E.M.S. Namboothirippad

E.M.S. Namboothirippad

Any

Reading

Problem

Politics

1909-1998

Perinthalmanna

Malappuram, Nil

Nil

Back

NIL

ആധുനിക കേരളത്തിന്റെ ശില്പികളില്‍ പ്രമുഖനായ ശ്രീ. ഏലംകുളം മനയ്ക്കല്‍ ശങ്കരന്‍നമ്പൂതിരിപ്പാട് 1909 ജൂണ്‍ 13-ാം തീയതി പെരുന്തല്‍മണ്ണയില്‍ ജനിച്ചു. ഇന്ത്യന്‍ മാര്‍ക്സിസ്റ്-കമ്മ്യൂണിസ്റ് പാര്‍ട്ടി നേതാവ്, ഐക്യകേരളത്തിന്റെ പ്രഥമ മുഖ്യമന്ത്രി ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ് സര്‍ക്കാരിന്റെ തലവന്‍; ചരിത്രകാരന്‍, മാര്‍ക്സിസ്റ് തത്ത്വചിന്തകന്‍, സാമൂഹിക പരിഷ്കര്‍ത്താവ് എന്നീ നിലകളിലെല്ലാം വേറിട്ട വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ഇ. എം. എസ്.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ കുന്തിപ്പുഴയുടെ തീരത്ത് ഏലംകുളം അംശത്തില്‍, ഏലംകുളം ദേശത്ത്, ഏലംകുളം മനയിലെ പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റേയും വിഷ്ണുദത്തയുടേയും 4-ാമത്തെ പുത്രനായി ശങ്കരന്‍ ജനിച്ചു. ഒരു ദേശത്തിന്റെ പേരുതന്നെ ഒരു ഇല്ലത്തിന്റെ പേരില്‍ അറിയപ്പെടുക എന്നതില്‍ നിന്നുതന്നെ ആ ഇല്ലത്തിന്റെ പേരും പ്രശസ്തിയും എത്രമാത്രമെന്ന് ഊഹിക്കാവുന്നതാണല്ലോ. പാട്ടം വരവ് നെല്ലിനു മാത്രം പ്രതിവര്‍ഷം 60,000 പറയില്‍ അധികമായിരുന്നു.
ശങ്കരന്റെ മൂത്ത രണ്ടു സഹോദരങ്ങള്‍ ബാല്യമെത്തും മുമ്പേ മരിച്ചുപോയി. സഹോദരനാകട്ടെ കുട്ടിയാകട്ടെ ബുദ്ധിവളര്‍ച്ച പ്രാപിക്കാതിരിക്കുകയും ചെയ്തു. ശങ്കരന്റെ അമ്മ തൊട്ടടുത്തുള്ള ശിവക്ഷേത്രത്തില്‍ ശങ്കരന് 12 വയസ്സാകും വരെ ആയുസ്സിനായി നിത്യദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ചിരുന്നു. ഓര്‍മ്മ വയ്ക്കുന്നതിനുമുമ്പേ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി അന്തരിച്ചതിനെ തുടര്‍ന്ന്; പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ സഹോദരി പുത്രന്‍ ഇരിങ്ങാലക്കുട മേച്ചേരി ഇല്ലത്തെ നാരായണന്‍ നമ്പൂതിരിപ്പാടായിരുന്നു ഏലംകുളം മനയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത്. മേച്ചേരി ഏട്ടന്‍ എന്നറിയപ്പെട്ടിരുന്ന അദ്ദേഹം പുരോഗമന ചിന്താഗതിക്കാരനും, പൊതുക്കാര്യതല്പരനും പരിഷ്കൃത ചിത്തനുമായിരുന്നു. കുടുംബ പൂജാരിയായിരുന്ന പള്ളിശ്ശേരി അഗ്നിത്രാതന്‍ നമ്പൂതിരി, പരമ്പരാഗത രീതിയില്‍ ശങ്കരനെ സംസ്കൃതവും മലയാളവും പഠിപ്പിച്ചു. 