R. SANKAR

R. SANKAR

Any

Reading

Problem

Politician

1909-1972

Kottarakkara

Kollam, Nil

Nil

Back

NIL

1909 ഏപ്രില്‍ 30-ന് കൊട്ടാരക്കരയില്‍ ജനിച്ച ആര്‍. ശങ്കര്‍ കേരളത്തിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്നു. പുത്തൂര്‍ പ്രൈമറിസ്ക്കൂള്‍, കൊട്ടാരക്കര ഇംഗ്ളീഷ് സ്കൂള്‍, തിരുവനന്തപുരം മഹാരാജാസ് കോളേജ്-ഇപ്പോള്‍ യൂണിവേഴ്സിറ്റി കോളേജ്-ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഒരു വലിയ കുടുംബത്തില്‍ ജനിച്ചുവെങ്കിലും ക്ഷയിച്ചു തുടങ്ങിയ സാമ്പത്തികസ്ഥിതിയെത്തുടര്‍ന്ന് ഉദാരമനസ്ക്കനായ ഒരു ബന്ധുവാണ് പഠനത്തിനുവേണ്ട സഹായങ്ങള്‍ അദ്ദേഹത്തിനു നല്‍കിയിരുന്നത്. പഠനശേഷം ശിവഗിരി ഹൈസ്ക്കൂള്‍ പ്രിന്‍സിപ്പാളായി ചേര്‍ന്നു. ഇക്കാലയളവില്‍ എസ്. എന്‍. ഡി. പി.യുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുകയും, മികച്ച വാഗ്മിയും, സംഘാടകനും എന്ന നിലയില്‍ സമൂഹത്തിലെ അനീതികള്‍ക്കും അവഗണനയ്ക്കും ജാതി വേര്‍തിരിവുകള്‍ക്കും എതിരെ ശക്തമായി പ്രസംഗിക്കുവാനും പൊരുതുവാനും അവസരം ലഭിക്കുകയും ചെയ്തു. സമൂഹത്തിലെ അധഃസ്ഥിതര്‍ക്ക് തുല്യനീതി ലഭിക്കുവാന്‍ അക്ഷീണയജ്ഞം നടത്തി. മഹാകവി കുമാരനാശാന്റെ കവിതകള്‍ അദ്ദേഹത്തെ വളരെ സ്വാധീനിച്ചിരുന്നു. മികച്ചപ്രാസംഗികനും വക്കീലുമായ ശ്രീ. ശങ്കര്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ആവിര്‍ഭാവത്തോടെ, പ്രസ്തുത ആശയങ്ങളില്‍ ആകൃഷ്ടനായി അതിന്റെ പ്രവര്‍ത്തകനായി. നിവര്‍ത്തനപ്രസ്ഥാന കാലഘട്ടത്തില്‍, സ്റേറ്റ് കോണ്‍ഗ്രസ്സിന്റെ നേതൃസ്ഥാനത്തേയ്ക്ക് എത്തിപ്പെടുവാന്‍ ശങ്കറിന് കഴിഞ്ഞു. സ്വാതന്ത്യ്രസമരപ്രക്ഷോഭണങ്ങളിലും, കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലും സജീവമായ പ്രവര്‍ത്തനത്തിനുശേഷം ഇടക്കാലത്ത് എസ്. എന്‍. ഡി. പി. യോഗപ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയും യോഗം ജനറല്‍ സെക്രട്ടറിയായും, എസ്. എന്‍. ട്രസ്റിന്റെ പ്രസിഡണ്ട് ആയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വത്തില്‍ എസ്. എന്‍. ട്രസ്റ്റിന്റെ കീഴില്‍ അനേകം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങുകയും യോഗനേതൃത്വം വിദ്യാഭ്യാസരംഗത്ത് സജീവമാകുകയും ചെയ്തു. വളരെ നിര്‍ണായകമായ ഒരു ഘട്ടത്തില്‍ ആര്‍. ശങ്കറിന്റെ നേതൃത്വപാടവം കോണ്‍ഗ്രസ്സിന് പുതിയ ഉണര്‍വു നല്‍കി. സ്വാതന്ത്യ്രാനന്തരമുള്ള തെരഞ്ഞെടുപ്പില്‍ ഇതു വളരെ പ്രകടമായിരുന്നു. തിരുവിതാംകൂര്‍ നിയമസഭയിലേയ്ക്ക് 1948-ലും പിന്നീട് തിരു-കൊച്ചി സഭയിലേയ്ക്ക് 1949-ലും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. ഭരണഘടനാ നിര്‍മ്മാണസമിതി തുടങ്ങി നിരവധി കമ്മറ്റികളില്‍ അംഗമായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിമോചനസമരകാലത്ത് കെ. പി. സി. സി. പ്രസിഡണ്ട് എന്ന നിലയില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വളരെ സമര്‍ത്ഥമായി നയിക്കുവാന്‍ ശ്രീ. ശങ്കറിന് കഴിഞ്ഞു.
1960-ലെ തെരഞ്ഞെടുപ്പില്‍ ശങ്കറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വിജയിക്കുകയും പട്ടം താണുപിള്ള മുഖ്യമന്ത്രിയായും ആര്‍. ശങ്കര്‍ ഡെപ്യൂട്ടി മുഖ്യമന്ത്രിയായും മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. 1960 മുതല്‍ 1962 വരെ ധനമന്ത്രിയായും; തുടര്‍ന്ന് പട്ടത്തെ ഗവര്‍ണറായി നിയമിക്കപ്പെട്ടപ്പോള്‍ 1962 മുതല്‍ 1964 വരെ മുഖ്യമന്ത്രിയായും, ശ്രീ. ശങ്കര്‍ തന്റെ ഭരണപാടവം തെളിയിച്ചു. ധനമന്ത്രി എന്ന നിലയിലും, മുഖ്യമന്ത്രി എന്ന നിലയിലും ജനോപകാരപ്രദമായ ധാരാളം പദ്ധതികള്‍ അദ്ദേഹം നടപ്പില്‍ വരുത്തി. കഴിവുറ്റ ഭരണാധികാരി എന്ന നിലയിലും രാജ്യതന്ത്രജ്ഞന്‍ എന്ന നിലയിലും ഏറെ പ്രശംസ പിടിച്ചുപറ്റി. ദിനമണി എന്ന പത്രത്തിന്റെ എഡിറ്റര്‍ കൂടിയായിരുന്നു, അദ്ദേഹം.
1972 നവംബര്‍ 6-ന് 63-ാമത്തെ വയസ്സില്‍ ആര്‍. ശങ്കര്‍ ഇഹലോകവാസം വെടിഞ്ഞു. ശ്രീമതി. ലക്ഷ്മിക്കുട്ടിയമ്മയാണ് ഭാര്യ. ഒരു പുത്രനും ഒരു പുത്രിയുമുണ്ട്.

              
Back

  Date updated :