K. MADHAVAKURUP

K. MADHAVAKURUP

Any

Reading

Problem

Social-figures

Chandralayam

Chalakkara P.O., New Mahi

Other, 0490-2333461

Nil

Back

NIL

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തില്‍ ആരംഭിച്ച പൊതുപ്രവര്‍ത്തനം 77-ാം വയസ്സിലും തുടര്‍ന്നു പോരുന്ന കെ. മാധവക്കുറുപ്പ് സ്വാതന്ത്യ്രസമരപോരാളി, മാഹി സമരനായകന്‍, പ്രഗത്ഭനായ സംഘാടകന്‍, തികഞ്ഞ ഗാന്ധിയന്‍, ഗാന്ധിയാദര്‍ശപ്രചാരകന്‍, സര്‍വ്വോപരി നിസ്വാര്‍ത്ഥനായ പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ വ്യക്തിത്വത്തിനുടമയാണ്. സംഘടനാപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകന്‍, ആത്മാര്‍ത്ഥതയും സത്യസന്ധതയും കൈമുതലായുള്ള പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളിലെല്ലാം യുവാക്കള്‍ക്ക് മാതൃകയാക്കാവുന്ന ഒരു ഭീഷ്മാചാര്യന്‍ തന്നെയാണദ്ദേഹം.
കൂടത്തില്‍ കല്യാടന്‍ ഗോവിന്ദന്‍നമ്പ്യാരുടേയും, നങ്ങാറമ്പത്ത് നാരായണിയമ്മയുടേയും മകനായി 1932 ഫെബ്രുവരി 18-ന് ജനിച്ച ഇദ്ദേഹം സ്വാതന്ത്യ്രസമരപോരാട്ടങ്ങളുടെ നടുവിലാണ് ബാല്യം ചിലവഴിച്ചത്. സ്കൂള്‍ തലം മുതല്‍തന്നെ ഇദ്ദേഹം കോണ്‍ഗ്രസ്സ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കോണ്‍ഗ്രസ്സ്് തൊപ്പി തലയില്‍ ധരിച്ചുകൊണ്ട് ക്ളാസ്സിലെത്തിയ ഇദ്ദേഹത്തിന് ഇടതുപക്ഷക്കാരനായ അദ്ധ്യാപകന്റെ തല്ലുകൊള്ളേണ്ടിയും വന്നിട്ടുണ്ട്. കോണ്‍ഗ്രസ്സ് പ്രമുഖരായ സി.കെ. ഗോവിന്ദന്‍ നായര്‍, കോഴിപ്പുറത്തു മാധവമേനോന്‍, കെ. കേളപ്പന്‍ എന്നിവരുമായി ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം അക്കാലത്തെ ഓര്‍മ്മകള്‍ ഒളിമങ്ങാതെ സൂക്ഷിക്കുന്നു.
ജീവിതത്തില്‍ കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്ന ഇദ്ദേഹം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്. പുന്നോല്‍ ശ്രീനാരായണവിലാസം യു.പി. സ്കൂളില്‍ നിന്നും ഇ.എസ്.എല്‍.സി.