G. SANKARAKURUP

G. SANKARAKURUP

Any

Reading

Problem

Poet

1901-1978

Kalady, Nayathodu

Trivandrum, Nil

Nil

Back

NIL

ഉല്‍കൃഷ്ടങ്ങളായ രചനകള്‍കൊണ്ട് മലയാളി മനസ്സുകളെ മധുരവും ദീപ്തവുമാക്കിയ സാഹിത്യസാര്‍വഭൌെമനാണ് മഹാകവി ജി എന്ന ജി. ശങ്കരക്കുറുപ്പ്. 1901 ജൂണ്‍ 3-ന് കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം വിദ്യാഭ്യാസാനന്തരം തിരുവില്വാമലയിലെ സെക്കണ്ടറി സ്ക്കൂളില്‍ 1921-ല്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. തൃശൂരിനടുത്തുള്ള ഗവണ്‍മെന്റ് സെക്കണ്ടറി ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റിട്യൂട്ടില്‍ കുറെക്കാലം അദ്ധ്യാപനം നടത്തിയെങ്കിലും പിന്നീട് എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം പണ്ഡിറ്റായി ജോലിയില്‍ പ്രവേശിക്കുകയും 1956-ല്‍ അവിടെനിന്നും മലയാളം പ്രൊഫസ്സറായി വിരമിക്കുകയും ചെയ്തു. ഓടക്കുഴല്‍ എന്ന പ്രസിദ്ധ കവിതാസമാഹാരത്തിന് സാഹിത്യത്തിനു നല്‍കുന്ന ഭാരതത്തിലെ പരമോന്നത പുരസ്ക്കാരമായ ജ്ഞാനപീഠം അവാര്‍ഡ് 1965-ല്‍ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി. ഈ അവാര്‍ഡ് ലഭിക്കുന്ന ഭാരതത്തിലെ ആദ്യ വ്യക്തിയും ഇദ്ദേഹമാണ്. അവാര്‍ഡു തുകയില്‍നിന്ന് ഒരു ഭാഗം ചിലവഴിച്ച് ഓടക്കുഴല്‍ അവാര്‍ഡ് എന്ന പേരിലൊരു പുരസ്കാരവും 1968-ല്‍ അദ്ദേഹം ഏര്‍പ്പെടുത്തി. കേന്ദ്രസാഹിത്യഅക്കാദമി, സോവിയറ്റ് ലാന്‍ഡ് നെഹ്റു അവാര്‍ഡ് തുടങ്ങി മറ്റ് അവാര്‍ഡുകള്‍ക്കും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1968-ല്‍ രാഷ്ട്രപതിയില്‍നിന്നും പത്മഭൂഷണ്‍ ബഹുമതിയും അദ്ദേഹത്തിനു ലഭിച്ചു.
പ്രകൃതിയെ വന്ദിച്ചുകൊണ്ടുള്ള ഒരു കവിതയിലൂടെയാണ് 1918-ല്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ സാഹിത്യരംഗത്തേക്ക് അദ്ദേഹം കടന്നുവന്നത്. തുടര്‍ന്ന് 25-ല്‍പരം കവിതാസമാഹാരങ്ങളും, നാടകം, വിവര്‍ത്തനം, വ്യാകരണം, നിരൂപണം, ജീവചരിത്രം തുടങ്ങി വ്യത്യസ്തങ്ങളായ സാഹിത്യസരണികളിലായി അന്‍പതിലധികം കൃതികള്‍കൊണ്ടും അദ്ദേഹം മലയാളഭാഷയെ ധന്യമാക്കി. ഒമര്‍ഖയാമിന്റെ പ്രസിദ്ധമായ റൂബിയാത്ത്, കാളിദാസന്റെ മേഘദൂത്, രവീന്ദ്രനാഥടാഗോറിന്റെ ഗീതാഞ്ജലി എന്നീ കൃതികള്‍ക്ക് അദ്ദേഹം നല്‍കിയിട്ടുള്ള പരിഭാഷ സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് എന്നും കൌതുകം നല്‍കിയിട്ടുള്ളവയാണ്. 1948-ല്‍ പുറത്തിറങ്ങിയ നിര്‍മ്മല എന്ന മലയാള ചലച്ചിത്രത്തില്‍ ഇദ്ദേഹത്തിന്റെ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. 1968 മുതല്‍ 1972 വരെ കേരളത്തില്‍നിന്നുമുള്ള എം. പി. ആയി ഇദ്ദേഹം രാജ്യസഭയില്‍ അംഗമായിരുന്നു. ടാഗോര്‍, മഹാത്മജി എന്നീ മഹാശയന്മാരുടെ ദേശീയതയും മാനവികതയും ഇദ്ദേഹത്തിന്റെ കവിതകളെ സ്വാധീനിച്ചിരുന്നതായി സൂഷ്മാവലോകനത്തില്‍ കാണാന്‍ കഴിയും. കാല്പനികത, ആദ്ധ്യാത്മികത, പ്രതീകാത്മകത എന്നീ സങ്കേതങ്ങള്‍ തന്റെ കവിതകളില്‍ അദ്ദേഹം നിര്‍ലോഭം പ്രയോഗിച്ചിരുന്നു. പ്രകൃതിസ്നേഹവും മനുഷ്യസ്നേഹവും വിജ്രംഭിതമാകുന്ന കവിതകളോടൊപ്പംതന്നെ വിപ്ളവവീര്യമുണര്‍ത്തുന്ന കവിതകളും അദ്ദേഹം അനായാസേന രചിച്ചിരുന്നതായി കാണാന്‍ കഴിയും. ഓടക്കുഴല്‍, സൂര്യകാന്തി, സാഹിത്യകൌതുകം, ജീവനസംഗീതം, വിശ്വദര്‍ശനം, പഥികന്റെ പാട്ട്, ഓര്‍മ്മയുടെ ഓളങ്ങളില്‍ എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധകൃതികളില്‍പ്പെടുന്നു.
1978 ഫെബ്രുവരി 2-ന് ആ ധന്യാത്മാവ് ഈ ലോകവാസം വെടിഞ്ഞു.

              
Back

  Date updated :