Lalithambika Antharjanam

Lalithambika Antharjanam

Any

Reading

Problem

Literature

1909-1987

Kottavath, Kottarakkara

Kollam, Nil

Nil

Back

NIL

യാഥാസ്ഥിതിക ലോകത്തിന്റെ പുറംതോട് പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്യ്രത്തിന്റെ അനന്തവിഹായസ്സിലേക്ക് ചിന്തയേയും മനസ്സിനേയും വ്യാപരിപ്പിച്ച് മലയാളത്തിന്റെ അരങ്ങത്ത് നിലയുറപ്പിച്ച ധീരവനിതയാണ് ലളിതാംബിക അന്തര്‍ജനം. സമൂഹത്തിലെ അനാചാരങ്ങളും, സ്ത്രീകള്‍ക്ക് അനുഭവിക്കേണ്ടി വന്ന അവഗണനയും നിന്ദയുമെല്ലാം തന്റെ സൃഷ്ടികളിലൂടെ അനാവരണം ചെയ്ത്, അത്തരം ദുഷ്പ്രവണതകള്‍ക്കെതിരെ ശക്തമായി പോരാടുവാന്‍, സമൂഹത്തെ ഉല്‍ബോധിപ്പിക്കുവാന്‍ അവര്‍ക്കായി. പരപുരുഷപ്രാപ്തിയെന്ന കുറ്റം ചുമത്തി ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട താത്രി എന്ന യുവതിയെക്കുറിച്ചും അതുപോലെ വേദന അനുഭവിക്കുന്ന അനേകം അന്തര്‍ജനങ്ങളുടെ അന്തര്‍ഗതങ്ങളും അനാവരണം ചെയ്യുവാന്‍ തന്റെ കൃതികളിലൂടെ അവര്‍ക്കായി. അഗ്നിസാക്ഷി എന്ന നോവല്‍ പരക്കെ അംഗീകരിക്കപ്പെട്ടു. ആദ്യത്തെ വയലാര്‍ അവാര്‍ഡ് ഈ കൃതിക്കു ലഭിച്ചു. തുടര്‍ന്ന് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും ഈ കൃതിക്കു ലഭിക്കുകയുണ്ടായി. നിരവധി ചെറുകഥകളും കവിതകളും എഴുതിയിട്ടുണ്ട്. തെരഞ്ഞെടുത്തകഥകള്‍, മൂടുപടം, തകര്‍ന്ന തലമുറ, ആദ്യത്തെ കഥകള്‍, ആയിരത്തിരി, ലളിതാഞ്ജലി, സീത മുതല്‍ സത്യവതി വരെ എന്നിവ അവയില്‍ ചിലതാണ്. സീത മുതല്‍ സത്യവതിവരെ എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട്, കേരളസാഹിത്യ അക്കാദമി അംഗം, സാഹിത്യ പ്രവര്‍ത്തക ഡയറക്ടര്‍ ബോര്‍ഡ് അംഗം, പാഠപുസ്തക കമ്മിറ്റി അംഗം അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫ്രന്‍സ് അംഗം എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1909 മാര്‍ച്ച് 30-ന് കൊട്ടാരക്കരയില്‍ കോട്ടവട്ടത്ത് എന്ന സ്ഥലത്താണ് ലളിതാംബികയുടെ ജനനം. അച്ഛന്‍ ദാമോദരന്‍പോറ്റി. അമ്മ ആര്യാ അന്തര്‍ജനം. ബാല്യത്തില്‍, ചിട്ടയായ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലായെങ്കിലും സംസ്കൃതം, മലയാളം, ഇംഗ്ളീഷ് എന്നീ ഭാഷകളില്‍ വേണ്ടത്ര അറിവു നേടി. പുരോഗമനാശയങ്ങളോട് ആഭിമുഖ്യം കാട്ടിയിരുന്ന അവര്‍ മാര്‍ക്സിസ്റ് കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ അനുഭാവിയായിരുന്നു. പ്രശസ്ത കഥാകൃത്ത് എന്‍. മോഹനന്‍ ഇവരുടെ പുത്രനാണ്. 1987 ഫെബ്രുവരി 6-ന് അന്തരിച്ചു. ഉത്തമസാഹിത്യകൃതികള്‍ക്ക് ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് വര്‍ഷംതോറും നല്‍കി അന്തര്‍ജനത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു.

              
Back

  Date updated :