യും പാലയാട് ബേസിക് ട്രെയിനിംഗ് സ്കൂളില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് കോഴ്സും പാസ്സായി വയനാട്ടില്‍ അദ്ധ്യാപകനായി ജോലി നോക്കിവരവേ അദ്ദേഹം രാഷ്ട്രീയത്തിലും സജീവമായി പ്രവര്‍ത്തിച്ചിരുന്നു. വെള്ളമുണ്ട, തരുവണ, തരിയോട്, പടിഞ്ഞാറെത്തറ, പുറക്കാടി, കാവുംമന്ദം തുടങ്ങിയ ഗ്രാമാന്തരങ്ങളില്‍ ഹരിജനക്ഷേമപ്രവര്‍ത്തനം, കാര്‍ഷിക വായ്പലഭ്യമാക്കല്‍, തൊഴില്‍ പ്രശ്ന പരിഹാരങ്ങള്‍ എന്നീ മേഖലകളിലും ഇതര സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ട് നിരക്ഷരരും, നിരാശ്രയരുമായ ജനസമൂഹത്തിന്റെ നന്മക്കായി അക്ഷീണം പ്രവര്‍ത്തിച്ചിരുന്നു. ഈ വിധ നിസ്വാര്‍ത്ഥപ്രവര്‍ത്തനങ്ങള്‍ക്കുമുപരി വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ അഭ്യുന്നതിയെമാത്രം ലക്ഷ്യമാക്കിയിരുന്ന അദ്ധ്യാപകോത്തമന്‍ എന്ന നിലയില്‍ മികച്ച ഒരു ശിഷ്യസമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നു. അവരില്‍ മിക്കവരും ഇന്ന് സമുദായ-സാംസ്കാരിക-രാഷ്ട്രീയ ഔദ്യോഗിക രംഗങ്ങളില്‍ ഉന്നത സ്ഥാനീയരാണ് എന്നതും അദ്ദേഹം അഭിമാനപൂര്‍വ്വം സ്മരിക്കുന്നു.
മദ്യനിരോധനത്തിനും, മദ്യവര്‍ജ്ജനത്തിനുമായി അശ്രാന്തശ്രമങ്ങള്‍ നടത്തിയിരുന്ന ഇദ്ദേഹം മാഹിയെ മദ്യവിമുക്തമാക്കുവാന്‍ നാല്പതുദിവസം നീണ്ടുനിന്ന അതിശക്തമായ സമരപരിപാടികള്‍ 2000-ല്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി. മാഹി പള്ളിയിലെ പുരോഹിതനും ഈ സമരത്തിനു സഹായങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരും മദ്യലോബികളും അച്ചനെ സ്വാധീനിച്ചതിന്റെ ഫലമായി അച്ചന്‍ സമരപരിപാടികളില്‍ നിന്നും പിന്‍മാറുകയും സമരം പൊളിയുകയും ചെയ്തു. ഒരിക്കല്‍ സമരത്തിനിറങ്ങി പുറപ്പെട്ട ആയിരക്കണക്കിനാളുകളെ പോലീസ് വിരട്ടി ഓടിച്ചപ്പോള്‍ ഇദ്ദേഹവും, ഉസ്മാന്‍, കണ്ണന്‍, ബാലന്‍ എന്നീ നേതാക്കളും മാത്രമായി സമരരംഗത്ത് കടുത്ത പോലീസ് മര്‍ദ്ദനം ഏല്ക്കേണ്ടി വന്നുവെങ്കിലും ഇവര്‍ പിന്‍മാറാതെ സമരം തുടര്‍ന്നു. അങ്ങനെ എത്ര എത്ര സംഭവങ്ങള്‍! പലതവണ പാരിതോഷികങ്ങളുമായി സ്വാധീനിക്കാന്‍ എത്തിയെങ്കിലും ഇദ്ദേഹം പ്രലോഭനങ്ങളില്‍ വഴങ്ങാതെ ആദര്‍ശങ്ങളില്‍ മുറുകെ പിടിച്ച് അടിപതറാതെ മുന്‍പോട്ടുപോയി. മാഹി പ്രൊഹിബിഷന്‍ കൌണ്‍സില്‍ സെക്രട്ടറിയായി ഇന്നും അദ്ദേഹം സജീവമാണ്.