8-ാം വയസ്സില്‍ ഉപനയനം നടത്തി. കാവ്യാലങ്കാരങ്ങളും വ്യാകരണാദികളും പഠിച്ച് കടവല്ലൂരന്യോന്യത്തിനു പോയി മകന്‍ പ്രശസ്തി നേടണമെന്നതായിരുന്നു അമ്മ വിഷ്ണുദത്തയുടെ ആഗ്രഹം. എന്നാല്‍ ഉല്പതിഷ്ണുവായിരുന്ന മേച്ചേരി ഏട്ടന്‍ ശങ്കരനെ ഇംഗ്ളീഷ് സ്ക്കൂളിലയച്ച് വിദ്യാഭ്യാസം ചെയ്യിക്കുവാന്‍ തീരുമാനിച്ചത് ശങ്കരന്റെ ജീവിതത്തിലെ വഴിത്തിരിവായി. കാരണവന്‍മാര്‍ എതിര്‍ത്തുവെങ്കിലും; ഒല്ലൂരിനടുത്തുള്ള എടക്കുന്നിലെ ഇംഗ്ളീഷ് സ്കൂളില്‍ ശങ്കരന്‍ പഠനം ആരംഭിച്ചു. അവിടുത്തെ പഠനത്തിനുശേഷം പെരിന്തല്‍മണ്ണ ഹൈസ്ക്കൂളില്‍ ചേര്‍ന്നു. അവിടെ മൂന്നാം ക്ളാസിലേക്ക് നേരിട്ടു പ്രവേശനം ലഭിച്ചു.
ബാല്യത്തില്‍ കുഞ്ചു എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ശങ്കരന്, തന്റെ പിതാവിന്റെ രണ്ടാം ഭാര്യയില്‍ ജനിച്ച രാമന്‍, ബ്രഹ്മദത്തന്‍, ദേവകി, പാര്‍വ്വതി എന്നീ സഹോദരങ്ങളും ഉണ്ടായിരുന്നു. വാല്യക്കാരും, അടിച്ചുതളിക്കാരും, ആശ്രിതരുമായി ഒരു വലിയ ജനം വിശാലമായ എട്ടുകെട്ടില്‍ നിറയെ എപ്പോഴും ഉണ്ടായിരുന്നു. മേച്ചേരി ഏട്ടന്‍ ഇല്ലത്തെ ജീവിതസമ്പ്രദായങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുവാന്‍ നന്നേ ബാല്യത്തിലേ ശ്രദ്ധിച്ചിരുന്നു. പത്രമാസികകള്‍ വരുത്തുക, അഭ്യസ്ഥവിദ്യരും പൊതുകാര്യപ്രസക്തരുമായ സുഹൃത്തുക്കള്‍ക്ക് ഇല്ലത്ത് ആതിഥ്യമരുളുക തുടങ്ങിയ പുതുമകള്‍ ഇ. എം. എസ്സിലും മാറ്റത്തിന്റെ വിത്തുകള്‍ പാകി തുടങ്ങിയിരുന്നു. തൃശൂരിലേയും പെരുന്തല്‍മണ്ണയിലേയും വിദ്യാഭ്യാസം ജീവിത ചിന്താഗതിയെ പുതിയൊരു പന്ഥാവിലേക്ക് ആനയിച്ചു.
പെരുന്തല്‍മണ്ണയിലെ ഹൈസ്ക്കൂള്‍ വിദ്യാഭ്യാസകാലത്ത് വിദ്യാലയത്തിലേക്കും തിരിച്ചുമുള്ള യാത്രയില്‍ വിവിധസാഹചര്യങ്ങളുമായും നാനാജാതിക്കാരുമായും ഇടപെടുവാനും പൊതുജനാഭിപ്രായം അറിയുവാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ഉപന്യാസം, പ്രസംഗം എന്നിവയില്‍ പങ്കാളിയാകാനും ചിന്താധാരകളെ വിപുലീകരിക്കാനും ഇക്കാലത്ത് ഇടം ലഭിച്ചു. അദ്ദേഹത്തിന്റെ പ്രധാന വഴികാട്ടി അഭിഭാഷകവൃത്തി ഉപേക്ഷിച്ച് നിസ്സഹകരണത്തിലും ദേശീയപ്രസ്ഥാനത്തിലും സജീവ പങ്കാളിയായിരുന്ന ശ്രീ. എം. പി. ഗോവിന്ദമേനോന്‍ ആയിരുന്നു. ഇക്കാലത്ത് കെ. പി. കേശവമേനോന്റെ പത്രാധിപത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന മാതൃഭൂമി ത്രൈവാരികയിലൂടെ ലോകത്തേയും പ്രത്യേകിച്ച് കേരളത്തേയും അദ്ദേഹം നോക്കിക്കണ്ടു. ഇ. എം. എസ്സിന്റെ ബന്ധുവായിരുന്ന ലോകമാന്യ രാഷ്ട്രീയ വാരികയുടെ പത്രാധിപര്‍ കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റെ അറസ്റ്, അദ്ദേഹത്തോട് ആരാധന വളര്‍ത്തി. 