Joseph Mundassery

Joseph Mundassery

Any

Reading

Problem

Literature

1903-1977

Kandassamkadavu

Trichur, Nil

Nil

Back

NIL

തൃശൂരിലെ കണ്ടശ്ശാംകടവില്‍ 1903 ജൂലൈ 17-നു ജനിച്ചു. കണ്ടശ്ശാംകടവിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം അദ്ദേഹം ഊര്‍ജ്ജതന്ത്രത്തില്‍ ബിരുദവും പിന്നീട് സംസ്കൃതത്തിലും മലയാളത്തിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. 1952 വരെ തൃശ്ശൂരിലെ സെന്റ് തോമസ് കലാലയത്തില്‍ അന്യഭാഷാ വിഭാഗത്തിന്റെ തലവനായിരുന്നു. തൃശ്ശൂര്‍ അദ്ധ്യാപക പരിശീലന കേന്ദ്രത്തിന്റെ വിശിഷ്ട പ്രധാനാദ്ധ്യാപകനായിരുന്നു. കേരള സര്‍വകലാശാല, തിരുവിതാംകൂര്‍ സര്‍വകലാശാല, മദ്രാസ് സര്‍വകലാശാല എന്നിവയുടെ സെനറ്റ് അംഗവും മദ്രാസ് ഗവണ്‍മെന്റിന്റെ മലയാളം പഠനവിഭാഗത്തിന്റെ ചെയര്‍മാനുമായിരുന്നു അദ്ദേഹം. കൊച്ചി പ്രജാമണ്ഡലം വഴിയാണ് രാഷ്ട്രീയത്തിലേക്കു കടന്നു വന്നത്. കൊച്ചി രാജ്യത്തിലെ അര്‍ത്തൂക്കരയില്‍നിന്ന് 1948-ല്‍ അദ്ദേഹം നിയമസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ചേര്‍പ്പില്‍നിന്ന് തിരു-കൊച്ചി നിയമസഭാ അംഗമായി 1954-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 1956-ലെ കേരള സംസ്ഥാന പിറവിക്കുശേഷം അദ്ദേഹം 1957-ല്‍ മണലൂര്‍ നിന്നു കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ഇ. എം. എസ്. മന്ത്രിസഭയില്‍ കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രിയാവുകയും ചെയ്തു. (1957-1959) ജോസഫ് മുണ്ടശ്ശേരിയും കേസരി ബാലകൃഷ്ണപിള്ളയും എം. പി. പോളുമായിരുന്നു, മലയാളത്തിലെ പ്രശസ്തമായ സാഹിത്യവിമര്‍ശകത്രയം. 1940-കളിലെ പുരോഗമന സാഹിത്യ പ്രസ്ഥാനം അതിന്റെ സ്ഥാപനത്തിനും നിലനില്‍പ്പിനും മുണ്ടശ്ശേരിയോട് കടപ്പെട്ടിരിക്കുന്നു. മലയാള സാഹിത്യ വിമര്‍ശനത്തില്‍ മുണ്ടശ്ശേരിശൈലി എന്ന ഒരു പ്രത്യേക ശൈലി തന്നെ അദ്ദേഹം സൃഷ്ടിച്ചു. മുണ്ടശ്ശേരിയുടെ മതമനുസരിച്ച് സാഹിത്യകാരനെ അവന്റെ കാലഘട്ടത്തിന്റെ വക്താവായി മാത്രമേ വിലയിരുത്താന്‍ കഴിയുകയുള്ളൂ. കേരള സാഹിത്യപരിഷത്തിന്റെ അദ്ധ്യക്ഷനായിരുന്നു. കേരള സാഹിത്യ അക്കാദമി സ്ഥാപക അംഗവുമായിരുന്നു മുണ്ടശ്ശേരി. കേരള സംഗീത അക്കാദമി രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കുമാരനാശാന്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള, തുഞ്ചത്ത് എഴുത്തച്ഛന്‍ തുടങ്ങിയവര്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ മുണ്ടശ്ശേരി പ്രധാന പങ്കുവഹിച്ചു.
ജോസഫ് മുണ്ടശ്ശേരി എന്ന മുണ്ടശ്ശേരി മാസ്റര്‍ മലയാളസാഹിത്യകാരനും സാഹിത്യനിരൂപകനുമായിരുന്നു. ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായി കേരളത്തിലെ വിവാദമായ വിദ്യാഭ്യാസ പരിഷ്കരണനിയമത്തിന്റെ സൃഷ്ടാവ് എന്ന നിലയില്‍ പ്രശസ്തനാണ്. സ്വകാര്യവിദ്യാഭ്യസ സ്ഥാപനങ്ങളെ ദേശസാല്‍ക്കരിക്കുവാന്‍ ഉദ്ദേശിച്ച ഈ നിയമം വിമോചന സമരത്തിനും ഇ. എം. എസ്. മന്ത്രിസഭയുടെ പതനത്തിനും വഴിതെളിച്ചു. കേരളത്തിലെ എക്കാലത്തെയും വലിയ വിവാദങ്ങളില്‍ ഒന്നായ വിദ്യാഭ്യാസ ബില്ലിന് അദ്ദേഹം രൂപം കൊടുത്തു. സര്‍വകലാശാലാ അദ്ധ്യാപകരുടെ മാഗ്ന കാര്‍ട്ട എന്നറിയപ്പെട്ട ഈ ബില്‍ അദ്ധ്യാപകര്‍ക്ക് നിശ്ചിത സേവന കാലാവധി, മെച്ചമായ സേവന-വേതന വ്യവസ്ഥകള്‍ തുടങ്ങിയവ വിഭാവനം ചെയ്തു. വിമോചന സമരത്തിനു കാരണമായ ഈ ബില്‍ കേരളത്തിലെ പ്രധാന സര്‍വ്വകലാശാലകളുടെ സ്ഥാപനത്തിനു വഴിതെളിച്ചു. തിരുവിതാംകൂര്‍ സര്‍വ്വകലാശാല കേരള സര്‍വ്വകലാശാലയായി പുനര്‍നാമകരണം ചെയ്തു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജ്, കൊല്ലത്തെ തങ്ങള്‍കുഞ്ഞുമുസലിയാര്‍ എഞ്ചിനീയറിംഗ് കോളേജ് എന്നിവ സ്ഥാപിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആയിരുന്നു അദ്ദേഹം.
മുണ്ടശ്ശേരിയുടെ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ പരാജയപ്പെട്ടെങ്കിലും ബില്ലിലെ പ്രധാന ആശയങ്ങള്‍ തുടര്‍ന്നുവന്ന ഗവണ്‍മെന്റുകള്‍ ചെറിയ മാറ്റങ്ങളോടെ നടപ്പാക്കി.
കൊച്ചി രാജാവ് അദ്ദേഹത്തിന് സാഹിത്യ കുശലന്‍ എന്ന ബഹുമതി സമ്മാനിച്ചു. 1973-ല്‍ കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1974-ല്‍ സോവിയറ്റ്ലാന്റ് നെഹ്റു അവാര്‍ഡ് ലഭിച്ചു. അദ്ദേഹം 1977-ല്‍ അന്തരിച്ചു. നോവലുകള്‍, സാഹിത്യവിമര്‍ശനങ്ങള്‍, ചെറുകഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവയ്ക്ക് പുറമേ കൊഴിഞ്ഞ ഇലകള്‍ (2 ഭാഗങ്ങള്‍) എന്ന പ്രസിദ്ധമായ ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്.

              
Back

  Date updated :