T.M. VARGHESE

T.M. VARGHESE

Any

Reading

Problem

Politician

1886-1961

Panikkal, Kayamkulam

Alapuzha, Nil

Nil

Back

NIL

ആഭ്യന്തരമന്ത്രി, നിയമസഭാസ്പീക്കര്‍, മാര്‍ത്തോമസഭയിലെ തികഞ്ഞ വിശ്വാസി എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ശ്രീ. റ്റി. എം. വര്‍ഗീസ് 1886-ല്‍ കായംകുളത്തിനടുത്ത് പണിക്കല്‍ എന്ന സ്ഥലത്ത് ജനിച്ചു. മാവേലിക്കരയിലും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കൊല്ലം കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ ദിവാനായി സി. പി. രാമസ്വാമി അയ്യരെ നിയമിച്ചപ്പോള്‍; ഉദ്വോഗസ്ഥ തലപ്പത്ത് മറുനാടന്‍ ബ്രാഹ്മണരെ തിരുകിക്കയറ്റിയത് ഇതര സമുദായങ്ങളെ പ്രതിഷേധാര്‍ഹരാക്കി. മലയാളി മെമ്മോറിയല്‍ പ്രക്ഷോഭം എന്ന പേരില്‍ നായര്‍ സമുദായം സംഘടിച്ച് വന്‍പ്രക്ഷോഭം നടത്തിയതിനെത്തുടര്‍ന്ന്; തിരുവിതാംകൂര്‍ മഹാരാജാവ് 1932 ഒക്ടോബര്‍ 21-ന് പുതിയ സ്റേറ്റ് അസംബ്ളി രൂപീകരിക്കുവാനുള്ള പ്രഖ്യാപനം നടത്തി. എന്നാല്‍ അസംബ്ളിയില്‍ ആകെയുള്ള 70 സീറ്റുകളില്‍ ഈഴവര്‍, ക്രിസ്ത്യാനികള്‍, മുസ്ളീങ്ങള്‍ എന്നീ വിഭാഗക്കാര്‍ക്ക് പരിമിതമായ സീറ്റുമാത്രമാണ് അനുവദിച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് പ്രസ്തുത സമുദായാംഗങ്ങള്‍ ടി. എം. വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒത്തുകൂടി മഹാരാജാവിനെക്കണ്ട് പ്രശ്നപരിഹാരത്തിനായി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. തുടര്‍ന്നുള്ള നേതൃത്വം ടി. എം. വര്‍ഗീസിനായി. ഇലക്ഷന്‍ ബഹിഷ്ക്കരിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ഇതാണ് പ്രസിദ്ധമായ നിവര്‍ത്തന പ്രക്ഷോഭണം. സര്‍ക്കാര്‍ ജോലികളില്‍ തുല്യപങ്കാളിത്തം ലഭിക്കാത്തതിനെതിരെ ആഞ്ഞടിക്കുവാനുള്ള തീരുമാനം 1932 നവംബര്‍ 21-ന് കോഴഞ്ചേരിയില്‍ വച്ച് നടന്ന കേരള ക്രൈസ്തവമഹാസഭ യോഗത്തിലുണ്ടായി. ക്രൈസ്തവ-മുസ്ളീം സമുദായങ്ങളുടെ സഹകരണവും ഉണ്ടായിരുന്നു. 1935-ലെ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരി സമ്മേളനത്തില്‍ സി. കേശവന്റെ പ്രസംഗം, സര്‍.സി.പി.യെ രോഷം കൊള്ളിക്കുകയും സി. കേശവന്റെ അറസ്റിനും, ജയില്‍ ശിക്ഷയ്ക്കും കാരണമാകുകയും ചെയ്തു. പ്രക്ഷോഭപരിപാടികള്‍ ശക്തമായി. സംയുക്തപാര്‍ട്ടി രൂപീകൃതമായി. ശ്രീ. ടി.എം.