P.N. PANICKER

P.N. PANICKER

Any

Reading

Problem

Education

1909-1995

Puthuva, Neelamperoor

Alapuzha, Nil

Nil

Back

NIL

ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ പുതുവായില്‍ ഗോവിന്ദപ്പിള്ളയുടേയും, ജാനകിയമ്മയുടേയും മകനായി 1909 മാര്‍ച്ച് 1-ാം തീയതി പുതുവായില്‍ നാരായണപണിക്കര്‍ ജനിച്ചു. ഒരദ്ധ്യാപകനായിരുന്ന അദ്ദേഹം 1926-ല്‍ ജന്മസ്ഥലമായ നീലംപേരൂരില്‍ സനാതനധര്‍മ്മഗ്രന്ഥശാല സ്ഥാപിച്ചുകൊണ്ട് വായനശാല പ്രസ്ഥാനത്തിനു തുടക്കം കുറിച്ചു. ഗ്രന്ഥശാലാപ്രസ്ഥാനത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്ന അദ്ദേഹം ആരംഭിച്ച ഗ്രന്ഥശാലാസംഘത്തിന്റെ അനിതരസാധാരണവും ആവേശോജ്ജ്വലവുമായ പ്രവര്‍ത്തനങ്ങള്‍ പില്ക്കാലത്ത്, 1990-ല്‍ കേരളത്തെ സമ്പൂര്‍ണസാക്ഷരത നേടിയ സംസ്ഥാനം എന്ന ബഹുമതിക്ക് അര്‍ഹമാക്കി. 1945-ല്‍ 47 ഗ്രാമീണ വായനശാലകളെ യോജിപ്പിച്ചുകൊണ്ട് അദ്ദേഹം തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘത്തിന് രൂപം നല്‍കി. വായിച്ചു വളരുക എന്ന മുദ്രാവാക്യം കേരളത്തിലെങ്ങും പ്രചരിപ്പിച്ചു. 1956-ല്‍ കേരളസംസ്ഥാന രൂപീകരണത്തിനുശേഷം തിരുവിതാംകൂര്‍ ഗ്രന്ഥശാലാസംഘം കേരളഗ്രന്ഥശാലാസംഘം എന്ന പേരില്‍ അറിയപ്പെട്ടു. കേരളത്തില്‍ അങ്ങോളമിങ്ങോളം കാല്‍ നടയായിത്തന്നെ എത്തപ്പെട്ട് വായനാശീലവും, വായനശാലാപ്രസ്ഥാനവും കെട്ടിപ്പടുക്കുവാന്‍ ശ്രീ. പി. എന്‍. പണിക്കര്‍ അക്ഷീണയത്നം നടത്തി. ഗ്രാമങ്ങളിലെ ആറായിരത്തോളം ഗ്രന്ഥശാലകളെ ഏകോപിപ്പിച്ചുകൊണ്ട് പ്രസ്ഥാനത്തിനു കീഴില്‍ നിര്‍ത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗ്രന്ഥശാലാസംഘത്തിന്റെ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ക്ക് 1975-ല്‍ സംഘത്തെ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആക്കുംവരേയും സുദീര്‍ഘമായ 33 വര്‍ഷക്കാലം ശ്രീ. പി. എന്‍. പണിക്കര്‍ സംഘത്തിന്റെ അനിഷേദ്ധ്യനായ ജനറല്‍ സെക്രട്ടറിയായിരുന്നു. കേരളാ സ്റേറ്റ് ലൈബ്രറി കൌണ്‍സില്‍ എന്ന പേരില്‍ സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായി; സംഘം ഇന്ന് മാറ്റപ്പെട്ടിരിക്കുന്നു. പി. എന്‍. പണിക്കര്‍ 1977-ല്‍ അനൌപചാര വിദ്യാഭ്യാസവികസന പദ്ധതിക്ക് തുടക്കം കുറിക്കുകയും കേരള ജനതയുടെ ജ്ഞാനതൃഷ്ണയ്ക്ക്; സാക്ഷരതയ്ക്ക് ആക്കം കൂട്ടുകയും ചെയ്തു. KANFED (Kerala Association for Non-Formal Education) എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന ഈ സംരംഭം സാക്ഷരതയുടെ പ്രചരണത്തിന് മഹത്തായ സംഭാവനകള്‍ നല്‍കുന്നു.
കാര്‍ഷിക വിജ്ഞാന വ്യാപനത്തിനും; സൌഹൃദഗ്രാമങ്ങളുടെ സൃഷ്ടിക്കും; കുടുംബ വായനാശീലത്തിനും, പുസ്തകങ്ങള്‍ക്കും വായനാഗ്രന്ഥങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും, എന്തിന് വായനയുടേയും വിജ്ഞാനവികസനത്തിന്റേയും അനന്തസാധ്യതകള്‍ക്ക് അളവറ്റ പ്രോത്സാഹനവും നേതൃത്വവും നല്‍കിയ വ്യക്തിയായിരുന്നു ശ്രീ. പി. എന്‍. പണിക്കര്‍. വിജ്ഞാനവ്യാപനത്തിനായി ഇത്രയധികം ത്യാഗങ്ങള്‍ സഹിച്ചിട്ടുള്ള ഒരു മഹദ്വ്യക്തി കേരളത്തില്‍ ശ്രീ. പി. എന്‍. പണിക്കര്‍ അല്ലാതെ മറ്റാരും ഉണ്ടെന്നു തോന്നുന്നില്ല. അക്ഷരസ്നേഹികളുടെ മനസ്സില്‍ അന്വശ്വരമായി തെളിയുന്ന അപൂര്‍വ്വ നക്ഷത്രമാണ് ശ്രീ. പി. എന്‍. പണിക്കര്‍.
1995 ജൂണ്‍ 19-ന് 86-ാമത്തെ വയസ്സില്‍ ശ്രീ. പണിക്കര്‍ അന്തരിച്ചു. ജൂണ്‍ 19 കേരള സര്‍ക്കാര്‍ വായനാദിനമായി ആചരിക്കുന്നു. അന്നേ ദിവസം വിദ്യാലയങ്ങളിലും, ഗ്രന്ഥശാലകളിലും ശ്രീ. പി. എന്‍. പണിക്കരുടെ മഹത്തായ സേവനങ്ങളെ അനുസ്മരിക്കുന്നു. ആ ധന്യാത്മാവിന്റെ സ്മരണക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പ് 2004 ജൂണ്‍ 21-ന് സ്മാരക സ്റാമ്പ് പുറത്തിറക്കുകയുണ്ടായി.

              
Back

  Date updated :