Kalakkath Kunjan Nambiar

Kalakkath Kunjan Nambiar

Any

Reading

Problem

Poet

1705-1770

Killikurissimangalam, Lakkidi

Palakkad, Nil

Nil

Back

NIL

തുള്ളല്‍പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍നമ്പ്യാര്‍ പാലക്കാട്ട്ജില്ലയില്‍ ലക്കിടിക്കടുത്ത് കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് എന്ന നമ്പ്യാര്‍ മഠത്തില്‍ 1705-നോടടുത്ത് ജനിച്ചു. ബാല്യം കിടങ്ങൂരിലായിരുന്നു. യൌവനകാലം മുഴുവനും അമ്പലപ്പുഴയില്‍തന്നെ കഴിച്ചുകൂട്ടി എന്നു പറയാം. അമ്പലപ്പുഴയില്‍ എത്തിയശേഷം വാസനാസമ്പന്നനായ ആ യുവാവ് തെക്കേടത്തു ഭട്ടതിരിവഴി ചെമ്പകശ്ശേരി ദേവനാരായണ രാജാവിന്റെ ശ്രദ്ധയില്‍പ്പെട്ടു. വിദ്വല്‍ പ്രോത്സാഹനത്തില്‍ കുതുകികളായിരുന്ന ചെമ്പകശ്ശേരി രാജാവ് നമ്പ്യാര്‍ക്ക് വേണ്ടത്ര പ്രോത്സാഹനം നല്‍കി. 1748-ല്‍ അദ്ദേഹം തിരുവനന്തപുരം കൊട്ടാരത്തില്‍ മാര്‍ത്താണ്ഡവര്‍മ്മയുടെയും കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെയും സദസ്സുകളില്‍ എത്തപ്പെടും മുമ്പേ, അമ്പലപ്പുഴയില്‍ വച്ചുതന്നെ അദ്ദേഹത്തിന്റെ കൃതികളില്‍ ഏറെയും രചിക്കപ്പെട്ടു കഴിഞ്ഞിരുന്നു. രാമപാണിവാദനും കുഞ്ചന്‍നമ്പ്യാരും ഒരാള്‍തന്നെ എന്ന അഭിപ്രായമാണ് ചില നിരൂപകര്‍ക്കെങ്കിലും ഉള്ളത്. പാണിവാദ എന്ന സംസ്കൃത പദത്തിന് നമ്പ്യാര്‍ എന്ന അര്‍ത്ഥം നല്‍കാമെന്നാണ് അവരുടെ അഭിമതം. ഹാസസാഹിത്യത്തിന്റെ ആശാന്‍ എന്ന് നമ്പ്യാരെ കരുതുന്നതില്‍ തെറ്റില്ല. തനിക്കുചുറ്റം നടക്കുന്ന നിത്യസംഭവങ്ങളെ രസാത്മകമായി തന്റെ തുള്ളലിലെ ഉപകഥകളായി കോര്‍ത്തിണക്കുന്നതില്‍ അസാമാന്യവിരുത് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. ഏതെങ്കിലും ഒരു പുരാണകഥയെ അവലംബിച്ച് സരസ്സമനോഹരമായ പച്ച മലയാളത്തില്‍ ഏതു സാധാരണക്കാരനുപോലും മനസ്സിലാകുംവിധം അംഗവിക്ഷേപങ്ങളോടെ, രാഗതാളത്തോടെ, നൃത്തച്ചുവടുകളോടെ രംഗത്തവതരിപ്പിച്ച തുള്ളല്‍പ്രസ്ഥാനം നമ്പ്യാരെ അക്ഷരാര്‍ത്ഥത്തില്‍തന്നെ അനശ്വരനാക്കിയിരുന്നു. ഓട്ടം തുള്ളലാണ് പില്‍ക്കാലത്ത് ഓട്ടന്‍തുള്ളലായി പരിണമിച്ചത്. ചാക്യാര്‍കൂത്തിലെ കട്ടിയായ സംസ്കൃത പദാവലികളെ ഉപേക്ഷിച്ചും കൂത്തിലേയും പടയണിയിലേയും കോലം തുള്ളലിലേയും പല നല്ല വശങ്ങളും സ്വാംശീകരിച്ചും അന്നാട്ടില്‍-അമ്പലപ്പുഴയില്‍- ഉണ്ടായിരുന്ന പ്രാകൃത കലാരൂപങ്ങളെ ഉല്‍ഗ്രഥിച്ചും സംസ്കരിച്ചും നിര്‍മ്മിച്ച ഒരു നവീന കലാസമ്പ്രദായമാണ് തുള്ളല്‍. ഓട്ടന്‍, പറയല്‍, ശീതങ്കന്‍ എന്നിങ്ങനെ തുള്ളലിനെ പ്രധാനമായും മൂന്നു വിഭാഗങ്ങളിലായി തിരിച്ചിരിക്കുന്നു. വേഷവിധാനത്തേയും വായ്ത്താരി താളത്തേയും വ്യത്യസ്തമാക്കിയാണ് ഈ മൂന്നു രൂപങ്ങളും അവതരിപ്പിക്കാറുള്ളത്. ഓട്ടന്‍തുള്ളലിലെ ഗാനങ്ങള്‍ കൂടുതല്‍ മുറുകിയ കാലത്തിലാണ് പാടി വരുന്നത്. അതുകൊണ്ടാവാം വേഗം എന്നര്‍ത്ഥമുള്ള ഓട്ടം എന്ന പദം ഈ പ്രത്യേകതുള്ളലിന് പേരായി ഭവിച്ചത് എന്ന് പണ്ഡിതന്മാര്‍ കരുതുന്നു.
