Thoppil Bhasi

Thoppil Bhasi

Any

Reading

Problem

Literature

1924-1992

Vallikkunnu

Alapuzha, Nil

Nil

Back

NIL

നിങ്ങളെന്നെ കമ്മ്യൂണിസ്റാക്കി എന്ന ഒറ്റ നാടകംകൊണ്ടുതന്നെ മലയാള നാടകപ്രസ്ഥാനത്തില്‍ അനശ്വരനായ വിപ്ളവകാരിയാണ് തോപ്പില്‍ ഭാസി. കെ. പി. എ. സി. അവതരിപ്പിച്ച ഈ തട്ടുപൊളിപ്പന്‍ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന് പുതുജീവന്‍ നല്‍കി എന്നു തന്നെ പറയാം. 1940-50 കാലഘട്ടത്തില്‍ കമ്മ്യൂണിസ്റ് ആദര്‍ശങ്ങളില്‍ ആകൃഷ്ടരായ ധാരാളം യുവജനങ്ങള്‍ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍വെടിയാന്‍പോലും തയ്യാറായിരുന്നു. അവരുടെ മുന്നിലേക്ക് വിപ്ളവാവേശമായി പെയ്തിറങ്ങി ഈ നാടകം. തികഞ്ഞ കമ്മ്യൂണിസ്റുകാരനായ ഭാസി, പോലീസിന്റെ നിരീക്ഷണത്തിലായിരുന്നതിനാല്‍ സോമന്‍ എന്ന പേരിലാണ് ഈ നാടകം എഴുതി അവതരിപ്പിച്ചത്. ഭൂവുടമയ്ക്കെതിരെ കര്‍ഷകത്തൊഴിലാളികള്‍ നടത്തിയ ശൂരനാട് സമരത്തെത്തുടര്‍ന്ന് ഒളിവില്‍ പോയ ഭാസി ഒളിവിലിരുന്നാണ് ഈ നാടകം എഴുതി തീര്‍ന്നത്. 1952 ഡിസംബര്‍ 6-ന് കൊല്ലം ജില്ലയിലെ ചവറയില്‍ ഈ നാടകം ആദ്യമായി കെ. പി. എ. സി.യുടെ ബാനറില്‍ അരങ്ങേറി.
1924 ഏപ്രില്‍ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്ന് എന്ന ഗ്രാമത്തിലാണ് തോപ്പില്‍ ഭാസി ജനിച്ചത്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നാടക രചയിതാവ് എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായ നേട്ടങ്ങള്‍ കൈവരിച്ച അദ്ദേഹത്തെ നാടകപ്രസ്ഥാനത്തിന്റെ നവോത്ഥാന നായകനായി കരുതുന്നു. തുലാഭാരം, സര്‍വേക്കല്ല്, മൂലധനം, ശരശയ്യ, കൈയ്യും തലയും പുറത്തിടരുത് എന്നിവ ഭാസിയുടെ പ്രസിദ്ധങ്ങളായ ഇതര നാടകങ്ങളാണ്. 1968-ല്‍ നാടകങ്ങള്‍ക്കുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന്റെ അശ്വമേധം എന്ന നാടകത്തിനു ലഭിച്ചു. രണ്ടു തവണ കേരളനിയമസഭാംഗമായി ഭാസിയെ തെരഞ്ഞെടുക്കുകവഴി കേരളജനത അദ്ദേഹത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ അംഗീകാരമാണ് നല്‍കിയത്. 1992 ഡിസംബര്‍ 5-ന് ആ ധന്യാത്മാവ് ഈ ലോകത്തോട് യാത്രചൊല്ലി.

              
Back

  Date updated :