K.R. NARAYANAN

K.R. NARAYANAN

Any

Reading

Problem

Politics

1920-2005

Uzhavoor

Kottayam, Nil

Nil

Back

NIL

കോച്ചേരില്‍ രാമന്‍ വൈദ്യരുടേയും പാപ്പിയമ്മയുടേയും ഏഴുമക്കളില്‍ നാലാമനായി 1920 ഒക്ടോബര്‍ 27-നാണ് നാരായണന്‍ ജനിച്ചത്. കുറിച്ചിത്താനം സര്‍ക്കാര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കഷ്ടപ്പാടുകളും ദുരിതവും നിറഞ്ഞ ജീവിതത്തോടു പടപൊരുതിയാണ് നാരായണന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദരിദ്രനായി ജനിച്ചെങ്കിലും പ്രതിഭയില്‍ ധനികനായിരുന്നു ആ ബാലന്‍.
കോട്ടയം സി. എം. എസ്. കോളേജിലും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുമായി ബിരുദ പഠനം പൂര്‍ത്തിയാക്കി, ഒന്നാംറാങ്കോടെ യൂണിവേഴ്സിറ്റി കോളേജില്‍നിന്നും പാസായി, ലക്ചറര്‍ ഉദ്യോഗത്തിനായി ദിവാന്‍ സി. പി. രാമസ്വാമി അയ്യരെ സമീപിച്ചപ്പോള്‍ സഹിക്കേണ്ടിവന്ന അപമാനത്തില്‍ പ്രതിഷേധിച്ച് നാരായണന്‍ ബിരുദദാനച്ചടങ്ങ് ബഹിഷ്കരിച്ചു. ഹരിജനായതുകൊണ്ടുമാത്രമാണ് സി. പി. ലക്ചറര്‍ ഉദ്യോഗം നിരസിച്ചത്. ഏതായാലും ബിരുദദാനത്തിനെത്തിയ ശ്രീചിത്തിര തിരുനാള്‍ മഹാരാജാവ് ഒന്നാം റാങ്കുകാരന്റെ അഭാവകാരണം തിരക്കി. തിരുവിതാംകൂറില്‍ ജോലികിട്ടാത്ത കാര്യവും ഡല്‍ഹിയില്‍ ജോലി തേടിപ്പോകാനുള്ള ആഗ്രഹവും നാരായണന്‍ അറിയിച്ചു. മഹാരാജാവ് 500 രൂപ വായ്പ അനുവദിച്ചു.
1945-ല്‍ നാരായണന്‍ ഡല്‍ഹിയിലെത്തി. പത്രപവര്‍ത്തനത്തോടുള്ള അഭിനിവേശംമൂലം ഇക്കണോമിക്സ് വീക്കിലി ഫോര്‍ കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയിലെ ജോലി സ്വീകരിച്ചു. ദ് ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ എന്നീ പത്രങ്ങള്‍ക്കുവേണ്ടിയും ജോലി ചെയ്തു. ഇക്കാലയളവിലാണ് നാരായണന്‍ പ്രമുഖ വ്യവസായിയായ ജെ. ആര്‍. ഡി. ടാറ്റയെ കണ്ടുമുട്ടിയത്. ജെ. ആര്‍. ഡി. നാരായണന് ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു പഠിക്കാനുള്ള സ്കോളര്‍ഷിപ്പ് നല്‍കി സഹായിച്ചു.
ലണ്ടനിലെ പഠനം പൂര്‍ത്തിയാക്കിയെത്തിയ നാരായണന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സന്ദര്‍ശിച്ചു. നാരായണന്റെ കഴിവുകളില്‍ ആകൃഷ്ടനായ നെഹ്റു അദ്ദേഹത്തെ വിദേശകാര്യ സര്‍വീസില്‍ നിയമിച്ചു. അയല്‍രാജ്യമായ ബര്‍മ്മയിലെ ഇന്ത്യന്‍ വിദേശകാര്യാലയത്തിലായിരുന്നു പ്രഥമ നിയമനം. പിന്നീട് ടോക്കിയോ (ജപ്പാന്‍), തായ്ലന്‍ഡ്, ടര്‍ക്കി എന്നിവിടങ്ങളിലെ ഇന്ത്യന്‍ വിദേശകാര്യഓഫീസുകളിലും ജോലി ചെയ്തു. 1976-ല്‍ ചൈനയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിതനായി. ഇന്തോ-ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1980-ല്‍ അമേരിക്കന്‍ അംബാസഡറായി നിയമിതനായി. 1984-ല്‍ വിദേശകാര്യ വകുപ്പിലെ ജോലി മതിയാക്കി. അമേരിക്കയില്‍നിന്നും തിരിച്ചെത്തിയ നാരായണന്‍, കോണ്‍ഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അറിയിച്ചു. 1984-ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ നാരായണന്‍ ആദ്യമായി ഇടതുപക്ഷ കോട്ടയായ ഒറ്റപ്പാലം സംവരണ മണ്ഡലത്തില്‍ ലോകസഭയിലേക്ക് മത്സരിച്ചു. ആദ്യ തിരഞ്ഞെടുപ്പില്‍തന്നെ വെന്നിക്കോടി പാറിച്ചു. പിന്നീട് 1989, 1991 വര്‍ഷങ്ങളിലും ഇതേ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ഗാന്ധി മന്ത്രിസഭയില്‍ വിവിധ കാലയളവിലായി ആസൂത്രണം, വിദേശകാര്യം ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ സഹമന്ത്രിയായ നാരായണന്‍ നിയമിതനായി.
1992-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി വി. പി. സിംഗ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നാരായണന്റെ പേരു നിര്‍ദ്ദേശിച്ചു. പിന്നോക്ക സമുദായാംഗമെന്ന നിലയിലാണ് സിംഗ് നാരായണനെ നിര്‍ദ്ദേശിച്ചത്. 1992 ഓഗസ്റ് 21-ന് കെ. ആര്‍. നാരായണന്‍ ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുടെ കീഴില്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു.
നയതന്ത്രജ്ഞന്‍, രാഷ്ട്രീയ നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. കെ. ആര്‍. നാരായണന്‍, പിന്നീട് ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ 10-ാമത്തെ രാഷ്ട്രപതിയായിരുന്ന നാരായണന്‍, പിന്നോക്ക സമുദായത്തില്‍നിന്നും ഇന്ത്യയുടെ പ്രഥമ പൌരനായ ആദ്യ വ്യക്തിയാണ്. 2005 നവംബര്‍ 9-ന് ശ്രീ. നാരായണന്‍ അന്ത്യനിദ്രപൂകി.

              
Back

  Date updated :