മയ്യഴിയുടെ സ്വാതന്ത്യ്രസമരനായകന്‍ ഐ.കെ. കുമാരന്‍ മാഷിനോടും പി.കെ. ഉസ്മാനോടുമൊപ്പം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവാന്‍ ഇദ്ദേഹം തന്റെ ചെറുപ്പകാലം മുഴുവന്‍ ഉഴിഞ്ഞുവച്ചു. പ്രതിഫലേച്ഛയില്ലാതെ പോരാട്ടങ്ങളില്‍ പങ്കുചേര്‍ന്ന ഇദ്ദേഹം അധികാരത്തിനോ, സ്ഥാനമാനങ്ങള്‍ക്കോ ആഗ്രഹിക്കാത്ത ത്യാഗധനനാണ്. സംശുദ്ധവും സത്യസന്ധവുമായ പൊതുപ്രവര്‍ത്തനങ്ങളാല്‍ ജനലക്ഷങ്ങളുടെ അനുഗ്രഹാശ്ശിസുകള്‍ ഏറ്റുവാങ്ങി 77-ന്റെ നിറവിലും അദ്ദേഹം കര്‍മ്മനിരതനായി തുടരുന്നു.
അദ്ധ്യാപകന്‍, രാഷ്ട്രീയനേതാവ്, ക്ഷേത്രഭരണകമ്മിറ്റിയംഗം, മദ്യവര്‍ജ്ജന പ്രവര്‍ത്തകന്‍, ഗാന്ധിയാദര്‍ശപ്രചാരകന്‍ എന്നീ നിലകളിലെല്ലാം സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹം കാഴ്ചവച്ചത്. സംഘടനാ കോണ്‍ഗ്രസ് മാഹിമണ്ഡലം വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം മാഹിമഹാജനസഭയിലും പ്രവര്‍ത്തിച്ചിരുന്നു. 1954-ലെ വ്യക്തിസത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും കെ.എ.പി.ടി. യൂണിയന്‍ മാനന്തവാടി പ്രസിഡന്റ് സ്ഥാനമലങ്കരിക്കുകയും ചെയ്തിട്ടുണ്ട്. എരുവട്ടി വേട്ടക്കൊരു മകന്‍ ക്ഷേത്ര ട്രസ്റി ബോര്‍ഡ് അംഗം, മാഹി മദ്യ നിരോധന സമിതി സെക്രട്ടറി, എന്‍.എന്‍. കുറുപ്പ് ട്രസ്റ് അദ്ധ്യക്ഷന്‍ എന്നീ നിലകളില്‍ സജീവപ്രവര്‍ത്തനം തുടരുന്നു.
കണ്ണോത്ത് കുടുംബാംഗമായ ശാന്തയാണ് ഭാര്യ. രാമചന്ദ്രന്‍ (പെട്രോള്‍ ബങ്ക് ജീവനക്കാരന്‍), സത്യന്‍ (യൂത്ത് കോണ്‍ഗ്രസ്സ് സ്റേറ്റ് സെക്രട്ടറി), സചീന്ദ്രന്‍ (മാഹി ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യാഗസ്ഥന്‍) എന്നിവരാണ് ഇദ്ദേഹത്തിന്റെ മക്കള്‍. സരസ്വതി ഏക സഹോദരിയാണ്.
വടക്കേ മലബാറിലെ അവദൂതനായ ശ്രീ.എന്‍.എന്‍. കുറുപ്പ് മാധവക്കുറുപ്പിന്റെ അമ്മാവനാണ്. സ്വാതന്ത്യ്രസമരം, രാഷ്ട്രീയം, പൊതുപ്രവര്‍ത്തനം എന്നിവയ്ക്ക് പ്രചോദനവും പ്രോത്സാഹനവും ഇദ്ദേഹത്തിനു നല്‍കിയത് അമ്മാവനായ എന്‍.എന്‍.കുറുപ്പ് എന്ന നങ്ങരത്ത് പത്മനാഭക്കുറുപ്പാണ്. അമ്മാവന്റെ ഉന്നതങ്ങളായ ആദര്‍ശങ്ങളെ ഒട്ടും കൈവിടാതെ, അവയില്‍ അധിഷ്ഠിതമായി തികഞ്ഞ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും പൊതുരംഗത്ത് തിളക്കമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച ജനനായകനാണ് മാധവക്കുറുപ്പ്.
