവാന്‍ വിസമ്മതിച്ചതുകൊണ്ട് പഠനം മുന്നോട്ടുകൊണ്ടുപോവാന്‍ സാധിക്കാതെവന്നു.
1923-ല്‍ യോഗക്ഷേമം കമ്പനിയില്‍ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ച അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. ശ്രീ നാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ആദര്‍ശത്തോടും എസ്.എന്‍.ഡി.പി. യോഗം എന്ന സംഘടനയോടും അടുപ്പം തോന്നിയത് ഇക്കാലത്താണ്. ഈഴവരുടെ പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കുകൊള്ളുകയും അവരുടെ വീടുകളില്‍ നിന്ന് സഹഭോജനം നടത്തുകയും ചെയ്തു. മിശ്രവിവാഹം എന്ന വിപ്ളവാശയങ്ങള്‍ അദ്ദേഹത്തില്‍ കടന്നുകൂടിയതും ഇക്കാലത്താണ്. ഇതേ കാലത്ത്തന്നെ അദ്ദേഹം പ്രസിദ്ധനായ സഖാവ് കെ.കെ. വാരിയര്‍ എം.പി.യുമായി പരിചയത്തിലായി. വിപ്ളവപ്രസ്ഥാനത്തിലേക്ക് വഴികാട്ടിയായി അദ്ദേഹം വര്‍ത്തിച്ചു. നന്നേ അധഃപതിച്ചു കഴിഞ്ഞിരുന്ന നമ്പൂതിരി സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അനീതികള്‍ക്കും എതിരെ പോരാടുവാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനായി ലേഖനങ്ങളും പ്രസംഗങ്ങളും മുഖേന ജനങ്ങളെ ആഹ്വാനം ചെയ്തു. പരിവേദനം, മിശ്രവിവാഹം, വിധവാവിവാഹം തുടങ്ങിയവയ്ക്ക് സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ ശ്രീദേവി അന്തര്‍ജനത്തെ 1930-ല്‍ വിവാഹം ചെയ്തു. അതിനുമുമ്പ് 1924-ല്‍ തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. 1935-ല്‍ ഭാര്യാസഹോദരിയും വിധവയുമായ ഉമാഅന്തര്‍ജനത്തെ എം.ആര്‍.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല്‍ സ്വന്തം സഹോദരി പാര്‍വതി അന്തര്‍ജനത്തെ എന്‍. കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തര്‍ജനത്തെ കല്ലാട്ട് കൃഷ്ണന്‍ എന്ന ഈഴവന് വിവാഹം ചെയ്തു കൊടുത്തു.
അക്കാലത്ത് നമ്പൂതിരി സമൂഹം തികഞ്ഞ അന്ധകാരത്തിലായിരുന്നു. കുടിയേറ്റക്കാരായ നമ്പൂതിരിമാര്‍ കേരളത്തിലെത്തി ഉയര്‍ന്ന സാമൂഹ്യപദവിയും അധികാരങ്ങളും കൈയാളിയെങ്കിലും, അനാചാരങ്ങള്‍ സമുദായത്തില്‍ പടര്‍ന്നുപിടിച്ചിരുന്നു. സമുദായത്തിലെ മൂത്ത ആളിനു മാത്രമേ വിവാഹം വിധിച്ചിരുന്നുള്ളൂ. കുടുംബത്തിലെ ഇളയ ആളുകള്‍ നായര്‍ ഗൃഹങ്ങളിലും മറ്റും പോയി ലൈംഗികതൃപ്തി നേടിയിരുന്നു.
മൂസ് നമ്പൂതിരിമാരുടെ (മൂത്തയാള്‍) താഴെയുള്ള നമ്പൂതിരി യുവാക്കളെ അപ്ഫന്‍ നമ്പൂതിരി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് ഊണും ഉറക്കവുമല്ലാതെ സ്വന്തം ഇല്ലത്ത് യാതൊരു ജോലിയോ, അധികാരമോ ഉണ്ടായിരുന്നില്ല. വിവാഹം നിഷിദ്ധമായ അവര്‍ മറ്റു നായര്‍ തറവാടുകളില്‍ സംബന്ധം പുലര്‍ത്തിപോന്നതല്ലാതെ കുടുംബ സുഖം അനുഭവിച്ചിരുന്നില്ല. ഇത്തരത്തില്‍ ഒരു അപ്ഫന്‍ നമ്പൂതിരിയായിരുന്നു വി.ടി.യും.