അറുപതിലധികം തുള്ളല്‍കൃതികളുടെ കര്‍ത്താവായ നമ്പ്യാരുടെ പ്രസിദ്ധങ്ങളായ കൃതികള്‍ കല്യാണസൌഗന്ധികം, കൃഷ്ണലീല, ദുര്യോധനവധം, സ്യമന്തകം, സന്താനഗോപാലം, പാത്രചരിതം, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, നളചരിതം, ബകവധം, ബാണയുദ്ധം, രാവണോത്ഭവം ഘോഷയാത്ര, ചന്ദ്രാംഗദചരിതം, സീതാസ്വയംവരം, സഭാപ്രവേശം തുടങ്ങിയവയാണ്. ഇതുകൂടാതെ ശ്രീകൃഷ്ണവിലാസം മണിപ്രവാളം, രാമചന്ദ്രവിലാസം അസംഖ്യം ഒറ്റശ്ളോകങ്ങള്‍, കീര്‍ത്തനങ്ങള്‍, പാട്ടുകള്‍ എന്നിവയും നമ്പ്യാരുടെ രചനകളില്‍പ്പെടുന്നു.
-നോക്കടാ നമ്മുടെ മാര്‍ഗ്ഗേകിടക്കുന്ന
മര്‍ക്കടാ നീയങ്ങു മാറി കിടാശ്ശടാ- എന്നു തുടങ്ങിയ വരികളും, തോറ്റോടിയ പടയിലെ യോദ്ധാവിന്റെ തോറ്റോടുന്ന ചിത്രവും, കാലനില്ലാത്തകാലത്തിലെ മുതുമുത്തച്ഛന്റേയും മുത്തശ്ശിയുടേയും വര്‍ണനകളും സഹൃദയമനസ്സുകളില്‍ മായാതെ നില്ക്കുന്നവയാണ്. നേരംപോക്കിനും വീരശൃംഗാരാദി രസവര്‍ണനകള്‍ക്കും നമ്പ്യാര്‍ക്കു തുല്യനായി ഇതര കവികളില്ല എന്നാണ് ഭാഷാചരിത്രകാരന്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അന്യമലയാള കവികള്‍ക്കെന്നു മാത്രമല്ല സംസ്കൃതകവികള്‍ക്കും ഇല്ലാത്തതായ ഒരംശം നമ്പ്യാരില്‍ കാണുന്നത്, അദ്ദേഹത്തിന്റെ പരിഹാസകവനമാകുന്നു. ഇംഗ്ളീഷില്‍ സറ്റയര്‍ എന്ന വിഭാഗത്തില്‍പ്പെടുന്ന ഇത്തരം കവിതകള്‍, അരിസ്റോഫെനീസ്സ്, പോപ്പ്, വാള്‍ട്ടയര്‍, ചോസര്‍ തുടങ്ങിയവര്‍ സമൃദ്ധമായി പ്രയോഗിച്ചിട്ടുള്ളവയാണ്. സമകാലിക സാമൂഹ്യസംഭവങ്ങളെ നര്‍മ്മത്തിന്റെ മേമ്പൊടിയില്‍ ഹിതകരമായി അവതരിപ്പിച്ച് ജനസമൂഹത്തിന്റെ സന്മാര്‍ഗ്ഗസദാചാര ഉപദേശികളായി മാറുന്നൂ കവികള്‍.
സമകാലികനായിരുന്ന തുഞ്ചത്തെഴുത്തച്ഛന്റെ കവിതകളിലെന്നപോലെ വളരെ ഗൌരവമായ വേദാന്ത-ആദ്ധ്യാത്മിക തത്വങ്ങള്‍ നമ്പ്യാരുടെ കവിതകളില്‍ വിരളമായിരുന്നു. കിളിപ്പാട്ടുകള്‍ ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും എഴുത്തച്ഛന്റെ രാമായണത്തേയും മഹാഭാരതത്തേയും കവച്ചുവയ്ക്കാന്‍ ആര്‍ക്കുമായിട്ടില്ല എന്നപോലെ. തുള്ളലില്‍ നമ്പ്യാരെ മണ്ടിക്കാന്‍ മറ്റാര്‍ക്കുമായിട്ടില്ല എന്നതും ഇരുവരുടേയും വ്യക്തിത്വത്തെ വെളിവാക്കുവാന്‍ പര്യാപ്തമാകുന്നു. സാമാന്യജനങ്ങളുടെ ഒരു സദസിനെ മുന്നില്‍ കണ്ടുകൊണ്ടും അങ്ങനെയുള്ള സദസുകള്‍ക്കുവേണ്ടിയുമാണ് നമ്പ്യാര്‍ തുള്ളല്‍ കഥകള്‍ എഴുതിയിരുന്നത്.
അമ്പലപ്പുഴ അമ്പലത്തിനു തെക്കു മാറി നമ്പ്യാര്‍മഠം എന്നറിയപ്പെടുന്ന ഗൃഹത്തിലാണ് നമ്പ്യാര്‍ താമസിച്ചിരുന്നത്. 1770-ല്‍ പേപ്പട്ടി വിഷം ബാധിച്ച് അദ്ദേഹം ചരമമടഞ്ഞു.

              
Back

  Date updated :