എന്‍.എന്‍. കുറുപ്പ് എന്ന അതുല്യപ്രതിഭ, വനാന്തരങ്ങളില്‍ വിടര്‍ന്നു വികസിച്ച് ആരാലും അറിയപ്പെടാതെ കൊഴിഞ്ഞുപോയ മനോഞ്ജമായൊരു മലരായിരുന്നു. അദ്ദേഹത്തിന്റെ കഴിവുകളേയും പാണ്ഡിത്യത്തേയും അംഗീകരിച്ചാദരിക്കാന്‍; അര്‍ഹതക്ക് അംഗീകാരം നല്‍കാന്‍ കാലം മറന്നിരുന്നു. അദ്വിതീയനായ ഒരു കലാകാരനും സാഹിത്യകാരനുമായിരുന്ന ഇദ്ദേഹം, സാഹിത്യസമാഹാരങ്ങള്‍, ലേഖനങ്ങള്‍, വിവര്‍ത്തനങ്ങള്‍, ഭക്തി-ദേശഭക്തിഗാനങ്ങള്‍, കവിതകള്‍, ഹാസ്യകവിതകള്‍, പരിഭാഷകള്‍, ജീവചരിത്രം എന്നിങ്ങനെ സാഹിത്യത്തിന്റെ നാനാമേഖലകളിലും സ്മരണീയമായ രചനകള്‍ നടത്തിയിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടില്‍ സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരുന്ന അനീതികള്‍ക്കും അനാചാരങ്ങള്‍ക്കും, മൂല്യച്യുതികള്‍ക്കുമെതിരെ തൂലിക പടവാളാക്കിയ ഇദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി എന്‍.എന്‍. കുറുപ്പ് മെമ്മോറിയല്‍ട്രസ്റ് രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഈ മഹാശയന്റെ സമസ്തകൃതികളും സമാഹരിച്ച് എന്‍.എന്‍.കുറുപ്പിന്റെ സാഹിത്യ സൃഷ്ടികള്‍ എന്ന പേരില്‍ ഒരു ബൃഹത്ഗ്രന്ഥം 2003-ല്‍ ട്രസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമുഖ സ്വാതന്ത്യ്രസമരസേനാനിയും, പത്രപ്രവര്‍ത്തകനും മാഹി സ്വദേശിയുമായ മംഗലാട്ട് രാഘവന്‍ ആ ഗ്രന്ഥത്തിന്റെ അവതാരികയില്‍; ഇരുളില്‍ ദ്യുതി വിതറുന്ന രത്നങ്ങളോടും വിജനതയില്‍ വിടര്‍ന്ന സൌരഭ്യം തൂവുന്ന പൂക്കളോയും വനചന്ദ്രികയോടും വനകുസുമത്തോടുമൊക്കെയാണ് ശ്രീ.എന്‍.എന്‍.കുറുപ്പിനെ താരതമ്യപ്പെടുത്തിയിരിക്കുന്നത്. അത് ഒട്ടും അതിശയോക്തി അല്ല എന്ന് അദ്ദേഹത്തെ അടുത്തറിയുന്ന പഴമക്കാര്‍ തലയാട്ടി ശരിവയ്ക്കുന്നു. ഈ.വി.കൃഷ്ണപിള്ളയെ പോലുള്ള പ്രശസ്തരുടെ നിര്‍ലോഭമായ പ്രശംസയ്ക്കും പാത്രീഭവിച്ചിരുന്നു ആ മഹാനുഭവന്‍. 