1931-ല്‍ അദ്ദേഹം കേരളത്തിലെ വടക്കേ അറ്റം വരെ ഒരു യാചനായാത്ര നടത്തി. തൃശ്ശൂരിലെ നമ്പൂതിരി മഠത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനുള്ള ധനശേഖരണാര്‍ത്ഥം നടത്തിയതായിരുന്നു. ആ യാത്ര, വി.ടി.യെ സംബന്ധിച്ചിടത്തോളം ധനശേഖരണത്തിലുപരി ഒരാദ്ധ്യാത്മിക വിപ്ളവമായിരുന്നു ഉദ്ദേശ്യം. ഒരു മഹത്തായ സന്ദേശത്തിന്റെ പ്രചരണമാണ് അതുകൊണ്ട് സാധിച്ചത്. യാഥാസ്ഥിതികരുടെ ഇടയില്‍ ഒരു ചലനം സൃഷ്ടിക്കാനും ഉറങ്ങിക്കിടന്ന സമുദായത്തെ പിടിച്ചുണര്‍ത്താനും ഈ യാത്രകൊണ്ട് സാധിച്ചു. കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ അംഗമായിരുന്ന അദ്ദേഹം 1956-ല്‍ കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് കമ്മ്യൂണിസത്തെ കൂട്ടുപിടിച്ചെങ്കിലും താമസിയാതെ അതും ഉപേക്ഷിച്ചു. യോഗക്ഷേമസഭക്കാരുടെയും നമ്പൂതിരി യുവജനസംഘത്തിന്റെയും ശ്രമഫലമായി തയ്യാറാക്കിയ നമ്പൂതിരി ബില്ലിന് യാഥാസ്ഥിതികരായ നമ്പൂതിരിമാരുടെ സമ്മര്‍ദ്ദം മൂലം കൊച്ചി രാജാവ് നിയമ സാധുത നല്‍കിയില്ല. ഇതില്‍ പ്രതിക്ഷേധിച്ച് വി. ടി.യും മറ്റും അവതരിപ്പിച്ച നാടകമാണ് പ്രസിദ്ധമായ അടുക്കളയില്‍നിന്ന് അരങ്ങത്തേയ്ക്ക് എന്നത്. നമ്പൂതിരി വര്‍ഗ്ഗത്തിലെ സാമുദായിക അനാചാരങ്ങളെ പ്രഹസനവിധേയമാക്കുന്ന ആ നാടകം നിരവധി അരങ്ങുകളില്‍ പ്രദര്‍ശിക്കപ്പെട്ടു. വിവിധ സ്ഥലങ്ങളില്‍നിന്ന് അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടതായി വന്നു. സ്വന്തം ഇല്ലത്ത് പ്രദര്‍ശിപ്പിച്ച വേളയില്‍ സ്വന്തം സഹോദരന്‍ അദ്ദേഹത്തിന് നേരെ വധശ്രമം വരെ നടത്തുകയുണ്ടായി. പ്രദര്‍ശനം വന്‍ വിജയമായിരുന്നു. പ്രദര്‍ശിക്കപ്പെട്ട ഇല്ലങ്ങളിലെല്ലാം അന്തര്‍ജനങ്ങള്‍ മറക്കുള്ളിലിരുന്ന് നാടകം കണ്ടു. അവരെല്ലാം ഉദ്ബുദ്ധരായി. നിരവധി സ്ഥലങ്ങളില്‍ അന്തര്‍ജന സമാജങ്ങള്‍ രൂപം കൊണ്ടു.
പാര്‍വ്വതി നെന്മിനി മംഗലം എന്ന അന്തര്‍ജനത്തിന്റെ അദ്ധ്യക്ഷതയില്‍ അന്തര്‍ജനസമാജം ആദ്യത്തെ യോഗം ചേര്‍ന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വച്ചായിരുന്നു. സംഭവ സമയത്ത് വി.ടി. അടുത്തുള്ള സ്കൂള്‍ വാര്‍ഷികത്തില്‍ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തര്‍ജനങ്ങള്‍ മറക്കുട ഇല്ലാതെ ജാഥയായി. വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു. 1935-ല്‍ അദ്ദേഹം വിശാലമായ മറ്റൊരാശയം മുന്നോട്ട് വച്ചു. നാനാജാതിമതസ്ഥര്‍ ഒന്നിച്ചു താമസിക്കുന്ന ഒരു സ്ഥലം, ഒരു ബഹുമത സമൂഹം-അതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. കൊടുമുണ്ട കോളനി എന്ന പേരില്‍ അറിയപ്പെട്ട് ഇത് 1935-ല്‍ തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാര്‍ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു. എന്നാല്‍ ഇത് വി.ടി.ക്ക് കനത്ത സാമ്പത്തിക ബാധ്യത ഏകി. കണ്ണീരും കിനാവും എന്ന പ്രസിദ്ധമായ ആത്മകഥയും അടുക്കളയില്‍നിന്നും അരങ്ങത്തേയ്ക്ക് എന്ന വിപ്ളവ നാടകവും ഉള്‍പ്പെടെ പല കൃതികളുടേയും കര്‍ത്താവാണ്. കേരളം കണ്ട ആ വലിയ വിപ്ളവകാരി 1982-ല്‍ നിര്യാതനായി.

              
Back

  Date updated :