വര്‍ഗീസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. സര്‍ക്കാര്‍ ജോലികളില്‍ ജാതി സംവരണം ഏര്‍പ്പെടുത്തുവാന്‍ സമ്മതിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രക്ഷോഭപരിപാടികള്‍ ഒത്തുതീര്‍പ്പില്‍ എത്തിച്ചു. 1937-ലെ തെരഞ്ഞെടുപ്പില്‍ അഖിലകേരളസംയുക്തപാര്‍ട്ടിയുടെ പ്രതിനിധിയായി ടി. എം. വര്‍ഗീസിനെ അസംബ്ളിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ശ്രീമൂലം അസംബ്ളിയുടെ ഡെപ്യൂട്ടി ചെയര്‍മാനായി അദ്ദേഹത്തെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1937-ല്‍ ജയില്‍ വിമോചിതനായ സി. കേശവന് നല്‍കിയ സ്വീകരണത്തില്‍ ടി.എം.വര്‍ഗ്ഗീസ് നടത്തിയ പ്രസംഗം ദിവാനെ ചൊടിപ്പിച്ചു. ദിവാന്റെ താല്പര്യപ്രകാരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തുനിന്നും ടി.എം.വര്‍ഗീസിനെ നീക്കുവാനായി അവിശ്വാസപ്രമേയം അവതരിപ്പിച്ചു. അങ്ങനെ ടി.എം.വര്‍ഗീസിനെ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കപ്പെട്ടു. 1938-ല്‍ പട്ടം താണുപിള്ള, കെ.റ്റി.തോമസ്, ടി.എം.വര്‍ഗ്ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുവിതാംകൂര്‍ സ്റേറ്റ് കോണ്‍ഗ്രസ് രൂപീകരിച്ചു. ഉത്തരവാദിത്വഭരണം നടപ്പാക്കുവാനും ദിവാനെ ഒഴിവാക്കുവാനും ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തി. അറസ്റുകള്‍ നടന്നു. ബാങ്കുകളും പത്രസ്ഥാപനങ്ങളും അടച്ചുപൂട്ടി. നാട്ടിലെങ്ങും സമരപരിപാടികള്‍ അലയടിച്ചു അവസാനം 1947 ജൂലൈ 30-ന് തിരുവിതാംകൂര്‍ രാജ്യം ഇന്ത്യായൂണിയനില്‍ ചേരുവാന്‍ തീരുമാനിച്ചു. ആഗസ്റ് 15-ന് ഇന്ത്യ സ്വതന്ത്രയായി. ആഗസ്റ് 19-ന് സര്‍. സി. പി. രാജിവച്ചു. സെപ്റ്റംബര്‍ 4-ന് ഉത്തരവാദിത്വഭരണം നടപ്പിലാക്കി. സുദീര്‍ഘമായ ഈ കാലയളവില്‍ ടി. എം. വര്‍ഗീസിന്റെ നേതൃപാടവവും, അടിപതറാത്ത ആത്മവിശ്വാസവും പ്രക്ഷോഭങ്ങളെ ശക്തമായി നയിക്കാന്‍ സഹായിച്ചു. സ്വാതന്ത്യ്രാനന്തരം പത്തനംതിട്ട നിയോജകമണ്ഡലത്തില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട ടി. എം. വര്‍ഗീസ് വിദ്യാഭ്യാസമന്ത്രിയായി. 1948 ഒക്ടോബര്‍ 17-ന് മന്ത്രിസഭ രാജിവച്ചു. 1952-ലെ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായി പ്രവര്‍ത്തിച്ചു.
1961 ഡിസംബര്‍ 31-ന് ടി. എം. വര്‍ഗീസ് അന്തരിച്ചു. ഒരു തികഞ്ഞ വിശ്വാസിയായിരുന്ന വര്‍ഗീസിന്റെ ഭൌതികശരീരം കൊല്ലം മാര്‍ത്തോമപള്ളി സെമിത്തേരിയില്‍ അടക്കം ചെയ്തു.

              
Back

  Date updated :