1923-ല്‍ യോഗക്ഷേമസഭയുടെ വള്ളുവനാട് ഉപസഭയുടെ സെക്രട്ടറിയായി പൊതുരംഗത്തേയ്ക്ക് രംഗപ്രവേശം നടത്തി. സ്കൂള്‍ പഠനകാലത്ത്, ചെന്നൈയില്‍വച്ചു നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു. യോഗക്ഷേമസഭയുടെ യുവജനവിഭാഗത്തിലെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കായി പരിശ്രമിച്ചു. നമ്പൂതിരിനിയമം പരിഷ്ക്കരിക്കണമെന്നും കുടുംബത്തില്‍ കാരണവര്‍ക്കുള്ള സ്ഥാനം കുറച്ച്; മറ്റുള്ളവര്‍ക്കും മാന്യമായി ജീവിക്കുവാനുള്ള അവകാശം ഉണ്ടാവണമെന്നും പാശുപതം വാരികയിലൂടെ ശക്തിയായി വാദിച്ചു. വി. ടി. ഭട്ടതിരിപ്പാട്, കുറൂര്‍ നമ്പൂതിരിപ്പാട്, കുട്ടന്‍ നമ്പൂതിരിപ്പാട് എന്നിവരുമായുള്ള അടുപ്പം ഇ. എം. എസ്സിന്റെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. 1929 മുതല്‍ 1932 വരെ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലും, സ്വാതന്ത്യ്രസമരപ്രസ്ഥാനത്തിലും സജീവമായി പങ്കെടുക്കുകയും, 1930 ആയപ്പോഴേക്കും സ്വാതന്ത്യ്രസമരസേനയുടെ രണ്ടാം നിരയിലേക്ക് ഇ. എം. എസ്സ്. ഉയരുകയും ചെയ്തു. 1931-ല്‍ നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്തു. 1932 ജനുവരി 17-ന് ഉപ്പുസത്യാഗ്രഹത്തിന്റെ ഭാഗമായി കടപ്പുറത്ത് എത്തിയ ഇ. എം. എസ്സിനെ കടപ്പുറത്തെ വന്‍ജനാവലിയുടെ മുന്നില്‍ വച്ച് പൌരാവകാശലംഘനകുറ്റം ചുമത്തി ജയിലിലടച്ചു. മൂന്നുവര്‍ഷം കഠിനതടവും 100 രൂ. പിഴയും ചുമത്തി കണ്ണൂര്‍ ജയിലിലടയ്ക്കപ്പെട്ട അദ്ദേഹത്തെ 1933 ആഗസ്റ് 31-ന് വിട്ടയയ്ക്കപ്പെട്ടു. ഇടതുപക്ഷ ചിന്താഗതിക്കാരായ; ബംഗാളികള്‍ ഉള്‍പ്പെടെയുള്ള പല പ്രമുഖരേയും ജയിലില്‍ വച്ചു പരിചയപ്പെടുവാനും സോഷ്യലിസ്റ് ചിന്താഗതികള്‍ പങ്കിടാനും ഈ അവസരം പ്രയോജനപ്പെട്ടു.
1934, 1938, 1940 വര്‍ഷങ്ങളില്‍ കെ. പി. സി. സി.യുടെ സെക്രട്ടറിയായി. സോഷ്യലിസ്റ് ചിന്താഗതിക്കാര്‍ കമ്മ്യൂണിസ്റ് പാര്‍ട്ടിയെപ്പറ്റി ആലോചിക്കുമ്പോള്‍ ഇ. എം. എസ്സും ആ ചിന്താധാരയില്‍ ചേര്‍ന്നു. 1937-ല്‍ കേരളത്തിലെ കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായി മാറി. 1951 വരെ ഒളിവിലിരുന്ന് പാര്‍ട്ടി പ്രവര്‍ത്തനം നടത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അജയഘോഷ് 1962-ല്‍ മരണപ്പെട്ടതിനെ തുടര്‍ന്നു ഇ. എം. എസ്സ്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായും, എ. എസ്സ്. ഡാങ്കേ പാര്‍ട്ടി ചെയര്‍മാനായും തെരഞ്ഞെടുക്കപ്പെട്ടു. 