1921-ല്‍ ഒറ്റപ്പാലത്തു നടന്ന ഒന്നാം മലബാര്‍ രാഷ്ട്രീയസമ്മേളനത്തില്‍ അഖിലകേരളാടിസ്ഥാനത്തില്‍ നടത്തിയ കവിതാമത്സരത്തില്‍ ഒന്നാംസ്ഥാനവും തിരുവനന്തപുരത്തു നടത്തിയ സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ ഗദ്യരചനാമത്സരത്തില്‍ ഒന്നാംസ്ഥാനവും, കോഴിക്കോട്ടുവച്ചു നടന്ന സാഹിത്യപരിഷത്ത് സമ്മേളനത്തില്‍ മത്സരിച്ച് എല്ലാ വിഭാഗത്തിലും ഒന്നാംസ്ഥാനവും നേടിയ സാഹിത്യസാമ്രാജ്യത്തിന്റെ അജയ്യനായ സാമ്രാട്ടായിരുന്നു അദ്ദേഹം. സാഹിത്യത്തെക്കുറിച്ച് സുവ്യക്തമായ അവബോധത്തോടെ കൃതികള്‍ രചിച്ചിരുന്ന അദ്ദേഹം, മലീമസമായ സാഹിത്യസൃഷ്ടികള്‍ അതെഴുതുന്ന തൂലികയില്‍ നിന്നുള്ള കറുത്ത മഷിപോലെ ജനഹൃദയങ്ങളെ അധമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്ന് കരുതി. സൌന്ദര്യലഹരി, നാരായണീയം എന്നിവപോലുള്ള മഹത്ഗ്രന്ഥങ്ങളുടെ പരിഭാഷയിലൂടെ തന്നെ ഇക്കാര്യങ്ങള്‍ അദ്ദേഹം വ്യക്തമാക്കി. ജീവിതത്തോടുള്ള അനാസക്തി, ഒരുപക്ഷേ അദ്ദേഹത്തെ പ്രശസ്തിയുടെ പടവുകള്‍ നടന്നു കയറിയതില്‍ വിലക്കിയിരിക്കാം. ആരേയും കൂസാത്ത ഭാവം, വെട്ടിത്തുറന്നു പറയുന്ന സ്വഭാവം, അടുക്കും ചിട്ടയും ഇല്ലാത്ത സര്‍വ്വസ്വതന്ത്രമായ ജീവിതം, പാണ്ഡിത്യ പ്രഘോഷണം നടത്താത്ത പതിഞ്ഞ സ്വഭാവം, ആരില്‍നിന്നും ഒന്നുമാഗ്രഹിക്കാത്ത മനസ്സ് ഇവ മൂലം അവസരങ്ങളെ യഥാവിധി വിനിയോഗിക്കുവാന്‍ അദ്ദേഹത്തിനായില്ല എന്നതാണു സത്യം. -സി.വി.രാമന്‍ പിള്ളയ്ക്കു മാത്രമേ ഇത്ര അര്‍ത്ഥസമ്പൂര്‍ണ്ണവും മനോഹരവുമായി എഴുതുവാന്‍ കഴിയുകയുള്ളൂ- എന്നു പ്രശംസിച്ച സാക്ഷാല്‍ ഈ.വി. കൃഷ്ണപിള്ള അദ്ദേഹത്തോടൊപ്പം -മലയാളി- ആഫീസില്‍ ജോലി സ്വീകരിക്കുവാന്‍ കുറുപ്പിനെ നിര്‍ബന്ധിച്ചപ്പോഴും ഇതേ നിസ്സംഗതയാണദ്ദേഹം തുടര്‍ന്നത്. അങ്ങനെ അദ്ദേഹത്തിന്റെ ജീവിതനദി നിമ്ന്നോന്നതങ്ങളിലൂടെ ഒഴുകി അകന്നു. ഒരിക്കല്‍ മലബാറിന്റെ സാമൂഹ്യസാഹിത്യരംഗങ്ങളില്‍ ജ്വലിച്ചു നിന്ന ആ സൂര്യതേജസ്സ്, അധികതുംഗപദത്തില്‍ ശോഭിച്ചിരുന്നപ്പോള്‍, താരാട്ടാലാപമുതിര്‍ത്ത് ലാളിക്കപ്പെടുവാന്‍ ഭാഗ്യമില്ലാതെ എരിഞ്ഞമര്‍ന്നപ്പോള്‍ മാത്രം സ്മൃതിയിലെത്തുന്നതും ലോകഗതി എന്നല്ലാതെ എന്തുപറയാന്‍.

              
Back

  Date updated :