O.V. VIJAYAN

O.V. VIJAYAN

Any

Reading

Problem

Literature

1930-2005

Ottupulakkal

Palakkad, Nil

Nil

Back

NIL

1930 ജൂലൈ 2-ന് പാലക്കാട് ജനിച്ചു. അച്ഛന്‍ ഓട്ടുപുലാക്കല്‍ വേലുക്കുട്ടി. അമ്മ കമലാക്ഷിയമ്മ. ഓട്ടു പുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ മലയാളസാഹിത്യത്തില്‍ ഒരു നവയുഗത്തിന്റെ നാന്ദി കുറിച്ച പ്രതിഭാധനനാണ്. വിഖ്യാതനായ കാര്‍ട്ടൂണിസ്റ്, പത്രപ്രവര്‍ത്തകന്‍ കോളേജ് അദ്ധ്യാപകന്‍, വിശ്രുതനായ കഥാകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മലബാര്‍ പോലീസിലെ ഓഫീസറായിരുന്ന പിതാവിന്റെ സ്ഥലം മാറ്റത്തിനനുസരിച്ച് താമസവും മാറ്റേണ്ടി വന്നിരുന്നതിനാല്‍ ബാല്യകാല പഠനം ഒട്ടൊക്കെ വീട്ടില്‍ വച്ചുതന്നെ നടത്തേണ്ടിവന്നു. കോട്ടയ്ക്കല്‍ രാജാസ് ഹൈസ്ക്കൂളില്‍ ആറാം ക്ളാസിലേക്ക് നേരിട്ടു പ്രവേശനം നേടിയാണ് ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നത്. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്നും ബിരുദവും തുടര്‍ന്നു മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്നും ഇംഗ്ളീഷില്‍ ബിരുദാനന്തരബിരുദവും നേടിയ ഇദ്ദേഹത്തിന്റെ ജീവിതം ഡല്‍ഹി, ഹൈദ്രബാദ്, മദ്രാസ് തുടങ്ങിയ മഹാനഗരങ്ങളിലായിരുന്നു. ഹൈദ്രബാദില്‍ വച്ചാണ് ജീവിതസഖി തെരേസയെ കണ്ടുമുട്ടുന്നത്. സ്റേറ്റ്മാന്‍, ഹിന്ദുഫാര്‍ ഈസ്റ് ഇക്കണോമിക് റിവ്യു എന്നിവയുടെ വിശ്രുത കാര്‍ട്ടൂണിസ്റായിരുന്നു വിജയന്‍. ഖസാക്കിന്റെ ഇതിഹാസവുമായി മലയാളത്തിന്റെ നോവല്‍ സങ്കല്പങ്ങളെ ആകെ തകര്‍ത്ത്, പുതുസങ്കല്പങ്ങളുടേയും ചിന്തകളുടേയും വാതായനങ്ങളെ മലക്കെ തുറന്നുകൊണ്ട് രംഗപ്രവേശം ചെയ്തു. വിജയന്‍ എന്ന ജീനിയസ്സിന്റെ ഈ വരവ് അന്നോളം അനുഭവിച്ചിട്ടില്ലാത്ത ഭരത്ഭൂത ലോകത്തേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുവാന്‍ പര്യാപ്തമായിരുന്നു. നോവല്‍ സാഹിത്യകാലഗണനയില്‍ ഖസാക്കിനു മുമ്പും, ഖസാക്കിനു പിന്‍പും എന്ന ഒരു ഘട്ടം തന്നെ രൂപീകൃതമാകുവാന്‍ ഈ കൃതി വിഷയമായി. ഖസാക്കിലെ വിദൂരവും, വിജനവുമായൊരു സ്ഥലത്തു സ്കൂള്‍ അദ്ധ്യാപകനായി എത്തുന്ന രവിയിലൂടെ ഖസാക്കിന്റെ ഇതിഹാസം അനാവൃതമാകുന്നു. അടിയന്തിരാവസ്ഥയെ വിമര്‍ശിക്കുന്ന ധര്‍മ്മപുരാണവും തത്വചിന്താപരമായ ഗുരുസാഗരവും പ്രകൃതിയിലേയ്ക്ക് മനുഷ്യനെ ആവാഹിച്ചുകൊണ്ടുപോകുന്ന മധുരം ഗായതി എന്ന കൃതിയും പിന്നാലെ വന്നു. വില്യം ഫാല്‍ക്കണറുടേയും, ഗബ്രിയേല്‍ മാര്‍ക്കോസിന്റേയും കൃതികളുമായി വിജയന്റെ കൃതികളെ നിരൂപകന്‍മാര്‍ തുലനം ചെയ്യാറുണ്ട്. ജന്മദേശമായ പാലക്കാട്ട് നിന്നും അകന്നാണ് ഏറെക്കാലവും കഴിഞ്ഞിരുന്നത് എങ്കിലും മനസ്സിലെപ്പോഴും ജന്മനാടിനെ താലോലിച്ചിരുന്നു. വിജയന് ജ്ഞാനപീഠം അവാര്‍ഡ് ലഭിയ്ക്കാതെ പോയതിനു പിന്നിലും അന്തര്‍നാടകങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. അന്ത്യനാളുകളില്‍ 65-ാം വയസ്സില്‍ പാര്‍ക്കിന്‍സണ്‍ രോഗം മൂലം അവശത അനുഭവിച്ചിരുന്നെങ്കിലും മരണം വരെയും എഴുത്തും വായനയും തുടര്‍ന്നു ഹൈദരാബാദിലെ ആശുപത്രിയില്‍ വച്ച് 75-ാം വയസ്സില്‍ 2005 മാര്‍ച്ച് 30-ന് അദ്ദേഹം അന്തരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഡോ. തെരേസ അടുത്തവര്‍ഷം, 2006-ല്‍ മരിച്ചു. ഖസാക്കിന്റെ ഇതിഹാസം, ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും ഒരു നീണ്ട രാത്രിയുടെ ഓര്‍മ്മയ്ക്ക്, കടല്‍ത്തീരത്ത്, കാറ്റുപറഞ്ഞ കഥ, അശാന്തി, ബാലബോധിനി, പൂതപ്രബന്ധവും മറ്റു കഥകളും, കുറെ കഥാബീജങ്ങള്‍ എന്നീ കഥാസമാഹാരങ്ങളും അനേകം ലേഖനസമാഹാരങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് മുട്ടത്തുവര്‍ക്കി അവാര്‍ഡ്, എം. പി. പോള്‍ അവാര്‍ഡ് എന്നിവ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. തന്റെ പല കൃതികളും അദ്ദേഹംതന്നെ ഇംഗ്ളീഷിലേയ്ക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. വിജയന്‍-തെരേസ ദമ്പതികളുടെ ഏക പുത്രന്‍ മധുവിജയന്‍ ലോസ് ഏഞ്ചലസ്സിലാണ്.

              
Back

  Date updated :