1962-ല്‍ ഇന്ത്യ-ചൈന യുദ്ധമുണ്ടായപ്പോള്‍; യുദ്ധം മുതലാളിത്വവും സോഷ്യലിസവും തമ്മിലുള്ള പോരാട്ടമാണെന്ന നിലപാട് എടുത്ത കമ്മ്യൂണിസ്റ് നേതാക്കളെ ജയിലിലടക്കുകയുണ്ടായി. ഇ. എം. എസ്സ്; സി. അച്ചുതമേനോന്‍ എന്നിവരും ജയിലടക്കപ്പെട്ടു.
1940 ഏപ്രില്‍ 28 മുതല്‍ 1942 ആഗസ്റ് 2 വരേയും 1948 ജനുവരി മുതല്‍ 1951 ഒക്ടോബര്‍ വരേയും ഉള്ള കാലയളവില്‍ രണ്ട് തവണ ജയില്‍ വാസം അനുഭവിക്കേണ്ടി വന്ന ഇ. എം. എസ്സ്, ജയിലിലും, പിന്നീടുള്ള ഒളിവു ജീവിതത്തിലും കമ്മ്യൂണിസത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥങ്ങള്‍ ഗാഢമായ പഠനങ്ങള്‍ നടത്തി. ഒളിവു കാലത്തെ ജീവിതാനുഭവങ്ങള്‍ കാര്‍ഷിക കുടുംബങ്ങളോടും, അധഃസ്ഥിതരോടുമുള്ള പ്രതിപത്തി വര്‍ദ്ധിപ്പിച്ചു.
1957-ലെ തെരഞ്ഞെടുപ്പിലൂടെ ഏഷ്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ കേരളത്തില്‍ രൂപീകൃതമാകുകയും ഇ. എം. എസ്. മുഖ്യമന്ത്രിയാവുകയും ചെയ്തു. 1953-ല്‍ ദക്ഷിണ അമേരിക്കയിലെ ഗയാനയില്‍ വോട്ടിങ്ങിലൂടെയല്ലാതെ തെരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയാണ് ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ് മന്ത്രിസഭ. ഇ. എം. എസ്സിന്റെ പ്രഥമ മന്ത്രിസഭ ജന്മിസമ്പ്രദായം നിരോധിച്ചു. ഭൂനിയമം നടപ്പിലാക്കി.
ജയില്‍ ജീവിതം, താഴ്ന്ന ജാതിക്കാരുമായുള്ള സഹകരണം; തൊട്ടുകൂടായ്മയും, തീണ്ടിക്കൂടായ്മയും പാലിക്കാതിരിക്കുക എന്നിവയ്ക്ക് സമുദായ ഭ്രഷ്ട് കല്പിച്ചിരുന്ന സമൂഹമാണ് അക്കാലത്ത് നിലവിലുണ്ടായിരുന്നത്. എങ്കിലും ഇ. എം. എസ്സിനെ മേല്‍പ്രകാരം ഭ്രഷ്ട് കല്പിക്കുവാന്‍ ഇല്ലക്കാര്‍ തയ്യാറായില്ല. എന്നാല്‍ ഭ്രഷ്ട് അര്‍ഹമായ പല കാര്യങ്ങളും ചെയ്തിരുന്ന ശങ്കരനുമായുള്ള വിവാഹത്തിന് പല തറവാട്ടില്‍നിന്നും വധുവിനെ നല്‍കാന്‍ വിസമ്മതിച്ചു. പുരോഗമന ചിന്താഗതിക്കാരനായിരുന്ന കുടമാളൂര്‍ തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് തന്റെ സഹോദരി ടിങ്ങിയ എന്ന ഓമനപ്പേരുള്ള ആര്യ അന്തര്‍ജനത്തെ ഇ. എം. എസ്സിന്റെ ജീവിതസഖിയായി നല്‍കുന്നതില്‍ എതിര്‍ത്തില്ല. ആര്യയുടെ സമ്മതത്തോടെ 1937 ഒക്ടോബര്‍ ഒന്നിന് ആ വിവാഹം നടന്നു; നിരവധി പേര്‍ വിട്ടുനിന്നെങ്കിലും പല പ്രശസ്തരുടേയും സാന്നിദ്ധ്യത്തില്‍. 
1998 മാര്‍ച്ച് 19-ന് ആ ധന്യജീവിതം അസ്തമിച്ചു.

              
Back

  Date updated :